scorecardresearch

നന്മ നേരും അമ്മാ…

പി. ഭാസ്കരനാണ് ഈ പാട്ടെഴുതിയത്. ഓരോ വാക്കിലും നസ്റയേലിലെ ആ ആശാരിച്ചെറുക്കന്റെ അനാഥ സമാന ജീവിതത്തിനു വേണ്ടി ജൻമം കൊണ്ട് വേദനിച്ച് പകരം നൽകിയവളെ, മാതാ മേരിയെ നാം തൊട്ടു നിൽക്കും

നന്മ നേരും അമ്മാ…

മലയാളത്തിലെ ഏറ്റവും മികച്ച ഭക്തിഗാനങ്ങളെല്ലാം സിനിമയിലാണുണ്ടായത്. ഹൈന്ദവമായാലും ക്രിസ്തീയമായാലും ഇസ്ലാമികമായാലും ഒന്നാം കിട ഭക്തിഗാനങ്ങളെല്ലാം സിനിമ നൽകിയവയാണ്. സിനിമക്ക് പുറത്തുണ്ടായ ഭക്തിഗാനങ്ങൾക്ക് ഒരു ഗുണനിലവാരം തികയായ്കയുണ്ട്. അയ്യപ്പഭക്തിഗാനങ്ങൾ ആണ് മികച്ച ഉദാഹരണങ്ങൾ. ഒട്ടും ഭക്തിയില്ലാതിരുന്നവർ എഴുതി, അത്ര തന്നെ ഭക്തിയില്ലാത്തവർ ചിട്ടപ്പെടുത്തിയ പാട്ടുകൾ, പക്ഷേ അപ്പോഴും കാരുണ്യത്തിന്റെയും ഭക്തിയുടെയും അഗാധവഴികൾ കേഴ്വിയുടെ മുന്നിൽ വിടർന്നു വന്നു. ആ വഴിയിൽ ഒരു പാട് ക്രിസ്തീയഭക്തിഗാനങ്ങളുണ്ട്. യേശുദാസും എസ് ജാനകിയുമടക്കമുള്ള മുതിർന്ന ഗായകർ പാടി വെച്ചത്. പക്ഷേ എന്റെ എല്ലാ ഇന്ദ്രിയങ്ങളെയും ഒറ്റ ബിന്ദുവിലേക്ക് കൊണ്ടുവന്ന് കേൾവിയുടെ അവസാനാനുഭവം എന്നെന്നെക്കൊണ്ട് എന്നും പറയിപ്പിക്കുന്ന ഒരു പാട്ട് ആ ഗണത്തിലുണ്ട്, ഞാനത് ആദ്യം കേൾക്കുന്ന കാലത്ത് ഏകദേശം എന്റെ സമപ്രായക്കാരൻ സീനിൽ അഭിനയിച്ച്, ഏകദേശം എന്റെ സമപ്രായക്കാരായ രണ്ടു പെൺകുട്ടികളും എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സ് കുറവുള്ള ഒരാൺകുട്ടിയും ചേർന്ന് പാടിയ ‘നൻമ നേരും അമ്മാ, വിണ്ണിൻ രാജകന്യാ, ധന്യാ സർവ്വവന്ദ്യാ, മേരീ ലോകമാതാ’ എന്ന ‘അപരാധി’യിലെ പാട്ട് .

ആയിരത്തി തൊള്ളായിരത്തി എഴുപത്തിയേഴിലാണ് വലിയ താരനിരയോടൊപ്പമുള്ള ‘അപരാധി’യെന്ന കുറ്റാന്വേഷണ സിനിമ പുറത്തു വന്നത്. അമ്മ കൊല്ലപ്പെട്ടതോടു കൂടി അനാഥത്വം തീണ്ടിയ ഒരാൺകുട്ടിയെയും പെൺകുട്ടിയെയും നമ്മളതിൽ കാണും. അതിൽ ചെറിയവളായ പെൺകുട്ടിയെ അമ്മമാരുടെ കോൺവെൻറ്റിൽ കൊണ്ടു ചെന്നാക്കി ആ കുട്ടികൾ തമ്മിൽ പിരിയുന്ന സന്ദർഭത്തിലാണ് പാട്ട്. കോൺവെന്റ് അനാഥമന്ദിരം/സ്കൂളിലെ മോണിംഗ് അസംബ്ലി. അസംബ്ലി തുടങ്ങുമ്പോൾ കുട്ടികളെയും കൊണ്ടു ചെന്നിറങ്ങുന്ന പോലീസ് ഓഫീസറുടെ കൃത്യാന്തരങ്ങളിലേക്ക് അനാഥരുടെ ആകാശങ്ങളിൽ നിന്നെന്ന പോലെ ചോർന്നൊലിച്ചു വീഴുന്ന കോറൽ മ്യൂസിക്കാണ് ‘നൻമനേരും അമ്മ.’

