“ഓം ഹരി ശ്രീ ഗണപതയെ നമഃ
അവിഘ്നമസ്തു
ശ്രീ ഗുരവേ നമഃ
ശ്രീ സരസ്വതി സഹായം”
എന്റെ കൈ പിടിച്ചു അരിയിൽ എഴുതിക്കുന്ന ഈ മന്ത്രങ്ങൾ, പിന്നീട് അച്ഛനും അമ്മൂമ്മയ്ക്കും വെറ്റയും പാക്കും ദക്ഷിണയായി സമർപ്പിച്ച് അവരുടെ അനുഗ്രഹവും വാങ്ങി പഠിച്ച ആദ്യ പാഠങ്ങൾ, എല്ലാം ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഓർമകളാണ്. ഈ ശുഭ മുഹൂർത്തത്തിന്റെ പ്രാധാന്യം അറിയുന്നതിനും മുമ്പുള്ള ഓർമ്മകളാണിവ. വിദ്യാരംഭത്തെ കുറിച്ചുള്ള ആദ്യ ഓർമ്മകൾ ഇതൊക്കെയാണ്.
രാവിലെ ഉണരുന്ന നിമിഷം മുതൽ കാതുകളിലും കണ്ണിലും തങ്ങി നിൽക്കുന്ന സംഗീതം. അതല്ലാതെ മറ്റൊരു ജീവിത ചര്യ ഉണ്ടായിരുന്നില്ല.
ഒരു സംഗീത കുടുംബത്തിൽ ജനിച്ചു എന്നത് എന്റെ ഏറ്റവും വല്യ ഭാഗ്യങ്ങളിൽ ഒന്നായി കരുതുന്നു. സ്വാഭാവികമായും ആദ്യ ഗുരു അച്ഛൻ ശ്രീ ആലപ്പുഴ ശ്രീകുമാർ തന്നെ ആയിരുന്നു. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഗുരുവായിരുന്നു അദ്ദേഹം. സ്വന്തം കാര്യങ്ങളും, സംഗീതവും മാറ്റി വെച്ച് തന്റെ ശിഷ്യർക്ക് വേണ്ടി സമയം ചിലവഴിക്കുന്ന അച്ഛനെ കണ്ടാണ് ഞാൻ വളർന്നത്. അച്ഛന്റെ ശിക്ഷണത്തിൽ പഠിച്ച് അരങ്ങേറ്റം കഴിയുന്ന കുട്ടികളാണെങ്കിലും തുടർന്നും അവരുടെ സംഗീത യാത്രയിൽ അച്ഛൻ ഒരു നിറസാന്നിധ്യം ആയിരുന്നു. അവരുടെ തുടർന്നുള്ള വളർച്ച നിരീക്ഷിക്കുകയും അതത് ഘട്ടത്തിൽ വേണ്ട അറിവ് പകർന്നു കൊടുക്കാനും മനസ്സു കാണിക്കുന്ന വ്യക്തിയ്ക്ക് മാത്രമേ ഉത്തമനായ ഒരു ഗുരു ആകാൻ സാധിക്കുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു.

ഇത് ആവോളം ഞാൻ അച്ഛനിൽ കണ്ടിട്ടുണ്ട്. ഒരുപക്ഷേ അങ്ങനെയൊരു അച്ഛൻ ഗുരു സ്ഥാനത്തുള്ളത് കൊണ്ടാവും എനിക്കും ഇത്തരത്തിൽ സംഗീതം ഉൾക്കൊള്ളാൻ കഴിഞ്ഞത്. വീട്ടിൽ അച്ഛനും അമ്മ കമല ലക്ഷ്മിയും അമ്മൂമ്മ ഡോ. ഓമനക്കുട്ടി ഒക്കെ സംഗീതജ്ഞർ, അത്കൊണ്ട് തന്നെ ഒരു സംശയമോ, കൗതുകമോ ഉണ്ടെങ്കിൽ അത് ദൂരീകരിക്കാൻ പുറത്തെവിടെയും പോകേണ്ട ആവശ്യം ഇല്ലായിരുന്നു. മാത്രമല്ല ഒരു സംഗീത കുടുംബത്തിന്റെ ഭാഗം ആയതു കൊണ്ട് തന്നെ പ്രഗത്ഭരായ ഒരുപാട് സംഗീതജ്ഞരുമായി ഇടപെഴകാൻ അവസരവും ലഭിച്ചു എന്നതും മറ്റൊരു ഭാഗ്യം.
ഒരു ഗുരു എന്ന നിലയിലും ഒരു സംഗീതജ്ഞനെന്ന നിലയിലും അച്ഛനിൽ ഞാൻ ഏറെ ബഹുമാനിക്കുന്ന, എനിക്ക് പ്രചോദനമായിട്ടുള്ള ഒരു കാര്യമാണ് അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയും ജീവിതത്തിൽ പാലിച്ചു പോന്ന ചിട്ടയും. കച്ചേരി കഴിഞ്ഞു എത്ര വൈകി വീട്ടിൽ എത്തിയാലും , ശനി ഞായർ ദിവസങ്ങൾ ആണെങ്കിൽ രാവിലെ കൃത്യം ആറു മണിയ്ക്കു ക്ലാസുകൾ എടുത്തു തുടങ്ങും. പിന്നെ വൈകുന്നേരം ഏഴു മണി വരെ നീളും അച്ഛന്റെ ക്ലാസുകൾ. അതിൽ ഒരു വിട്ടുവീഴ്ചയും അച്ഛൻ ചെയ്തിരുന്നില്ല. സ്വാതിതിരുനാൾ കോളേജിൽ അധ്യാപകനായും പിന്നീട് പ്രിൻസിപ്പൽ ആയും പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിലും, ശിഷ്യർക്ക് വേണ്ടി നിലകൊണ്ട ഒരു ഗുരുവായിരുന്നു അച്ഛൻ.
ഡോ. കെ ഓമനകുട്ടി എന്ന എന്റെ അമ്മൂമ്മയും സംഗീത അധ്യാപികയായിരുന്നു. കാര്യവട്ടത്തെ കേരള സർവകലാശാലയുടെ സംഗീത വിഭാഗത്തിന്റെ മേധാവിയായിട്ടാണ് അവര്‍ ജോലിയിൽ നിന്നും വിരമിക്കുന്നത്. സംഗീതത്തില്‍ നിരന്തരം അപ്പ്‌ഡേറ്റഡ് ആകാൻ ശ്രദ്ധിക്കുന്ന സംഗീതജ്ഞ ആയിരുന്നു അമ്മൂമ്മ.
വീട്ടിൽ ഇരിക്കുന്ന ഒഴിവു വേളകളിലും , കൂടുതൽ പഠിക്കാനും എഴുതാനും പുതുതായി എന്ത് ചെയ്യാം എന്ന് ചിന്തിക്കാനും അമ്മൂമ്മ സമയം കണ്ടെത്തിയിരുന്നു.ഏതൊരു കലാകാരനും ഉൾക്കൊള്ളേണ്ട ഗുണങ്ങളാണത്. ഒരു സംഗീത കുടുംബത്തിൽ , ആ തണലിൽ വളരാൻ കഴിഞ്ഞു എന്നത് തന്നെയാണ് എന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ ബലവും അനുഗ്രഹവും.
Read Here: Navarathri 2019: നവരാത്രി മണ്ഡപത്തിലെ ഗാനസന്ധ്യകൾ
(As told to Sajna Sudheer)