scorecardresearch
Latest News

ഗാനമപൂര്‍ണ്ണം: സൂഫി ഗായകര്‍ ‘വാടാലി ബ്രദേര്‍സി’ലെ പ്യാരേലാല്‍ ഇനി ഓര്‍മ്മകളില്‍

അടുത്തിടെ അന്തരിച്ച, വിഖ്യാത സൂഫി ഗായക സഹോദരങ്ങള്‍ ‘വാടാലി ബ്രദേര്‍സി’ലെ പ്യാരേലാല്‍ വാടാലിയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ്‌, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ സ്പെഷ്യല്‍ കറസ്പോണ്‍ഡന്റ് സുവാന്‍ഷു ഖുറാന എഴുതുന്നു

wadali 2

വിഖ്യാത സൂഫി ഗായക സഹോദരങ്ങളായ ‘വാടാലി ബ്രദേര്‍സി’ലെ  പ്യാരേലാല്‍ വാടാലി മാര്‍ച്ച്‌ ആദ്യവാരം സ്വദേശമായ പഞ്ചാബിലെ അമൃത്സറില്‍ അന്തരിച്ചു. 75 വയസായിരുന്നു. ഗുസ്തിക്കാരനായിരുന്ന പൂരണ്‍ചന്ദ്, ‘രാം-ലീല’ എന്ന നൃത്തനാടക കലാരൂപത്തില്‍ കൃഷ്ണ വേഷം കെട്ടിയിരുന്ന പ്യാരേലാല്‍ എന്നീ സഹോദരന്മാര്‍ അവരുടെ ജീവിതങ്ങളുടെ രണ്ടാം ഘട്ടത്തിലാണ് സംഗീത ലോകത്തേക്ക് കടക്കുന്നത്‌. ‘പഞ്ചാബി സൂഫി ഗായകി’യെ ലോക പ്രശസ്തിയിലേക്കുയര്‍ത്തിയ ‘വാടാലി ബ്രദേര്‍സ്’ ആയി മാറിയ അവര്‍ പിന്നീടങ്ങോട്ടുള്ള നാല് പതിറ്റാണ്ടുകള്‍ അനേകം വേദികള്‍ അലങ്കരിച്ചു, പുരസ്കാരങ്ങള്‍ കൈപ്പറ്റി. ഇന്ത്യന്‍ എക്സ്പ്രസ്സ്‌ സ്പെഷ്യല്‍ കറസ്പോണ്‍ഡന്റ് സുവാന്‍ഷു ഖുറാനയുടെ ഓര്‍മ്മക്കുറിപ്പ്‌.

 

അമൃത്സറില്‍ നിന്നും ഏഴു കിലോമീറ്റര്‍ ദൂരത്തുള്ള ‘ഗുരു കീ വാടാലി’ എന്ന ഗ്രാമം വര്‍ഷങ്ങളോളം അറിയപ്പെട്ടിരുന്നത് അവിടെയുള്ള പ്രശസ്തമായ ‘അടാരി സാഹിബ്’, ‘ദംദമാ സാഹിബ്’ എന്നീ ഗുരുദ്വാരകളുടെ പേരിലായിരുന്നു;’വാടാലി ബ്രദേര്‍സ്’ എന്ന സൂഫി ഗായക സഹോദരന്മാര്‍ എത്തി വാടാലി എന്ന പേരിനെ സംഗീതലോകത്തിന്‍റെ നെറുകയില്‍ എത്തിക്കുന്നത് വരെ. ഗുരു അര്‍ജന്‍ ദേവ്, ഗുരു ഹര്‍ഗോബിന്ദ് എന്നിവര്‍ക്ക് പ്രണാമം അര്‍പ്പിക്കാന്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും എത്തുന്നവര്‍ ഇപ്പോള്‍ ‘പഞ്ചാബി സൂഫി ഗായകി’യുടെ വിഖ്യാതപ്രയോക്താക്കളായ ‘വാടാലി ബ്രദേര്‍സി’നെയും ഇപ്പോള്‍ ‘ഗുരു കീ വാടാലി’യുമായി ചേര്‍ത്ത് ആദരിക്കുന്നു.