 

പി. ഭാസ്കരനാണ് ഈ പാട്ടെഴുതിയത്. ഓരോ വാക്കിലും നസ്റയേലിലെ ആ ആശാരിച്ചെറുക്കന്റെ അനാഥ സമാന ജീവിതത്തിനു വേണ്ടി ജൻമം കൊണ്ട് വേദനിച്ച് പകരം നൽകിയവളെ, മാതാ മേരിയെ നാം തൊട്ടു നിൽക്കും. അതെഴുതുന്ന സമയത്ത് ഭാസ്കരൻ മാഷ് അടിമുടി ബൈബിൾ സംസ്കാരം മാത്രമാണ്. ആ പാട്ടിലെ ഓരോ വാക്കു പൊട്ടിക്കുമ്പോഴും രണ്ടായിരം വർഷങ്ങൾക്കപ്പുറത്ത് പൂത്ത കാരുണ്യത്തിന്റെ മുൾമുടിപ്പൂക്കൾ മുഴുവനും നിരാലംബന്റെ കണ്ണുനീരിനു മുന്നിൽ വിശുദ്ധപുഷ്പങ്ങൾ പോലെ പൂത്തു നിൽക്കുന്നുണ്ട്.

ഭാസ്കരൻ മാഷെഴുതിയ കാരുണ്യത്തിന്റെ ഈ മഹാഗാനം ചിട്ടപ്പെടുത്തിയത് സാക്ഷാൽ സലിൽ ചൗധരിയാണ്. ബംഗാളിയാണ് സലിൽ ചൗധരി. അൻപത്തിമൂന്നിൽ ഹിന്ദി സിനിമാ രംഗത്തു വന്ന് അൻപത്തിയെട്ടിൽ ‘മധുമതി’യോടു കൂടി ഇന്ത്യൻ ചലച്ചിത്ര സംഗീത രംഗത്ത് തരംഗമായി മാറിയ സലിൽ ചൗധരി. ആയിരത്തിതൊള്ളായിരത്തി ഇരുപത്തിരണ്ടിൽ ബംഗാളിൽ ജനിച്ച സലിൽ ചൗധരി രബീന്ദ്രസംഗീതത്തെയും അതിന്റെ ആദിമമായ തുടിപ്പുകളെയും ടാഗൂറിനു ശേഷം ഏറ്റെടുത്തു. പിന്നീട് ആ രബീന്ദ്രസംഗീതത്തെ ഇന്ത്യൻ ജനകീയസംഗീതത്തിന്റെ വഴിയിൽ പ്രയോഗിച്ചതില്‍ പ്രധാനി അദ്ദേഹമാണ്. ടാഗോറിന്റെ കാവ്യവഴികളിലൂടെ സിനിമാ പാട്ടെഴുതുമ്പോൾ പോലും അനുപദം പിൻതുടർന്നയാളാണ് പി ഭാസ്കരൻ. അതു കൊണ്ടു തന്നെ ഈ പാട്ടിൽ ഒരേ സാംസ്കാരിക വഴികളിൽ ചരിച്ചവരുടെ പരസ്പരാശ്രിതത്വത്തിന്റെ സ്വച്ഛന്ദസഞ്ചാരം അടുത്തു നിന്ന് കാണാനാവും.

Salil
സലില്‍ ചൗധരി

ഈ പാട്ട് വെസ്റ്റേൺ കോറൽ സംഗീതത്തിന്റെ വഴിയിലാണ് സലീൽ ചൗധരി സൃഷ്ടിച്ചത്. ഒരുപക്ഷേ മലയാളത്തിലെ ഏറ്റവും കൃത്യമായ കോറൽ മ്യൂസിക് ഈ പാട്ടാണെന്ന് ഇ ജയകൃഷ്ണനാണ് എനിക്ക് പറഞ്ഞു തന്നിട്ടുള്ളത്. കൃസ്തീയ ഭക്തിഗാനങ്ങളുടെ അടിസ്ഥാനം പൊതുവെ കോറൽ സംഗീതമായിരിക്കേ അതിൽ തന്നെ മെലഡിയുടെ അസാമാന്യചാരുതയെ ലയിപ്പിച്ചു ചേർക്കുന്ന ഒരു മാന്ത്രികപ്പണി സലീൽ ചൗധരി ഈ പാട്ടിൽ ചെയ്തിട്ടുണ്ട്.

പാസിംഗ് വോയ്സുകളുടെയും ആക്സിലറി വോയ്സുകളുടെയും സ്വരചേർച്ചയോടൊപ്പം മെലഡിയുടെ നിലാസ്പർശവും കോറൽ സംഗീതത്തിന്റെ അഭൗമാനുഭവവും ഒത്തു ചേരുന്ന ഒരിക്വിലിബ്രിയം പോയിന്റ് കണ്ടെത്തുകയും ആ ഇക്വിലിബ്രിയത്തിൽ ശരാശരി പന്ത്രണ്ടു വയസ്സുള്ള രണ്ടു പെൺകുട്ടികളെയും ഒരാൺകുട്ടിയെയും ലീഡ് പാടാൻ നിയോഗിക്കുകയും എത്രയോ കുട്ടികളെ ഒപ്പം കോറസായി നിയോഗിച്ചുപയോഗിക്കുകയും ഒരു ഗോഥിക് ശില്പം പോലെ ഈ സംഘഗാനത്തെ അതീന്ദ്രിയാനുഭവമാക്കുകയും ചെയ്തതാണ് സലീൽ ചൗധരിയുടെ ഇന്ദ്രജാലം.

