ധാർവാഡ് ഘരാനയുടെ പിൻതലമുറക്കാരനും, പ്രഗത്ഭ സിതാർ വാദകനായ ഉസ്താദ് അബ്ദുൽ കരിം ഖാന്റെ മകനും, ‘സിതാർ രത്ന’ ഉസ്താദ് റഹിമത് ഖാന്റെ പൗത്രനുമാണ് ഉസ്താദ് റഫീഖ് ഖാൻ. സഹോദരങ്ങളായ ഉസ്താദ് ബലേ ഖാൻ, ചോട്ടെ റഹിമത് ഖാൻ, ഉസ്താദ് ഷഫീഖ് ഖാൻ എന്നിവരും പ്രമുഖ കലാകാരൻമാർ.
കേരളത്തില്‍, പണ്ഡിറ്റ് രമേശ് നാരായന്റെ നേത്രുത്വത്തില്‍ നടക്കുന്ന മേവതി-സ്വാതി ഘരാന ഖയാല്‍ ഫെസ്റ്റിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ‘സുരേർ ഗുരു’ പുരസ്കാരത്തിനു ഇക്കൊല്ലം അര്‍ഹനായത് മംഗലാപുരത്ത് ആള്‍ ഇന്ത്യ റേഡിയോയില്‍ ടോപ് ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആയ ഉസ്താദ് റഫീഖ് ഖാൻ ആണ്. സംഗീതത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തോട് സംസാരിക്കുന്നു…

പണ്ഡിറ്റ് ജസ്രാജിന്റെ പേരിലുള്ള ‘സുരേർ ഗുരു’ പുരസ്കാരം ലഭിച്ചതിനെ കുറിച്ച് ?
ഒരു കാലഘട്ടം വരെ ഹിന്ദുസ്ഥാനി സംഗീതത്തിന് ദക്ഷിണേന്ത്യയിൽ അധികം വേദികൾ ഉണ്ടായിരുന്നില്ല. രമേശ് നാരായണ്‍ജിയുമായുള്ള സംഗീത സംഭാഷണങ്ങലാണ് എന്നെ കേരളവുമായി അടുപ്പിച്ചത്. ഹിന്ദുസ്ഥാനി സംഗീതം ഇത്രയധികം ഇവിടെയുള്ള ജനങ്ങളിലേക്ക് എത്തിയത് രമേശ് ജിയുടെ സ്വാധീനം ആണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു അതു കൊണ്ട് തന്നെ ഈ പുരസ്കാരവും എനിക്കേറെ വിലപ്പെട്ടതാണ്.
കേരളവുമായുള്ള ബന്ധത്തെകുറിച്ച് ?
കേരളവുമായി വളരെ അടുത്ത ഹൃദയ ബന്ധം ഉള്ള ആളാണ് ഞാൻ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊല്ലം, കോട്ടയം, കാലിക്കറ്റ്, കണ്ണൂർ, തിരുവനന്തപുരത്തെ സൂര്യ ഫെസ്റ്റിവൽ, ഖയാൽ ഫെസ്റ്റിവൽ എന്നീ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ രമേശ്ജിയുടെ ചില സിനിമകളുടെയും ഭാഗം ആകാൻ കഴിഞ്ഞു. ‘മഗ്രിബ്’, ‘ഗർഷോം’, ‘മകരമഞ്ഞ്’
എന്നിവയായിരുന്നു രമേശ് ജിയുടെ സംഗീതത്തിൽ ഞാൻ പ്രവർത്തിച്ച ചിത്രങ്ങൾ.
ബെന്നെറ്റ് സംഗീതം പകര്‍ന്ന ‘ഗദ്ധാമ’ എന്ന ചിത്രത്തിലും വര്‍ക്ക് ചെയ്തിട്ടുണ്ട്. ‘ശിവ’ എന്ന ഫ്യൂഷന്‍ ബാന്‍ഡില്‍ ബെന്നറ്റ്, വില്യം ഫ്രാൻസിസ്, ജോസി ജോൺ എന്നീ കലാകാരന്മാരുമായി വേദികൾ പങ്കു വെച്ചിട്ടുണ്ട്. അവരെല്ലാം മലയാളിക്ക് സുപരിചിതരായ ആർട്ടിസ്റ്റുകൾ ആണ്.
പരമ്പരാഗതമായി സംഗീതം സിദ്ധിച്ച കുടുംബത്തിന്റെ ഭാഗമാണ് താങ്കള്‍. അതു കൊണ്ടു തന്നെ സംഗീതത്തിന്റെ മേഖലയിലേക്കുള്ള വരവ് സ്വാഭാവികമായിരുന്നിരിക്കുമല്ലോ ?
സദാ സംഗീത മുഖരിതമാണ് വീട്ടിലെ അന്തരീക്ഷം. ഒന്നുകിൽ അച്ഛൻ കുട്ടികളെ പഠിപ്പിക്കുന്ന കാഴ്ചയാവും, അല്ലെങ്കിൽ എന്റെ ജ്യേഷ്ഠ സഹോദരങ്ങൾ ‘റിയാസ്’ ചെയ്യുകയാവും. സംഗീതം ഇല്ലാത്ത ഒരു സാഹചര്യമോ ഓർമ്മയോ ഉണ്ടായിട്ടില്ല.
എങ്കിലും സംഗീത മേഖലയിലേക്ക് തന്നെ തിരിയണം എന്ന് ഒരു നിർബന്ധവും അച്ഛന് ഉണ്ടായിരുന്നില്ല. ഇഷ്ട വിഷയം എടുത്തു പഠിക്കാൻ ഉള്ള സ്വാതന്ത്ര്യം ഞങ്ങൾ മക്കൾക്ക് തന്നിരുന്നു . എനിക്ക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിനോട് താല്പര്യം ഉണ്ടായിരുന്നു. പക്ഷേ അപ്പോഴും ഉള്ളിന്റെ ഉള്ളിൽ സംഗീതത്തിനു തന്നെയാണ് മുന്‍തൂക്കം ഉണ്ടായിരുന്നത്.
ഒരു സംഗീതജ്ഞനെന്ന നിലയിൽ ഓള്‍ ഇന്ത്യാ റേഡിയോയിലെ ജോലി എത്രത്തോളം ഗുണം ചെയ്തിട്ടുണ്ട് ?
ഓള്‍ ഇന്ത്യ റേഡിയോ എന്നത് അനുഭവ സമ്പത്തിന്റെ ഉറവിടമാണ്. ഒരു സംഗീതജ്ഞന് പഠിക്കാനും, മനസിലാക്കാനും ഉൾകൊള്ളാനും കുറെയേറെ കാര്യങ്ങൾ അവിടെ ഉണ്ട്. അതിനുള്ള സമയവും ഉണ്ടാകും. ഒരുപാടു സംഗീതജ്ഞരെ, ഇതര വിഷയങ്ങളിലെ പ്രഗത്ഭരെ ഒക്കെ കാണാനും അവരുമായി ഇടപെഴകാനും ഉള്ള അവസരം കിട്ടും.
ഓള്‍ ഇന്ത്യ റേഡിയോയിലെ ‘ആര്‍ക്കൈവ്സ്’ ഏതൊരു കലാകാരനും ഉപയോഗപ്രദമായ ഒന്നാണ്. പക്ഷേ അതൊന്നും ആരും വേണ്ട പോലെ ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. മുൻപുണ്ടായിരുന്ന അത്രയും കച്ചേരികളും ഇപ്പൊ ഇല്ല എന്ന് വേണം പറയാൻ. ആളുകളിലെ ആസ്വാദന രീതികളും ഏറെക്കു=റെ മാറിയല്ലോ. അതും ആകാം ഒരു കാരണം. വെറും ‘fill in the blanks’ ന് വേണ്ടി മാത്രമായി ക്ലാസിക്കൽ സംഗീതം മാറുന്നു എന്നത് ദുഖകരമാണ്.
