കേരളത്തിലെ മുതിര്‍ന്ന കര്‍ണാടക സംഗീതജ്ഞകളില്‍ ഒരാളായ അനന്തലക്ഷ്മി വെങ്കിട്ടരാമന്‍, മൂന്നാഴ്ചകള്‍ക്ക് മുന്‍പ്, 88 ആം വയസ്സില്‍ ഈ ലോകം വിട്ടു പിരിഞ്ഞു. സംഗീതജ്ഞയായും കുടുംബിനിയായും അവര്‍ ജീവിച്ചു തീര്‍ത്ത ആ എട്ടു പതിറ്റാണ്ടുകളെക്കുറിച്ച്, വിശദമായും ആധികാരികമായും പറയാനും മാത്രമൊന്നും അറിയില്ല.  അവരുടെ ചില കച്ചേരികള്‍ കേട്ടിട്ടുണ്ട്.  ഒരു സംഗീത വിദ്യാര്‍ഥിനി എന്ന നിലയില്‍ അവരുടെ സംഗീത വഴികള്‍ എന്ത് എന്നാലോചിക്കുകയും അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്.  ഒരു തവണ അവരുടെ വീട്ടില്‍ പോയിട്ടുണ്ട്. അതില്‍ കൂടുതലൊന്നും അറിയില്ല അനന്തലക്ഷ്മി അമ്മയെക്കുറിച്ച്.  എങ്കിലും ഇതെഴുതാന്‍ മുതിരുന്നത്, സൗമ്യവും ലളിതവും തീര്‍ത്തും സംഗീതപരവുമായുമുള്ള അവരുടെ ജീവിതത്തിന്‍റെ ഒരു രേഖപ്പെടുത്തല്‍ വേണം എന്ന ആലോചനയിലാണ്.

 

2004 നവംബര്‍ 10ന് പുലര്‍ച്ചെയാണ് അനന്തലക്ഷ്മി അമ്മയെ ആദ്യം കാണുന്നത്, തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററിലെ സൂര്യാ നൃത്ത സംഗീതോത്സവ വേദിയില്‍ വച്ച്.  സാധാരണ കച്ചേരികളുടെ ദൈര്‍ഘ്യമല്ലായിരുന്നു അവര്‍ അന്നവിടെ അവതരിപ്പിച്ച കച്ചേരിയ്ക്ക്.  36 മണിക്കൂറുകള്‍ നീണ്ട, ഒരു മാരത്തോണ്‍ കച്ചേരിയായിരുന്നു അത്.

മുന്നൂറോളം കീര്‍ത്തനങ്ങളാണ് അന്ന് പാടിയത് എന്നാണ് ഓര്‍മ്മ.  എട്ടു മണിക്കൂറില്‍ ഒരിക്കല്‍ 15 മിനുട്ട് ഇടവേള.  പാടുന്നത്  75 വയസുള്ള ഒരാളാണ് എന്നത് കണക്കിലെടുത്ത്, മെഡിക്കല്‍ സൗകര്യങ്ങള്‍, ആംബുലന്‍സ് എന്നിവ പ്രത്യേകം സജ്ജമാക്കിയിരുന്നു അവിടെ.  36 മണിക്കൂറുകളുടെ അവസാനം, പക്കമേളക്കാര്‍ ഉള്‍പ്പടെ അവിടെയുണ്ടായിരുന്ന പലരും ഈ സജ്ജീകരണങ്ങളുടെ സഹായം തേടുന്നത് കണ്ടു.

75 വയസുകാരിക്ക് മാത്രം ഒന്നും വേണ്ടി വന്നില്ല.  ‘Standing Ovation’നും ആദരിക്കലുമൊക്കെ കഴിഞ്ഞ്, സദസ്സിനും സൂര്യയ്ക്കും നന്ദി അറിയിച്ച്, നാട്ട് ഭാഷയില്‍ പറഞ്ഞാല്‍ ‘നല്ല പയറ് പോലെ ഇറങ്ങി നടന്ന് പോയി’ അവര്‍.