ഗുസ്തിക്കരനായിരുന്ന പൂരണ്‍ചന്ദ്, രാം-ലീല നൃത്തനാടകങ്ങളില്‍ കൃഷണവേഷം കെട്ടുന്ന അനിയന്‍ പ്യാരേലാല്‍ എന്നിവര്‍ ചേര്‍ന്ന ‘വാടാലി ബ്രദേര്‍സ്’ ലോക ശ്രദ്ധ പിടിച്ചു പറ്റിയത് പഞ്ചാബി തനതു സംഗീതത്തിലൂടെയാണ്.

സൂഫിവര്യന്മാരായ ബാബാ ബുല്ലേ ഷാഹ്, ബാബാ ഫരീദ്, അമീര്‍ ഖുസ്റു എന്നിവരുടെ വരികളും, അമൃതാ പ്രീതത്തിന്‍റെ കവിതയുമൊക്കെ രംഗവേദികളില്‍ തങ്ങളുടേതായ രീതിയില്‍ പുനരവതരിപ്പിച്ചുകൊണ്ട് ‘വാടാലി ബ്രദേര്‍സ്’ വരവറിയിച്ചു. ഇരുവരും 30കളില്‍ എത്തിയിരുന്നു സംഗീത ജീവിതം തുടങ്ങുമ്പോള്‍, ലോകം ശ്രദ്ധിച്ചു തുടങ്ങിയപ്പോള്‍ ഇരുവരും 50കളിലും എത്തി. സുഫിയ്ക്ക് പുറമേ ഗുരുബാണിയുടെ അന്തസത്ത ആവാഹിക്കുന്ന ‘ശബദു’കളും ഇവരുടെ ശബ്ദത്തിലൂടെ പ്രചാരം നേടി. ഗസല്‍ ആലാപനങ്ങള്‍ കൊതിച്ചിരുന്ന പഞ്ചാബിന് അനുഗ്രഹമായി ഇരുവരും.

കാണാം: ‘വാടാലി ബ്രദേര്‍സ്’ ചിത്രങ്ങളിലൂടെ

 

ഒരേ സമയം നിയന്ത്രിതവും ഒഴുക്കുള്ളതുമായ താള-ലയ ക്രമങ്ങള്‍, സങ്കീര്‍ണ്ണവും സൂക്ഷ്‌മവുമായ ആലാപനം‌ എന്നിവയായിരുന്നു ‘വാടാലി ബ്രദേര്‍സി’ന്‍റെ സംഗീതത്തിന്‍റെ മുഖമുദ്ര. ഇന്ത്യയിലും പാകിസ്ഥാനിലും ഒരു പോലെ പ്രചാരമാര്‍ജ്ജിച്ച സംഗീതജ്ഞര്‍. ഇപ്പോള്‍ 77 വയസായ മൂത്ത സഹോദരന്‍ പൂരണ്‍ചന്ദ്, പട്യാല ഘരാനയിലെ ഉസ്താദ് ബഡേ ഗുലാം അലി ഖാന്‍, പണ്ഡിറ്റ്‌ ദുര്‍ഗാ ദാസ് എന്നിവരുടെ ശിഷ്യനും സങ്കീര്‍ണ്ണമായ രാഗാലാപനങ്ങളില്‍ വിദഗ്ദനുമാണ്. ആ ശൈലിയ്ക്ക് അനുസൃതമായതരത്തില്‍ കട്ടിയുള്ള ശബ്ദത്തിനുടമയായിരുന്നു ജേഷ്ഠനെങ്കില്‍ മൃദുവായ, തെളിച്ചമുള്ള ശബ്ദമായിരുന്നു ജേഷ്ഠന്‍ പൂരണ്‍ചന്ദിന്‍റെ ശിഷ്യനായ പ്യാരേലാലിന്. തീര്‍ത്തും വ്യത്യസ്തമായ ഈ ശബ്ദങ്ങളുടെ ഒത്തു ചേരല്‍ അവര്‍ പാടിയിരുന്ന സൂഫി സംഗീതത്തിന് അത് വരെയില്ലാത്ത മാനങ്ങള്‍ നല്‍കി. ഉസ്താദ് നുസ്രത് ഫതേ അലി ഖാനു ശേഷം സൂഫി ഗാനങ്ങള്‍ പാടുന്നവരില്‍ ഇവരോളം മികച്ചവര്‍ വേറെയില്ലയിരുന്നു എന്ന് വേണം പറയാന്‍. ബുല്ലേ ഷായുടെ ‘ഘൂംഘട്ട് ചാകോ സജ്നാ’, ‘ചര്‍ഖാ’, അമീര്‍ ഖുസ്രോയുടെ ‘ദമാ ദം മസ്ത് കലന്ദര്‍’ എന്നിവയുടെ ‘വാടാലി ബ്രദേര്‍സ്’ പതിപ്പുകള്‍ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ മനസ്സ് കവര്‍ന്നു.

