ജോണില്ലാതെയായ ഭൂമിയിലെ ആദ്യപകൽ, ജോണിന്റെ മരണവാർത്തയാണ് ചുറ്റും. ‘കമ്മട്ടിപ്പാടം’ സംഗീത സംവിധായകന്‍ ജോണ്‍ പി വര്‍ക്കി അന്തരിച്ചു! അതുമാത്രമായിരുന്നോ ജോൺ? അല്ല, അതിനപ്പുറം കടലിനോളം വലിപ്പമുണ്ടായിരുന്നു ജോണിന്റെ സംഗീതത്തിന്. കേരളത്തിൽ നിലനിന്നിരുന്ന ഒരു മ്യൂസിക് സംസ്കാരത്തെ മാറ്റിമറിക്കുന്ന ഒരു പരീക്ഷണവുമായെത്തി, ആൾട്ടർനേറ്റീവ് മ്യൂസികിന് സാധ്യത ഉണ്ടാക്കിയെടുക്കുന്നതിൽ വലിയൊരു പങ്കുവഹിച്ച ആളാണ് ജോൺ. തൃശൂരിൽ ജിഗ്സോ പസിൽ എന്നൊരു ബാൻഡ് ഉണ്ടായിരുന്നു ജോണിന്, ജോണും സംഗീതും ജോഫിയും അവിയലിലെ ആദ്യകാല സിംഗർ ആനന്ദുമൊക്കെ ചേർന്ന്. പിന്നീടാണ് കർണാട്രിക്സും അവിയലുമൊക്കെയായി ജോണും കൂട്ടുകാരും എത്തുന്നത്. ജോൺ, ആനന്ദ്, നരേഷ് കമ്മത്ത്, റെക്സ്, സംഗീത്, ജോഫി, ടോണി ഒക്കെ ചേർന്ന് കേരളത്തിലുണ്ടാക്കിയ കോളിളക്കം വലുതാണ്.
2008-09 കാലഘട്ടത്തിലാണ് ഞാൻ ജോണിനെ പരിചയപ്പെടുന്നത്. ഞങ്ങൾ കാണുമ്പോഴെല്ലാം ഒന്നിച്ചിരുന്ന് സുഹൃത്തുക്കൾക്കൊപ്പം ജാമിങ്ങ് ചെയ്യും. തൃശൂരിലും എറണാകുളത്തുമൊക്കെ ഫാസിസത്തിനെതിരെ മനുഷ്യസംഗമം നടന്ന കാലം. അന്നും ഒന്നിച്ച് വിവിധ വേദികളിൽ പെർഫോം ചെയ്തു. ഗിത്താർ ജോണിന്റെ കയ്യിലിരിക്കുമ്പോഴെല്ലാം അനായാസേന കൈകാര്യം ചെയ്യുന്നൊരു കളിപ്പാട്ടം പോലെ തോന്നിപ്പിച്ചു. നിമിഷനേരം കൊണ്ട് തീർത്തും മാജിക്കലായാണ് ജോണിനെ സംബന്ധിച്ച് മ്യൂസിക് പിറക്കുന്നത്. എല്ലാ പ്രോഗ്രാമുകളിലും കൂടെയുള്ളവരെ ഏതാനും മണിക്കൂറുകൾ കൊണ്ട് റിഹേഴ്സ് ചെയ്യിപ്പിച്ച് പെർഫോം ചെയ്യാനായി ജോൺ സജ്ജമാക്കും. വിബ്ജിയോർ, ഇറ്റ്‌ഫോക്, ഗാസ കുട്ടികൾക്കായുള്ള ഫണ്ട് സമാഹരണം അങ്ങനെ ഒന്നിച്ച് നിരവധി വേദികൾ… ലീവ്സ് ഓഫ് ഗ്രാസ് എന്ന കൂട്ടായ്മയുടെ ഭാഗമായും ഞങ്ങൾ ഒരുപാട് ഷോകൾ നടത്തിയിട്ടുണ്ട്.

