scorecardresearch
Latest News

‘പൊന്നരിവാൾ അമ്പിളിയിൽ’ ഗമകങ്ങൾ ചേരുമ്പോൾ

ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളെ പുനരാവിഷ്കരിച്ച് ശ്രദ്ധേയനാവുകയാണ് യുഎസിൽ ജനിച്ച് വളർന്ന മലയാളിയായ നവനീത് ഉണ്ണികൃഷ്ണൻ

‘പൊന്നരിവാൾ അമ്പിളിയിൽ’ ഗമകങ്ങൾ ചേരുമ്പോൾ

എത്ര കേട്ടാലും മതിവരാത്ത എത്രയോ ഗാനങ്ങൾക്കാണ് ദേവരാജൻ മാസ്റ്റർ എന്ന വിഖ്യാത സംഗീത സംവിധായകൻ മലയാളത്തിനു സമ്മാനിച്ചത്. കർണാടക സംഗീതത്തിൽ പരിശീലനം ലഭിച്ച, ഗായകൻ കൂടിയായ അദ്ദേഹം 1952 ൽ ‘നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി,’ എന്ന നാടകത്തിനായി ഒ‌എൻ‌വി കുറുപ് എഴുതിയ ‘പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളെ’ എന്ന ഗാനത്തിലൂടെയാണ് സംഗീത സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മ, ഗായകൻ യേശുദാസ് എന്നിവരുമൊത്തുള്ള അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം ഹിറ്റുകളായി മാറി. സെമി ക്ലാസിക്കൽ, വെസ്റ്റേൺ, ഫോക്ക് എന്നിവയുൾപ്പെടെ വിവിധ ഴോണറുകളിലുള്ള ഗാനങ്ങൾ ഈ കൂട്ടുകെട്ടിൽ പിറന്നു. മൂന്നര പതിറ്റാണ്ട് നീണ്ട കാലയളവിൽ 350 ലധികം സിനിമകൾക്ക് ദേവരാജൻ മാസ്റ്റർ ഈണം നൽകി. ഇവയിലേറെയും മലയാളി ഇന്നും മറക്കാത്ത നിത്യഹരിത ഗാനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചവയാണ്.

2006ലാണ് ദേവരാജൻ മാസ്റ്റർ അന്തരിച്ചത്. ദേവരാജൻ മാസ്റ്റർ കടന്നുപോയിട്ട് ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും ഇപ്പോഴും പുതു തലമുറ പോലും ആ സംഗീതത്തിൽ ആകൃഷ്ടരാവുന്നു എന്നതാണ് ദേവരാജൻ മാസ്റ്ററുടെ സംഗീതത്തിന്റെ മാന്ത്രികത. ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളെ പുനരാവിഷ്കരിച്ച് ശ്രദ്ധേയനാവുകയാണ് യുഎസിൽ ജനിച്ച് വളർന്ന മലയാളിയായ ഒരു ചെറുപ്പക്കാരൻ.

G Devarajan, Malayalam music, Kerala music, Navaneeth singer, Malayali music, Indian express
ദേവരാജൻ മാസ്റ്റർ

നവനീത് ഉണ്ണികൃഷ്ണൻ എന്ന 16 വയസുകാരനാണ് പഴയ മലയാള ചലച്ചിത്ര ഗാനങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളെക്കുറിച്ചുള്ള തന്റെ അപാരമായ അറിവ് പങ്കുവച്ച് ശ്രദ്ധ നേടുന്നത്. ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളിലെ സ്വരങ്ങളും ഗമാകങ്ങളുമെല്ലാം നവനീതിന് കാണാപ്പാഠമാണ്. നവനീതിന്റെ പിതാവ് അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിൽ നവനീത് സംസാരിക്കുന്നത് നല്ല കടുകട്ടി അമേരിക്കൻ ആക്സന്റിലാണ്. എന്നാൽ ദേവരാജൻ മാസ്റ്ററുടെ ഏറ്റവും മികച്ച ഗാനങ്ങളൊന്നിലേക്ക് എത്തിയപ്പോൾ നവനീതിന്റെ ശബ്ദത്തിനും ശൈലിയ്ക്കും വരുന്ന മാറ്റം അതിശയകരമാണ്. നൂറുകണക്കിന് ലൈക്കുകളും ഷെയറുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അരിസോണയിലെ ഫീനിക്സിലുള്ള തന്റെ വീട്ടിൽ വച്ചാണ് നവനീത് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനെക്കുറിച്ച് മൈക്രോഫോണിൽ സംസാരിക്കുകയും അദ്ദേഹത്തിന്റെ ചില ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നുണ്ട് നവനീത്.

ദേവരാജന്റെ പാട്ടുകളെ കുറിച്ച് എത്ര സംസാരിച്ചാലും നവനീതിന് മടുക്കില്ല. “ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാളാണ് അദ്ദേഹം. മലയാള സംഗീതലോകത്തെ ഒരു ഇതിഹാസം. അദ്ദേഹം തന്റെ ഗാനങ്ങളിൽ 140 ഓളം രാഗങ്ങൾ ഉപയോഗിച്ചു, മലയാളത്തിൽ മറ്റേതെങ്കിലും ഒരു സംഗീതജ്ഞൻ ഇത്രയും രാഗങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയില്ല. ഞാനതിനെ അത്ഭുതകരമായി കാണുന്നു. ആദ്യം സംഗീതം നൽകിയ ഗാനത്തിൽ പോലും അദ്ദേഹം കർണാടക-ഹിന്ദുസ്ഥാനി സംഗീതങ്ങൾ തമ്മിലുള്ള അന്തരം കുറയ്ക്കുകയും അതിന് ജനപ്രീതി നേടിക്കൊടുക്കുകയും ചെയ്തു. അദ്ദേഹത്തെ മലയാള സംഗീതത്തിന്റെ പാഠപുസ്തകമായി പല തരത്തിലും പരിഗണിക്കാം,” നവനീത് ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

ദേവരാജൻ മാസ്റ്റർ രചിച്ചതും പി മാധുരി ആലപിച്ചതുമായ 1973-ലെ ‘പ്രണനാഥൻ എനിക്കു നൽകിയ’ എന്ന ഗാനത്തിന്റെ ആദ്യ വരികൾ നവീനീത് ആലപിക്കുകയും തുടർന്ന് അതിനെ വിശകലനം ചെയ്യുകയുമാണ് ഒരു വീഡിയോയിൽ. “ഈ ഗാനം കമ്പോജി രാഗത്തിൽ രചിച്ചതിന്റെ കാരണം, രാഗത്തിന്റെ ആരോഹണവും അവരോഹണവുമായ നോട്ടുകൾ ഈ രീതിയിൽ പോകുന്നതിനാലാണ്. ആരോഹണ കുറിപ്പുകളിൽ ഹരികാംഭോജിക്ക് നിഷാദം ഉണ്ട്, അതേസമയം കമ്പോജിക്ക് നിഷാദം ഇല്ല.” നവനീത് പറയുന്നു.

ഗായകൻ യേശുദാസിന് 1973 ൽ ദേശീയ അവാർഡ് നേടിക്കൊടുത്ത ‘പദ്മതീർ‌ത്ഥമേ’ പോലുള്ള ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടും മികച്ച സംഗീതസംവിധായകനുള്ള ഒരു ദേശീയ അവാർഡ് ദേവരാജന് ലഭിക്കാത്തതെന്താണെന്നാണ് ഈ കൗമാരക്കാരന്റെ ചോദ്യം. “അതിനും ഒരു വർഷം മുൻപ് ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു’ എന്ന ഗാനത്തിന് ഗാനരചയിതാവ് വയലാറിനും ഗായകൻ യേശുദാസിനും ദേശീയ അവാർഡുകൾ ലഭിച്ചു. എന്നാൽ ദൗർഭാഗ്യവശാൽ ദേവരാജൻ മാസ്റ്ററിന് അവാർഡ് ലഭിച്ചില്ല.അതൊരു അസംബന്ധമാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹം നിരവധി അവാർഡുകൾ നേടേണ്ടതായിരുന്നു. പ്രത്യേകിച്ചും യേശുദാസ്, പി ജയചന്ദ്രൻ, പി സുശീല തുടങ്ങി നിരവധി ഗായകരെ അവരുടെ ദേശീയ പുരസ്കാരങ്ങൾ നേടാൻ അദ്ദേഹം സഹായിച്ചു എന്നതിനാൽ… ‘ഇന്നെനിക്ക് പൊട്ടു കുത്താൻ’ എന്ന ഗാനത്തിന് പി മാധുരിക്ക് ലഭിച്ചപ്പോളും, നിർഭാഗ്യവശാൽ, ദേവരാജൻ മാസ്റ്റർക്ക് ദേശീയ പുരസ്കാരം ലഭിച്ചില്ല.”

അറുപതുകളിലും എഴുപതുകളിലും രചിച്ചതും ചിട്ടപ്പെടുത്തിയതുമായ ഈ ഗാനങ്ങളുമായി നവീനീതിന് അടുപ്പമുണ്ടാകാൻ കാരണം, നവനീതിന്റെ 12 വർഷമായി തുടരുന്ന ഹിന്ദുസ്ഥാനി സംഗീതപഠനമാണ്. ആദ്യം ഡോ. വിജയശ്രീ ശർമയുടെ കീഴിലും ഇപ്പോൾ പണ്ഡിറ്റ് രമേശ് നാരായണന്റെ കീഴിലുമാണ് പഠനം. ഡോ. കെ. കൃഷ്ണകുമാറിന്റെ കീഴിൽ നവനീത് കർണാടക സംഗീതവും പഠിക്കുന്നുണ്ട്.

“ശബരിമല ക്ഷേത്രത്തിൽ എല്ലാ രാത്രിയും ആലപിക്കുന്ന ‘ഹരിവരാസനം’ പോലെ അല്ലെങ്കിൽ ‘കണി കാണും നേരം’, ‘ചെത്തി മന്ദാരം തുളസി’ എന്നിങ്ങനെ ദക്ഷിണേന്ത്യയിൽ നിന്നുള്ള പ്രധാനപ്പെട്ട ഗാനങ്ങൾ പലതിന്റെയും പിറകിലെ ശിൽപി ദേവരാജൻ മാസ്റ്ററാണെന്ന് അറിയാത്ത നിരവധി പേരുണ്ടെന്നത് ദുഖകരമാണ്. നിരവധി തവണ റീമിക്സ് ചെയ്ത ‘കുട്ടനാടൻ പുഞ്ചയിലെ’ പോലുള്ള ഒരു ഗാനത്തിന് പോലും ആളുകൾ അദ്ദേഹത്തിന് അർഹമായ ക്രെഡിറ്റ് നൽകിയിട്ടില്ല,” നവനീത് കൂട്ടിച്ചേർക്കുന്നു.

ചലച്ചിത്ര ഗാനങ്ങളിലെ ശാസ്ത്രീയ സംഗീതം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിൽ നവനീതിന് താൽപര്യമുണ്ടാവുന്നത് ഹിന്ദുസ്ഥാനി സംഗീതത്തിലെ പരിശീലനത്തിലൂടെയാണ്. കർണാടക, ഹിന്ദുസ്ഥാനി സംഗീതങ്ങൾ തമ്മിലുള്ള ബന്ധത്തെ കുറിച്ചും നവനീതിന് വ്യക്തമായ അറിവുണ്ട്. “കർണാടക സംഗീതത്തിലെ മോഹനം, ഹിന്ദുസ്ഥാനിയിലെ ഭൂപാലി എന്നിവ പോലെ. അല്ലെങ്കിൽ കർണാടകത്തിലെ മായാമാളവഗൗളയും ഹിന്ദുസ്ഥാനിയിലെ ഭൈരവും പോലെ (അവയാണ് ആദ്യം മനസ്സിൽ വരുന്നത്) കർണാടകത്തിന് ധാരാളം ഗമകങ്ങൾ ഉണ്ട്. ഹിന്ദുസ്ഥാനിയിൽ എല്ലാം ‘ബന്ദിഷുകളും’ രാഗങ്ങളും വഴിയാണ്. ഹിന്ദുസ്ഥാനിയിലെ മൽക്കോനുകൾ കർണാടകത്തിലെ ഹിന്ദോളത്തിന് സമാനമാണ്, പക്ഷേ അവ പല വിധത്തിലും വ്യത്യസ്തമാണ്. പുതിയ സംഗീതത്തെക്കുറിച്ച് അറിയുന്നത് എപ്പോഴും രസകരമാണ്, ” നവനീത് പറയുന്നു.

ഫീനിക്സിൽ ആമസോണിൽ ജോലി ചെയ്യുകയാണ് നവനീതിന്റെ പിതാവും കണ്ണൂർ സ്വദേശിയുമായ ഉണ്ണി വടക്കൻ. മകന്റെ സംഗീത പ്രതിഭയെക്കുറിച്ച് നേരത്തേ തന്നെ അറിഞ്ഞിരുന്നുവെന്നും രണ്ട് വയസ്സുള്ളപ്പോൾ മുതൽ മകൻ പാട്ട് പാടാൻ തുടങ്ങിയിരുന്നെന്നും ഉണ്ണി വടക്കൻ പറയുന്നു.

“ഒൻപത് വയസ്സുള്ളപ്പോൾ അവൻ കേരളത്തിലെ സംഗീതജ്ഞരെക്കുറിച്ച് സംസാരിക്കുന്ന വീഡിയോകളുണ്ട്. ആ പ്രായത്തിലുള്ള ഒരു കുട്ടിക്കും, കേരളത്തിലായാലും യുഎസിലായാലും, അത്തരം പാട്ടുകളുടെ വിശദാംശങ്ങൾ അറിയാനാവുമെന്ന് ഞാൻ കരുതുന്നില്ല, ഉദാഹരണത്തിന്, അതിന്റെ ഗാനരചയിതാവ്, സംഗീതസംവിധായകൻ, ഗായകൻ, സിനിമയുടെ പേര് എല്ലാം കൃത്യമായി അവൻ പറയുമായിരുന്നു. സംഗീതത്തെക്കുറിച്ച് അറിയാൻ ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്, പക്ഷേ അവർക്ക് എല്ലായ്പ്പോഴും ശരിയായ വിവരങ്ങൾ ലഭിക്കുന്നില്ല. അവൻ എന്നോട് സംസാരിച്ചുകൊണ്ടിരുന്ന ഈ കാര്യങ്ങളെല്ലാം എനിക്ക് പുതിയ വിവരമായിരുന്നു. അതിനാൽ സംഗീത പ്രേമികൾക്ക് അത്തരം വിവരങ്ങളും അവന്റെ ആലാപനവും ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതി,” ഉണ്ണി വടക്കൻ പറഞ്ഞു.

വീഡിയോകൾ‌ കൂടുതൽ‌ ശ്രദ്ധ ആകർഷിക്കാൻ‌ തുടങ്ങിയതോടെ നിരവധി പേരാണ് നവനീതിനെ പ്രശംസിച്ചു സന്ദേശങ്ങൾ അയക്കുന്നത്. അക്കൂട്ടത്തിൽ നവനീത് ഏറെ വിലമതിക്കുന്നൊരു സന്ദേശം, അന്തരിച്ച ദേവരാജൻ മാസ്റ്ററുടെ ഭാര്യ ലീലാമണിയുടേതാണ്. നവനീതിന് നന്മ ആശംസിച്ചുകൊണ്ടായിരുന്നു ആ സന്ദേശം.

Read more: കാന്‍സര്‍ ചേച്ചിയെ കൊണ്ട് പോയി, പക്ഷേ അവര്‍ കണ്ട സ്വപ്നങ്ങള്‍ എനിക്ക് കൂട്ടുവന്നു: രാഹുല്‍ രാജ്

Stay updated with the latest news headlines and all the latest Music news download Indian Express Malayalam App.

Web Title: Kerala music devarajan master navaneeth unnikrishnan