വളരെ ചെറുപ്പത്തിൽ തന്നെ മലയാളികളുടെ ഇഷ്ടം കവർന്ന ഗായികയാണ് ശ്രേയ ജയദീപ്. എട്ടാം വയസ്സിൽ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ ശ്രേയ പിന്നീട് മലയാളത്തിലെ പിന്നണി ഗായികയായി മാറുകയായിരുന്നു. ഈ കൊച്ചുമിടുക്കിയുടെ സ്വരമാധുരി ഇഷ്ടപ്പെടുന്ന നിരവധി ആരാധകരുമുണ്ട്.
ഇപ്പോഴിതാ, മിന്നൽ മുരളിയിലെ ‘ഉയിരെ’ ഗാനത്തിന് കവർ സോങ്ങുമായി എത്തിയിരിക്കുകയാണ് ശ്രേയ. പാട്ടിന്റെ ആത്മാവ് ഉൾകൊണ്ട് പാടിയ ശ്രേയയെ അഭിനന്ദിക്കുകയാണ് ആരാധകർ.
അടുത്തിടെ ഇറങ്ങിയ ഗാനങ്ങളിൽ ഏറെ പ്രേക്ഷക ശ്രദ്ധ കവർന്ന ഗാനങ്ങളിലൊന്നാണ് മിന്നൽ മുരളിയിലെ ‘ഉയിരെ’ എന്നു തുടങ്ങുന്ന ഗാനം. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ ആണ് സംഗീതം നൽകിയിരിക്കുന്നത്. നാരായണി ഗോപനും മിഥുൻ ജയരാജുമാണ് ചിത്രത്തിനു വേണ്ടി ഈ ഗാനം ആലപിച്ചിരിക്കുന്നത്.
സൂര്യ ടിവിയിലെ സൂര്യ സിംഗർ, സൺ ടിവിയിലെ സൺ സിംഗർ എന്നീ ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെയാണ് ഈ കൊച്ചുമിടുക്കി സംഗീതപ്രേമികളുടെ ഇഷ്ടം കവർന്നത്. മൂന്നു വയസ്സു മുതൽ സംഗീതം പഠിച്ചു തുടങ്ങിയ മിടുക്കിയാണ് ശ്രേയ. പത്തു വയസ്സിനകത്ത് തന്നെ 50ൽ അധികം ഭക്തിഗാനങ്ങളും ചലച്ചിത്രഗാനങ്ങളും ശ്രേയയുടേതായി റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
പിന്നണി ഗായികയെന്ന നിലയിൽ ശ്രേയ ജയദീപ് അരങ്ങേറ്റം കുറിച്ചത് ‘വീപ്പിംഗ് ബോയ്” എന്ന ചിത്രത്തിനു വേണ്ടി പാടി കൊണ്ടായിരുന്നു. അമർ അക്ബർ ആന്റണിയിലെ ‘എന്നോ ഞാനെന്റെ’ എന്നു തുടങ്ങുന്ന ഗാനവും മോഹൻലാൽ ചിത്രം ഒപ്പത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന് ഗാനവും ജനപ്രീതി നേടുകയും ശ്രേയയ്ക്ക് ഏറെ നിരൂപക പ്രശംസ നേടി കൊടുക്കുകയും ചെയ്തു.
കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രേയ ഇപ്പോൾ.