ഉള്ളില്‍ തട്ടുന്നവയാണ് ശ്യാമപ്രസാദിന്‍റെ ഓരോ സിനിമയും.  കഥ, കഥാപാത്രങ്ങള്‍, ആവിഷ്കരണ രീതി ഇവയെല്ലാം ഒരു ലോകമായ് നമ്മില്‍ നിറയും.  ആ ലോകത്തെ നമ്മുടെ മനസ്സുകളിലും ഓര്‍മ്മകളിലും ആഴത്തില്‍ പതിപ്പിക്കുന്നതില്‍ ആ സിനിമകളുടെ സംഗീതത്തിനു ഒരു വലിയ പങ്കുണ്ട്.

ഈണമായും വരിയായുമെല്ലാം നമ്മുടെ ഉള്ളില്‍ നാം തന്നെ അറിയാതെ അതങ്ങനെ കിടക്കും.  എവിടെയോ കേള്‍ക്കുന്ന ഒരു വരിയുടെ പകുതിയില്‍ പോലും തുറക്കുന്ന ഓര്‍മ്മചെപ്പായി, തുറക്കുമ്പോള്‍ കണ്ണ് നിറയ്ക്കുന്ന അതിശയമായി.

തന്‍റെ സിനിമകളുടെ കൈയ്യൊപ്പാകുന്ന സംഗീതത്തെക്കുറിച്ച്, തന്‍റെ സംഗീത വീക്ഷണങ്ങളെക്കുറിച്ച്, തന്നിലെ സംഗീതാസ്വാദകനെക്കുറിച്ച്, ശ്യാമപ്രസാദ് ഐ ഇ മലയാളത്തോട് സംസാരിക്കുന്നു.

“ഒരു ഈണം, അത് ഏതു genreറില്‍ പെട്ടതാണ് എന്നുള്ളതോ, ഏതു സംസ്കാരത്തില്‍ നിന്നും ഉടലെടുത്തു എന്നുള്ളതോ എന്നെ സംബന്ധിച്ച് ഒരു വിഷയമല്ല.  സ്വരച്ചേര്‍ച്ചയുള്ള, താളാത്മകമായ എന്തും എനിക്ക് സംഗീതമാണ്. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. എങ്കിലും രാഗങ്ങൾ എന്താണ്, അവയുടെ സമ്പ്രദായം എങ്ങനെ, ഒരു പാട്ടിലേക്കു ആ രാഗം എങ്ങനെ ഉൾകൊള്ളിക്കുന്നു എന്നൊക്കെ അറിയാനും മനസിലാക്കാനും ശ്രമിക്കാറുണ്ട്.
സംഗീത ശൈലികൾ തന്നെ ഒരുപാടുണ്ടല്ലോ. അവ ഓരോന്നിന്‍റെയും പ്രധാന ഉപയോക്താക്കള്‍, വ്യത്യസ്ത രാഗപ്രയോഗങ്ങൾ , വാദ്യോപകരണളിലെ പ്രത്യേകതകള്‍ എല്ലാം ശ്രദ്ധിക്കാറുണ്ട്.  അങ്ങനെ ആര്‍ജ്ജിച്ച അറിവ് എന്‍റെ കലാസപര്യയില്‍ വളരെയധികം സഹായിച്ചിട്ടുണ്ട്.

എന്‍റെ സിനിമകളിൽ സംഗീതത്തിന് കാതലായ സ്ഥാനമുണ്ട്. സിനിമയുടെ, അതിലെ വികാര വിചാരങ്ങളുടെ ആത്മാവിനെ തൊടുന്ന ഒന്നാകണം അതിലെ സംഗീതം എന്ന് എനിക്ക് നിർബന്ധമുണ്ട്.

ഞാൻ ഒരു സംഗീത വിദഗ്ധനോ അതിൽ എനിക്ക് അറിവുള്ളത്  കൊണ്ടോ അല്ല അങ്ങനെ കരുതുന്നത്. ഒരു ശരാശരി ആസ്വാദകനിലുപരി സംഗീതത്തോട് അടുപ്പമുള്ളത് കൊണ്ടാണ്.”

 

സംഗീതത്തിലെ സ്വാധീനങ്ങള്‍

കേള്‍ക്കുന്നത് കൂടുതലും പാശ്ചാത്യ സംഗീതമാണ്.  അത് കൊണ്ട് അതിന്‍റെ സ്വാധീനം എന്‍റെ സിനിമകളിൽ സ്പഷ്ടമാണ്.  സിനിമകള്‍ക്ക്‌ സംഗീതം തെരഞ്ഞെടുക്കുമ്പോള്‍ ‘ഹാർമണി’ക്കാണ് മുന്‍‌തൂക്കം നല്‍ക്കുന്നത്.

