കോഴിക്കോട്: പ്രശസ്ത സിനിമാ- നാടക സംഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു. ചന്ദ്രൻ വയ്യാട്ടുമ്മല്‍ എന്നാണ് യഥാര്‍ത്ഥ പേര്. 66 വയസ്സായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് lകോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിനു നരിക്കുനിയിലെ തറവാട്ട് വളപ്പിൽ.
നാടക സംഗീത രംഗത്ത് മികച്ച സംഭാവന നൽകിയ അദ്ദേഹം മനോജ് കാന സംവിധാനം ചെയ്ത ചായില്യം എന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിച്ചു. ബയോസ്കോപ്പ് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും നിർവഹിച്ചു.
അമീബ എന്നാ ചിത്രത്തിലും സംഗീത സംവിധാനം നിർവഹിച്ചു. ദൃഷ്ടാന്തം, ബോംബെ മിഠായി, നഖരം, ഞാൻ സ്റ്റീവ് ലോപ്പസ്, ഈട എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും അദ്ദേഹം സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ട്.
1956 ഏപ്രിൽ 30ന് കോഴിക്കോട് നരിക്കുനിയിലുള്ള സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ചന്ദ്രൻ ജനിച്ചത്. ആറാംവയസ്സിൽ സംഗീത പഠനമാരംഭിക്കുകയും 1982 കാലം മുതൽ സംഗീതസംവിധായകൻ എന്ന രീതിയിൽ ശ്രദ്ധേയനാവുകയും ചെയ്തു. നാടകങ്ങൾക്ക് പശ്ചാത്തല സംഗീതം നിർവഹിച്ചുകൊണ്ടാണ് തുടക്കം. പിന്നീട് ധാരാളം നാടകങ്ങൾക്കും സിനിമകൾക്കും സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിട്ടുണ്ട്.
ബയോസ്കോപ്പ് എന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയതിന് 2008 ലെ സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. പ്രണയത്തിൽ ഒരുവൾ എന്ന ടെലിഫിലിമിന്റെ സംഗീതസംവിധാനത്തിന് 2010 ലെ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലഭിച്ചിരുന്നു.
ഭാര്യ: ഷൈലജ മക്കൾ : ആനന്ദ് രാജ്, ആയുഷ്.