ജിഗ്‌സോ പസിലിൽ ഒളിപ്പിച്ച പ്രണയഗാനവുമായി മഞ്ജരി എന്ന ഗായിക ഒരിക്കൽ മലയാളികൾക്ക് മുന്നിൽ എത്തിയിരുന്നു. ‘അറിയാതൊരു ഗാനം’ എന്ന പേരിൽ മഞ്ജരി തന്നെ ഈണമിട്ട, സിദ്ദാർഥ് ശിവ ഛായാഗ്രഹണം നിർവഹിച്ച ഒരു മ്യൂസിക് വീഡിയോ. ബി.കെ ഹരിനാരായണനായിരുന്നു ഗാനത്തിന്റെ വരികൾ. 2019ലായിരുന്നു അറിയാതൊരു ഗാനത്തിന്റെ പിറവി.
ഈ ഗാനം തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് പറഞ്ഞ മഞ്ജരി പാട്ടിന്റെ പിറവി ഓർത്തെടുക്കുകയാണ്.
“ബി.കെ ഹരിനാരായണൻ ആണ് ഈ ഗാനത്തിന്റെ വരികൾ. അദ്ദേഹം ഒരിടത്തെ വർക്ക് കഴിഞ്ഞ് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്ന സമയമായിരുന്നു. അപ്പോഴാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്. പെട്ടെന്നൊരു ട്യൂൺ മനസിൽ വന്നെന്നും അതിന് വരികൾ അതിന് വരികൾ എഴുതാൻ ശ്രമിക്കാമോ എന്നും ഞാൻ ഹരിയോട് ചോദിച്ചു. തീർച്ചയായും എഴുതാമെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് വളരെയധികം പിന്തുണ നൽകുന്ന ഒരാൾ കൂടിയാണ് ഹരി. ഞാൻ ട്യൂൺ പാടുന്നതിനനുസരിച്ച് അദ്ദേഹം വരികൾ എഴുതുകയായിരുന്നു. അറിയാതൊരു ഗാനത്തിന്റെ തുടക്കം അങ്ങനെയാണ്,” മഞ്ജരി പറയുന്നു.
ആൽബത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് സംവിധായകൻ കൂടിയായ സിദ്ധാർഥ് ശിവയാണ്. മഞ്ജരി പാടി അഭിനയിച്ച ഗാനം എന്ന പ്രത്യേകതയും ‘അറിയാതൊരു ഗാനത്തിനുണ്ട്.’
“സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന വർത്തമാനം എന്ന ചിത്രത്തിൽ ഞാനൊരു പാട്ട് പാടിയിട്ടുണ്ട്. ഈ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് അദ്ദേഹത്തെ കാണുന്നത്. എല്ലാം ഒരു നിമിത്തം പോലെയായിരുന്നു. അവിടെയിരുന്നപ്പോൾ എനിക്ക് ഈ പാട്ട് ചിത്രീകരിക്കാം എന്നു തോന്നി. ഞാൻ അറിയാതൊരു ഗാനത്തെ കുറിച്ച് സിദ്ധാർഥ് ശിവയോട് സംസാരിച്ചു. ചിത്രീകരിക്കാൻ അദ്ദേഹവും തയ്യാറായി. അങ്ങനെ നമ്മുടെ ടീമിലുള്ള എല്ലാവരും കൂടി ഇരുന്ന് സ്റ്റോറി ലൈനെല്ലാം ചർച്ച ചെയ്തു. ഭയങ്കര രസമുള്ള ഒരു മനുഷ്യനാണ് സിദ്ധാർഥ്. ഒരുപാട് തമാശകൾ പറയുന്ന ഒരാൾ. ഈ ഗാനത്തിന്റെ ചിത്രീകരണ സമയത്തെല്ലാം സന്തോഷം മാത്രമായിരുന്നു. ഗ്രൂപ്പിലെ എല്ലാവരും പാട്ട് മൂളി നടക്കുകയായിരുന്നു. പാട്ടിന് സംഗീതം നൽകിയ, പാടിയ ആൾ എന്ന നിലയിൽ എനിക്കും ഒത്തിരി സന്തോഷം ആയിരുന്നു അത് കേൾക്കുമ്പോൾ. കൊച്ചിയിൽ വച്ച് രണ്ട് ദിവസം കൊണ്ടാണ് ഇത് ചിത്രീകരിച്ചത്. എന്റെ ഹൃദയത്തോടെ ഏറെ ചേർന്ന് നിൽക്കുന്ന പാട്ടാണത്. കൂടാതെ ഗോവിന്ദ് പദ്മ സൂര്യയ്ക്ക് ഒരു വലിയ താങ്ക്സ് പറയണം. അദ്ദേഹം ഈ ആൽബത്തിൽ ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്,” ആ ദിവസങ്ങൾ ഓർത്തുകൊണ്ട് മഞ്ജരി പറഞ്ഞു.