അമ്പതു വർഷത്തിലേറെ പഴക്കമുള്ള, കുട്ടിക്കാലത്ത് നിരവധി തവണ പാടികേട്ട ഒരു പാട്ടിന് പുതുഭാവം നൽകുകയാണ് ഗായകൻ നജീം അർഷാദ്. നജീമിനെ സംബന്ധിച്ച് ഇത് വെറുമൊരു പാട്ടല്ല, ഉപ്പയ്ക്കും ഉമ്മയ്ക്കുമുള്ള ഒരു സ്നേഹസമ്മാനമെന്നോ സ്വപ്നസാക്ഷാത്കാരമെന്നോ പറയാവുന്ന ഒന്നാണ്. നജീമിന്റെ ഉപ്പ തിരുമല ഷാഹിദ് വർഷങ്ങൾക്കു മുൻപ് ഈണം നൽകിയ ഈ പാട്ട് ഉപ്പയും ഉമ്മയും ചേർന്ന് നിരവധി വേദികളിൽ യുഗ്മഗാനമായി പാടുന്നത് നജീം കേട്ടിട്ടുണ്ട്. ആ പാട്ടിന് പുതു ജീവൻ നൽകുകയാണ് നജീം ഇപ്പോൾ. ആ സ്വപ്നം സഫലമാക്കുമ്പോൾ നജീമിന് കൂട്ടിന് സഹോദരങ്ങളുമുണ്ട്.

“എഴുപതുകളിൽ ഉപ്പ ഈണം നൽകിയ പാട്ടായിരുന്നു ഇത്. ഈ പാട്ട് നല്ല രീതിയിൽ പുറത്തിറക്കണം എന്ന് പണ്ടും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അന്നത്തെ സാഹചര്യങ്ങൾ കൊണ്ട് ഒന്നും നടന്നില്ല. ഉപ്പയ്ക്കിപ്പോൾ 75 വയസ്സായി, ഇപ്പോഴെങ്കിലും ഉപ്പയുടെ ആ സ്വപ്നം സാക്ഷാത്കരിച്ചു കൊടുക്കാൻ കഴിഞ്ഞാൽ അത് വലിയൊരു സന്തോഷമാവും എന്നു തോന്നി. അങ്ങനെയാണ് ‘ഹിമബിന്ദു’ എന്ന ഈ ആൽബം ചെയ്യുന്നത്.”നജീം അർഷാദ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.

“ഇത് സത്യത്തിൽ ഞങ്ങളുടെ കുടുംബത്തിന്റെ കൂട്ടായ്മയാണ്. ഉപ്പ ഈണം പകർന്ന പാട്ടിന്റെ വരികൾ ഒന്നു മാറ്റിയെഴുതി ഭംഗിയാക്കിയത് മൂത്ത ജേഷ്ഠനായ ഡോക്ടർ അജിം ഷാദ് ആണ്. രണ്ടാമത്തെ സഹോദരനും സൗണ്ട് എഞ്ചിനീയറുമായ സലിം നൗഷാദ് ആണ് ഇതിന്റെ സൗണ്ട് മിക്സ് ചെയ്തിരിക്കുന്നത്,” നജീം കൂട്ടി ചേർത്തു.

തന്റെ സംഗീതയാത്രയ്ക്ക് എന്നും തണലായി നിന്നത് മാതാപിതാക്കൾ തന്നെയാണെന്ന് നജീം പറയുന്നു. “പാട്ടിനോട് വലിയ താൽപ്പര്യമുള്ള ആളാണ് ഉപ്പ. ശാസ്ത്രീയമായി പാട്ട് പഠിച്ചിട്ടൊന്നും ഇല്ല. പക്ഷേ ഇങ്ങനെ കുറേ പാട്ടുകൾക്ക് ഈണം നൽകുകയും നിരവധി വേദികളിൽ ആലപിക്കുകയും ഒക്കെ ചെയ്തിരുന്നു. തിരുമല ഷാഹിദ് എന്ന പേര് നാട്ടിലെ പഴയ ആളുകൾക്കൊക്കെ പരിചിതമാണ്. ഉമ്മയും അത്യാവശ്യം നന്നായി പാടും. പണ്ട് ഉപ്പയും ഉമ്മയും ഒന്നിച്ച് ഗാനമേളയിൽ ഒക്കെ പാടിയിരുന്നു. ഉമ്മച്ചിയും ഉപ്പയും കൂടെ പണ്ട് പ്രോഗ്രാമുകളിൽ പാടിയ യുഗ്മഗാനം കൂടിയാണ് ഇത്. ഞാൻ കേട്ട് വളർന്ന പാട്ടെന്ന് പറയാം. ഉപ്പയ്ക്കും ഉമ്മച്ചിയ്ക്കും നൽകാൻ കഴിയുന്ന ഏറ്റവും മനോഹരമായൊരു സമ്മാനമാവും ‘ഹിമബിന്ദു’ എന്നു കരുതുന്നു.” നജീം പറഞ്ഞു.

Read more: കാന്‍സര്‍ ചേച്ചിയെ കൊണ്ട് പോയി, പക്ഷേ അവര്‍ കണ്ട സ്വപ്നങ്ങള്‍ എനിക്ക് കൂട്ടുവന്നു: രാഹുല്‍ രാജ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook