ചിരിപ്പിച്ചും തമാശകൾ പറഞ്ഞും പാട്ടുപാടിയും ഏതു വലിയ ആൾക്കൂട്ടത്തെയും കയ്യിലെടുക്കാൻ പ്രത്യേക കഴിവു തന്നെയുണ്ട് റിമി ടോമിയ്ക്ക്. എത്ര മണിക്കൂർ നീണ്ട സ്റ്റേജ് പ്രോഗ്രാമായാലും മൈക്കുമെടുത്ത് റിമി സ്റ്റേജിൽ കയറിയാൽ പിന്നെ മൊത്തത്തിൽ ഓളമാണ്. റിമി ടോമിയുടെ ജന്മദിനമാണ് ഇന്ന്.
ഇപ്പോഴിതാ, പ്രിയ കൂട്ടുകാരി റിമിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള വിധു പ്രതാപിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. റിമിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് വിധു പ്രതാപ്.
“ഏകദേശം ഒരേ കാലഘട്ടത്തിൽ സിനിമയിലേക്ക് വന്നവർ. റിമിയുടെ വളർച്ച അടുത്ത് നിന്ന് ആരാധനയോടെ കണ്ട ഒരു വ്യക്തിയാണ് ഞാൻ. ഒരു ഗായകനിൽ നിന്ന്, എന്നേ ഞാൻ പോലുമറിയാതെ ഒരു സ്റ്റേജ് പെർഫോർമർ ആക്കിയ എന്റെ കൂട്ടുകാരി. കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ എത്ര വേദികൾ ഞങ്ങൾ ഒരുമിച്ച് പങ്കിട്ടു എന്നതിന് ഞാനും റീമിയും കണക്ക് വച്ചിട്ടില്ല. കാരണം ഇണക്കങ്ങളും കുരുത്തക്കേടുകളുമായി ഇനിയും ഒരുപാട് ദൂരമുണ്ട് ഒരുമിച്ച് യാത്ര ചെയ്യാൻ! ഹാപ്പി ബർത്ത്ഡേ മൈ റോക്ക് സ്റ്റാർ. നിന്നെ പോലെ നീ മാത്രം,” വിധു കുറിക്കുന്നു.
വിധു മാത്രമല്ല, റിമിയുടെ സുഹൃത്തുക്കളും ഗായികമാരുമായ സിതാര, ജ്യോത്സന എന്നിവരും റിമിയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട്.
“കാലം എത്രയായി എന്നറിയോ, നമ്മൾ ഈ പരിപാടി തുടങ്ങിയിട്ട്. ല്ലേ? ഒരുപാട് വിലപ്പെട്ട ഓർമകൾ! ഓരോ വർഷം പോകും തോറും ചെറുപ്പമായി വരുന്ന റീമി ഡാർലിംഗ്…. ജന്മദിനാശംസകൾ. സൗഹൃദത്തിന്റെയും സംഗീതത്തിന്റെയും ഒരുപാട് വർഷങ്ങൾ ആശംസിക്കുന്നു,” എന്നാണ് ജ്യോത്സന കുറിക്കുന്നത്.
“അവൾ പാടുന്നു, നൃത്തം ചെയ്യുന്നു, അഭിനയിക്കുന്നു, പാചകം ചെയ്യുന്നു, എല്ലാറ്റിനുമുപരിയായി അവൾ തന്റെ പ്രേക്ഷകരെ ഏറ്റവും സന്തോഷവാന്മാരാക്കുന്നു. എല്ലാം തികഞ്ഞ ആത്മവിശ്വാസത്തോടെയും ഗ്രേസോടെയും. നിസ്സംശയമായും നമ്മുടെ നാട് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ബ്രില്ല്യന്റ് ആയ എന്റർടെയിനറാണ് റിമി. നമ്മുടെ സുന്ദരിയായ റിമു ഒരു വർഷം കൂടെ ചെറുപ്പമായിരിക്കുന്നു. ജന്മദിനാശംസകൾ സുന്ദരി,” സിതാരയുടെ ആശംസ ഇങ്ങനെ.
മലയാളികളുടെ പ്രിയപ്പെട്ട ഗായകരായ വിധുവും റിമിയും ജ്യോത്സനയും സിതാരയും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. മഴവിൽ മനോരമയിലെ സൂപ്പർ 4 എന്ന സംഗീത റിയാലിറ്റി ഷോയുടെ പരിപാടിയുടെ വിധികർത്താക്കൾ കൂടിയാണ് ഇവർ.
ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.
Read more: മോഡലിനെ പോലെ തിളങ്ങി റിമി ടോമി; ചിത്രങ്ങൾ