പാതിയിൽ മുറിഞ്ഞ വയലിന്റെ തന്ത്രികൾ പോലെ ബാലഭാസ്കർ ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരുവർഷം. 2018 സെപ്റ്റംബർ 25നുണ്ടായ വാഹനാപകടത്തെത്തുടർന്നു ചികിത്സയിലായിരുന്നു ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണു ജീവിതത്തോടും കലാലോകത്തോടും വിട പറഞ്ഞത്. ബാലു അവശേഷിപ്പിച്ച ശൂന്യതയിൽ അദ്ദേഹത്തെ ഓർക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും.
ബാലഭാസ്കറിന്റെ ഫോട്ടോ വാൾപേപ്പറായി വച്ചിരിക്കുന്ന തന്റെ ഫോണിന്റെ ചിത്രമാണ് നടി അനുശ്രീ പങ്കുവച്ചിരിക്കുന്നത്.
“അന്നും ഇന്നും ഈ ഫോണിൽ ബാലുച്ചേട്ടൻ.. ഒരിക്കലും മറക്കില്ല,” എന്ന വാക്കുകളോടെയാണ് അനുശ്രീ ചിത്രം പങ്കുവച്ചത്.
ഏറെ വൈകാരികമായൊരു കുറിപ്പാണ് ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളും സംഗീതജ്ഞനുമായ സ്റ്റീഫൻ ദേവസി പങ്കുവച്ചിരിക്കുന്നത്.
“നീ ഞങ്ങളെ വിട്ടു പോയിട്ട് രണ്ടു വർഷമായി. പക്ഷെ നിന്റെ നിരുപാധികമായ സ്നേഹവും, സ്റ്റേജിലും അതിന് പുറത്തും നമ്മൾ പങ്കിട്ട മനോഹരമായ നിമിഷങ്ങളും എന്നും വിലമതിക്കാനാകാത്ത ഓർമകളാണ്. ഈ നഷ്ടം വിവരിക്കാൻ വാക്കുകളില്ല. പക്ഷെ സംഗീതത്തിലൂടെ നീ സൃഷ്ടിച്ച മാജിക് ഇപ്പോഴും ആളുകളെ സുഖപ്പെടുത്തുകയും അവർക്ക് സമാധാനം നൽകുകയും സന്തോഷവും ആശ്വാസവും നൽകുകയും ചെയ്യുന്നു. നീയായിരുന്നു എനിക്ക് പിന്തുണ. നീയുണ്ടാക്കിയ ശൂന്യത ഇപ്പോഴും എന്റെ ഹൃദയത്തിലുണ്ട്. ഇന്നും ഓരോ ദിവസവും ഞാൻ നിന്നെ മിസ് ചെയ്യുന്നു. ഐ ലവ് യു ബാലു,” എന്നാണ് സ്റ്റീഫൻ കുറിച്ചത്.
പാതിയിൽ മുറിഞ്ഞ വയലിൻ നാദത്തിന്റെ ഓർമ്മക്ക് 2 വയസ്സ് എന്ന വാക്കുകളോടെയാണ് ഗായകൻ വിധു പ്രതാപ് ബാലഭാസ്കറിനെ ഓർത്തത്.
2018 സെപ്റ്റംബർ 25 നു പുലർച്ചെ 4.30ഓടെ പള്ളിപ്പുറം ജങ്ഷനു സമീപം ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. സിആർപിഎഫ് ജങ്ഷനു സമീപം നിയന്ത്രണം വിട്ട വാഹനം മരത്തിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കറെയും ഭാര്യ ലക്ഷ്മിയെയും ഡ്രൈവർ അർജുനെയും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ബാല ഓക്ടോബർ രണ്ടിനു ലോകത്തോട് വിടപറഞ്ഞു.
Read More: അന്ന് ബാലഭാസ്കർ ഉണ്ടായിരുന്നു; ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ബാലുച്ചേട്ടനെ ഓർത്ത് കൂട്ടുകാർ
കാൽനൂറ്റാണ്ടോളം സംഗീതരംഗത്ത് സജീവമായിരുന്ന കലാകാരനാണു ബാലഭാസ്കർ. മംഗല്യ പല്ലക്ക്, പാഞ്ചജന്യം, പാട്ടിന്റെ പാലാഴി, മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ സിനിമകൾക്കു സംഗീതം നൽകിയിട്ടുണ്ട്. നിരവധി സംഗീത ആൽബങ്ങൾക്കു സംഗീതം നൽകിയിട്ടുണ്ട്. നിനക്കായ്, ആദ്യമായ് എന്നിവ പ്രശസ്ത സംഗീത ആൽബങ്ങളാണ്.
ഫ്യൂഷൻ മ്യൂസിക് മലയാളികൾക്കു പരിചയപ്പെടുത്തുന്നതു ബാലഭാസ്കറാണ്. നിരവധി പ്രശസ്തർക്കൊപ്പം ഫ്യൂഷൻ മ്യൂസിക് അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാര്‍ 2008ല്‍ ബാലഭാസ്കറിനു ലഭിച്ചിട്ടുണ്ട്.