ആയിരത്തി തൊള്ളായിരത്തി എൺപത്തിയാറിലാണ്. ഞങ്ങളന്ന് കാലിക്കറ്റ് യൂണിവേർസിറ്റി കാമ്പസിൽ മലയാള വിഭാഗത്തിൽ എം ഏ വിദ്യാർത്ഥികളാണ്. ഒരു പക്ഷേ അക്കാലത്തെ ഏറ്റവും മികച്ച അധ്യാപകരുള്ള മലയാളം ഡിപ്പാർട്ട്മെന്റ്. ഞാൻ പി ജിയ്ക്ക് ജോയിൻ ചെയ്ത വർഷം അഴീക്കോട് മാഷ് റിട്ടയർ ചെയ്തിരുന്നു. ഫസ്റ്റ് ഇയറിൽ അച്യുതനുണ്ണി മാഷും വേണുഗോപാലപ്പണിക്കരും പുരുഷോത്തമൻ നായരും ഗോപി സാറും എംഎം ബഷീർ മാഷും കാരശ്ശേരി മാഷുമൊക്കെ ക്ലാസ്സുകൾ ഒരു വീഴ്‌ചയുമില്ലാതെ കൊണ്ടുപോയി.
ആ അക്കദമിക് ഇയറിന്റെ അവസാനത്തിലാണ് ഒഎൻവി തിരുവനന്തപുരത്ത് റിട്ടയർ ചെയ്യുന്നത്. 87- 88 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഒരു വാർത്ത വന്നു, ഓഎൻവി ഞങ്ങൾക്ക് വിസിറ്റിംഗ് ഫാക്കൽട്ടിയാവുന്നു. സംഭവിക്കുമോ എന്ന് ഒരു പിടിയുമില്ല. പക്ഷേ ഒരു തിങ്കളാഴ്ച ദിവസം രാവിലെ ഞങ്ങളുടെ ഹോസ്റ്റൽ ബോട്ടണി അനക്സ്സിൽ നിന്ന് പടകൂടി ഡിപ്പാർട്ട്മെന്റിലേക്ക് പോകുമ്പോൾ രൂപ പരിചയമുള്ള ഒരാൾ യൂണി. ഗസ്റ്റ്‌ഹൗസിൽ നിന്ന് ഒരു ധൃതിയുമില്ലാതെ ഭൂമിയിലേക്ക് കണ്ണുനട്ട് നടന്നു നീങ്ങുന്നു. മനസ്സിലൊരാർപ്പുവിളിയാണ് പിന്നെ, സാക്ഷാൽ ഓഎൻവി, ‘ശാർങകപ്പക്ഷികളും’ ‘അശാന്തിപർവ്വ’വുമൊക്കെ എഴുതി നിൽക്കുന്ന ഓഎൻവി. അന്ന് ഫസ്റ്റ് അവർ ഓഎൻവി ക്ലാസ്സിൽ വന്നു. ഉച്ചവരെ ഒറ്റയിരിപ്പ്. ‘നളിനി’ പറയുന്നു. ഒച്ചയും വിളിയുമില്ല, ഒരാലഭാരരവുമില്ല, വളരെ പതുക്കെ മന്ദ്രസ്ഥായിൽ കാളിദാസൻ, കാളിദാസ കൃതികൾ, ആശാൻ, ‘നളിനി’ അങ്ങനെ പരന്നു പരന്നു പോയി.
ഞാൻ പാതിയും കേൾക്കുന്നുണ്ടായിരുന്നില്ല. വായിച്ച അനേകം കവിതകൾ കേട്ട നൂറുകണക്കിനു പാട്ടുകൾ ഇവയൊക്കെ എഴുതിയ വിരലുകൾ . പോക്കറ്റിലെ ഫൗണ്ടൻ പേന. കണ്ണട. കണ്ണ് ഇവിടെ മാത്രം സഞ്ചരിച്ചു. അത്ഭുതം കൊണ്ട് കണ്ടു തീർന്നില്ല ആ മനുഷ്യനെ. ഒരാഴ്ച മുഴുവനും ഒരു സെഷൻ അദ്ദേഹം ഞങ്ങൾക്ക് ക്ലാസ്സെടുത്തു.
ഒരു ദിവസം ഉച്ചക്ക് പന്ത്രണ്ടരയ്ക്ക് ക്ലാസ് നിർത്തിയപ്പൊ ഞാൻ ,’സർ ഒരു കവിത ചൊല്ലിത്തരണം’ എന്നങ്ങു പറഞ്ഞു. ചില സന്ദർഭങ്ങളിൽ ഓഎൻവിയുടെ മുഖത്ത് പ്രപഞ്ചത്തെ മുഴുവൻ പ്രകാശിപ്പിക്കുന്ന ഒരു ചിരി വിരിയാറുണ്ട്. ആ ചിരി അപ്പൊ വിരിഞ്ഞു. ‘ഏത് കവിത’ എന്നൊന്ന് സ്വയം ചോദിച്ച്, ‘ദേവരാജന്റ കൂടെ ചെയ്യാനുള്ള ഒരു പാട്ടാണ്, അതൊന്ന് വായിച്ചു തരാം’ എന്നും പറഞ്ഞ് പോക്കറ്റിൽ നിന്ന് ക്രൗൺ 1/8 നോട്ടു പുസ്തകത്തിൽ നിന്ന് ചീന്തിയെടുത്ത് നാലായി മടക്കിയ ഒരു പേജ് തുറന്ന് അദ്ദേഹം കവിത വായിക്കും പോലെ വായിച്ചു തുടങ്ങി.
‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ഒരു മാത്ര വെറുതേ നിനച്ചു പോയി ഒരു മാത്ര വെറുതേ നിനച്ചു പോയി രാത്രിമഴ പെയ്തു തോര്‍ന്ന നേരം കുളിര്‍കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരംഇറ്റിറ്റുവീഴും നീര്‍ തുള്ളിതന്‍ സംഗീതംഹൃത്തന്തികളില്‍ പടര്‍ന്ന നേരംകാതരയായൊരു പക്ഷിയെന്‍ ജാലക-വാതിലിന്‍ ചാരേ ചിലച്ച നേരംഒരു മാത്ര വെറുതേ നിനച്ചു പോയി. മുറ്റത്തു ഞാന്‍ നട്ട ചെമ്പകതയ്യിലെആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍മുഗ്ദ്ധസങ്കല്‍പം തലോടി നില്‍ക്കേഏതോ പുരാതന പ്രേമകഥയിലെഗീഥികളെന്നില്‍ ചിറകടിക്കേഒരു മാത്ര വെറുതേ നിനച്ചുപോയി ‘
കവിതയുടെ ആഴമല്ല അന്ന് അപ്പോൾ മനസ്സിൽ വന്നത്. ഇതെങ്ങനെയായിരിക്കും ദേവരാജൻ മാഷ് ട്രീറ്റ് ചെയ്യുക എന്നതായിരുന്നു. രണ്ടു പേരും കൂടി ഒരിത്തിരി അകൽച്ചയുണ്ടായിരുന്ന കാലത്തു നിന്ന് വീണ്ടും പാട്ടു ചെയ്യാൻ പോകുകയാണ്. ദേവരാജൻ മാഷ് പാട്ട് പൊതുവേ കുറച്ചിട്ടുമുണ്ട്. എന്തായാലും ഒന്നൊരത്തച്ചിന്റെ പണിയാവും മിക്കവാറും അതെന്ന് അന്നേ തോന്നിയിരുന്നു.
എനിക്കൊരു തകരാറുണ്ട്, ഒരു കവിത ഉള്ളിലേക്കു കയറിയാൽ പിന്നെ പീഠമിട്ടുറപ്പിച്ച് പരിചരിച്ചിരുത്തുന്നതുവരെ അതെന്റെ ചുണ്ടിൽ നിന്നു പോവില്ല. അക്കാലത്ത് അത് കലശലായിരുന്നു,’ ഇബനെക്കൊണ്ട് തോറ്റ്’ എന്ന് ശരതിനെയും അജയനെയും കൊണ്ടൊക്കെ പറയിപ്പിക്കാത്ത ഒറ്റ ദിവസവും അക്കാലത്തുണ്ടായിരുന്നില്ല.