കേൾക്കുന്തോറും കൂടുതല്‍ കൂടുതല്‍ അനാവൃതമാകുന്ന സംഗീതത്തിന്‍റെ സാദ്ധ്യതകൾ എന്നെ അതിശയപ്പെടുത്തിയിട്ടുണ്ട്. കഴിയുന്നത്ര വിവിധ സംഗീത ശാഖകൾ കേൾക്കാറുണ്ട് . അത് സംഗീതത്തിനോടുള്ള നമ്മുടെ കാഴ്ചപ്പാടിനെ വിപുലീകരിക്കും.

സിനിമയുടെ തിരക്കഥ ഒരുക്കുമ്പോള്‍ സംഗീതം കേട്ടുകൊണ്ടാണ് എഴുതാറ്. കൂടുതലും വാദ്യോപകരണ സംഗീതമാവും. എത്രത്തോളം വ്യത്യസ്തമായ സംഗീതം നമ്മൾ കേൾക്കുന്നോ അത്രത്തോളം പുതിയ സാധ്യതകളാണ് മുന്നിൽ തെളിയുന്നത്. ഹൃദ്യമായ ഒരു യാത്രയാണത്.

 

സിനിമയിലെ സംഗീതം

സിനിമയിലെ സംഗീതം എന്ന് പറയുമ്പോൾ, എന്നെ സംബന്ധിച്ചിടത്തോളം അതിന്‍റെ പശ്ചാത്തല സംഗീതമാണ്.  ഗാനങ്ങൾ ഇതേ പശ്ചാത്തല സംഗീതത്തിന്‍റെ തന്നെ തുടര്‍ച്ചയാണ്.  ‘ഒരേ കടൽ’ എന്ന ചിത്രത്തിന്‍റെ സംഗീതം, അതിലെ കഥയും കഥാപാത്രങ്ങളും കടന്നു പോകുന്ന തീവ്രമായ മുഹൂർത്തങ്ങള്‍ക്കനുസരിച്ചാണ് ഒരുക്കിയത്. ‘ശുഭപന്തുവരാളി’ എന്ന കര്‍ണാടക സംഗീത രാഗമാണ് അതിലുടനീളം കേള്‍ക്കുന്നത്.  എന്നാല്‍ അതൊരുക്കിയിരിക്കുന്നത് പാശ്ചാത്യ ശൈലിയിലാണ്.  ആ കൂടിച്ചേരല്‍ കൊണ്ട് വന്ന ഒരു പ്രത്യേക വശ്യത ‘ഒരേ കടലി’ന്‍റെ സംഗീതത്തിലുണ്ട്.

‘ഒരേ കടൽ’ എന്ന ചിത്രത്തിലാണെങ്കിലും, ‘അഗ്നിസാക്ഷി’, ‘അകലെ’, ‘അരികെ’ എന്നീ ചിത്രങ്ങളിലാണെങ്കിലും, സംഗീതം പറയുന്ന ഒരുപാടു കാര്യങ്ങളുണ്ട്. കഥയുടെ ഉള്ളറകളിലേക്ക് പ്രേക്ഷകനെ പലപ്പോഴും കൂട്ടിക്കൊണ്ടു പോകുന്നത് സംഗീതമാണ്. ‘അഗ്നിസാക്ഷി’യിൽ നിന്ന് ‘ഹേയ്  ജൂഡി’ല്‍ എത്തിനിൽക്കുമ്പോൾ, പിന്നിട്ട കാലം, അതില്‍ ഉണ്ടായ മാറ്റങ്ങള്‍ എല്ലാം തന്നെ സംഗീതത്തിലും കാണാം. ‘ഒരേ കടൽ’ എന്ന ചിത്രത്തിൽ ഒരൊറ്റ രാഗത്തിന്‍റെ ഭാവമാണെങ്കിൽ ‘ഹേയ് ജൂഡ്’ എന്ന സിനിമയിൽ വിവിധ ശൈലിയിലുള്ള പാട്ടുകളാണ്.

