ഹിന്ദുസ്ഥാനി സംഗീതത്തിലും സിനിമാ സംഗീതത്തിലും ഒരു പോലെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരി. 2004 ൽ സിനിമാ സംഗീത ലോകത്തെത്തി, ചെറിയ കാലം കൊണ്ട് പുരസ്കാരങ്ങള്‍ പലതും നേടി, ശ്രോതാക്കളുടെ മനസ്സുകളില്‍ ഇട നേടിയ ഗായിക, മഞ്ജരി. ഹൃദ്യമായ തമാശകൾ ഇഷ്ടപ്പെടുന്ന, ഡബ്സ്മാഷ് പരീക്ഷണങ്ങളിൽ കുസൃതി ഒളിപ്പിക്കുന്ന, ഒരുപാട് സംസാരിക്കാനും ഇഷ്ടമുള്ള , ഇന്നും മനസ്സിൽ എവിടെയോ കുട്ടിത്തം സൂക്ഷിക്കുന്ന ഒരാളാണ് മഞ്ജരി എന്ന വ്യക്തി.
സംഗീതത്തെക്കുറിച്ച്, ജീവിതത്തില്‍ സന്തോഷം തരുന്ന കാര്യങ്ങളെക്കുറിച്ച്, പുതിയ വാസസ്ഥലമായ മുംബൈ എന്ന വിശാലമായ ലോകത്തെക്കുറിച്ച്… മഞ്ജരി മനസ്സു തുറക്കുന്നു.
ഈയിടക്ക് instagram ൽ രസമുള്ള ഒരു dubsmash കണ്ടല്ലോ? ഇതിലൊക്കെ ഇത്രമേൽ താല്പര്യം ഉണ്ടോ? നല്ലൊരു ഗായികക്കൊപ്പം ഒരു അഭിനേത്രിയുമാണല്ലോ?
ഡബ്സ്മാഷ് ഒരു രസത്തിന് ചെയ്തതാണ് . നമ്മുടെയൊക്കെ മനസ്സിൽ ഇന്നും തങ്ങി നിൽക്കുന്ന എത്രയോ കഥാപാത്രങ്ങളുണ്ട് , അവരുടെ dialogues ഇന്നും നമ്മൾ ആവർത്തിക്കാറുമുണ്ട്.
[jwplayer ZxHD3j5K]
എന്‍റെ ഒരു ദിവസം ആരഭിക്കുന്നതു തന്നെ കുറെ തമാശകൾ കണ്ടും ചിരിച്ചും ഒക്കെയാണ്. പ്രത്യേകിച്ചും മലയാള സിനിമകളിലെ തമാശകൾ. സുഹൃത്തുക്കൾ ഒത്തുകൂടുമ്പോള്‍ രാഷ്ട്രീയവും, സിനിമയുമൊക്കെ ചര്‍ച്ച ചെയ്യുമ്പോഴും സിനിമകളിലെ തമാശകൾ കടന്നു കൂടാറുണ്ട്.
ഞാന്‍ ധാരാളം സിനിമ കാണുന്ന ആളാണ്. കൂടുതലും കോമഡി ആണ് ഇഷ്ടവും . ചിരിച്ചുകൊണ്ട് തുടങ്ങുന്ന ദിവസം മുഴുവന്‍ പിന്നീട് സന്തോഷം നിറഞ്ഞതായിരിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
അപ്പോള്‍ കൂടുതലും സിനിമാ സംഗീതം ആയിരിക്കും അല്ലേ കേള്‍ക്കുന്നതും?
അല്ല, എല്ലാ തരം സംഗീതവും കേൾക്കാറുണ്ട്. ഞാൻ എന്ന വ്യക്തിയുടെ ഭാവങ്ങളും ചിന്തകളുമാണ് എന്‍റെ കേൾവിയെ സ്വാധിനിക്കുന്നത് . വളരെ പോസിറ്റീവ് ആയ ആളാണ് ഞാൻ.
ഡ്രൈവിംഗ് ഒരുപാട് ഇഷ്ടമാണ്. ഒരു യാത്ര പോകുമ്പോൾ കേൾക്കുന്ന സംഗീതം വേറെ ആയിരിക്കും, അപ്പോൾ പ്രണയ ഗാനങ്ങൾ കേൾക്കാൻ ഇഷ്ടമാണ്. മഴ പെയ്യുമ്പോൾ ഞാൻ മറ്റൊരു വ്യക്തിയാണ്, അപ്പോൾ മനസ്സിൽ വരുന്ന സംഗീതവും വ്യത്യസ്തമാണ്.
