/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/uploads/2023/08/vilayil-faseela-2-1.jpg)
വിളയിൽ ഫസീല
ഒരു നാടിനും നാട്ടുകാർക്കും ഒന്നടങ്കം മേൽവിലാസമായി മാറുന്ന ചില മനുഷ്യരുണ്ട്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കും അരീക്കോടിനും ഇടയിലായി സ്ഥിതി ചെയ്യുന്ന വിളയിൽ എന്ന കൊച്ചുഗ്രാമത്തിന് ഫസീലയും അതുപോലെ ഒരാളായിരുന്നു. വിളയിൽ-പറപ്പൂർ ഗ്രാമങ്ങളുടെ അതിർത്തികൾക്ക് അപ്പുറത്തേക്ക് സഞ്ചരിച്ച ഞാനടക്കമുള്ള പല മനുഷ്യരുടെയും മേൽവിലാസം അതായിരുന്നു, മാപ്പിളപ്പാട്ടിന്റെ സുൽത്താന വിളയിൽ ഫസീലയുടെ നാട്ടുകാരി.
വിളയിലിന്റെ അതിർത്തികൾക്ക് അപ്പുറത്തേക്ക് യാത്ര തുടങ്ങിയതിൽ പിന്നെ, പുതിയൊരാളെ പരിചയപ്പെടുമ്പോൾ 'വിളയിലോ? അതെവിടെയാ?' എന്ന് പലരും തിരക്കുമ്പോൾ, "മാപ്പിളപ്പാട്ടു കലാകാരി വിളയിൽ ഫസീല എന്നു കേട്ടിട്ടില്ലേ, ഞങ്ങളുടെ നാട്ടുകാരിയാ," എന്ന് എത്രയോ തവണ ഞാനും പറഞ്ഞിരിക്കുന്നു. ഒരുപക്ഷേ, ജീവിതത്തിൽ ഞാനേറ്റവും കൂടുതൽ ആവർത്തിച്ചു പറഞ്ഞിട്ടുള്ള വാചകങ്ങളിലൊന്നാണിത്. വിളയിൽ എന്ന ഗ്രാമം പുറംലോകത്ത് ആദ്യമറിയപ്പെട്ടത് വത്സല എന്ന ശബ്ദമാധുര്യത്തിനൊപ്പമായിരുന്നു. വർഷങ്ങൾക്കപ്പുറം ഒരു വസ്ത്രം മാറുന്ന ലാഘവത്തോടെ അവർ ഫസീലയായി മാറിയിട്ടും, വിളയിൽ വിട്ട് കോഴിക്കോട്ടേക്ക് താമസം മാറിയിട്ടും ജനിച്ചുവളർന്ന ആ നാടിന്റെ ഐഡന്റിറ്റിയെ അവർ പേരിനൊപ്പം ചേർത്തു പിടിച്ചു. വിളയിൽ വത്സലയുടെ നാട്ടുകാരിയാണെന്ന് പറഞ്ഞുശീലിച്ച നാട്ടുകാർ വിളയിൽ ഫസീലയുടെ അയൽക്കാരിയാണെന്ന് തിരുത്തി പറയാൻ തുടങ്ങിയെന്നു മാത്രം.
ആ പേര് ഞാനാദ്യം കേട്ടുതുടങ്ങുന്നത് അപ്പർ പ്രൈമറി സ്കൂൾ കാലത്താണ്. ഞങ്ങളുടെ സ്കൂളിന്റെ അതിരിനോട് ചേർന്ന് മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് ഒഴുകുന്ന ഒരു ഇടവഴിയുണ്ട്. ഒന്നോ രണ്ടോ കുട്ടികൾക്ക് ഒരേ സമയം കൈകോർത്തുപിടിച്ചു നടക്കാവുന്നത്ര വീതിയേ ആ ഇടവഴിക്കുള്ളൂ. അതിനപ്പുറം ചെമ്പരത്തിചെടികൾ അതിരിടുന്ന പുരയിടമാണ്. സ്കൂളിന്റെ സമീപവാസികളായ കുട്ടികളിലാരോ ആണ് ഒരിക്കൽ പറഞ്ഞു തരുന്നത്, അത് സിനിമയിലൊക്കെ പാടിയിട്ടുള്ള ഒരു പാട്ടുകാരിയുടെ വീടാണ്, പേര് വിളയിൽ ഫസീല. സിനിമ എന്നതൊക്കെ ഏതോ നാട്ടിൽ സംഭവിക്കുന്ന, തീർത്തും അന്യമായൊരു ലോകമായിരുന്നു അന്നെനിക്ക്. "സിനിമാ പാട്ടുകാരിയോ?" കൗതുകത്തോടെയാണ് ആ പേരിനെ ആദ്യം മനസ്സിലേക്ക് എടുക്കുന്നത്. പിന്നീട് വിളയിൽ ഫസീലയെ കുറിച്ച് അറിഞ്ഞുകൊണ്ടേയിരുന്നു...
