പന്ത്രണ്ടു നിലകൾക്ക് മുകളിൽ നിന്ന് പുറത്തേക്ക് നോക്കാനാവില്ല. കത്തുന്ന വെയിലിൽ ഭൂമി തളർന്നു പോയി. ഒരു പക്ഷി പോലും മാനത്ത് പറക്കുന്നില്ല. ലോഹ തിളക്കത്തിൽ ആകാശം ചക്രവാളത്തോളം നിന്ന് ആളിത്തിളങ്ങി. ഈ ഉച്ചയിൽ ഞാൻ താങ്കളുടെ പിറന്നാളാഘോഷിക്കുകയാണ്. രണ്ടു ദിവസം മുൻപ് തുടങ്ങിയ തയ്യാറെടുപ്പാണ്. കിച്ചടിയും അവിയലും ഇഞ്ചിക്കറിയും സാമ്പാറും. പിന്നെ പായസത്തിനുപകരം ഇത്തിരി ഐസ്ക്രീം. ഈ അപാർട്ട്മെന്റിൽ ഇങ്ങനെ ഒറ്റക്ക് ഒരു പിറന്നാളാഘോഷം ആദ്യമായിട്ടാണ് കേട്ടോ അമ്മെ. ഇന്നു താങ്കളുടെ എൺപത്തിയഞ്ചാം ജൻമദിനം. കിളിയേ കിളിയേ… ആകാശ ഉയരങ്ങളിലൂടെ, ആളും വേനലിൽ കുളിരായി അമ്മയുടെ സ്വരമൊപ്പമുണ്ട്. ഡൈനിങ്‌ടേബിളിൽ ആമസോൺ മ്യൂസിക്ക് പാടിക്കൊണ്ടേയിരുന്നു.
എല്ലായിടത്തും എല്ലാ ദിവസവും കൂടെയുണ്ട് ജാനകിയമ്മ. ഓർമ്മയുള്ള കാലം മുതൽ സ്പടികത്തിളക്കുള്ള ആ സ്വരം ഹൃദയമിടിപ്പു പോലെ കൂടെ തന്നെ. കൊഞ്ചെടി കൊഞ്ചെടി വായ്ത്താരി… എൻ നെഞ്ചിലെ താളത്തിൽ… ഇതാണെന്നു തോന്നുന്നു വീണ ആദ്യമായി കൈ തൊടും മുൻപ് മൂളി നോക്കിയ പാട്ട്. ബാല്യത്തിന്റെ കിളിക്കൊഞ്ചലുകൾ വാനത്തെ ഇലത്തുമ്പിൽ തൊടീച്ച, തുമ്പിക്കും മാന്ത്രിക കുതിരക്കുമൊപ്പം കളിചിരിയിമ്പമാക്കി, തേൻ തുള്ളിയാക്കി അമ്മ. അമ്മയുടെ പാട്ടുഞ്ഞാലിൽ ഉയർന്നു പൊങ്ങി കൈനിറയെ കയ്ക്കാത്ത നെല്ലിക്ക നിറച്ചു. കിളിക്കൊഞ്ചലും കുഞ്ഞു ചിരിയും ഇത്ര ചാരുതയോടെ ആരും സംഗീതത്തിൽ ഇഴ ചേർത്തിട്ടില്ല.
എല്ലാ കാലത്തും താങ്കൾ കൂടെ കൈപിടിച്ചു നടത്തി, അമ്മ മകളെയെന്ന പോലെ. തളകൾ കൊലുസും, പാവാട സാരിയുമായി മാറും കാലത്തെല്ലാം അമ്മ കൂടെ തന്നെയുണ്ട്. അന്യ നാടുകളുടെ തണുത്തമരവിപ്പുകളിൽ, ഉഷ്ണക്കാറ്റിൽ, സ്വർണ മുകിൽ വർഷ സന്ധ്യയെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു പാട്ടുകൾ. മന്ദാരപ്പൂകൾ പോലെ വിരിഞ്ഞു ഉള്ളിലെ നിലാത്തുള്ളികൾ. മുത്തു കോർക്കും പോലെ ഓരോ സ്വരസ്ഥാനവും കോർത്തു കോർത്ത് അമ്മ പാട്ടിന്റെ അനന്ത വസന്തങ്ങൾ സൃഷ്ടിച്ചു. താമരകളും രജനീഗന്ധികളും വിരിയിച്ചു. ഒരു വാനമ്പാടി ആ പൂന്തോട്ടത്തിലൂടെ പറന്നു പോയി. അവിടെമാകെ ശ്രീരാഗം നിറഞ്ഞു.
പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും ഭസ്മക്കുറി ചാർത്തിയ ഈ ഗൗരവക്കാരിയുടെ ഉള്ളിലെ തമ്പുരു മീട്ടും. ആ സംഗീതയമുനയിൽ കാർവർണൻ അലിഞ്ഞു ചേർന്നു. വിരഹത്തിന്റെ സന്ധ്യകളെ, കാത്തിരിപ്പിന്റെ ഹൃദയമിടിപ്പുകളെ, എസ്.ജാനകിയോളം ഉള്ളിലേക്കെടുത്ത മറ്റൊരു പാട്ടുകാരിയില്ല. കാലൊച്ചകൾ കേൾക്കാൻ ചെവിയോർത്തും മഞ്ഞുമ്മ വെക്കും പൂക്കളെ തൊട്ടും ഉള്ള ഒരു കാത്തിരിപ്പുണ്ട്. അജ്‌ഞന കണ്ണെഴുതി ആലില താലി ചാർത്തി നോക്കിയിരിക്കുന്ന ഒരു സെൻഷ്യൽ അനുഭവം താങ്കളോളം ആരും പകർന്നു നൽകിയിട്ടില്ല. പ്രതീക്ഷയുള്ള കാത്തിരിപ്പാണത്. പക്ഷികളും നിറങ്ങളും മറഞ്ഞൊരു ലോകത്തെ കാത്തു നിൽപ്പ് മറ്റൊന്നാണ്. അതും അറിഞ്ഞ നാൾവഴികൾക്ക് എസ്.ജാനകിയുടെ ശബ്ദം. അലിഞ്ഞ് അലിഞ്ഞ് പോവുകയാണ് ഒരു ജൻമമാകെ തന്നെ വിരഹ കണ്ണീരിൽ. വസന്തവും വർഷവും കടന്നു പോകുമ്പോൾ ബാക്കിയാകുന്നത് വെറുമൊരോർമ്മ മാത്രം. എന്തിനെന്നറിയാത്ത, അവസാനിക്കാത്ത വിരഹത്തിനൊടുവിൽ മറഞ്ഞ പക്ഷികൾ മടങ്ങിയെത്തില്ല… എന്തിനിങ്ങനെ പാടി വിരഹത്തിന് നിതാന്ത രൂപം നൽകി ?
ജീവിതാസക്തികളുടെ, സ്നേഹസാമീപ്യങ്ങളുടെ, ചിരിപ്പൂക്കളുടെ വാനമ്പാടി കൂടിയാണ് എസ്.ജാനകി. നീലക്കൊടുവേലി പൂത്ത നീലഗിരിക്കുന്നിൻ ചരുവിൽ നമ്മൾ കൈപിടിച്ചു നടന്നപ്പോൾ ഒരു വണ്ണാത്തിപ്പുള്ള് അരികിലൂടെ പറന്നു പോയി. ഒരു കാറ്റ് അതു വഴി ആടിയും പാടിയും വന്നു. നീയൊരു പൂ നുള്ളി എനിക്കു തന്നു. നിന്റെ കൈക്കുള്ളിലെ ഊഞ്ഞാലിൽ എന്റെ സ്വപ്നങ്ങൾ ആടി ഉയർന്നു. പൊന്നും തേനും പോലെ എത്ര പാട്ടുകളാണ്!

മൗനത്തിന് ഒരു ശബ്ദമുണ്ടെങ്കിൽ അത് എസ്.ജാനകിയുടേതാണ്. കാറ്റിലും മലരിലും നിറഞ്ഞ് അനന്തതയോളം ചെന്നെത്തുന്ന മൗനം. കല്ലിനു പോലും ആ സ്വരം ചിറകു നൽകി. ഉരുകുന്ന വേനലിന്റെ തീനാളമായി സംഗീതം. പുഴയിലെ ഓളം ആ സ്വരത്തിൽ അലിഞ്ഞു, തീരം പാട്ടു കേട്ടുറങ്ങി.
താനേ തിരിഞ്ഞും മറിഞ്ഞും ഉറങ്ങാത്ത രാത്രിക്ക് കൂട്ടായി മൂളാൻ ജാനകിയുടെ പാട്ടും കാവലായി മധു മാസ ചന്ദ്രലേഖയും. മൗനത്തിന് മാത്രമല്ല തീവ്ര പ്രേമത്തിനും ഈയൊരു സ്വരം മാത്രം.
മിഴിയോരം നിറഞ്ഞൊഴുകും കണ്ണീരായും നിലാവായും കൂടെയുണ്ട് ജാനകി. താങ്കൾ മഞ്ഞിൽ വിരിഞ്ഞ പൂവും സൂര്യനെ നോക്കി നിൽക്കും സൂര്യകാന്തിയും ആകുന്നു ഒരേ സമയം. തീവ്രമായ സങ്കടവും സന്തോഷവുമാകുന്നു സ്വരങ്ങളും ഗമകങ്ങളും. തേൻ കണമാകും എരിവും പുളിയും കണ്ണീരുപ്പുമാകും. താങ്കളുടെ വിരൽതുമ്പു തൊട്ടുണർത്തിയത് എന്റെ ഹൃദയത്തിലെ വീണയെ മാത്രമല്ല ജീവിതത്തെ തന്നെയാണ്. ഓരോ ശ്വാസത്തിലും നിറഞ്ഞു നിൽക്കുന്ന മഹാസംഗീത സാന്നിധ്യത്തിന് നേരുന്നു ആയുരാരോഗ്യ സൗഖ്യം.