പിന്നീട് ജോൺ ജീവിതാനുഭവങ്ങളിലൂടെ ഏറെ സഞ്ചരിച്ചു, സ്ലൊ പെഡൽസ് പോലുള്ള സംരംഭങ്ങളിൽ എത്തിച്ചേർന്നു. സമാന്തരമായി നെയ്ത്തുകാരൻ, ഫ്രോസൺ, കമ്മട്ടിപാടം, ഈട, ഒളിപ്പോര് പോലുള്ള ചിത്രങ്ങളിലൂടെ സിനിമാലോകത്തും സജീവമായി. ഇടയ്ക്ക് നീണ്ട മൗനത്തിലാവും ജോൺ, ആ സമയം ചിലപ്പോൾ സുഹൃത്തുക്കൾ ആരെങ്കിലും പൊക്കിയെടുത്ത് സംഗീതത്തിന്റെ തുരുത്തിലേക്ക് ജോണിനെ വീണ്ടുമെത്തിക്കും. ചിലപ്പോഴൊക്കെ, വേണ്ടത്ര സമയമെടുത്തതിനു ശേഷം ജോൺ തന്നെ സ്വയം തിരികെയെത്തും, പുതിയ ഈണങ്ങൾ സൃഷ്ടിക്കും.
കൊറോണയ്ക്കു മുൻപാണ് ജോണിനെ ഏറ്റവുമൊടുവിൽ നേരിൽ കണ്ടത്. കൊറോണകാലം പല അടരുകളിൽ മനുഷ്യനെ അകറ്റിയിട്ടുണ്ട്. പലതും ഇപ്പോഴും റീകണ്ക്റ്റഡായിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അതിന്റെ അകലം കുറഞ്ഞിരുന്നു. ചിലപ്പോൾ മുഴുവനായി ഡിസ്കണക്റ്റ് ആയിപോയോ എന്നു തോന്നുമ്പോഴാവും ജോണിന്റെ ഒരു ജാമിങ്ങോ പാട്ടോ വീഡിയോയോ കാണുന്നത്. അടുത്തിടെ, സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ജോൺ ഫേസ്ബുക്കിലൊരു പാട്ട് ഷെയർ ചെയ്തു. കാടിനെയും പൂക്കളെയും പുഴകളെയുമെല്ലാം കുറിച്ചുള്ള ആ പാട്ടിന്റെ വരികളും രസകരമായിരുന്നു. അതുകണ്ടപ്പോൾ വലിയ ആഹ്ളാദമാണ് തോന്നിയത്. അടുത്തിടെയുള്ള പോസ്റ്റുകളിലെല്ലാം വളരെ പോസിറ്റീവായിട്ടാണ് ജോണിനെ കണ്ടുകൊണ്ടിരുന്നത്, ആ പോസിറ്റീവിറ്റി ചുറ്റുമുള്ളവരെയും പ്രചോദിപ്പിക്കുന്നതായിരുന്നു. ഓരോരുത്തർക്കും ഓരോ വ്യക്തിയായിരുന്നിരിക്കും ജോൺ. പക്ഷേ ജോണിന്റെ മ്യൂസികിനു മുന്നിൽ എല്ലാവരും സന്ധി ചെയ്യും, ജോണിനു പകരം ജോൺ മാത്രമെന്ന്, മറ്റാർക്കും ആ ശൂന്യത നികത്താനാവില്ലെന്ന്.