ശെരിക്കും പറഞ്ഞാൽ നമ്മുടെ പഞ്ചേന്ദ്രിയങ്ങളാണ് നമ്മളെ പലപ്പോഴും നിയന്ത്രിക്കുന്നത്. അതുകൊണ്ടു തന്നെ ഇഷ്ടമുള്ള സംഗീതം ഇന്നത് എന്ന് പറയാൻ പറ്റില്ല.
പല ശൈലിയിലുള്ള സംഗീതം കേൾക്കുമ്പോഴാണ് നമ്മൾക്കും വികാസം ഉണ്ടാകുന്നത് . മുംബൈയിലേക്ക് താമസം തുടങ്ങിയപ്പോൾ മുതൽ ഞാൻ മനസിലാക്കിയ ഒരു പ്രധാന കാര്യം ആണിത്. ജീവിതം തന്നെയാണ് സംഗീതത്തില്‍ പ്രതിഫലിക്കുന്നത്. നമ്മൾ എന്ന വ്യക്തിയിലെ മാറ്റങ്ങളും നമ്മുടെ സംഗീതത്തെ സ്വാധീനിക്കും.
മുംബൈയിലേക്ക് ചേക്കേറാൻ തീരുമാനിച്ചത് എന്ത് കൊണ്ടാണ്?
ഹിന്ദുസ്ഥാനി സംഗീതത്തെ കൂടുതൽ അടുത്തറിയാനും, അതിലുള്ള ഉപരി പഠനത്തിനുമായിട്ടാണ് മുംബൈയിലേക്ക് മാറാന്‍ തീരുമാനിച്ചത്. അവിടെ എത്തിപ്പെട്ടതിനു ശേഷം ഞാൻ കണ്ട ലോകം മറ്റൊന്നായിരുന്നു . സ്വപ്ന നഗരി എന്ന് പറയുമ്പോഴും ‘തലയ്ക്കുമീതെ ശൂന്യാകാശം’ എന്ന ഗാനത്തിലെ വാചകങ്ങൾ തികച്ചും അന്വർത്ഥമാക്കുന്ന ചില കാഴ്ചകൾ ഞാനവിടെ കണ്ടു. ഞാൻ വളർന്നത് Muscat എന്ന സ്ഥലത്താണ്. ഞാൻ വളർന്നു വന്ന സാഹചര്യവും വ്യത്യസ്തമാണ്. മുംബൈയില്‍ വന്ന ശേഷം ജീവിതത്തിനോടുള്ള എന്‍റെ കാഴ്ചപ്പാടുകളും മാറാൻ തുടങ്ങി.
സംഗീതത്തോടുള്ള മുംബൈയുടെ മനോഭാവവും വ്യത്യസ്തമാണ്. സംഗീതത്തെ കുറിച്ച് കൂടുതൽ മനസിലാക്കുമ്പോഴും, അവയിലെ സാധ്യതകളും ഒട്ടേറെ ആണ് എന്ന് തിരിച്ചറിയാൻ സാധിച്ചു. പണ്ഡിറ്റ് രമേഷ് ജൂലെയുടെ കീഴിലാണ് ഇപ്പോൾ സംഗീതം അഭ്യസിക്കുന്നത്.
ഒരു NRI ആയി തിരുവനന്തപുരം വിമൻസ് കോളീജിലേക്ക് വരുമ്പോൾ ഉണ്ടായിരുന്ന കാഴ്ചപ്പാടല്ല ഇപ്പോൾ എനിക്കുള്ളത്. മുംബൈ എന്ന നഗരം ഞാൻ എന്ന വ്യക്തിയെ വീണ്ടും പരുവപ്പെടുത്തുകയാണ് ചെയ്തത്.
എന്‍റെ ആദ്യ ഗുരു ഉസ്താദ് ഖാലിദ് അൻവർ ജാൻ, അദ്ദേഹത്തെ ഒരുപാട് ഓർക്കാറുണ്ട് ഇപ്പോൾ. കുട്ടിക്കാലത്ത് സംഗീതം പഠിച്ചിരുന്നപ്പോൾ അത്രയും കാര്യഗൗരവം ഉണ്ടായിരുന്നില്ല. അന്ന് കൈയിൽ ഉണ്ടായിരുന്ന ഭാഗ്യം എന്തായിരുന്നു എന്ന് ഒരുപക്ഷെ ഇന്ന് അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ ഞാൻ അടുത്തറിയുന്നു .
ഒരുപാട് സംഗീത സംവിധായകർക്കുവേണ്ടി പടിയിട്ടുണ്ടല്ലോ? അവരുടെ ഒപ്പമുള്ള അനുഭവം?
ഇളയരാജ സർ അദ്ദേഹത്തിന്‍റെ ശൈലിയിൽ ഉറച്ചു നിൽക്കുന്ന ഒരാളാണ്. പേടിച്ചു പേടിച്ചാണ് ആദ്യത്തെ റെക്കോർഡിങ്ങിനു ചെന്നത്. എന്താണോ അദ്ദേഹം ഉദ്ദേശിച്ചത് അതു കൃത്യമായി വരണം എന്ന് നിർബന്ധമുള്ള ആളാണ് ഇളയരാജ സര്‍.
