/indian-express-malayalam/media/media_files/uploads/2018/05/kailas-2.jpg)
2003. തൃശ്ശൂരിലെ ‘വർണ്ണം ഡിജിറ്റൽസ് റെക്കോർഡിങ് സ്റ്റുഡിയോ’യിൽ ഒരു 16 വയസ്സുകാരന്‍ ‘സ്നേഹത്തോടെ’ എന്ന മ്യൂസിക് ആൽബത്തിന് വേണ്ടി ഒരു പിടി ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയായിരുന്നു. ക്ലാസ്റൂമിൽ ഇരിക്കുമ്പോൾ മനസ്സിൽ വിരിഞ്ഞ ഈണങ്ങൾ, അവയ്ക്ക് മിഴിവേകാൻ തുണയായത് സ്വന്തം ചിറ്റപ്പന്‍റെ വരികളും. അതു പിന്നീട് ഗാനങ്ങളായി പരിണമിച്ചത് ഒരുപാട് ശ്രമങ്ങൾക്കൊടുവിലാണ് .
‘വർണ്ണം ഡിജിറ്റൽസിൽ’ വെച്ചാണ് അയാള്‍ മുസ്തഫ എന്ന സ്നേഹനിധിയായ കലാകാരനെ പരിചയപ്പെടുന്നത്. അറിയപ്പെടുന്ന വയലിനിസ്റ്റ് ആയ അദ്ദേഹം ആ 16 വയസ്സുകാരനായ സംഗീത സംവിധായകന് നിറഞ്ഞ പ്രോത്സാഹനവും ധൈര്യവും നൽകി . ജ്യോത്സ്ന, ആശ ജി മേനോൻ, മധു ബാലകൃഷ്ണൻ , അഫ്സൽ തുടങ്ങിയവരാണ് അന്ന് ഈ ആൽബത്തിൽ പാടിയത്. പഠിത്തത്തിൽ ശ്രദ്ധിക്കേണ്ട സമയത്തു 1.25 ലക്ഷം രൂപ ചിലവാക്കി മകന്‍റെ സംഗീത ഭ്രാന്തിന് കൂട്ടു നിക്കണോ എന്ന് ചോദിച്ചവരോട്, അമ്മ ഗിരിജ ദേവിയും അച്ഛൻ രാമചന്ദ്ര മേനോനും മറുപടി നൽകിയത് മകന് ഒപ്പം നിന്നു കൊണ്ടാണ് . അന്ന് ഒരു പക്ഷെ സംഗീതത്തിനോടുള്ള മകന്‍റെ സ്നേഹം അവർ പ്രോത്സാഹിപ്പിച്ചില്ലായിരുന്നു എങ്കിൽ 15 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ജീവാംശമായി’ എന്ന മനോഹര ഗാനം ഉണ്ടാകില്ലായിരുന്നു, കൈലാസ് മേനോൻ എന്ന സംഗീത സംവിധായകനും.
സോഷ്യൽ മീഡിയയിലും, സംഗീത പ്രേമികൾക്കിടയിലും തരംഗമായി തീർന്ന ‘ജീവാംശമായി’ എന്ന ഗാനത്തിലേക്ക് എത്താൻ കൈലാസ് മേനോൻ എന്ന സംഗീത സംവിധായകന് ഏറെ കടമ്പകൾ കടക്കേണ്ടി വന്നിട്ടുണ്ട്. ഏതൊരു വിജയ കഥക്ക് പിന്നിലും ഉണ്ടാകും അനുഭവങ്ങളുടെ നീണ്ട നിര. കൈലാസ് മേനോന്‍റെ വിശേഷങ്ങളിലേക്ക് , സംഗീത യാത്രയിലേക്ക്...