അന്നത്തെ കച്ചേരിയെക്കുറിച്ച് പിന്നീടൊരിക്കല്‍ സൂര്യയുടെ സ്ഥാപക-ഡയറക്ടര്‍ ആയ കൃഷ്ണമൂര്‍ത്തി സാറിനോട് സംസാരിക്കാന്‍ ഇടയായപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്.  “കച്ചേരിയുടെ ഒടുവിലത്തെ കുറച്ചു മണിക്കൂറുകള്‍  ആശങ്കാഭരിതമായിരുന്നു.  എന്നാൽ സമയം ചെല്ലുന്തോറും ഒരു കായിക താരത്തിന്‍റെ ശക്തിയും ഉൾബലവും അവര്‍ക്ക് കൈവന്നു എന്നാണ് , അന്ന് അനന്തലക്ഷ്മി അമ്മയെ പരിശോധിച്ച ഡോക്ടർ തിരു അഭിപ്രായപ്പെട്ടത്.  സംഗീതത്തിന്‍റെ ശക്തി, അതിന്റെ ദൈവീക അംശം എന്നൊക്കെ വേണമെങ്കില്‍ പറയാം, അനന്തലക്ഷ്മി വെങ്കട്ടരാമൻ എന്ന സംഗീതജ്ഞ പുനർജനിക്കുകയായിരുന്നു അന്നവിടെ. എത്രയോ കേമപ്പെട്ട കച്ചേരികള്‍ നടത്തിയിട്ടുണ്ട് സൂര്യ.  അത്തരം ഒരു നൂറു വേദികളുടെ നിറവുണ്ടായിരുന്നു അനന്തലക്ഷിയമ്മ പാടിയ ആ വേദിയ്ക്ക്.”

 

അവരുടെ പ്രായം, വേഷം എന്നിവ കൊണ്ടായിരിക്കണം, സ്റ്റേജില്‍ അന്നവരെ കണ്ടപ്പോള്‍ എം എസ് സുബ്ബലക്ഷ്മിയെ ഓര്‍മ്മ വന്നു പലപ്പോഴും.  പാടി തുടങ്ങിയപ്പോള്‍ വേറെയും സമാനതകളുണ്ടല്ലോ എന്നും തോന്നി. ഇരുവരും സംഗീതത്തിലൂടെ നടത്തിയിരുന്നത് അത്മീയാന്വേഷണങ്ങളായിരുന്നല്ലോ.

രാഗങ്ങളുടെ സാങ്കേതികത്വം കൈകാര്യം ചെയ്യുന്നതില്‍ തനിക്കുള്ള കഴിവിനും ജ്ഞാനത്തിനുമല്ല അനന്തലക്ഷ്മി അമ്മ പലപ്പോഴും ആലാപനങ്ങളില്‍ പ്രാമുഖ്യം നല്‍കിയിട്ടുള്ളത്, മറിച്ച് രാഗങ്ങളിലൂടെ സംഗീതത്തിന്‍റെ പുതിയ തലങ്ങളിലേക്ക് എത്താനുള്ള തന്‍റെ അന്വേഷണ ശ്രമങ്ങളെയാണ്.

കര്‍ണാടക സംഗീതത്തിന്‍റെ ചരിത്ര ഏടുകളില്‍ സ്ഥാനം പിടിച്ച നിരവധി സംഗീത വിദുഷികളുണ്ട്.  ദേവദാസികളില്‍ തുടങ്ങി, സംഗീത-നൃത്ത രംഗങ്ങളില്‍ മാറ്റുരച്ചവര്‍.  ആണ്‍കോയ്മയെ വെല്ലുവിളിച്ച് ഇവര്‍ തെളിച്ച മാറ്റത്തിന്‍റെ വഴികളിലൂടെയാണ്‌ കേരളം ഉള്‍പ്പടെയുള്ള ഇടങ്ങളിലെ സംഗീതജ്ഞകള്‍ നടന്നു കയറിയത്.  മാറ്റത്തിന്‍റെ, വളര്‍ച്ചയുടെ വേഗതയില്‍ പലപ്പോഴും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും അവരില്‍ ചിലരെങ്കിലും നമ്മള്‍ എക്കാലവും ഓര്‍ത്തു വയ്ക്കുന്ന തരത്തിലുള്ള മുദ്രകള്‍ പതിപ്പിച്ചു പോയി എന്നത് ശ്രദ്ധേയമാണ്.  കേരളത്തിലെ ഇതിന്‍റെ തുടര്‍ച്ച തന്നെയാണ് അനന്തലക്ഷ്മി വെങ്കിട്ടരാമനും.

വായിക്കാം: രണ്ടു മഹാനദികള്‍

ananthalakshmi venkitaraman

ഗുരുകുല സമ്പ്രദായത്തില്‍ ആര്‍ ഭാഗവതീശ്വര അയ്യരുടെ ശിക്ഷണത്തില്‍ ചെറുപ്പം മുതല്‍ സംഗീതം അഭ്യസിച്ച അനന്തലക്ഷ്മി, വിവാഹത്തോടെ കുടുംബത്തിരക്കുകളില്‍ പെട്ട് പോവുകയായിരുന്നു.  ജീവിതത്തിന്‍റെ അപരാഹ്നത്തില്‍ പഴയ കൂട്ടുകാരിയായ സംഗീതത്തെ തിരിച്ചു വിളിക്കാന്‍ അവര്‍ തീരുമാനിച്ചു.  അതിന്‍റെ ഭാഗമായാണ് സൂര്യയിലെ മേല്‍പ്പറഞ്ഞ കച്ചേരി നടന്നത്.

