scorecardresearch
Latest News

നീയെന്നും ഞങ്ങൾക്കൊപ്പമുണ്ട്; രാധിക തിലകിന്റെ ഓർമകളിൽ സുജാത

ഗായിക രാധികാ തിലകിന്റെ ഓർമദിനത്തിലാണ് സുജാതയുടെ കുറിപ്പ്

Singer Sujatha, Radhika Thilak, Radhika Tilak, Radhika Tilak songs, Radhika Tilak daughter, Radhika Tilak daughter Devika, Shweta Mohan, രാധിക തിലക്, ശ്വേത മോഹൻ

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രാധികാ തിലക് ഓർമയായിട്ട് ഇന്നേക്ക് ആറുവർഷങ്ങൾ തികയുന്നു. രാധികയെ ഓർത്തുകൊണ്ട ഗായിക സുജാത മോഹൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. “എന്റെ പ്രിയപ്പെട്ട മാലാഖേ, നീയെന്നും ഞങ്ങൾക്കൊപ്പം ഉണ്ടാവും,” എന്നാണ് സുജാത കുറിക്കുന്നത്. സുജാത മോഹൻ, ഗായകൻ വേണുഗോപാൽ എന്നിവരുടെ ബന്ധു കൂടിയാണ് രാധിക.

രാധികയുടെ ചരമവാർഷികത്തോട് അനുബന്ധിച്ച് രാധികയുടെ മകൾ ദേവിക, വേണുഗോപാൽ, സുജാത, ശ്വേത മോഹൻ, അരവിന്ദ് വേണുഗോപാൽ എന്നിവർ ചേർന്ന് ഒരു ആൽബവും റിലീസ് ചെയ്തിരുന്നു.

2015 സെപ്റ്റംബർ ഇരുപതിനാണ് ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് രാധിക തിലക് മരിക്കുന്നത്. നാൽപ്പത്തിയഞ്ചാം വയസിൽ സംഗീതസപര്യ പാതിവഴിയിൽ നിർത്തി രാധിക യാത്ര പറഞ്ഞപ്പോൾ ബാക്കിയായത് സംഗീത പ്രേമികളുടെ മനസ്സിൽ ഇടം പിടിച്ച രാധിക പാടിയ എഴുപതിലേറെ ചലച്ചിത്രഗാനങ്ങളും ഇരുന്നൂറിലേറെ ലളിതഗാനങ്ങളുമായിരുന്നു.

‘സംഘഗാനം’ എന്ന ചിത്രത്തിലെ പുല്‍ക്കൊടിത്തുമ്പിലും എന്ന ഗാനത്തിലൂടെ ആയിരുന്നു രാധികയുടെ അരങ്ങേറ്റം. ‘ഒറ്റയാള്‍ പട്ടാള’ത്തില്‍ ബന്ധു കൂടിയായ ജി.വേണുഗോപാലിനൊപ്പം പാടിയ മായാമഞ്ചലില്‍ ആയിരുന്നു ആദ്യത്തെ ശ്രദ്ധേയമായ ഗാനം. പിന്നീട് ഗുരുവില്‍ ഇളയരാജയുടെ സംഗീതത്തില്‍ യേശുദാസിനൊപ്പം ദേവസംഗീതം നീയല്ലെ പാടി. ദീപസ്തംഭം മഹാശ്ചര്യത്തിലെ നിന്റെ കണ്ണില്‍ വിരുന്നുവന്നു, എന്റെ ഉള്ളുടുക്കം കൊട്ടി, രാവണപ്രഭുവിലെ തകില് പുകില്, നന്ദനത്തിലെ മനസ്സില്‍ മിഥുന മഴ, കന്മദത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ട് എന്നിവയാണ് ശ്രദ്ധേയങ്ങളായ മറ്റ് ഗാനങ്ങൾ.

Read more: നിന്നോർമ്മയിൽ ഞാനേകയായി… രാധിക തിലകിന്റെ ഓർമകളിൽ മകൾ

Stay updated with the latest news headlines and all the latest Music news download Indian Express Malayalam App.

Web Title: Singer sujatha remembering radhika thilak on her death anniversary