/indian-express-malayalam/media/media_files/uploads/2018/05/Kailas-Menon-1-1-1024x744.jpg)
‘സ്നേഹത്തോടെ’ എന്ന ആൽബത്തിന് ശേഷം
ആ ആൽബം ചെയ്തപ്പോഴാണ് ഒരുപാട് തിരിച്ചറിവുകൾ ഉണ്ടായത്. വരികൾക്ക് ഈണം നല്കുക എന്നത് ആദ്യ ഘട്ടം മാത്രമായിരുന്നു എന്നത് മനസിലായി . പിന്നീട് അതു പൂർണ്ണ രൂപത്തിലേക്ക് എത്തുമ്പോൾ കിട്ടുന്ന സംതൃപ്തി, ആദ്യ ദിവസത്തെ റെക്കോർഡിങ് , എല്ലാം തന്നെ ഇതാണ് എന്‍റെ വഴി എന്ന് കൂടുതൽ ദൃഢപ്പെടുത്തുകയായിരുന്നു. പിന്നീട് ചെന്നൈ SRM കോളേജിൽ Visual Communications പഠിക്കാൻ പോയി .
ഇക്കാലത്ത് ഒരു പാട്ട് നമ്മളിലേക്ക് എത്തുന്നത് കൂടുതലും ദൃശ്യമാദ്ധ്യമങ്ങളിലൂടെയാണ്. അപ്പോൾ സംഗീതത്തിന്‍റെ അംശങ്ങൾ മനസിലാക്കുന്നതുപോലെ പ്രധാനമാണ് ആ മേഖലയെക്കുറിച്ച് പഠിക്കുന്നതെന്ന് തോന്നി. അതെ സമയം വൈകുന്നേരം 6 മുതൽ 9 വരെ SAE എന്ന സൗണ്ട് എഞ്ചിനീയറിംഗ് അക്കാദമിയിൽ പഠിക്കുകയും ചെയ്തു.
ശബ്ദങ്ങളുടെ ലോകത്തിലേക്കുള്ള ആദ്യത്തെ യാത്രയായിരുന്നു അത് . ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അച്ഛനും അമ്മയും തന്നത് കൊണ്ടാണ് ഇങ്ങനെ ഒരു പാത പിന്തുടരാൻ സാധിച്ചത് . സംഗീതം എത്രത്തോളം എനിക്ക് വേണ്ടപ്പെട്ടതാണെന്നു എനിക്ക് അവരെ ബോധ്യപ്പെടുത്താനും സാധിച്ചു.
പഠനകാലത്തെ ഓര്‍മ്മകള്‍
ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അന്നത്തെ അനുഭവങ്ങളാവും എനിക്ക് പാഠങ്ങളായത് എന്ന് തോന്നുന്നു. കഷ്ടപ്പാടുകള്‍ ഉണ്ടായിരുന്നു എങ്കിലും ഒരിക്കൽ പോലും മതി , നിർത്താം എന്ന് തോന്നിയിട്ടില്ല .അതിന് കാരണം എന്‍റെ ഒപ്പം നിന്ന കുടുംബം കൂടിയാണ്. 15 വർഷങ്ങൾ ഒരു ചെറിയ കാലയളവല്ല. ഇത് എന്‍റെ മാത്രം അനുഭവവും ആകില്ല. 2007 ൽ ഒരു സുവർണ്ണാവസരം ലഭിച്ചിരുന്നു. എന്‍റെ അടുത്ത സുഹൃത്ത് അജയ് കാച്ചപ്പള്ളിയുടെ അച്ഛൻ നിർമ്മാതാവ് ഡേവിഡ് കാച്ചപ്പള്ളിയുടെ പുതിയ ചിത്രത്തിന് സംഗീതം നൽകാനായി എന്നെ വിളിച്ചു .
ഏറെ സന്തോഷത്തോടെയാണ് കലാഭവൻ മണി നായകനാകുന്ന ‘കേരള പോലീസ്’ എന്ന ആ ചിത്രത്തിന്‍റെ തീം മ്യൂസിക്കും, ഗാനങ്ങളും ചിട്ടപ്പെടുത്തിയത്. അതിൽ ഒരു പാട്ടിന്‍റെ വരികൾ ഗിരീഷ് പുത്തഞ്ചേരിയും, മറ്റൊന്നിന്‍റെ വരികൾ ജോസി തരകനുമാണ് എഴുതിയത്. ഒരു നല്ല തുടക്കം ആകും എന്നൊക്കെ കരുതിയ ചിത്രമായിരുന്നു അത്, പക്ഷെ ചില കാരണങ്ങളാൽ അതിൽ എന്‍റെ ഗാനങ്ങൾ ഉൾപ്പെടുത്താനായില്ല.