36 വര്‍ഷം മാറി നിന്നതിന് പകരമായിട്ടാണ് 36 മണിക്കൂറുകള്‍ പാടണം എന്ന തീരുമാനമെടുത്തത്.   വിട്ടു പിരിഞ്ഞ സുഹൃത്തിനെ തേടി കണ്ടുപിടിച്ച ആഹ്ളാദത്തിനാണ് ആ 36 മണിക്കുറുകൾ സാക്ഷ്യം വഹിച്ചത്.

പിന്നീട് നിരവധി കച്ചേരികൾ, ദൂരദർശൻ, ഓള്‍ ഇന്ത്യാ റേഡിയോ എന്നീ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളുടെ സംഗീതോത്സവങ്ങള്‍ തുടങ്ങി തന്‍റെ ഇഷ്ടരംഗത്ത് വീണ്ടും സജീവമായി അവര്‍.  കേരള സംഗീത നാടക അക്കാദമിയുടെ 2011ലെ കലാരത്‌ന ഫെലോഷിപ്പ് ലഭിച്ചു.  ഡോ എൽ മുത്തയ്യ ഭാഗവതരുടെ 108 ചാമുണ്ഡേശ്വരി അഷ്‌ടോത്തര കൃതികൾ 12 വാള്യങ്ങളായി പുറത്തിറക്കിയിട്ടുണ്ട്.  ഇതൊനൊക്കെയുപരി ഒരു പിടി മിടുക്കരായ ശിഷ്യരെയും വാര്‍ത്തെടുത്തിട്ടുണ്ട് അനന്തലക്ഷ്മി അമ്മ.

ananthalakshmi venkitaraman1മകന്‍ സ്വാമിയോടൊപ്പം അവര്‍ താമസിച്ചിരുന്ന തിരുവനന്തപുരത്തെ കോട്ടയ്ക്കകത്തെ വീട്ടില്‍ ഒരിക്കല്‍ പോയപ്പോള്‍ അവരെ കണ്ടത് ഇന്നലെയെന്ന പോലെ ഓര്‍മ്മയിലുണ്ട്. ഭരതനാട്യത്തിന് ഉപയോഗിക്കുന്ന ‘ടെമ്പിള്‍ ജുവലറി’ സ്വാമിയില്‍ നിന്നും വാങ്ങാനായി പോയതാണ് അന്നവിടെ.  സന്ദര്‍ശനത്തിനിടെ അനന്തലക്ഷ്മി അമ്മയെ അടുത്ത് കണ്ടതും, പരിചയമൊന്നും ഇല്ലാഞ്ഞിട്ട് കൂടി സ്നേഹത്തോടെ കൈയ്യില്‍ പിടിച്ചു ഒരു പാട് സംസാരിക്കുന്ന അവരുടെ പെരുമാറ്റവുമെല്ലാം വല്ലാതെ സ്പര്‍ശിച്ചിരുന്നു.  ഒരു ആയുസ്സ് കൊണ്ട് അവര്‍ നടത്തിയ സംഗീത സാധനയുടെ ഫലം തന്നെയായിരുന്നിരിക്കണം എല്ലാവരോടും അവര്‍ കാണിച്ചിരുന്ന ആ നിഷ്കളങ്ക സ്നേഹം.

വായിക്കാം: ഒരു ചെറു ഈണമായ് വന്നൊരു ലോകം സൃഷ്ടിച്ച് പോകുന്നവ

പൊടിപ്പും തൊങ്ങലുമൊന്നുമില്ലാത്ത തന്‍റെ സംഗീത സപര്യയെ മാത്രം ഉയര്‍ത്തിക്കാട്ടി, ഒരു കോലാഹലങ്ങളുമില്ലാതെ, ജീവിതത്തിലെന്ന പോലെ മരണത്തിലും സൗമ്യവും ശാന്തവുമായി അവര്‍ കടന്നു പോയി.  നമ്മള്‍ അറിയേണ്ട പോലെ അറിയാന്‍ മെനക്കെടാത്ത, അംഗീകരിക്കാന്‍ വൈകുകയോ, മറക്കുകയോ ചെയ്ത മറ്റനേകം കലാകാരികളെപ്പോലെ.

എറണാകുളം മഹാരാജാസ് കോളേജിലെ
സംഗീത വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസറാണ് ലേഖിക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook