Onam 2019, Interview with Ghazal Singer Gayatri Asokan and Sitar Maestro Purbayan Chatterjee: ‘ദീന ദയാലോ രാമ’ എന്ന ആദ്യ ഗാനം കൊണ്ട് തന്നെ മലയാളിയുടെ മനസ്സുകളിലേക്ക് കടന്നു വന്ന നമ്മുടെ പ്രിയപ്പെട്ട ഗായിക ഗായത്രി ഇന്ന് മുംബൈയുടെ പ്രിയ ഗസൽ സംഗീതജ്ഞയാണ്. ഇന്ത്യൻ സംഗീത ഭൂപടത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സിതാർ കലാകാരനായ പൂർബയാൻ ചാറ്റർജി ഇന്ന് മലയാളികൾക്കും സുപരിചിതനായ കലാകാരനായി മാറിയിരിക്കുന്നു.
നാല് വര്‍ഷങ്ങള്‍ക്ക് മുൻപ്, ഇവർ പങ്കു വെച്ച സംഗീതത്തിന്റെയും, സൗഹൃദത്തിന്റെയും ഈരടികളാണ് പിന്നീട് ജീവിത യാത്രയിൽ ഇവരെ ഒരുമിപ്പിക്കുന്നത്. 2016 ൽ വിവാഹിതരായ ഇവർ പിന്നീട് മുംബൈയിൽ കൂട് കൂട്ടി.
മനസ്സിലെ സംഗീതത്തിന് ജീവൻ ലഭിക്കുന്നത്, അതിന് തക്കതായ സാഹചര്യവും, പ്രോത്സാഹനവും കിട്ടുമ്പോഴാണ്. പരസ്പരം മനസ്സിലാക്കിയും, സംഗീതത്തിന്റെ നാൾ വഴികളിലൂടെ ഒരുമിച്ച് സഞ്ചരിച്ചും, ഇവര്‍ സ്വന്തമാക്കിയത് സന്തോഷത്തിന്റെയും പരസ്പര-പ്രേരണയുടേയും ലോകമാണ്.
ആ ലോകത്തിന്റെ വര്‍ത്തമാനങ്ങള്‍ ഈ തിരുവോണ ദിനത്തില്‍ ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളവുമായി പങ്കു വയ്ക്കുകയാണ് ഗായത്രി അശോകന്‍, പൂര്‍ബയാന്‍ ചാറ്റര്‍ജി എന്നിവര്‍.

കേരളത്തിൽ നിന്ന് മുംബൈയിലേക്ക് ചേക്കേറിയപ്പോൾ, മാറ്റങ്ങൾ പലതായിരുന്നല്ലോ. പുതിയ ജീവിതം, സാഹചര്യങ്ങൾ, ഒപ്പം സംഗീതാഭിരുചികളും. എങ്ങനെയാണ് അതുമായി പൊരുത്തപ്പെട്ടത് ?
Gayatri Asokan: ദേശീയ തലത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കണമെങ്കിൽ ഇവിടെ, മുംബൈയാണ് അതിനുള്ള വേദി. പക്ഷേ ഒരു സംഗീതജ്ഞ എന്ന നിലയിൽ വെല്ലുവിളികൾ ഏറെയാണ് ഈ നഗരത്തിലേക്ക് ചേക്കേറുമ്പോൾ. പ്രത്യേകിച്ച് എന്നെപ്പോലെ തികച്ചും ഒരു പുതുമുഖത്തിന്!
സംഗീതപരമായി ഇവിടം ഒരു പുതു ലോകം തന്നെയായിരുന്നു. മലയാള സിനിമ ലോകത്തെ എന്റെ നേട്ടങ്ങളൊന്നും ഇവിടുത്തെ വേദികളിൽ പ്രസക്തമായ ഒന്നല്ല. അതു കൊണ്ടു തന്നെ ഒരു തുടക്കകാരിയുടെ കൗതുകവും ആവലാതിയും ആവോളം ഉണ്ടായിരുന്നു. അവിടെയാണ് പുർബായാൻ എന്ന സുഹൃത്തും, ജീവിതപങ്കാളിയും എനിക്ക് വഴികാട്ടിയാവുന്നത്. ഹിന്ദുസ്ഥാനി സംഗീത ലോകത്ത് അറിയപ്പെടുന്ന സിതാര്‍ കലാകാരനാണ് അദ്ദേഹം. അദ്ദേഹത്തിലൂടെയാണ് ഇവിടുത്തെ സംഗീത ലോകത്തേക്കുള്ള വഴി തുറക്കുന്നത്.
പൂർബയാൻ എന്ന സംഗീതജ്ഞൻ എനിക്ക് തുറന്നു തന്നത് വിസ്മയകരമായ പുതിയ ഒരു ലോകം തന്നെയാണ്. എന്നിലെ സംഗീതജ്ഞയെയും, വ്യക്തിയെയും ഏറെ സ്വാധീനിച്ച കുറെയേറെ മുഹൂർത്തങ്ങൾ, ഇനിയും ഏറെ പഠിക്കാനും മനസിലാക്കാനും ഉണ്ടെന്ന തിരിച്ചറിവ് , ഇതൊക്കെയാണ് മുംബൈയിലേക്കുള്ള മാറ്റം സമ്മാനിച്ചത്.
ഗസൽ എന്ന സംഗീത ശാഖ ഇവിടെ മുഖ്യധാരയിൽ തന്നെ സജീവമായി നിലനിൽക്കുന്ന കലാരൂപമാണ്. ഇവിടുത്തെ സംഗീതത്തിന്റെ സംസ്കാരവും, അവതരണ ശൈലിയും, എന്തിന് സംഗീതജ്ഞരോടുള്ള സമീപനം പോലും തികച്ചും വ്യത്യസ്തമാണ്. നാട്ടിൽ ഒരു പ്രമുഖ ടെലിവിഷൻ ചാനലിന് വേണ്ടി അവതരിപ്പിച്ച ഗസൽ പരിപാടിയായിരുന്നു ‘ഖയാൽ.’ അതിൽ ഞാൻ അവതരിപ്പിച്ച ചില ഗസലുകൾ ആണ് ഇവിടെ പിന്നെയും ആളുകൾക്ക് പരിചയം.
പിന്നണി ഗായിക എന്ന ഒരു ഫ്രെമിൽ നിന്ന് മാറി ദേശിയ തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ സംഗീതയാത്ര, അതിനെക്കുറിച്ച് വിവരിക്കാമോ?
Gayatri Asokan: മറ്റു കലാകാരന്മാരുമായി സംവദിക്കാനും, ആശയങ്ങൾ പങ്കുവയ്ക്കാനും പറ്റിയ സ്ഥലമാണ് മുബൈ. കാരണം ഏറ്റവും കൂടുതൽ കലാകാരൻമാർ എത്തിച്ചേരുവാൻ സൗകര്യമുള്ളതും ഇവിടമാണ്. കുറെ നാളായുള്ള മോഹമായിരുന്നു മുംബൈയിലേക്കുള്ള ഈ മാറ്റം, പക്ഷേ സത്യം പറഞ്ഞാൽ അന്ന് അതിനുള്ള ധൈര്യം ഉണ്ടയിരുന്നില്ല. പൂർബയാനുമായുള്ള വിവാഹവും, തുടർന്ന് മുംബൈയിലേക്കുള്ള മാറ്റവും, ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളായിരുന്നു.
ഇവിടെ ഒരു ബോളിവുഡ് ഗാനമേളയെ പോലെ തന്നെ ജനസമ്മതിയോടെ നോക്കിക്കാണുന്ന ഒന്നാണ് ഗസൽ പരിപാടികൾ. അതു കൊണ്ടു തന്നെ അത്തരം ഗസൽ സായാഹ്നങ്ങൾ പ്രോത്സാഹിപ്പിക്കാനും അവ സ്പോൺസർ ചെയ്യാനും താല്പര്യമുള്ളവർ ഏറെയാണ്.
ഇതിലെ ഓരോ അവസരവും ഒരു വല്യ അനുഗ്രഹം തന്നെയായിരുന്നു.
മെഹ്ദി ഹസന്‍ എന്ന അതുല്യ സംഗീതജ്ഞന്റെ ‘Baat karni mujhe mushkil’ എന്ന ഗസൽ ‘ഖയാൽ’ എന്ന പരിപാടിയിലൂടെ ഇത്രയധികം ജനശ്രദ്ധ പിടിച്ചു പറ്റുമെന്ന് കരുതിയിരുന്നില്ല. ‘ഖയാലിന്’ വേണ്ടി പാടിയ മറ്റു പല ഗസലുകളും ഇത് പോലെ തന്നെ ആസ്വാദകർ സ്വീകരിച്ചു. അതിലെ ചില വീഡിയോസ് കണ്ടിട്ടാണ്, ലോകത്തിലെ തന്നെ ഏറ്റവും വല്യ ഉറുദു ഫെസ്റ്റിവൽ എന്നറിയപ്പെടുന്ന ‘Jashn-e-Rekhta’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. അവിടെ ‘Baat karni mujhe mushkil’ എന്ന ഗസൽ വീണ്ടും പാടുമ്പോൾ അത് മറക്കാനാവാത്ത ഒരു അനുഭവമായി മാറി. വിശാൽ ഭരദ്വാജ് , ശബാന അസ്മി , ജാവേദ് അഖ്തർ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് തിളക്കമാർന്ന വേദി. എല്ലാം സ്വപ്നത്തിൽ എന്ന പോലെ അവിശ്വസനീയമായിരുന്നു.
തുടർന്ന് പൂനെയിൽ നടന്ന ‘ഗസൽ ബഹാർ’ എന്ന പരിപാടിയിലും പങ്കെടുക്കാന്‍ സാധിച്ചു. സുരേഷ് വാദ്കർ, അനുപ് ജലോട്ട, ജസ്പിന്ദർ നരുല തുടങ്ങിയ അഗ്രഗണ്യർ അലങ്കരിച്ച വേദിയായിരുന്നു അത്. അതു പോലെ തന്നെ പങ്കജ് ഉദാസ് എന്ന പ്രശസ്ത ഗസൽ കലാകാരനും ഒപ്പം അനുപ് ജലോട്ട, രേഖ ഭരദ്വാജ് എന്നിവരും നേതൃത്വം നൽകുന്ന ‘Khazana- Festival of Ghazals’ എന്ന വേദിയിലും ഗസൽ അവതരിപ്പിക്കാനായി.
‘Ghazal Gaze’ എന്ന എന്റെ ആൽബവും അതേ വേദിയിലാണ് റിലീസ് ചെയ്തത്. ഞാൻ സംഗീതം നൽകിയ ഗസൽ പങ്കജ്ജിയെ കേൾപ്പിക്കാൻ ഒരു അവസരം ലഭിക്കുകയും അദ്ദേഹത്തിന് ഇഷ്ടമാവുകയും, തുടർന്ന് അദ്ദേഹത്തിന്റെ തന്നെ നിർദേശപ്രകാരമാണ് അത് അന്നാ വേദിയിൽ റിലീസ് ചെയ്തത്.
പിന്നീട് , ഗുവാഹാട്ടിയിൽ സംഗീത നാടക അക്കഡമിയുടെ പരിപാടി, ‘Khusrau-Kabir’ എന്ന ബന്യന്‍ ട്രീയുടെ പരിപാടി, നൈറോബിയിൽ നടന്ന ജഗ്ജിത് സിംഗ് പരിപാടി എന്നിവയെല്ലാം തന്നെ, സംഗീത ജീവിതത്തിലെ അനുഗ്രഹീതമുഹൂർത്തങ്ങങ്ങളായി കാണുന്നു.