വല്ലാത്ത നിരാശ തോന്നിയ ഒരവസരമായിരുന്നു അത് . പിന്നീടും ഇത്തരത്തിൽ ഒരനുഭവമുണ്ടായത് 2013 ൽ ‘Starring Pournami’ എന്ന ചിത്രത്തിനായിരുന്നു. ഒരു കൂട്ടം സുഹൃത്തുക്കളുടെ കഠിനാധ്വാനം ഒടുവിൽ വെള്ളത്തിൽ വരച്ച വര പോലെ ആയ കഥ . എന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് ആൽബി സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്.
/indian-express-malayalam/media/media_files/uploads/2018/05/Kailas-Menon-with-Kavalam-Narayana-Panicker-1024x783.jpg)
സാങ്കേതിക മികവ് കൊണ്ടും , കഥയുടെ അവതരണ ശൈലികൊണ്ടും ഒരൊറ്റ ടീസർ കൊണ്ട് തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രം. സണ്ണി വെയ്ൻ, ടോവിനോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി വന്ന ചിത്രമായിരുന്നു ‘Starring Pournami’. ചിത്രത്തിന്‍റെ 80 ശതമാനത്തോളം പൂർത്തിയായ ഘട്ടത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ചില തിരിച്ചടികൾ നേരിട്ടു. പിന്നീട് ഞങ്ങൾ എല്ലാരും പല രീതിയിലും ശ്രമിച്ചെങ്കിലും ചിത്രീകരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല . ഈ ചിത്രത്തിനും ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരുന്നു.
സംഗീത യാത്രയിലെ വഴിത്തിരിവ്
2007 ലെ അനുഭവത്തിന് ശേഷം പിന്നീട് നല്ലൊരു സംഗീത സംവിധായനോടൊപ്പം പ്രവർത്തിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ഔസേപ്പച്ചൻ സാറിനെ കാണാൻ ഇടയായത്. സാറിനോട് ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു എങ്കിലും ഒപ്പം വിലപ്പെട്ട ഒരു ഉപദേശവും തന്നു, “അറിയാവുന്ന ഒരു തൊഴിലിൽ ഏർപ്പെട്ടുകൊണ്ടു സംഗീത സംവിധാനം ചെയ്യാനുള്ള അവസരങ്ങൾക്കായി പരിശ്രമിക്കൂ" എന്ന്.
ഒരു വലിയ തിരിച്ചറിവായിരുന്നു അത് . പിന്നീടുള്ള രണ്ടു വർഷം അദ്ദേത്തിന്‍റെയും ഗോപി സുന്ദറിന്റെയും സൗണ്ട് എഞ്ചിനീയർ ആയി പ്രവർത്തിച്ചു . ഒരുപാട് കാര്യങ്ങൾ മനസിലാക്കാനും ഉൾക്കൊള്ളാനും കഴിഞ്ഞ രണ്ടു വർഷങ്ങളായിരുന്നു അത്.
/indian-express-malayalam/media/media_files/uploads/2018/05/Kailas-Menon-with-Ouseppachan.jpg)
പരസ്യ രംഗത്തേക്കുള്ള ചുവടുവയ്പ്പ്
സൗണ്ട് എഞ്ചിനീയർ ആയിരുന്ന കാലഘട്ടത്തിലാണ് , യാദൃശ്ചികമായി ജോജോ ജോസഫ് എന്ന സുഹൃത്ത് മുഖേന ഒരവസരം ലഭിക്കുന്നത് . പരസ്യ ചിത്രങ്ങളിൽ തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച ജബ്ബാർ കല്ലറക്കൽ സംവിധാനം ചെയ്ത ഒരു പരസ്യത്തിന് വേണ്ടിയായിരുന്നു ആദ്യമായി സംഗീതം നൽകിയത്. പിന്നീട് ഭീമ ജ്വല്ലറിക്ക് വേണ്ടി അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഒരു പരസ്യത്തിന് സംഗീതം നൽകി .