1970കളിലാണ് മാപ്പിളപ്പാട്ടിന്റെ ലോകത്തേക്ക് വത്സല എന്ന പെൺകുട്ടി എത്തിച്ചേരുന്നത്. പറപ്പൂർ വിദ്യാപോഷിണി എ യു പി സ്കൂളിൽ മാപ്പിളപ്പാട്ട് പാടാൻ കുട്ടികളെ അന്വേഷിച്ചു ചെന്ന ഇശൽചക്രവർത്തി വി.എം. കുട്ടിക്ക് വിളയിൽ ഉള്ളാട്ടുതൊടി കേളന്റേയും ചെറുപെണ്ണിന്റേയും മകൾ വത്സലയെ പരിചയപ്പെടുത്തി കൊടുക്കുന്നത് സ്കൂളിലെ പ്രധാനാദ്ധ്യാപികയാണ്. കേട്ടു പഠിച്ച പാട്ടുകൾ പല കല്യാണവീടുകളിലും പാടിയിരുന്നു എന്നതു മാത്രമായി രുന്നു ആ പെൺകുട്ടിയുടെ ആകെയുള്ള പാട്ടുപാരമ്പര്യം.
പിന്നീട് വിഎം കുട്ടിയുടെ പരിശീലനത്തിൽ ആ അഞ്ചാം ക്ലാസുകാരി മാപ്പിളപ്പാട്ടുകൾ പാടി തുടങ്ങി, അറബി പഠിച്ചു. തിരൂരിൽ നടന്ന ഒരു സി.പിഎം സമ്മേളനത്തിൽ മലബാർ കലാപത്തെക്കുറിച്ചുള്ള 'അന്നിരുപത്തൊന്നിൽ നമ്മൾ ഇമ്മലയാളത്തില് ...' എന്ന മാപ്പിളപ്പാട്ട് ഒറ്റയ്ക്ക് പാടിയായിരുന്നു വത്സല പൊതുവേദിയിൽ തുടക്കം കുറിച്ചത്. ആ കുട്ടിഗായിക അന്ന് ഇ.കെ. ഇമ്പിച്ചിബാവയുടെ പ്രശംസ പിടിച്ചു പറ്റി. വേദികളിൽ മാപ്പിളപ്പാട്ടു പാടുന്ന ആ ഹിന്ദു പെൺകുട്ടി വളരെ പെട്ടെന്ന് തന്നെ ഏവരുടെയും ശ്രദ്ധ നേടി. തട്ടമൊക്കെയിട്ടായിരുന്നു ആദ്യകാലത്ത് പല വേദികളിലും ഫസീല മാപ്പിളപ്പാട്ട് പാടിയിരുന്നത്. ഒരിക്കൽ സാഹിത്യ വാരഫലത്തിൽ കൃഷ്ണനായർ ഇതിനെ കുറിച്ചെഴുതി, 'മാപ്പിള പാട്ടു പാടാൻ വേഷം മാറേണ്ടതുണ്ടോ?' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാൽ, പ്രശംസകളെയും വിമർശനങ്ങളെയും ഒരുപോലെ സ്വീകരിച്ച് മാപ്പിളപ്പാട്ടുകളെ ജനകീയമാക്കുന്നതിൽ വിഎം കുട്ടിയ്ക്ക് ഒപ്പത്തിനൊപ്പം നിന്ന് വിളയിൽ വത്സലയും പാടികൊണ്ടേയിരുന്നു.