സംഗീതത്തിലെ ഓരോ നേട്ടങ്ങളെ കുറിച്ച് പറയുമ്പോഴും പൂരബയൻ എന്ന സംഗീതജ്ഞന്റെ, സുഹൃത്തിന്റെ സ്വാധീനം മനസ്സിലാവുന്നു. രണ്ടു കലാകാരന്മാരുടെ ജീവിതം എന്ന് പറയുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും, ക്രിയാത്മകമായ ഇടപെടുലകൾ ഉറപ്പായും ഉണ്ടാകുമല്ലോ ?
സംഗീതത്തിന് ഇങ്ങനെയും ഒരു വശം ഉണ്ടെന്നത് ഒരുപക്ഷേ ഇപ്പോഴാണ് ഞാൻ അതിന്റെ അർഹിക്കുന്ന വ്യാപ്തിയിൽ മനസിലാക്കുന്നത്. ഇന്ന് ഇന്ത്യൻ സംഗീത ലോകത്ത് അറിയപ്പെടുന്ന സിത്താർ വാദകനാണ് അദ്ദേഹം. സ്വാഭാവികമായും അദ്ദേഹത്തിന്റെ സംഗീത വലയവും, സുഹൃത്ത് ബന്ധങ്ങളും അത്തരത്തിൽ വിപുലവുമാണ്. അതു കൊണ്ട് തന്നെ, നിരവധി കലാകാരന്മാരുമായി സംവദിക്കുവാനും, അവരുമായി ചേർന്ന് പരിപാടികൾ അവതരിപ്പിക്കുവാനും ഉള്ള അവസരവും ലഭിച്ചു. അതിൽ നിന്നുമൊക്കെ ഉൾക്കൊണ്ട അനുഭവങ്ങൾ ഏറെ വിലപ്പെട്ടവയാണ്. പിന്നണി ഗാന രംഗത്തും സജീവമായിരുന്നപ്പോഴും ക്ലാസിക്കൽ സംഗിതം കൈവിടാതിരുന്നത് എത്രയോ നന്നായി.
മാത്രമല്ല സ്വന്തമായി സംഗീതം ചെയ്തു പാടുവാനും, അതിന്റെ പ്രാധാന്യവും എല്ലാം മനസിലാക്കാൻ കഴിഞ്ഞു. ഇവിടെ കല്യാണം കഴിഞ്ഞു എത്തിയപ്പോൾ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞതും പൂരബായൻ എന്ന സുഹൃത്തിന്റെ സാമീപ്യം തന്നെയാണ്. നിരന്തരം സംഗീതത്തെ കുറിച്ചുള്ള സംഭാഷണങ്ങളും, റിയാസും, പുതിയ മാനങ്ങൾ തേടിയുള്ള യാത്രകളും എല്ലാം തന്നെ ജീവിതത്തിന് കൂടുതൽ അർത്ഥതലങ്ങൾ സമ്മാനിക്കാൻ സഹായിച്ചു.
ദേശീയ തലത്തിൽ സംഗീതത്തിനെ നോക്കി കാണുവാനും, ഒപ്പം അതനുസരിച്ചുള്ള മാറ്റങ്ങൾ ഉൾകൊള്ളാനും സഹായിച്ചതും അദ്ദേഹം തന്നെ. ജാസ് സംഗീതത്തിന്റെ മാസ്മരികതയും ലോകസംഗീതം എങ്ങനെ നമ്മളുടെ ശാസ്ത്രിയ സംഗീതരൂപങ്ങളുമായി ഇഴ ചേർക്കാൻ പറ്റും എന്നതും കുറേ കൂടി മനസിലാക്കാൻ സാധിച്ചു. അങ്ങനെയാണ് ‘Classicool’ എന്ന നൂതനമായ ആശയം ഉൾകൊള്ളുന്ന സംഗീത പരിപാടികളിൽ, ശങ്കർ മഹാദേവൻ, രാകേഷ് ചൗരസിയ തുടങ്ങിയ കലാകാരന്മാരുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചത്. മാത്രമല്ല Shanghai, Warsaw എന്നിവിടങ്ങളിലും വേദികൾ പങ്കു വെയ്ക്കാൻ സാധിച്ചതും എന്നിലെ സംഗീതത്തിന് അനുഭവും വ്യാപ്തിയും കൂട്ടാൻ സഹായിച്ചിട്ടേ ഉള്ളൂ.
ഞാൻ സ്വാധീനിച്ചു എന്നതിനപ്പുറം എന്നെ അദ്ദേഹം സ്വാധീനച്ചു എന്നാണ് പറയേണ്ടത്.
ഗായത്രി എന്ന കലാകാരിയുടെ സാന്നിധ്യം എങ്ങനെയാണ് താങ്കളെ സ്വാധീനിച്ചത് ?
Purbayan Chatterjee: ജീവിത പങ്കാളികൾ എന്നതിലുപരി പരസ്പരം മനസ്സിലാക്കിയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സുഹൃത്തുക്കൾ എന്ന് പറയുന്നതാവും കൂടുതൽ ഭംഗി. ഞാൻ അറിയുന്ന, മനസിലാക്കുന്ന, സംഗീത ലോകം തികച്ചും മറ്റൊന്നാണ്. പക്ഷേ ഗായത്രി എന്റെ ജീവിത്തിലേക്ക് കടന്ന് വരുമ്പോൾ പുതുമയുള്ള കാഴ്ചപ്പാടുകളും, ഗസൽ സംഗീതത്തിന്റെ നൈർമല്യവും, നിറഞ്ഞ സ്നേഹവുമാണ് സമ്മാനിച്ചത്.
മാത്രവുമല്ല ഗായത്രി ഏറെ ചിട്ടയോടെയാണ് റിയാസ് ചെയ്യുന്നതും. അത്തരത്തിലുള്ള ചിട്ടയും മറ്റും എന്റെ ജീവിത ശൈലിയിൽ പിന്നെയും സജീവമാകുന്നത്, ഗായത്രിയുടെ സ്വാധീനമാണ്. ഇതര സംഗീത ശൈലികൾ കേൾക്കുമെങ്കിലും ജാസ് മ്യൂസിക് ഏറെ പ്രിയപ്പെട്ട സംഗീതശാഖയാണ്, എന്നാൽ ഇപ്പൊൾ ഗായത്രിയുടെ ഒപ്പം ഗസലുകളും ശ്രദ്ധിക്കാൻ തുടങ്ങി.
‘Classicool’ എന്ന സംരംഭത്തിന്റെ പ്രത്യേകത എന്താണ് ?
Purbayan Chatterjee: ലോക സംഗീതത്തിൽ തന്നെ ഏറെ പ്രാമുഖ്യമുള്ള ശാഖകളിൽ ഒന്നാണ് ജാസ് സംഗീതം . Pat Metheny, John McLaughlin, Chick Corea തുടങ്ങിയവർ പ്രിയപ്പെട്ടവർ ആണ്. അത്തരത്തിൽ ചിന്തിക്കാൻ തുടങ്ങിയപ്പോഴാണ്, വ്യത്യസ്തമായ ശൈലികൾ, പ്രത്യേകിച്ചും വാദ്യസംഗീതം കോർത്തിണക്കി ഹിന്ദുസ്ഥാനി സംഗീതം അവതരിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്.