ഇവരുടെ സ്വരസംവാദത്തില്‍, ആവേശത്തില്‍, സംഗീതത്തില്‍ നിറഞ്ഞിരുന്ന അപാരമായ ദൈവസ്നേഹത്തില്‍ ഈ ഗാനങ്ങള്‍ എല്ലാം ഒന്ന് കൂടി അനശ്വരമായി. പ്യാരേലാല്‍ ഇല്ലാത്ത ‘വാടാലി ബ്രദേര്‍സ്’ ഇപ്പോള്‍ അപൂര്‍ണ്ണവും.

 

പ്യാരേലാല്‍ വാടാലിയുടെ മരണവാര്‍ത്തയറിഞ്ഞ പാകിസ്താനി സംഗീതജ്ഞന്‍ ജാവേദ്‌ ബഷീര്‍ ലണ്ടനില്‍ നിന്നും ഇന്ത്യന്‍ എക്സ്പ്രസ്സിനോട് ഇങ്ങനെ പ്രതികരിച്ചു. “ഞാന്‍ വീണ്ടും വീണ്ടും ഇവരുടെ സംഗീതത്തിലേക്ക് തന്നെ മടങ്ങിയെത്തുന്നു. അനിര്‍വചനീയമായ എന്തോ ഒന്നുണ്ട് ഇവരുടെ സംഗീതത്തില്‍. പാകിസ്താനില്‍ ഞങ്ങള്‍ സംസാരിക്കുന്ന പഞ്ചാബി ഭാഷയ്ക്ക് ഇവരുടെ ഭാഷയുമായി ധാരാളം സമാനതകളുണ്ട്. എങ്കിലും സംഗീതപരമായി വളരെ വ്യത്യാസപ്പെട്ടതും മികച്ചതുമാണ്. സൂഫി സംഗീതത്തില്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ അംശങ്ങള്‍ കലര്‍ത്തിയുള്ള ഇവരുടെ പ്രയോഗങ്ങള്‍ വളരെ മനോഹരമാണ്. പാകിസ്ഥാനിലെ മുഴുവന്‍ ജനതയ്ക്കും വേണ്ടി ഞാന്‍ ഇന്ത്യയിലേക്ക്‌ പ്രാര്‍ത്ഥനകള്‍ അയയ്ക്കുന്നു. ദൈവത്തിന്‍റെ ഈ ദൂതന് ശാന്തി ലഭിക്കട്ടെ.”

1975ലാണ് ‘വാടാലി ബ്രദേര്‍സ്’ തങ്ങളുടെ സംഗീത ജീവിതം ആരംഭിക്കുന്നത്. പൂരണ്‍ചന്ദ് ഒരു ഗുസ്തിക്കാരനായും പ്യാരേലാല്‍ രാം-ലീലയില്‍ കൃഷ്ണ വേഷം കെട്ടുന്ന നടനായും 25 കൊല്ലം കടന്നതിനു ശേഷം.