കഴിയുന്നത്ര സംഗീത സംവിധായകരുടെ മനോധർമ്മം അനുസരിച്ചു ചെയ്യുന്നതാണ് നല്ലത് എന്ന് ഞാന്‍ കരുതുന്നു. കാരണം അവർക്ക് ആ പാട്ടിനെ കുറിച്ച് പാടുന്നവരേക്കാള്‍ വ്യക്തമായ ധാരണയുണ്ടാകും.
പാടി നോക്കുമ്പോൾ ചില ഭാവങ്ങൾ മാറ്റി ഉപയോഗിച്ചാൽ എങ്ങനെ ഇരിക്കും എന്ന് നോക്കും. ചിലപ്പോൾ അത് നന്നാവുകയും ചെയ്യും . ദീപക് ദേവിന്‍റെ ‘ചിന്നി ചിന്നി’ (ഉറുമി) എന്ന പാട്ട് അങ്ങനെ ഉള്ള ഒന്നായിരുന്നു. ഭാഷയുടെ ഉച്ചാരണം ഒരല്പം മാറ്റിയാൽ നന്നായിരിക്കും എന്ന് കരുതി ചെയ്തതാണ്, അത് എല്ലാർക്കും ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. ഏറ്റവും ഒടുവിൽ പാടിയ ‘My Story’ എന്ന ചിത്രത്തിലെ ഷാൻ റഹ്മാന്‍റെ അത്തരത്തിൽ വ്യത്യസ്തയുള്ള ഒന്നാണ്.
സംഗീത സംവിധാനത്തിലും താത്പര്യമില്ലേ?
ചില ഈണങ്ങൾ മനസ്സിൽ തോന്നിയാല്‍ പിന്നെ ഒരിക്കലും മായില്ല, അവയോടു പിന്നെ ഒരു സുഹൃത്തെന്ന പോലെ ഒരു സ്നേഹവും ഇഷ്ടവുമൊക്കെ തോന്നും.
അങ്ങനെ ഒരിക്കൽ മനസ്സിൽ വിരിഞ്ഞ ഈണമാണ് ‘അനുരാഗം’ എന്ന ആൽബത്തിന് തുടക്കം കുറിച്ചത്. അതിന്‍റെ orchestration എല്ലാം ഞാൻ തന്നെ ആണ് ചെയ്തത്.
ഡ്രൈവിങ് ഇഷ്ടമുള്ള ആളാണ് എന്ന് പറഞ്ഞല്ലോ? സംഗീതം കൂടാതെ മറ്റ് ഇഷ്ടങ്ങളെ കുറിച്ച്?
സംഗീതം കഴിഞ്ഞാൽ പിന്നെ ഏറെ ഇഷ്ടമുള്ള രണ്ടു കാര്യങ്ങളാണ് യാത്രകളും ഭക്ഷണവും. യാത്രകൾ കൂടുതലും സംഗീത പരിപാടികളുമായി ബന്ധപ്പെട്ടാണ്. പുതിയ സ്ഥലങ്ങളിലേക്കാണ് പോകുന്നതെങ്കിൽ അവിടുത്തെ സ്പെഷ്യൽ വിഭവങ്ങൾ ഏതൊക്കെ എന്ന് അന്വേഷിക്കും. കൂടുതലും കേരള, പഞ്ചാബി ശൈലിയുള്ള ഭക്ഷണമാണ് ഇഷ്ടം.
കലാകാരന്മാര്‍ സോഷ്യല്‍ മീഡിയയിലൂടെ സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതിനെക്കുറിച്ച്?
നമുക്കൊരു സ്ഥാനം ഈശ്വരൻ നൽകുമ്പോൾ അതിന് അതിന്‍റെതായ കടമയും ഉണ്ട്. പക്ഷെ ആ കടമ നിർവ്വഹിക്കേണ്ടത് കുറെ വാചകങ്ങളിലൂടെയോ, സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിട്ടോ അല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
മറിച്ച് നിലവിലുള്ള പ്രശ്നത്തിന് ഒരുമിച്ചിരുന്ന് പരിഹാരം കണ്ടുപിടിക്കുകയാണ് ചെയ്യേണ്ടത്. ഒരു കലാകാരൻ ആകുമ്പോൾ പരിഹാരങ്ങള്‍ കുറെയേറെ ആളുകളിലേക്ക് ഒരേ സമയം എത്തിക്കാൻ കഴിയും.
ചിത്രങ്ങള്‍/വീഡിയോ കടപ്പാട്: മഞ്ജരി