അങ്ങനെ ‘അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ ‘ എന്ന് കവിത പാടി നടന്ന ഹോസ്റ്റൽ നേരങ്ങളിലൊന്നിലേക്ക് ‘നീയെത്ര ധന്യ ‘ എന്ന സിനിമയിൽ നിന്ന് യേശുദാസ് അനുഗ്രഹീത ശബ്ദവുമായി ഇറങ്ങി വന്നു. പഴയ കാലത്തെന്നപോലെ ദേവരാജൻ മാഷിരുന്നു പാട്ട് പഠിപ്പിച്ച് കൺസോളിൽ കയറി ഒറ്റ ടേക്കിനാണ് ആ പാട്ടു പാടിച്ചതെന്ന് ഞാൻ കേട്ടിട്ടുണ്ട്. ട്രാക്ക് പാടുന്ന അഭ്യാസത്തിന്റെ മൂർദ്ധന്യ ഘട്ടമാണ് ആ കാലം. മാഷതിന് പക്ഷേ വഴങ്ങിയില്ല എന്നാണ് കേട്ടത്. അതിന്റെ ബലം ആ പാട്ടിലുണ്ട്.
ശരാശരി ഇരുപത്തി ഒന്നു വയസ്സുകാരന്റെ മനസ്സാണ് ആ പാട്ട്. എനിക്കന്ന് ഇരുപത്തിരണ്ടാണ്. ഹരികാംബോജിയുടെ ഭാവ സാദ്ധ്യതകളെ മുഴുവൻ ആവാഹിച്ചു കൊണ്ട് ദേവരാജൻ മാഷ് വയലിന്റെ ഒരു ദീർഘമായ ബിറ്റിനെ പിൻപറ്റി അതിനോട് അങ്ങേയറ്റം സിംക്രണൈസ് ചെയ്തു കൊണ്ട്, അതീവ മന്ദ്ര മധുരമായി ഒരു ഫ്ലൂട്ടിന്റെ നാദം അതിൽ ലയിപ്പിച്ചു ചേർത്തുകൊണ്ട് ‘അരികിൽ നീയുണ്ടായിരുന്നെങ്കിൽ’ എന്ന് മാഷ് പല്ലവിയിൽ ഒരു പോസ് ഇടും. തുടർന്നങ്ങ് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്ത വിധത്തിൽ, ആ കവിതയുടെ ആന്തരഘടനയെ മുഴുവൻ പ്രണയാർദ്രമാക്കി ഉരുക്കി സ്വർണ്ണലായിനി പോലെയാക്കി യേശുദാസിന്റെ തൊണ്ടയിൽ ഒഴിച്ചു കൊടുത്തിരിക്കണം.
എൺപതുകളിൽ ഗായകൻ എന്ന നിലയിലുള്ള എല്ലാ അപ്രമാദിത്വങ്ങളും യേശുദാസ് മാറ്റി വെച്ച് ഗുരുമുഖത്ത് വിനയാന്വിതനായി പാടിയ പാട്ടാണത്. ഓരോ വാക്കിലും തന്റെ ഹൃദയത്തിൽ നിന്ന് തൊണ്ടയിലേക്കും അവിടെ നിന്ന് പുറത്തേക്കുംപാട്ട് എടുത്ത മഹാസംഗീതജ്ഞനോടുള്ള വിധേയത്വം യേശുദാസിന്റെ റെൻഡറിംഗിൽ ഉണ്ട്. മാഷാവട്ടെ ഓഎൻവിയെഴുതിയ അസാമാന്യ കവിതയെ, ഒരു വാക്കു പോലും മാറ്റാതെ അതിന്റെ ഹൃദയത്തിലേക്ക്, മുളന്തണ്ടിലേക്ക് വണ്ട് തുളച്ചിറങ്ങും പോലെ ഹരികാംബോജി രാഗവും കൊണ്ട് തുളച്ചിറങ്ങിപ്പോയി. ആ ഹൃദ്രക്തത്തിൽ നിന്നാണ് ആ ഈണമുണ്ടാക്കിയത്.
സാധാരണ പാട്ടുകളുടെ അനുപല്ലവിയും ചരണവും പോലെ അനായാസമായ ഒരു സാഹിത്യമല്ല ഈ പാട്ടിലുള്ളത്. ആ പ്രായത്തിൽ, എന്റെ മനസ്സിൽ തുടലു പൊട്ടിക്കാൻ നിന്ന പ്രണയിയെ, അയാളുടെ ഏകാന്ത നിമിഷങ്ങളെ ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ ‘ എന്ന് കവിത വിളിച്ചു പറഞ്ഞു. അന്ന് അൻപത്തിയഞ്ചു വയസ്സുള്ള ഓഎൻവിയ്ക്ക് ആ പാട്ടെഴുതുമ്പോൾ, തൊട്ടുപിന്നാലെ ‘ഒരു ദളം മാത്രം വിടർന്നോരു ചെമ്പനീർ മുകുളമായ് നീയെന്റെ മുന്നിൽ നിന്നു’ എന്ന് എഴുതുമ്പോൾ മനസ്സുകൊണ്ട് ഇരുപത്തിയൊന്നു വയസ്സായിരുന്നു. പക്ഷേ ദേവരാജൻ മാഷ് പാട്ടിൽ ഊന്നിയത് ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ ‘ എന്നതിലല്ല ‘ഒരു മാത്ര വെറുതേ നിനച്ചു പോയി’ എന്നതിലായിരുന്നു.
യേശുദാസ് ആ ഊന്നലിലേക്ക് ചുവടു മാറി പാടി തീപ്പിടിപ്പിച്ചപ്പോൾ സാഹിത്യത്തിന്റെ വ്യാഖ്യാനസാധ്യത അടിമുടി മാറിപ്പോയി. ‘വെറുതെ’ എന്ന വാക്ക് ഓ എൻ വി ക്ക് മുദ്രാപദം പോലെയാണ്. ഇവിടെയാകട്ടെ ദേവരാജൻ മാഷ് ആ വാക്ക്, ‘വെറുതേ ‘ എന്നതിൽ അമർന്നു നിന്നാണ് പാടിച്ചത്. ശ്രദ്ധിച്ചു നോക്കൂ , പല്ലവിയിലെ ‘വെറുതെ’യല്ല അനുപല്ലവിയിൽ, അനുപല്ലവിയിലെ ‘ വെറുതെ’യല്ല ചരണത്തിൽ! മൂന്നും മൂന്നു തരം ‘വെറുതെ’യാണ്. നിനച്ചു എന്ന ക്രിയയുടെ വെറുമൊരു വിശേഷണം. പക്ഷേ, എന്നെപ്പോലെ പ്രണയത്തിന്റെ ശാദ്വലത്തിൽ എത്തിപ്പെടാൻ ഒരിക്കലും സാധിക്കാതെ പോയ ഒരാൾക്ക്, അപൂർവ്വ സന്ദർഭങ്ങളിൽ ഉള്ളിലൊരനുരാഗം തോന്നിയ ഒരു മുഖത്തെ ഓർത്ത് ‘വെറുതെ’ നിനച്ചുപോയി എന്നല്ലാതെ മറ്റെന്തു പറയാനുണ്ടാവും!
ഏതു കാലത്തേയും പ്രണയിയുടെ പാട്ടാണത്. എൺപതുകളിലെ ഏറ്റവും മികച്ച പ്രണയഗാനം. എന്റെ പ്രണയ വഴികളിൽ ഞാനെന്നൊക്കെ ഒറ്റക്കായിട്ടുണ്ടോ, ഞാനെന്നൊക്കെ ഒറ്റപ്പെടുത്തപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ തീവ്ര വിഷാദത്തിന്റെ വഴിയിൽ വീണുപോകാതെ എന്നെ കാത്ത പാട്ടാണത്. അതിന്റെ കവിത, അതിന്റെ സംഗീതം, അതിന്റെ ആലാപനം ഇന്നും എന്നെ പഴയ കാല യൂണി. കാമ്പസിലേക്ക് കൊണ്ടു പോകുന്നു. ബ്യൂട്ടി സ്പോട്ടിലെ സൂര്യൻ പിടഞ്ഞു വീഴുന്ന സന്ധ്യകളിൽ അന്നെന്നെ ചേർത്തു പിടിച്ചിരുന്ന കാറ്റിനു പോലും ഈ പാട്ടിന്റെ മധുരമാണ്.