അയോധ്യ പ്രശ്നം പ്രമേയമായി വരുന്ന ‘റാം ജൻഭൂമി’ എന്ന ചിത്രത്തിന്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മുസ്ലീം സംഘടന രംഗത്ത്. മഹാരാഷ്ട്ര മുസ്ലീം അവാമി കമ്മറ്റി (എംഎംസിഎ൦) എന്ന സംഘടനയാണ് സമൂഹത്തിൽ വിദ്വേഷം ഉണ്ടാക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്നും ചിത്രത്തിന്റെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ട് സെൻസർ ബോർഡിനു നിവേദനം നൽകിയിരിക്കുന്നത്.

സനോജ് മിസ്ര സംവിധാനം ചെയ്ത ‘റാം ജൻഭൂമി’ എന്ന ചിത്രത്തിന്റെ കഥയും നിർമ്മാണവും നിർവ്വഹിച്ചിരിക്കുന്നത് ഷിയാ വഖഫ് ബോർഡ് ചെയർമാൻ സെയ്ത് വസീം റിസ്‌വിയാണ്. ചിത്രത്തിന്റെ ട്രെയിലർ സെയ്ത് വസീം റിസ്‌വി അടുത്തിടെ റിലീസ് ചെയ്തിരുന്നു. ട്രെയിലറിൽ 1990 ഒക്ടോബർ 30 ന് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളുടെ പരാമർശമുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്. രാം ജന്മഭൂമി- ബാബറി മസ്ജിദ് കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ വിചാരണയിലും പരിധിയിലുമുള്ള വിഷയമാണെന്നും പരാതിയിൽ ചൂണ്ടി കാണിക്കുന്നു.

“ഞങ്ങൾ സെൻസർ ബോർഡിന് നിവേദനം നൽകിയിട്ടുണ്ട്. ചിത്രത്തിൽ ഇസ്ലാംമതസംബന്ധിയായ ഹലാൽ, തലാക്ക് പോലുള്ള കാര്യങ്ങളെ കുറിച്ചും വിവാദവിഷയമായ അയോധ്യ ബാബറി മസ്ജിദ് കേസിനെ കുറിച്ചും പരാമർശങ്ങളുണ്ട്,” പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ മഹാരാഷ്ട്ര മുസ്ലീം അവാമി കമ്മറ്റി പ്രസിഡന്റ് ഇലിയാസ് കിർമാണി പറയുന്നു.

“ഞങ്ങൾ ചിത്രത്തിന്റെ ട്രെയിലർ കണ്ടു. ചിത്രം റിലീസ് ആയാൽ സമൂഹത്തിൽ അസ്വസ്ഥതകൾ ഉണ്ടാകാനുള്ള സാധ്യതകളേറെയാണ്. അതിനാൽ അതിശക്തമായി തന്നെ ചിത്രത്തെ എതിർക്കുന്നു. രാജ്യത്തെ സമാധാനം നഷ്ടപ്പെടുത്തുന്നതിനും ക്രമസമാധാനം തകർക്കുന്നതിനും കാരണമായേക്കാവുന്ന ചിത്രത്തിന്റെ റിലീസ് റദ്ദാക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്,” കിർമാണി കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ ശാന്തിയും സമാധാനവും കാത്തുസംരക്ഷിക്കാനായി സെൻസർ ബോർഡ് മുൻകയ്യെടുത്ത് പ്രവർത്തിക്കണമെന്നും ചിത്രത്തിന്റെ റിലീസ് തടയണമെന്നും മഹാരാഷ്ട്ര മുസ്ലീം അവാമി കമ്മറ്റി ആവശ്യപ്പെടുന്നു. നിവേദനത്തിന്റെ ഒരു കോപ്പി മഹാരാഷ്ട മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും അയച്ചതായി സംഘടന പ്രതിനിധികൾ പറയുന്നു.

എന്നാൽ, ഈ ചിത്രം ഒരു പ്രത്യേക സമുദായത്തെയും ലക്ഷ്യം വെക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം ലക്നൗവിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ അയോധ്യ രാമക്ഷേത്ര വിഷയത്തിന്റെ ശക്തരായ വക്താക്കളിൽ ഒരാളും ചിത്രത്തിന്റെ നിർമ്മാതാവുമായ റിസ്‌വി വെളിപ്പെടുത്തിയിരുന്നു. ഡിസംബർ അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു അണിയറ പ്രവർത്തകരുടെ ശ്രമം. എന്നാൽ, പുതിയ സംഭവവികാസങ്ങൾ ചിത്രത്തിന്റെ റിലീസിംഗിനെ ബാധിക്കുമോ എന്ന ആശങ്കകളാണ് ഇപ്പോൾ നിലനിൽക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