‘Classicool’ പോലൊരു ആശയം ഉടലെടുക്കുന്നതും അങ്ങനെ തന്നെ. ഉൾപ്പെടുത്തുന്നത്, കലർപ്പില്ലാത്ത ശാസ്ത്രീയമായ സംഗീതമാണ്, പക്ഷേ അവയുടെ ‘sounding’ ൽ വ്യത്യസ്തത പുലർത്തുന്നു എന്നു മാത്രം . ഒരുഇലക്ട്രിക് സിതാറിന്റെ അവതരണവും അതിലേക്ക് കുടിച്ചേരാവുന്ന ജാസ് സംഗീതവും. അതിനൊപ്പം ചേരുന്ന ഡ്രംസ്, ബാസ് എന്നിവയും കൂടി ആകുമ്പോൾ അവതരണത്തിന്റെ പുതുമയാണ് ഉദ്ദേശിക്കുന്നത്. പരസ്പര പൂരകങ്ങളായി നിലനിൽക്കാൻ ഈ രണ്ടു സംഗീത ശാഖകൾക്കും കഴിയുന്നിടത്താണ് ആസ്വാദനത്തിന് മികവേറുന്നത്.ശങ്കര്‍ മഹാദേവന്‍, സ്റ്റീഫന്‍ ദേവസ്സി, രാകേഷ് ചൗരസ്യ എന്നിവരുമായി ചേർന്ന് ഈ ആശയം അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഗായത്രിയുടെ വോക്കൽ സംഗീതവും ഇതിന്റെ ഭാഗമായിട്ടുണ്ട്.

രണ്ടു പേരും സോഷ്യല്‍ മീഡിയയില്‍ സജീവമാണല്ലോ?
Purbayan Chatterjee: ടെക്നോളജി സംഗീത ലോകത്തെ മാറ്റി മറിച്ചു കൊണ്ടിരിക്കുന്ന പ്രതിഭാസമാണ്. അതിന്റെ പോസിറ്റീവ് ഘടകങ്ങൾ ഏറെയാണ്. ഇന്ന് നമ്മൾ ചെയ്യുന്ന ഒരു ‘വര്‍ക്ക്; വീക്ഷിക്കുന്നത് ലോകത്തുള്ളവർ മുഴുവനുമാണ്. അത്രത്തോളം ആസ്വാദകരിലേക്ക് സംഗീതം എത്തുന്നു എന്നത് തന്നെ ഒരു നല്ല കാര്യമാണ്. സംഗീത പഠനത്തിനാണെങ്കിലും ‘Skype’ പോലുള്ള മാധ്യമങ്ങൾ ഏറെ സഹായകരമാണ്. Digital Archiving നും ഇത് സഹായിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
പക്ഷേ അമിതമായി അതിനെ മാത്രം ആശ്രയിക്കുന്നതും അപകടമാണ്. അതു കൊണ്ടു മാത്രം ഒരാൾക്ക് കലാരംഗത്ത് സ്ഥാനം ഉറപ്പിക്കാൻ കഴിയില്ല. Content is still the King.
Gayatri: മുൻപ് ഇത്തരം കാര്യങ്ങളിൽ അത്രയൊന്നും ശ്രദ്ധ ചെലുത്തുന്ന ആളല്ലായിരുന്നു ഞാൻ. പക്ഷേ കാലത്തിന്റെ മാറ്റങ്ങൾ നല്ലതാണെങ്കിൽ അത് സ്വീകരിക്കുകതന്നെ വേണം. ഒരു ലോകോത്തര വേദിയാണ് നമുക്ക് മുന്നിൽ ഉള്ളത്. ഒരു ഞൊടിയിടയിൽ ഏത് സംഗീതവും നമുക്ക് ലഭിക്കുന്ന കാലം. അപ്പോൾ ഒരു കലാകാരനെന്ന നിലയിൽ നമ്മളെ അവതരിപ്പിക്കുന്ന വിധത്തിലും പുതുമയുണ്ടാകണം.
സോഷ്യൽ മീഡിയയെ അതിന്റെ നല്ല അർത്ഥത്തിൽ നമുക്ക് ഉപയോഗിക്കാവുന്നതേ ഉള്ളൂ. ആളുകളിലേക്ക് സംഗീതത്തിന്റെ നന്മ എത്തിക്കാൻ അതുകൊണ്ടു തന്നെ എളുപ്പവുമാണ്.
Read Here: അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ നിന്നും അന്നപൂർണ ദേവി പറയുന്നത്