ജീവിതം വലിയ അല്ലലില്ലാതെ ഒരു ട്രാക്കിൽ സുഗമമായി പോവുമ്പോൾ, ആ ‘കംഫർട്ട് സോൺ’ വിട്ട്, വെല്ലുവിളികൾക്കു പിറകെ പോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ, തനിക്കായി തന്റെ സഹോദരി കണ്ട സ്വപ്നം സാക്ഷാത്കരിക്കാനായി ഇറങ്ങിപുറപ്പെട്ട അത്തരമൊരു കഥയാണ് സംഗീത സംവിധായകൻ രാഹുൽ രാജിന് പറയാനുള്ളത്. നമുക്ക് വേണ്ടി പ്രിയപ്പെട്ടവർ കാണുന്ന സ്വപ്നത്തിൽ ഒളിഞ്ഞിരിക്കുന്ന നിയോഗങ്ങളെ അടുത്തറിയുകയാണ് രാഹുൽ ഇപ്പോൾ.
ശ്രദ്ധേയമായ പാട്ടുകളിലൂടെ സംഗീതാസ്വാദകരുടെ മനസ്സിൽ ഇടം പിടിച്ച്, അത്യാവശ്യം പ്രൊജക്റ്റുകളുമൊക്കെയായി കരിയർ മുന്നോട്ട് പോവുമ്പോഴാണ് ജീവിതത്തെ 360 ഡിഗ്രിയിൽ മാറ്റിമറിക്കുന്ന ഒരു തീരുമാനം രാഹുൽ എടുത്തത്. സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത് പഠിക്കാൻ പോവുക. ആ തീരുമാനം രാഹുലിനെ കൊണ്ടെത്തിച്ചതാവട്ടെ, സ്പെയ്നിലെ ബേർക്ലി കോളേജ് ഓഫ് മ്യൂസിക്കിലും.
“കരിയറിൽ അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടു നിൽക്കുന്ന സമയത്ത് ഒരു ബ്രേക്ക് എടുക്കുക എന്നു പറയുന്നത് ചെറിയ കാര്യമല്ലായിരുന്നു. നിലവിലുള്ള ഒരു ലോകം വിട്ടുപോവുക, ഒരു അവസാനം പോലെയാണത്. അതു വരെ ഉള്ളതെല്ലാം വിട്ട് പോവുകയാണ്. എന്താവും മുന്നോട്ട് എന്നറിയില്ല. പക്ഷേ പഠിക്കണമെന്ന് ആഗ്രഹമുണ്ട് താനും. അതൊരു റിസ്ക്കായിരുന്നു. എന്നാൽ ആ റിസ്ക്കിനു പിറകിലെ പ്രപഞ്ചത്തിന്റേതായ ഗൂഢാലോചനയാണ് ( Universal Conspiracy) ‘മരക്കാർ’ എന്ന് ഞാനിപ്പോൾ വിശ്വസിക്കുന്നു,” രാഹുൽ പറയുന്നു.
ബേർക്ലിയിൽ നിന്നും ഫിലിം കമ്പോസിങ്ങിൽ ബിരുദാനന്തര ബിരുദം നേടി തിരിച്ചെത്തിയ രാഹുൽ വീണ്ടും സിനിമയിൽ സജീവമാവുകയാണ്. പ്രിയദർശൻ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്തു കൊണ്ടാണ് രാഹുൽ രാജിന്റെ തിരിച്ചുവരവ്. ജീവിതത്തിലെ സുപ്രധാന വഴിത്തിരിവിനെ കുറിച്ചും ചേച്ചിയുടെ സ്വപ്നം സാക്ഷാത്കരിക്കാനായി നടത്തിയ ആ യാത്രയെ കുറിച്ചും ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് മനസ്സു തുറക്കുകയാണ് രാഹുൽ.
“വിദേശത്തുപോയി ഓര്‍ക്കസ്ട്ര പഠിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ എന്നേക്കാളും ആഗ്രഹവും ഞാൻ പഠിക്കണമെന്ന് സ്വപ്നം കണ്ടതും ചേച്ചി രഹനയാണ്. “നീ എന്തായാലും ശ്രമിക്കണം, ഒരു പേപ്പര്‍ പ്രസന്റ് ചെയ്യണം. മണിരത്നത്തിന്റെ സിനിമ ചെയ്യുകയോ എ ആർ റഹ്മാനൊപ്പം വർക്ക് ചെയ്യുകയോ എന്തു വേണമെങ്കിലും ആയിക്കോ… പക്ഷേ എനിക്ക് വേണ്ടി നീയിതു ചെയ്യണം,” എന്നായിരുന്നു ചേച്ചിയുടെ ആവശ്യം. പുതിയൊരു കാര്യം കണ്ടുപിടിച്ച് ലോകത്തിന് പരിചയപ്പെടുത്തൂ എന്നായിരുന്നു ചേച്ചിയെപ്പോഴും ആവശ്യപ്പെട്ടു കൊണ്ടിരുന്നത്. എന്നോട് പോലും പറയാതെ എനിക്കു വേണ്ടി വിദേശ യൂണിവേഴ്സിറ്റികളിലേക്ക് ചേച്ചി അപേക്ഷകൾ അയച്ചു കൊണ്ടിരുന്നു.”

“പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനു വേണ്ട ഭീമമായ തുകയും പ്രാക്റ്റിക്കൽ ബുദ്ധിമുട്ടികളുമൊക്കെ ഓർക്കുമ്പോൾ ഞാൻ മടിക്കും. മൂന്നുവർഷം മുൻപ് ക്യാൻസർ വന്ന് ചേച്ചി പെട്ടെന്ന് ഞങ്ങളെ വിട്ടുപോയി. അതൊരു വലിയ സങ്കടമായിരുന്നു. ചേച്ചി പോയിട്ടും ചേച്ചി മുൻപ് അയച്ച ആപ്ലിക്കേഷനുകളുടെ അപ്ഡേറ്റ്സ് എന്റെ മെയിലിൽ വന്നു കൊണ്ടിരുന്നു. അങ്ങനെയാണ് ബേർക്ലിയുടെ പ്രമോഷൻ കാണുന്നത്. അതു കണ്ടതോടെ എന്റെ ഉറക്കം പോയി. എനിക്കിത് ചെയ്യണം എന്ന ആഗ്രഹം കലശമായി, ചേച്ചിയുടെ ആഗ്രഹമാണല്ലോ എന്നു കൂടി ഓർത്തപ്പോൾ പോകാം എന്നു തീരുമാനിച്ചു. അഡ്മിഷൻ ശരിയാക്കാൻ ഒരുപാട് പേപ്പർ വർക്ക് വേണമായിരുന്നു. ഒറ്റയ്ക്ക് എനിക്കതൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു. ചേച്ചിയുടെ അസാന്നിധ്യത്തിൽ ഭാര്യ മറിയമാണ് പിന്തുണയായത്. ചേച്ചി ചെയ്യേണ്ടിയിരുന്ന പേപ്പർ വർക്കുകളെല്ലാം മറിയം ചെയ്തു തന്നു,” രാഹുൽ ഓർക്കുന്നു.
“ഒരു പുതിയ ലോകമായിരുന്നു അത്. 18 രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ഉണ്ടായിരുന്നു എന്റെ ക്ലാസ്സിൽ. കുറച്ചുകൂടി ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കുന്നത് ആ ക്ലാസ്സ്മുറികളിൽ നിന്നാണ്. നമ്മുടെ ഒരു പീസ് എല്ലാവരും അനലൈസ് ചെയ്യും, ചിലപ്പോൾ വിമർശിച്ച് കൊന്നുകളയും. നമ്മളെയല്ല അവർ വിമർശിക്കുന്നത്, കലയെയാണ്. അത്തരത്തിലുള്ള ഒരു മൂന്നു നാലു സെക്ഷന്‍ കഴിയുന്നതോടെ എന്തും അഭിമുഖീകരിക്കാവുന്ന അവസ്ഥയിലെത്തും. വൈകാരികമായി എടുക്കാതെ എങ്ങനെ വിമര്‍ശനങ്ങളെ നോക്കി കാണാം എന്നൊക്കെ പഠിക്കുന്നത് അവിടെ നിന്നാണ്.”
സ്വപ്നസാക്ഷാത്കാരം
“കോഴ്സിന്റെ ഭാഗമായുള്ള ഫൈനല്‍ ഓര്‍ക്കസ്ട്ര നടന്നത് ലണ്ടനിലാണ്. ആ റെക്കോര്ഡിംഗിലേക്കുള്ള പഠനമായിരുന്നു ഒരു വര്‍ഷകാലം എന്നു പറയുന്നതാവും ശരി. ലണ്ടനിലെ പ്രശസ്തമായ എഐആര്‍ സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. ഹോളിവുഡിലെ വിഖ്യാത സ്കോറുകളൊക്കെ പ്ലേ ചെയ്ത, ലോകത്തെ ഏറ്റവും മികച്ച ഓര്‍ക്കസ്ട്ര പ്ലെയേഴ്സ് എന്നു വിശേഷിപ്പിക്കാവുന്ന 52 പേർക്കൊപ്പമാണ് നമ്മൾ ഓർക്കസ്ട്ര നടത്തേണ്ടത്.
പല തരം ഇൻസ്ട്രമെന്റ്സ് വായിക്കുന്ന 52 പേർ, ഓരോരുത്തരുടെ കയ്യിലും അവര്‍ക്ക് വായിക്കേണ്ട നോട്ട്സ് മാത്രമേ ഉണ്ടാവൂ. സ്കോർ എഴുതി കൊടുക്കുന്ന ട്രെഡീഷണൽ രീതിയാണ് പിൻതുടരുന്നത്, ഒരു തെറ്റുപോലും റെക്കോർഡിംഗിനെ തടസ്സപ്പെടുത്തും. ആകെ 18 മിനിറ്റാണ് ലഭിക്കുക, അതിനകത്ത് റെക്കോർഡിംഗ് കഴിയണം. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു പീസ് വായിക്കാൻ കിട്ടുന്ന 18 മിനിറ്റ്സ്. അതിനകത്ത് അവർ നമ്മുടെ വർക്കിനെ വിലയിരുത്തും, നല്ലതാണോ ചീത്തയാണോ, എവിടെ നിന്നെങ്കിലും കോപ്പി ചെയ്തതാണോ എന്നൊക്കെ ഒറ്റയടിക്ക് അവർക്ക് മനസ്സിലാവും. വളരെ വൈകാരികമായൊരു മുഹൂർത്തമായിരുന്നു അത്.
Read more: Marakkar Arabikadalinte Simham: ആർച്ചയായി കീർത്തി സുരേഷ്; ‘മരക്കാർ’ ക്യാരക്ടർ പോസ്റ്റർ