 

എന്നെങ്കിലും കർണാടക സംഗീതം അതിന്‍റെ മുഴുവൻ പ്രൗഢിയിലും, ഒരു ചിത്രത്തിലുടനീളം ഉപയോഗിക്കണമെന്നുണ്ട്. അതിനുള്ള ഒരവസരം ഇതുവരെ ലഭിച്ചിട്ടില്ല. അത്തരത്തിൽ ഒരു കഥ ഉരുത്തിരിഞ്ഞു വരണം. വീണയൊ, സന്തൂറോ ഒക്കെ നിറഞ്ഞ ഒരു ‘സൌണ്ട്ട്രാക്ക്’ എന്നെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്.

ജീവിതത്തിലെ സംഗീതം

ഒരു സിനിമയുടെ എഴുത്തിലും ആലോചനയിലുമെല്ലാം എനിക്ക് കൂട്ടാവുന്നത് സംഗീതമാണ്. അപ്പോള്‍ കൂടുതലും ഇൻസ്ട്രുമെന്റൽ സംഗീതം, അതും പാശ്ചാത്യ സംഗീതമാണ് കേള്‍ക്കുക. വെസ്റ്റേൺ ക്ലാസിക്കലോ, സമകാലീക സംഗീതമോ ആവാം.

ചിത്രീകണം കഴിഞ്ഞാവും സംഗീതം ചിട്ടപ്പെടുത്താൻ തുടങ്ങുക.  പാട്ടുകളുടെ ട്യൂണിംഗ് സെഷൻസിൽ ഞാനും കൂടാറുണ്ട്. ചില പാട്ടുകളിൽ രണ്ടു രാഗങ്ങൾ ചേർന്ന് വരുമ്പോൾ എങ്ങനെയാവും ആ പാട്ടിന്‍റെ സഞ്ചാരം, ചില സ്വരങ്ങൾ മാത്രം മാറുമ്പോൾ ആ പാട്ടിൽ വരുന്ന വ്യത്യാസങ്ങൾ ഒക്കെ ശ്രദ്ധിക്കാറുണ്ട്. എന്‍റെ സംഗീത സംവിധായകരോട് അതിനെക്കുറിച്ചു ചോദിക്കാറുമുണ്ട് .

 

സ്വന്തന്ത്ര സംഗീതം

വിദേശ ചിത്രങ്ങളിൽ കാണുന്ന ഒരു  പ്രത്യേകത ഉണ്ട്. പലപ്പോഴും സിനിമകളിൽ ഉപയോഗിക്കുന്നത് സ്വതന്ത്രമായി സംഗീതം ചെയ്യുന്നവരുടെ  ഗാനങ്ങളാവും. അങ്ങനെ പല ആർട്ടിസ്റ്റുകളുടെയ, മ്യൂസിക് ബാൻഡുകൾ  റിലീസ് ചെയ്യുന്ന പാട്ടുകളോ ആവും  ഒരു  സിനിമയിൽ ഉൾപ്പെടുത്തുക. നമുക്ക്  ഇവിടെ മ്യൂസിക് ബാൻഡുകൾ ഉണ്ട്. പക്ഷെ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്  ഒറിജിനൽ മ്യൂസിക് ചെയ്യുന്നവർ .

ഒരു  കഥ, സന്ദർഭം, കഥാപാത്രങ്ങൾ, ഇവയ്ക്കൊക്കെ വേണ്ടിയാണ് സിനിമയില്‍ സംഗീതം ചെയ്യേണ്ടത് . പക്ഷെ സ്വതന്ത്രമായി ഒരു സൃഷ്ടിയിൽ അത്തരം അതിരുകളുണ്ടാവില്ല.

സംഗീത മേഖലയില്‍ സാങ്കേതികമായ ധാരാളം പുരോഗതികള്‍ ഉണ്ടായിട്ടുണ്ട് ഇപ്പോള്‍.  ഒരു പാട്ട് ചിട്ടപ്പെടുത്തി ആളുകളിലേക്ക് എത്തിക്കണമെങ്കിൽ ഇന്ന് യാതൊരു പ്രയാസവുമില്ല. നമുക്ക് നമ്മുടെ വീട്ടിൽ ഇരുന്നു തന്നെ എല്ലാം പ്രാവർത്തികമാക്കാം . സോഷ്യൽ മീഡിയ , യു ട്യൂബ്  തുടങ്ങിയ അവസരങ്ങളും, വേദികളും തുടങ്ങി ധാരാളം സാധ്യതകളുണ്ട് ഒരു കലാകാരന്. ആകെ വേണ്ടത് ക്രിയേറ്റിവിറ്റിയും ആത്മവിശ്വാസവുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook