മൂന്നര പതിറ്റാണ്ടിലേറെയായി മലയാളികളുടെ മനസ്സിൽ അതിസുന്ദരമായൊരു വേനൽമഴ പോലെ പെയ്യുകയാണ് ജി.വേണുഗോപാൽ എന്ന ഗായകന്റെ മധുരസ്വരം. സംഗീത പ്രേമികളുടെ മനസ്സില്‍ തന്റെ മധുരഗാനങ്ങളാല്‍ മായാത്ത മുദ്ര പതിപ്പിക്കാൻ വേണുഗോപാലിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ, പതിനെട്ട് വർഷം മുൻപുള്ള ഒരു റെക്കോർഡിങ് ഓർമ പങ്കു വയ്ക്കുകയാണ് അദ്ദേഹം.
“സംഗീത സംഗമം” എന്ന ഏഷ്യാനെറ്റ് സിംഗേഴ്സ് എക്സ്ക്ലൂസീവിനു വേണ്ടി റെക്കോർഡ് ചെയ്തത്. രശ്മിയുടെ ഇഷ്ടഗാനം . ‘കളിക്കളം’ എന്ന സിനിമയിൽ ജോൺസൺ- കൈതപ്രം ടീമിന്റെ സൃഷ്ടി. 1990 ൽ കല്യാണം കഴിഞ്ഞ് അഞ്ചാം ദിവസം സഹയാത്രികയുമൊത്ത് മദ്രാസിലേക്ക് വണ്ടി കയറി. ഒരു പിടി ജോൺസൺ സിനിമാഗാനങ്ങൾ എന്നെ കാത്തിരിപ്പുണ്ടായിരുന്നു. കളിക്കളം, കൗതുക വാർത്തകൾ, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ …. അങ്ങനെ! ആദ്യം കണ്ട് കേട്ട റെക്കോർഡിങ്, “പൂത്താലം വലം കയ്യിലേന്തി വാസന്തം…..”, ഇന്നും രശ്മിയുടെ ഇഷ്ടഗാനങ്ങളിൽ മുന്നിൽ നിൽക്കുന്നു.” ജി.വേണുഗോപാൽ കുറിക്കുന്നു.
ജി.വേണുഗോപാലിനും രശ്മിക്കും അരവിന്ദ്, അനുപല്ലവി എന്നിങ്ങനെ രണ്ടു മക്കളാണുള്ളത്. അടുത്തിടെ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലെ ഒരു പാട്ട് സീനിൽ അരവിന്ദ് പാടി അഭിനയിച്ചിരുന്നു.
Read more: ഈ ഗാനത്തിൽ കൈകോർക്കുന്ന അഞ്ച് ‘കുഞ്ഞി’ സെലബ്രിറ്റികളെ മനസ്സിലായോ?
1984ൽ പുറത്തിറങ്ങിയ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലെ ഒരു ഹിന്ദി ഗാനത്തിന്റെ ഏതാനും ഭാഗങ്ങൾ പാടിക്കൊണ്ടാണ് വേണുഗോപാൽ ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് എത്തിയത്. രഘുനാഥ് പലേരിയുടെ ‘ഒന്നു മുതല്‍ പൂജ്യം വരെ‘ എന്ന ചിത്രത്തിലെ ‘പൊന്നിന്‍ തിങ്കള്‍ പോറ്റും മാനേ” “രാരി രാരിരം രാരോ” എന്ന പാട്ടുകളിലൂടെയാണ് വേണുഗോപാൽ ശ്രദ്ധ നേടി തുടങ്ങിയത്. മൂന്നാം പക്കത്തിലെ ‘ഉണരുമീ ഗാനം’, സസ്നേഹത്തിലെ ‘താനേ പൂവിട്ട മോഹം’ എന്നിവ വേണുഗോപാലിനെ കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണിഗായകനുള്ള പുരസ്കാരത്തിന് അർഹനാക്കി.
ചലച്ചിത്ര ഗാനങ്ങൾ മാത്രമല്ല നിരവധി നാടകഗാനങ്ങളും വേണുഗോപാൽ ആലപിച്ചിട്ടുണ്ട്. ഒപ്പം നിരവധി കവിതകൾക്കും അദ്ദേഹം ശബ്ദം നൽകി. ഒ.എന്‍.വി.കുറുപ്പ്, സുഗതകുമാരി, സച്ചിദാനന്ദന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, വി.മധുസൂദനന്‍ നായര്‍, എന്‍.എന്‍.കക്കാട്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ഡി.വിനയചന്ദ്രന്‍ തുടങ്ങിയ കവികളുടെയെല്ലാം കവിതകൾ വേണുഗോപാലിന്റെ മാധുര്യമേറിയ ശബ്ദത്തിൽ മലയാളികൾ കേട്ടു.
ഒന്നാം രാഗം പാടി, ചന്ദന മണിവാതില്‍ പാതി ചാരി, താനേ പൂവിട്ട മോഹം, കൈ നിറയെ വെണ്ണ തരാം, പൂത്താലം വലം കൈയ്യില്‍ തുടങ്ങിയ വന്‍ ഹിറ്റുകള്‍ ഉള്‍പ്പെടെ മുന്നൂറോളം ചലച്ചിത്ര ഗാനങ്ങളും 250 ലേറെ കാസറ്റുകളും ഇദ്ദേഹത്തിനു സ്വന്തമാണ്.