</p>
ഒരു കലാരൂപം, അത് ഏതും ആയിക്കൊള്ളട്ടെ, പഠിക്കുന്നതിന്റ പ്രസക്തി എന്താണ്, അങ്ങയുടെ കാഴ്ചപ്പാടിൽ ?
സംഗീതത്തിന് നമ്മുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. നമ്മുടെ മുൻ രാഷ്ട്രപതി അബ്ദുൽ കലാം കഴിവുള്ള വീണാ വാദകനായിരുന്നു. പ്രഗത്ഭ സൈദ്ധാന്തിക ശാസ്ത്രജ്ഞൻ ഐൻസ്റ്റീൻ സംഗീതത്തിന്റെ പ്രാധാന്യത്തെ കുറിച്ചു ഏറെ പരാമർശിച്ചിട്ടുണ്ട്. മൊസാര്‍ട്ട് അതിമനോഹരമായി വയലിനിൽ വായിക്കുമായിരുന്നു . ഇവർക്കൊക്കെയും സംഗീതം അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഓർമ്മശക്തി, വ്യക്തിത്വവികസനം, ചിന്താ ശക്തി എന്നിവയെല്ലാം മെച്ചപ്പെടുത്താൻ സംഗീതത്തിന് സാധിക്കുമെന്നത് തെളിയിക്കപ്പെട്ടതാണ്. ഇതു കൊണ്ടു തന്നെ കുട്ടികളെ സംബന്ധിച്ചു, 9-10 വയസ്സ് മുതൽ , സ്കൂളിൽ സംഗീതം പഠന വിഷയം ആക്കേണ്ടതുമാണ്. വളർന്നു വരുന്ന തലമുറയെ മികച്ച രീതിയിൽ വാർത്തെടുക്കാന്‍ അത് സഹായിക്കും.
കലാകാരന്‍ എന്നതിനിടൊപ്പം ഒരു ഗുരു കൂടിയാണ് താങ്കള്‍?
‘സംഗീത് ഭാരതി അക്കാദമി ഓഫ് ഹിന്ദുസ്ഥാനി മ്യൂസിക്’ എന്ന എന്റെ സ്ഥാപനത്തില്‍ സിതാര്‍, വായ്പാട്ട് തുടങ്ങിയവയെല്ലാം പഠിപ്പിക്കുന്നുണ്ട്. സംഗീതം പഠിക്കാനും അവതരിപ്പിക്കാനും എല്ലാർക്കും ഇഷ്ടമാണ്. പക്ഷേ അത് ഗുരു മുഖത്ത് നിന്നു പഠിക്കേണ്ട വിദ്യയാണ്. ഇന്ന്, ശാസ്ത്ര സാങ്കേതിക ലോകത്തിന്റെ വളർച്ചയുടെ ഫലമായി കുട്ടികൾ എളുപ്പ മാർഗങ്ങൾ തേടി പോകും. ഇന്നിപ്പോ ഒരു പാട്ട് പഠിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല. ‘Youtube’ പോലുള്ള മാധ്യമങ്ങൾ തുടങ്ങി നമുക്ക് ഉപയോഗിക്കാനുള്ള ഉപാധികൾ ഏറെയാണ്, എങ്കിലും സംഗീതം പഠിക്കാനുള്ള short cut ആയി അതിനെ തിരഞ്ഞെടുക്കുന്നത് നല്ല പ്രവണത അല്ല.
എന്റെ അടുക്കൽ വരുന്ന കുട്ടികളെ എന്നാൽ കഴിയുന്ന രീതിയിൽ സാമ്പ്രദായികമായി തന്നെ ആണ് സംഗീതം അഭ്യസിപ്പിക്കുന്നത്. പണ്ടൊക്കെ ശിഷ്യരോട് അച്ഛൻ പറയുമായിരുന്നു, ഓരോ മാസവും ഓരോ കുട്ടിയുടെ വസതിയിൽ ‘ baitak’ (chamber concert) നടത്തണമെന്ന്. എന്നിട്ട് അച്ഛൻ ഞങ്ങളെയും കൂട്ടും, എല്ലാവരും സിതാറും എടുത്തു കൊണ്ട് വരും. അങ്ങനെ ഒരുമിച്ചിരുന്ന് സംഗീതം ആസ്വദിച്ചും അവതരിപ്പിച്ചും കടന്നു പോയ എത്രയെത്ര സായാഹ്നങ്ങൾ. ഇന്നത്തെ തലമുറക്ക് നഷ്ടമാകുന്നതും അത് തന്നെ. ഒരുമിച്ചിരുന്നു പാടുന്നു എന്നതിനപ്പുറം സംഗീതത്താൽ ഊട്ടിയുറപ്പിക്കുന്ന സ്നേഹബന്ധങ്ങൾക്കും ഉണ്ടായിരുന്നു ഏറെ പ്രസക്തി.

ഫ്യൂഷന്‍ സംഗീതത്തെ കുറിച്ചുള്ള അഭിപ്രായം ? ഒപ്പം അത്തരത്തിൽ ഇടപ്പെട്ടിട്ടുള്ള കർണാടക സംഗീതജ്ഞരെ കുറിച്ചും ഒന്ന് പറയാമോ ?
സംഗീതത്തിന്റെ അന്തസത്തയെ ബാധിക്കാതെ അവതരിപ്പിക്കുന്ന ഏതു തരം സംഗീതവും നല്ലതു തന്നെ. കാലത്തിന്റെ മാറ്റമാണല്ലോ അത്. ശുദ്ധമായ ക്ലാസ്സിക്കൽ കച്ചേരി നടത്താനും അതിന് സ്പോൺസർ ചെയ്യാനും ആളുകൾ മടിക്കുമ്പോൾ, കലാകാരന്മാർക്ക് മുന്നിൽ തുറന്ന വാതിലാണ് ഈ പറയുന്ന ഫ്യൂഷന്‍ സംഗീതം എന്നത്. ഞങ്ങളുടെ ‘ശിവ’ എന്ന ഫ്യൂഷൻ ബാന്റിൽ സിനിമ സംഗീതം ഒഴികെ ബാക്കി എല്ലാം ഉള്‍പ്പെടുത്താറുണ്ട്. പരമ്പരാഗത സംഗീതസൃഷ്ടികള്‍ അതു പോലെ നിലനിർത്തി കൊണ്ട്, മാറ്റം വരുത്തുന്നത് അതിന്റെ ഓര്‍ക്കെസ്ട്രേഷനില്‍ ആണ്. പ്രോഗ്രസ്സിവ് ആയിട്ടാണ് സംഗീതത്തെ സമീപിക്കുന്നത്.
മംഗലാപുരം ഓള്‍ ഇന്ത്യ റേഡിയോയില്‍ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ കർണാടക സംഗീതവും, കലാകാരന്മാരെയും കൂടുതൽ അടുത്തു മനസിലാക്കാനും, ചിലരുമായി ഫ്യൂഷന്‍ ചെയ്യാനും അവസരം ലഭിച്ചിട്ടുണ്ട്. മൈസൂര്‍ നാഗരാജ്, മൈസൂര്‍ മഞ്ജുനാഥ്, ചന്ദന്‍ കുമാര്‍, അനന്തപദ്മനാഭന്‍, ആറ്റുകാല്‍ ബാലസുബ്രമണ്യം, എസ് ആര്‍ മഹാദേവ ശര്‍മ, ജയന്തി കുമരേഷ്, രമേശ് നാരായണ്‍ എന്നിവരുമായാണ് ഫ്ര്യൂഷനില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളത്.
Read Here: ജീവിതരാഗങ്ങള്‍: ഗായത്രിയും പൂര്‍ബയാന്‍ ചാറ്റര്‍ജിയും സംസാരിക്കുന്നു