ഒരർത്ഥത്തിൽ, ജോൺ തന്നിലെ മ്യൂസിഷനെ സ്വയം എക്സ്പ്ലോർ ചെയ്തിട്ടുണ്ട്. ജോണിനെ അടയാളപ്പെടുത്തേണ്ടത് ജോൺ ചെയ്ത സിനിമകളുടെ പേരിൽ മാത്രമല്ല. അതെല്ലാം ജോൺ ചെയ്ത ഏറ്റവും പുതിയ കാര്യമാണ്, അതിനും മുൻപ് അപാരമായ ധ്യാനത്തോടെയും സൂക്ഷ്മതയോടെയും ഒരു കാലഘട്ടത്തെ തന്നെ അടയാളപ്പെടുത്തുന്ന രീതിയിലുള്ള സംഗീതശൈലിയ്ക്ക് അടിത്തറയിട്ടിട്ടുണ്ട് ജോൺ. ഒന്നാലോചിച്ചാൽ, കാലത്തിനു മുന്നേ തന്റെ സംഗീതവുമായി സഞ്ചരിച്ച മനുഷ്യനാണ് ജോൺ. 13ADയ്ക്ക് ശേഷം ഇന്ന് ഭൂരിപക്ഷം സംഗീതഞ്ജരും ഫോളോ ചെയ്യുന്ന ഒരു ആൾട്ടർനേറ്റ് മ്യൂസിക് ശാഖയ്ക്ക് തൊണ്ണൂറുകളിൽ തന്നെ തുടക്കമിട്ടത് ജോണും കൂട്ടുകാരുമാണ്.

ഇന്നലെയും ഇന്നുമൊക്കെയായി വന്നുകൊണ്ടിരിക്കുന്ന ജോണിന്റെ വിയോഗവാർത്തകളുടെ തലക്കെട്ടുകളിലും ഉള്ളടക്കത്തിലും ചില സിനിമകളുടെ സംഗീതസംവിധായകനായി മാത്രം ജോണിനെ ചുരുക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി.
മരണം ഓർമപ്പെടുത്തുന്നത് ചില യാഥാർത്ഥ്യങ്ങളാണ്, ഒരു മനുഷ്യനെ അംഗീകരിക്കണമെങ്കിലോ നല്ലതുപറയണമെങ്കിലോ സ്നേഹിക്കണമെങ്കിലോ സംസാരിക്കണമെങ്കിലോ ആ മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ തന്നെ ചെയ്യുക. നമുക്കറിയില്ല, അയാൾക്കോ നമുക്കോ നമ്മുടെ സാഹചര്യങ്ങൾക്കോ നാളെ എന്തു സംഭവിക്കുമെന്ന്. ഇതു പറയുമ്പോൾ ഞാൻ ഓർക്കുന്നത് പാരീസ് ചന്ദ്രേട്ടനെയും കൂടിയാണ്. വലിയൊരു ലോകമായിരുന്നു ചന്ദ്രേട്ടൻ. ജീവിച്ചിരിക്കുമ്പോൾ നമ്മൾ വേണ്ട രീതിയിൽ അക്നോളജ് ചെയ്താതെ പോയ മനുഷ്യൻ. മരണശേഷം അവരെ അറിയാനും ഓർത്തെടുക്കാനും സംസാരിക്കാനും ശ്രമിക്കുന്നതിലും എത്രയോ നല്ലതല്ലേ, അവർ കൂടെയുള്ളപ്പോൾ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിയുന്നത്!
ജോൺ ഇനിയില്ലെന്ന സത്യത്തെ ഉൾകൊള്ളാൻ പറ്റുന്നില്ല. വല്ലാത്തൊരു വേദന. ഈ മരണം വേണ്ടായിരുന്നു, ഇപ്പോ എന്തിനായിരുന്നു ഇത്, ഇത്ര തിടുക്കത്തിൽ…. എന്നൊക്കെ ഓർത്തുകൊണ്ടേയിരിക്കുന്നു… കാലത്തിനു മുന്നേ തന്റെ സംഗീതവുമായി നടന്നുതുടങ്ങിയ അൾട്ടിമേറ്റ് മ്യുസീഷന് പ്രണാമം.
(ധന്യ കെ വിളയിലിനോട് പറഞ്ഞത്)