തിരുവനന്തപുരം: ബാലുവിന്റെയും ജാനിയുടേയും വേര്‍പാടിന്റെ ആഘാതത്തില്‍ നിന്നും ഇതുവരെ മുക്തരായിട്ടില്ല ബാലഭാസ്കറിന്റെയും ലക്ഷ്മിയുടേയും കുടുംബങ്ങള്‍. ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്. വെന്റിലേറ്ററില്‍ നിന്നും ലക്ഷ്മിയെ മാറ്റിയിട്ടുണ്ട്.
ലക്ഷ്മിയുടെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ബാലുവിന്റെ അടുത്ത സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസ്സി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ പങ്കുവെച്ചു. ലക്ഷ്മി സുഖം പ്രാപിക്കുന്നതായും സ്വന്തമായി തന്നെ ശ്വസിക്കുന്നതായും സ്റ്റീഫണ്‍ പറഞ്ഞു. ഭര്‍ത്താവിന്റേയും മകളുടേയും വിയോഗവിവരം അമ്മ ലക്ഷ്മിയെ പറഞ്ഞ് മനസ്സിലാക്കിച്ചതായും സ്റ്റീഫണ്‍ വ്യക്തമാക്കി. ‘പതുക്കെ ലക്ഷ്മി സംസാരിച്ച് തുടങ്ങുമെന്നാണ് കരുതുന്നത്. വളരെ വലിയൊരു വേദനയിലൂടെയായിരിക്കാം ലക്ഷ്മി കടന്നുപോകുന്നത്. പക്ഷെ ആരോഗ്യത്തില്‍ പുരോഗതിയുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി,’ സ്റ്റീഫണ്‍ വ്യക്തമാക്കി.
ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. സുരേഷിനോട് സംസാരിച്ചതിന് ശേഷമായിരുന്നു സ്റ്റീഫന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ലക്ഷ്മിക്ക് കഴിഞ്ഞ ദിവസം ബോധം തെളിഞ്ഞതായും കണ്ണ് തുറന്നതായും സ്റ്റീഫന്‍ പറഞ്ഞിരുന്നു.
വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ വിയോഗം ഇന്നും സുഹൃത്തുക്കൾക്കും ആരാധകർക്കും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. സംഭവിച്ച ദുരന്തവുമായി അവർ പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. ഇനിയും വായിച്ച് തീർക്കാനുളള വയലിൻ സംഗീതം ബാക്കിയാക്കിയാണ് ബാലഭാസ്കർ വിട പറഞ്ഞിരിക്കുന്നത്.
ലക്ഷ്മിക്ക് എല്ലാം കാണാനും കേള്‍ക്കാനും തിരിച്ചറിയാനും സാധിക്കുന്നുണ്ട്. ലക്ഷ്മി പ്രതികരിക്കുന്നുമുണ്ട്. എന്നാലിപ്പോള്‍ സംസാരിക്കാന്‍ സാധിക്കുന്ന ഒരു അവസ്ഥയില്‍ അല്ലെന്നും സ്റ്റീഫന്‍ പറഞ്ഞിരുന്നു. ബാലുവിനും കുഞ്ഞിനും സംഭവിച്ച ദുരന്തത്തെ കുറിച്ച് എങ്ങനെ ലക്ഷ്മിയോട് പറയും എന്ന് ആര്‍ക്കും അറിയില്ലെന്നും സ്റ്റീഫന്‍ പറയുകയുണ്ടായി.
ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിട്ടുണ്ട്. ബോധം തെളിഞ്ഞതിന് ശേഷം ലക്ഷ്മി ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായി ആശുപത്രി മേധാവിയായ ഡോ. മാര്‍ത്താണ്ഡം പിള്ള പറഞ്ഞു. എന്നാല്‍ ലക്ഷ്മി കുറച്ച് ദിവസങ്ങള്‍ കൂടി ഐസിയുവില്‍ തന്നെ തുടരാനാണ് സാധ്യത.
ലക്ഷ്മിയുടെ ആന്തരിക അവയവങ്ങള്ക്കാണ് അപകടകരമാം വിധം പരിക്കേറ്റിരുന്നത്. ശരീരത്തിന്റെ പല ഭാഗത്തും മുറിവുകളുമുണ്ട്. ഈ പരിക്കുകളെല്ലാം ഭേദപ്പെട്ട് വരികയാണ്. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ കൂടുതല്‍ പുരോഗതി കാണുകയാണ് എങ്കില്‍ ഈ ആഴ്ച അവസാനത്തോടെ തന്നെ വാര്‍ഡിലേക്ക് മാറ്റും.
കഴിഞ്ഞയാഴ്ച തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് വയലിനിസ്റ്റ് ബാലഭാസ്കറിനും കുടുംബത്തിനും ഗുരുതരമായി പരിക്കേറ്റത്. കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ബാലഭാസ്കറിന്റെ ഏക മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ രണ്ടാം തിയ്യതി ബാലഭാസ്കളും മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ഡ്രൈവറും സുഹൃത്തുമായ അര്‍ജ്ജുന്‍ന്റെ ആരോഗ്യ നിലയിലും പുരോഗതിയുണ്ട്.