വിവാഹിതയായ ശേഷവും അവർ ഗാനരംഗത്ത് തുടർന്നു. അപ്പോഴാണ് വിളയിൽ ഫസീല എന്ന പേര് സ്വീകരിച്ചത്. ആർട്ട് തന്നെ പ്രൊപ്പഗാൻഡ ടൂളാവുന്ന ഇക്കാലത്ത് നിന്ന് തിരിഞ്ഞുനോക്കുമ്പോഴാണ് അക്കാലങ്ങളെ എത്ര സ്വാഭാവികതയോടെയാണ് അവർ മറികടന്നതെന്നു മനസ്സിലാവുന്നത്. ഒരുപക്ഷേ അവരുടെ കീഴാള ജീവിതപരിസരമായിരിക്കാം ഒരു മതംമാറ്റത്തെയെല്ലാം ഇത്രയും എളുപ്പമുള്ളതാക്കിയത്. ഇക്കാലത്താണെങ്കിൽ അതെല്ലാം വർഗീയ, രാഷ്ട്രീയ കോലാഹലങ്ങൾ ഉണ്ടാക്കാവുന്ന ഒന്നായി മാറിയേനെ!
ഇന്ത്യയ്ക്കകത്തും പുറത്തും ആയിരക്കണക്കിന് വേദികളിലാണ് വി.എം കുട്ടിയും വിളയിൽ ഫസീലയും ഒന്നിച്ച് പാടിയത്. ഒരിക്കൽ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിനു മുന്നിലും വിളയിൽ ഫസീല മാപ്പിളപ്പാട്ട് അവതരിപ്പിച്ചു, നരസിംഹ റാവുവിന്റെ ലക്ഷദ്വീപ് സന്ദർശന വേളയിലായിരുന്നു അത്. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയ്ക്ക് വേണ്ടിയും ഫസീല മാപ്പിളപ്പാട്ടുകൾ പാടി. രണ്ടോ മൂന്നോ വോള്യം മാപ്പിളപ്പാട്ടുകൾ തരംഗിണിയിലൂടെ പുറത്തുവന്നിട്ടുണ്ട്. അതിലെല്ലാം നിറഞ്ഞുനിന്നത് വിഎംകുട്ടിയും ഫസീലയുമായിരുന്നു. വി.എം. കുട്ടി എന്ന മനുഷ്യനില്ലായിരുന്നെങ്കില്‍ വിളയില്‍ ഫസീല എന്ന പേരോ ബ്രാന്‍ഡോ ഉണ്ടാകുമായിരുന്നില്ലെന്ന് പിതൃതുല്യനായ തന്റെ ഗുരുവിനെ കുറിച്ച് പിൽക്കാലത്ത് ഫസീല പല വേദികളിലും പറഞ്ഞിട്ടുണ്ട്.
ചരിത്രത്തിൽ വേണ്ടരീതിയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ വിളയിൽ ഫസീല എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ടെങ്കിലും അവർ നടന്നുതീർത്ത വഴികളെ റദ്ദുചെയ്യാൻ ആ പാട്ടുകൾ നെഞ്ചിലേറ്റിയ മനുഷ്യർക്കൊന്നും സാധ്യമാവില്ലെന്ന് എനിക്കുറപ്പുണ്ട്. ഒരിക്കൽ മാത്രം നേരിൽ കാണുകയും ഒരൊറ്റ തവണ ഫോണിൽ സംസാരിക്കുകയും ചെയ്ത അനുഭവപരിസരം മാത്രമുള്ള എന്നിൽ പോലും വിളയിൽ ഫസീല ഇനിയില്ലെന്ന വാർത്ത കേൾക്കുമ്പോൾ ഒരു ശൂന്യത വന്നു നിറയുന്നുണ്ട്. അപ്പോൾ, അവരുടെ സംഗീതത്തെ ഹൃദയത്തിലേറ്റിയ ഒരു തലമുറയ്ക്ക്, ആയിരങ്ങൾക്ക് വിളയിൽ ഫസീലയെ എങ്ങനെ മറക്കാനാവും? എനിക്ക് വ്യക്തിപരമായി എന്റെ നാടിന്റെ മേൽവിലാസം മാത്രമല്ല, വിഎം കുട്ടിയും ഫസീലയുമെല്ലാം അരങ്ങൊഴിയുമ്പോൾ നഷ്ടമാകുന്നത് മാപ്പിളപ്പാട്ടിന്റെ മേൽവിലാസം കൂടിയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.