അതിന് ശേഷം നിറയെ അവസരങ്ങൾ വരാൻ തുടങ്ങി . തുടർന്ന് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗണ്ട് എഞ്ചിനീറിംഗും സംഗീത സംവിധാനവും ഒക്കെയായി സ്വതന്ത്രമായി ചെന്നൈയിൽ ഒരു സംരംഭം തുടങ്ങിയാലെന്താ എന്ന ചിന്ത ഉണ്ടാകുന്നത് . അങ്ങനെ 2011 മാർച്ച് മാസമാണ് സ്വന്തമായി ഒരു സ്റ്റുഡിയോ എന്ന സ്വപ്‌നം ‘Octaves’ എന്ന സ്റ്റുഡിയോയിലൂടെ സാക്ഷാത്കരിക്കുന്നത് .
2011ൽ തന്നെ സംവിധായകൻ ജയരാജിന്‍റെ ‘പകർന്നാട്ടം’ എന്ന ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതവും ഒരുക്കാന്‍ സാധിച്ചു . അതും ഏറെ സന്തോഷം നല്കുന്ന ഒന്നായിരുന്നു . പിന്നീട് 1000 ത്തോളം പരസ്യങ്ങൾ ചെയ്തു.
സാൻഫോർഡ് ,ഭീമ, ലുലു , ജോയ് ആലുക്കാസ് , ശീമാട്ടി , ഫ്രാൻസിസ് ആലുക്കാസ് , പോത്തിസ്, റോള്‍സ് റോയ്സ്, യൂണിലിവര്‍, തുടങ്ങിയ വിവിധ ബ്രാന്ഡുകളുടെ പരസ്യ ചിത്രങ്ങൾക്കു സംഗീതം നൽകി.
ഒരുപാടു നല്ല കലാകാരന്മാരുമായി സഹകരിക്കാനും അതു വഴി ഏറെ മനസിലാക്കാനും സാധിച്ചു . സുനിത സാരഥി , എസ് പി ബാലസുബ്രഹ്മമണ്യം ,ചിന്മയി, ബെന്നി ദയാൽ ,കാർത്തിക്, ഗോപി സുന്ദർ, പ്രദീപ് (കബാലി ഫെയിം ) ശ്വേതാ മോഹൻ, മഞ്ജരി, സിതാര , യാസിൻ, സൂരജ് സന്തോഷ് തുടങ്ങിയവരൊക്കെ എന്റെ പരസ്യങ്ങൾക്ക് വേണ്ടി പാടിയിട്ടുണ്ട് . SPB യുമൊത്തു റെക്കോർഡ് ചെയ്തത് ഒക്കെ ജീവിതത്തിലെ ഏറ്റവും ഭാഗ്യം നിറഞ്ഞ നിമിഷങ്ങളായിരുന്നു.
/indian-express-malayalam/media/media_files/uploads/2018/05/Kailas-Menon-with-S-P-Balasubramaniam.jpg)
യാത്രയില്‍ ഒപ്പം നിന്നവര്‍
എന്‍റെ അമ്മയും അച്ഛനും, സഹോദരൻ വിഷ്ണു, പിന്നീട് ജീവിതത്തിലേക്ക് വന്ന സുഹൃത്തും ഭാര്യയുമായ അന്നപൂർണ, ബന്ധുക്കൾ, സുഹൃത്തുക്കൾ ഇവരൊക്കെ എന്നിൽ ഏറെ വിശ്വാസം പുലർത്തിയവരാണ്. ഓരോ ചുവടുവെപ്പിലും എനിക്കൊപ്പം നിന്നവർ.
ഗായകനും സൗണ്ട് എഞ്ചിനീയറുമായ ബാലു തങ്കച്ചൻ, ഗിറ്റാറിസ്റ്റ് ഡോണൻ മുറെ (Donan Murray) തുടങ്ങിയവർ എന്‍റെ സംഗീത യാത്രയിൽ എന്നെ ഒരുപാട് സഹായിച്ചവരാണ്. ഒരിക്കലും മറക്കാനാവാത്ത ബന്ധങ്ങളാണ് ഇവർ ഓരോരുത്തരും. അവർക്ക് എന്നിലുള്ള വിശ്വാസമാണ് എന്‍റെ വിജയത്തിന്‍റെ ആദ്യ പടിക്ക് അനുഗ്രഹവും നിമിത്തവും ആയത് .
/indian-express-malayalam/media/media_files/uploads/2018/05/Kailas-Menon-with-Tovino-Thomas-1024x769.jpg)
‘തീവണ്ടി’ എന്ന ചിത്രത്തിൽ എത്തി നിൽക്കുമ്പോൾ
ഞാൻ തിരഞ്ഞെടുത്തത് എന്‍റെ തന്നെ യാത്രയായിരുന്നു, അതായിരുന്നു ശെരി എന്ന് അറിയുന്ന നിമിഷങ്ങൾ പലതും ഉണ്ടായിട്ടുണ്ട് . എങ്കിലും ഇത്ര മധുരമേറിയ മറ്റൊരു നിമിഷം വേറെയുണ്ടാവില്ല എന്ന് തോന്നുന്നു.
ചെയ്യുന്ന വർക്കിൽ പൂർണ സ്വാതന്ത്ര്യം തന്നിരുന്നു സംവിധായകനാണ് ഫെല്ലിനി. ‘ജീവാംശമായി’ എന്ന പാട്ടിന്‍റെ ഈണം ആദ്യം കേട്ടപ്പോൾ തന്നെ എല്ലാർക്കും ഇഷ്ടപ്പെട്ടിരുന്നു.
ഫെല്ലിനി ആകെ ആവശ്യപ്പെട്ടിരുന്നത് മണ്ണിന്‍റെ മണമുള്ള , മലയാളത്തിന്‍റെ സത്തയുള്ള ഒരു പാട്ട് വേണം എന്നായിരുന്നു. ഒരു പക്ഷെ കുറെ കാലങ്ങൾക്കു അപ്പുറം നമ്മളൊക്കെ കേട്ട് വളർന്ന ഈണങ്ങളുടെ നന്മ ഉള്ള ഒരു പാട്ട് .
‘ജീവാംശമായി’ ഇപ്പൊ കേൾക്കുന്ന ഓരോരുത്തരും എന്നോട് അതെ അഭിപ്രായം ആവർത്തിച്ചു പറയുമ്പോൾ ഏറെ സന്തോഷമുണ്ട്. ഈണത്തിനും സന്ദർഭത്തിനും ചേരുന്ന വിധത്തിൽ തന്നെയാണ് ഹരിനാരായണൻ ഇതിന് വരികളെഴുതിയത്. അതിനെ അത് അർഹിക്കുന്ന ഉയരത്തിലേക്ക് എത്തിക്കാൻ ഗായകരായ കെ എസ് ഹരിശങ്കറിനും ശ്രേയ ഘോഷാലിനും കഴിഞ്ഞു എന്നതും മറ്റൊരു സന്തോഷമാണ്. വളർന്നു വരുന്ന ഗായകർക്കിടയിൽ ഒരു പുതിയ തിളക്കമാണ് ഹരിശങ്കർ എന്ന ഗായകൻ . അതിനോടൊപ്പം ശ്രേയ ഘോഷാലിനെ പോലുള്ള ഒരു അതുല്യ കലാകാരി എന്‍റെ പാട്ട് ആലപിക്കുന്നു എന്നത് ഒരു അനുഗ്രഹമായി തന്നെ കരുതുന്നു .
