തമ്മിൽ കാണാതെ; ക്ലബ് ഹൗസിൽ പിറന്ന പാട്ട്

കെട്ടക്കാലത്തെ പോസിറ്റീവ് ആക്കിയ ഒരു കൂട്ടായ്മയുടെ കഥ

Clubhouse, Kaanaathe song, Maala Parvathy, ക്ലബ് ഹൗസ്, മാലാ പാർവതി, കാണാതെ

സംവാദങ്ങളും സൗഹൃദകൂട്ടായ്മകളുമൊക്കെയായി മാസങ്ങളായി മലയാളികളുടെ ക്ലബ്ബ് ഹൗസിൽ ചർച്ചകൾ സജീവമാണ്. ഇപ്പോഴിതാ, ക്ലബ് ഹൗസ് മുറികളിൽ നിന്നും ഒരു ആൽബം തന്നെ പുറത്തിറങ്ങിയിരിക്കുകയാണ്. കെട്ടക്കാലത്തെ പോസിറ്റീവ് ആക്കിയ ഒരു കൂട്ടായ്മയുടെ കഥ കൂടി പറയാനുണ്ട് ഈ ആൽബത്തിന്.

കഴിഞ്ഞ മൂന്നുമാസത്തോളമായി വളരെ സജീവമായി മുന്നോട്ടുപോവുന്ന ‘പാതിരപ്പാട്ട്’ എന്ന ക്ലബ്ബ് ഹൗസ് കൂട്ടായ്മയിൽ നിന്നുമാണ് ഈ ആൽബത്തിന്റെ പിറവി. സംഗീതമിഷ്ടപ്പെടുന്ന ഒരുപറ്റം പേർ നിത്യേന ഒത്തുച്ചേർന്ന് പാട്ടും പാട്ടുവിശേഷങ്ങളുമൊക്കെ ചർച്ച ചെയ്യുന്ന ഒരിടമാണ് പാതിരാപ്പട്ട് എന്ന ക്ലബ്ബ് ഹൗസ് വേദി. പാട്ടുകാരും സംഗീതസംവിധായകരും ഗാനരചയിതാക്കളുമൊക്കെയായി നിരവധി പ്രതിഭകൾ ഇവിടെയുണ്ട്. പതിവു കൂട്ടുകൂടലിന് ഇടയിൽ നടിയും സാമൂഹിക പ്രവർത്തകയുമായ മാലാ പാർവ്വതിയാണ് ‘പാതിരാപ്പാട്ട്’ ക്ലബ്ബിലെ അംഗങ്ങൾക്കുമുന്നിൽ വേറിട്ട ഈ ആശയം മുന്നോട്ട് വച്ചത്. പാതിരാപ്പാട്ടിലെ അംഗങ്ങൾ തന്നെ രചിച്ച്, സംഗീതസംവിധാനം നിർവ്വഹിച്ച് ഒരു പാട്ട് ഇതേ പ്ലാറ്റ്ഫോമിൽ കൂടി തന്നെ റിലീസ് ചെയ്താലോ? വേറിട്ട ആ ആശയം മറ്റുള്ളവരും ഏറ്റെടുത്തതോടെയാണ് ‘കാണാതെ’ എന്ന ഗാനത്തിന്റെ പിറവി.

ക്ലബ് ഹൗസിലൂടെ പരിചയപ്പെട്ട, ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഷിൻസി നോബിളും സജീവ് സ്റ്റാൻലിയും ചേർന്നാണ് ഈ ഗാനം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഷിൻസിയുടെ വരികൾക്ക് ഈണം നൽകി ഈ ഗാനം ആലപിച്ചിരിക്കുന്നത് സജീവ് സ്റ്റാൻലി തന്നെയാണ്. പ്രശസ്ത സംഗീതജ്ഞരായ ശ്രീനിവാസ്, പാലക്കാട് ശ്രീറാം, ഹരീഷ് ശിവരാമകൃഷ്ണൻ, പ്രദീപ് സോമസുന്ദരം, വീത്ത് രാഗ് എന്നിവരുടെ സാന്നിധ്യത്തിൽ ജൂലൈ 24നായിരുന്നു ക്ലബ്ബ് ഹൗസിൽ ഗാനത്തിന്റെ പ്രകാശനം.

“ലോക്ക്ഡൗൺകാലത്ത് വലിയ രീതിയിൽ ആശ്വാസം പകർന്ന ഒരു കൂട്ടായ്മയാണ് ‘പാതിരാപ്പാട്ട്’. മാലാ പാർവ്വതി ചേച്ചി ഇത്തരത്തിൽ ഒരു ഐഡിയ മുന്നോട്ടുവച്ചപ്പോൾ ഒന്നു ശ്രമിച്ചുനോക്കാം എന്നു തോന്നി. ഇപ്പോൾ പാട്ടിനു ലഭിച്ച പ്രതികരണങ്ങൾ ഏറെ സന്തോഷം നൽകുന്നവയാണ്,” ഗായകനും സംഗീതസംവിധായകനുമായ സജീവ് സ്റ്റാൻലി പറയുന്നു. ‘ബേബി സാം’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയതും സജീവ് ആയിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ‘ബേബി സാം’ എന്ന ചിത്രത്തിലൂടെ സിനിമാ സംഗീതലോകത്തേക്ക് പ്രവേശിക്കാനിരിക്കുമ്പോഴാണ് കൊറോണ വീണ്ടും പിടിമുറുക്കുകയും ലോക്ക്ഡൗൺ വന്ന് കരിയർ സ്വപ്നങ്ങൾ അനിശ്ചിതത്വത്തിലാവുകയും ചെയ്തതെന്നും സജീവ് പറയുന്നു. അതിനിടയിലും വളരെ പോസിറ്റീവ് ആയി മനസ്സിനെ സ്വാധീനിക്കാൻ പാതിരാപ്പാട്ട് കൂട്ടായ്മയ്ക്കും ‘കാണാതെ’ എന്ന പാട്ടിനും കഴിഞ്ഞുവെന്ന സന്തോഷത്തിലാണ് സജീവ്.

മുൻപ്, ‘അമ്മമരത്തണലിൽ’ എന്ന ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയ വ്യക്തിയാണ് ഷിൻസി. ” അമ്മമരത്തണലിൽ ഞാനെഴുതിയ നാവൂറ് പാട്ട് എന്ന് പാട്ട് മാലാ പാർവതി ചേച്ചി ശ്രദ്ധിച്ചിരുന്നു. ചേച്ചിയ്ക്ക് ഏറെ ഇഷ്ടമാണ് ആ പാട്ട്. ക്ലബ്ബ് ഹൗസ് ചർച്ചയ്ക്കിടയിൽ ഇത്തരമൊരു ആശയം ഉയർന്നുവന്നപ്പോൾ എഴുതാൻ പ്രേരിപ്പിച്ചതും ചേച്ചിയായിരുന്നു,” ‘കാണാതെ’ എന്ന ഗാനത്തിന്റെ രചയിതാവ് ഷിൻസി പറയുന്നു.

“പരസ്പരം കാണാതെ ശബ്ദത്തിലൂടെ തിരിച്ചറിയുന്നവരാണ് ‘പാതിരാപ്പാട്ടി’ലെ അംഗങ്ങളേറെയും. കാണാതെ എന്നു തുടങ്ങുന്ന വരികൾ എഴുതുമ്പോഴും ക്ലബ് ഹൗസിന്റെ ഈ ആശയമാണ് മനസ്സിലേക്ക് വന്നത്,” ഷിൻസി കൂട്ടിച്ചേർക്കുന്നു. പാട്ടിന്റെ റിലീസിന് സാക്ഷിയായ ശ്രീനിവാസ് പുതിയൊരു പാട്ടെഴുതാൻ അവസരം നൽകിയ സന്തോഷവും ഷിൻസി പങ്കുവച്ചു. “കാണാതെ എന്ന പാട്ട് ഞങ്ങൾ ക്ലബ്ബ്ഹൌസിലൂടെ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് പുതിയ പാട്ടിന് വരികൾ എഴുതാമോ എന്ന് ശ്രീനിവാസ് സാർ ചോദിക്കുന്നത്. ആ പ്രോഗാമിന്റെ ഹൈലൈറ്റ് എന്നു പറയാവുന്ന, ഏവർക്കും സന്തോഷം തന്നൊരു നിമിഷമായിരുന്നു അത്.”

Read more: രാഷ്ട്രീയം മുതൽ പൊറോട്ടയുടെ ആത്മസംഘർഷം വരെ, മലയാളികളുടെ ക്ലബ്ബ് ഹൗസ് ചർച്ചകളും ട്രോളുകളും

Get the latest Malayalam news and Music news here. You can also read all the Music news by following us on Twitter, Facebook and Telegram.

Web Title: Kaanaathe song launched live on clubhouse

Next Story
ഹിന്ദുസ്ഥാനി സംഗീതജ്ഞൻ രാജൻ മിശ്ര അന്തരിച്ചുRajan Mishra, Rajan Mishra passed away, Rajan Mishra died, Rajan Mishra dead, Rajan Mishra age, Classical singer Rajan Mishra died, Rajan Mishra news, രാജൻ മിശ്ര, രാജൻ മിശ്ര അന്തരിച്ചു, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com