മുന്‍പൊരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്, “എന്നെ ഇപ്പോഴും കൃഷ്ണനാക്കിയിരുന്നു അവര്‍. ഇരുണ്ട നിറമുള്ളത് കൊണ്ടാവണം. എനിക്കിഷ്ടമായിരുന്നില്ല അത്.” സംഗീതജ്ഞനായിരുന്ന അച്ഛന്‍ പിന്നീട് സഹോദരന്മാര്‍ ഇരുവരെയും പാട്ടിന്‍റെ വഴിയിലേക്ക് നിര്‍ബന്ധപൂര്‍വ്വം കടത്തിവിടുകയായിരുന്നു.

ഇംഗ്ലീഷില്‍ വായിക്കാം: The Way of the Sufi

1975ലെ ‘ഹര്‍ഭജന്‍ സംഗീത് സമ്മേളനി’ല്‍ പങ്കെടുക്കാന്‍ ചെന്ന ഇവരെ സംഘാടകര്‍ വേദിയില്‍ കയറാന്‍ അനുവദിച്ചില്ല. ലളിതമായ ഒരു കുര്‍ത്തയും പൈജാമയും ധരിച്ചെത്തിയ ഇവര്‍ യോഗ്യരല്ല എന്ന് കാഴ്ച കൊണ്ട് തന്നെ വിലയിരുത്തി മാറ്റി നിര്‍ത്തപ്പെട്ടു. ഇതില്‍ സങ്കടപ്പെട്ട് അടുത്ത് തന്നെയുള്ള ഹര്‍വല്ലഭ് ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥനാപൂര്‍വ്വം പാടിയ ഇവരെ ഒരു ഓള്‍ ഇന്ത്യാ റേഡിയോ ഉദ്യോഗസ്ഥന്‍ കേള്‍ക്കാന്‍ ഇടയായി. അവിടം മുതലാണ്‌ ‘വാടാലി ബ്രദേര്‍സി’ന്‍റെ സംഗീത സപര്യ തുടങ്ങുന്നത്.

 

“വളരെ നല്ല ഒരു മനുഷ്യനായിരുന്നു പ്യാരേലാല്‍ജി. സംഗീതത്തില്‍ വലിയ ഉയരങ്ങള്‍ കീഴടക്കുമ്പോഴും അവര്‍ രണ്ടു പേരും ‘ഗുരു കീ വാടാലി’യില്‍ തന്നെ താമസിച്ച് ലളിത ജീവിതം നയിച്ച്‌ പോന്നു എന്നത് ശ്രദ്ധേയമാണ്. ധാരാളം വേദികളില്‍ അവരോടൊപ്പം പങ്കെടുത്ത എനിക്ക് മറക്കാനാവാത്തത് അവരുടെ വിനയമാണ്”, പഞ്ചാബി ഗായകന്‍ ജസ്ബീര്‍ ജസ്സി പറഞ്ഞു.

വരികള്‍ കൊണ്ടും സംഗീതം കൊണ്ടും സൂഫി ഗാനങ്ങളുടെ അളവുകോലുകളായി മാറിയ ‘രംഗ്റേസ്’, ‘തു മാനേ യാ നാ മാനേ’ തുടങ്ങിയ ഗാനങ്ങളും ‘വാടാലി ബ്രദേര്‍സ്’ ആലപിച്ചവയാണ്.

ഏറെക്കാലം ഒരുമിച്ചു പാടിയയെങ്കിലും ഇപ്പോള്‍ അടുത്ത കാലത്തായി പൂരണ്‍ചന്ദ് തന്‍റെ മകന്‍ ലഖ്വീന്ദര്‍ വാടാലിയുമൊത്ത് പാടിത്തുടങ്ങിയിട്ടുണ്ട്. ‘വാടാലി ബ്രദേര്‍സ്’ എന്ന അനശ്വര കൂട്ടായ്മ ഇനി ഓര്‍മ്മകളില്‍ മാത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Musings pyarelal wadali one half of sufi duo wadali brothers passes away