ഇന്നത്തെ പല പിന്നണി ഗായകരും ശ്രേയയുടെ ഒരു റെക്കോർഡിങ് സെഷൻ വന്നിരുന്നു കാണേണ്ടതാണ് . എത്ര ശ്രദ്ധയോടെയാണ് വരികൾ പഠിക്കുന്നതും, പാട്ട് പഠിക്കുന്നതും. മാത്രമല്ല എല്ലാവരോടും പെരുമാറുന്ന രീതിയും പ്രശംസനീയം തന്നെ. നമ്മൾ പറയുന്നതെന്താണോ അത് അങ്ങനെ തന്നെ ഉൾക്കൊണ്ടു പാടും എന്ന് മാത്രമല്ല, പൂർണത വരുന്നത് വരെ എത്ര തവണ വേണോ മുഖം കറുപ്പിക്കാതെ പാടാനും ശ്രേയ തയ്യാറാണ് . അത് തന്നെയാവും അവരുടെ വിജയ രഹസ്യവും.
/indian-express-malayalam/media/media_files/uploads/2018/05/Kailas-Menon-with-Shreya-Ghoshal-1024x682.jpg)
പരസ്യ ചിത്രങ്ങള്‍ക്കും സിനിമയ്ക്കും സംഗീത നല്‍കുമ്പോള്‍ ഉള്ള വ്യത്യാസം
ഏതാനും സെക്കൻഡുകൾ നീണ്ടു നിൽക്കുന്ന കഥാ സന്ദർഭം, അതിലാവും client ന്‍റെ മുഴുവൻ പ്രതീക്ഷയും. അധികം സമയമോ, ആലോചിച്ചു ചെയ്യാനുള്ള സാവകാശമോ ഉണ്ടാവില്ല. അതു കൊണ്ടു തന്നെ നമ്മളോട് പറഞ്ഞു തരുന്ന സാഹചര്യത്തിന് അനുസൃതമായുള്ള സംഗീതം എത്രയും ആകർഷകമായി ചെയ്യുക എന്നതാണ് പരസ്യ ചിത്രങ്ങൾക്ക് പ്രധാനം .
സിനിമ സംഗീതം തികച്ചും മറ്റൊരു രീതിയിലാണ് സഞ്ചരിക്കുന്നത്. പല്ലവി അനുപല്ലവി ചരണങ്ങളോടു കൂടിയ ഒരു ഗാനം, വരികൾക്കും തിരഞ്ഞെടുക്കുന്ന ഈണത്തിനും പ്രാധാന്യമുണ്ട് .
സിനിമ സംഗീതം ആവുമ്പോൾ, വരികളുടെ അർത്ഥവും രാഗത്തിന്‍റെ അംശവും എല്ലാം രൂപപ്പെടുത്തിയെടുക്കാനുള്ള സാവകാശം ഉണ്ട്. 4-5 മിനിട്ടുള്ള ഒരു പാട്ടിനുള്ളിൽ ഇതൊക്കെ കോർത്തിണക്കാൻ അല്ല പ്രയാസം, മറിച്ചു പാട്ടിന്‍റെ ആത്മാവിനെ ഉടനീളം നിലനിർത്താൻ കഴിയുക എന്നതാണ് പലപ്പോഴും വെല്ലുവിളിയാകുന്നത്.
പ്രയത്നം കൊണ്ടെത്തി പിടിക്കാന്‍ പറ്റുന്ന സ്വപ്നങ്ങള്‍
സ്വപ്‌നങ്ങൾ നമ്മൾ എല്ലാവരും കാണുന്ന ഒന്നാണ്. പക്ഷെ എല്ലാവർക്കും അത്ര എളുപ്പം അതിലേക്ക് എത്താൻ കഴിഞ്ഞെന്ന് വരില്ല. ഒരു ജീവിതമേ ഉള്ളു, തളരാതെ മുന്നോട്ട് പോകാനുള്ള ധൈര്യമാണ് വേണ്ടത്, അത് നമ്മൾ പോലും അറിയാതെ നമുക്ക് ലഭിക്കുകയും ചെയ്യും.
തടസ്സങ്ങൾ ഉണ്ടാകും , നിങ്ങളുടെ കഴിവിൽ നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ മുന്നോട്ട് ധൈര്യമായി പോകുകയാണ് വേണ്ടത്. സന്തോഷിക്കാൻ ഒരു നാൾ വരും, അതുറപ്പാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.