വിശുദ്ധമായ മൗനത്തിലേക്ക് കോറൽ മ്യൂസിക്കിന്റെ ഹൃദയമായ, പിയാനോ ചിതറി വീഴുന്നു, പിന്നാലെ അതീവ താന്തമായി ‘നൻമനേരും അമ്മാ’ എന്ന കരുണാർദ്രമായ ശബ്ദം ഒഴുകിയിറങ്ങി വരുന്നു. ആദ്യത്തെ രണ്ടു വരി യോടൊപ്പം പാട്ട് കോഡു മാത്രം അനുസരിച്ചു നീങ്ങുന്നു. ആ രണ്ടു വരികൾ ആവർത്തിക്കുന്നതോടൊപ്പം അത്യധികമായ കാരുണ്യത്തോടെ,  ഏതൊക്കെയോ അശരണരായ പതിത കണ്ഠങ്ങളിൽ നിന്നെന്ന പോലെ കോറസ് ഗാനത്തിലേക്ക് ഉയർന്നു ചേരുന്നു. ആ ആവർത്തനമഴിയുമ്പോൾ സുജാതയുടെ എന്ന് വിശ്വസിക്കേണ്ടിയിരിയ്ക്കുന്നു, വിശുദ്ധം എന്നു പറയാവുന്ന ഒരു നാദം മൊത്തം കോറൽ സിംഗേർസിനും മുകളിൽ ലീഡായി സ്ഥാപിച്ചെടുക്കുപ്പെടുകയും ചെയ്യുന്നു. അതോടൊപ്പം ‘കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്റെ അംബയായ ദേവീ, മേരീ ലോകമാതാ’ എന്ന് ആ ലീഡ് ചെന്ന് ലാന്റ് ചെയ്യുന്നു.

ഏതു കോറൽ സംഗീതത്തിന്റെയും ഒരു പ്രതിസന്ധിസ്ഥാനം ഇത്തരമൊരു ലീഡിനു ശേഷം അതിനെ മറികടക്കാനാവാതെ സംഗീതം സ്റ്റെയിലായിത്തീരുന്നതാണ്. അതു വരാതിരിക്കാനായി ‘മാതാവേ, മാതാവേ മണ്ണിൻ സ്വപ്നം നീയേ, നീയല്ലോ നീയല്ലോ നിത്യസ്നേഹ ധാരാ’ എന്ന് ലതാ രാജുവിനെക്കൊണ്ട്, എന്നു ഞാനനുമാനിക്കുന്നു, പാടി നിർത്തിക്കുന്നു. ആ വരികളെയും കോറസ് അനുഗമിച്ചു കഴിയുന്നു. പിന്നീടാണ് അത്ഭുതമെന്നോണം സലീൽ ചൗധരി ഈ പാട്ടിൽ പ്രയോഗിക്കാൻ അദ്ദേഹം സൂക്ഷിച്ചു വെച്ച പ്രധാന ട്രംപ്കാർഡ് എടുത്ത് പ്രയോഗിച്ചത്. അതാ ആൺകുട്ടിയുടെ ശബ്ദമാണ്. പടത്തിന്റെ സ്ക്രിപ്റ്റ് എഴുതിയ വി ടി നന്ദകുമാറിന്റെ മകൻ ശ്രീജിത് വി ടി നന്ദകുമാറെന്ന അന്നത്തെ പത്തു വയസ്സുകാരന്റെ അതീന്ദ്രിയ ശബ്ദം. നേരത്തെ പറഞ്ഞ കോറസ് പിൻവാങ്ങുന്ന ഫ്രാക്ഷൻ ഓഫ് സെക്കന്റിൽ നിത്യാകാശത്തിന്റെ നിരാമയശൂന്യതയിൽ നിന്നെന്നവണ്ണം ‘കുമ്പിൾ നീട്ടും കൈയിൽ സ്നേഹം തൂകും മാതാ, കാരുണ്യാധി നാഥാ മേരീ ലോകമാതാ’ എന്ന് ഞാനെന്റെ പ്രാണനുയിരെടുത്ത കാലം മുതൽ ഇന്നോളം വരെ കേട്ടിട്ടുള്ള ഏറ്റവും കരുണ നിറഞ്ഞു തുളുമ്പുന്ന സ്വരം വന്നു വീഴുന്നു. ഒരിക്കലും, ഒരിക്കലും കരയുകയെന്ന വൃത്തി അനുഷ്ഠിയ്ക്കാത്ത എന്റെ ആത്മത്തിന്റെ അൾത്താരയിൽ, മുൾ മുടി ചൂടി കുരിശു ചുമന്ന് ‘എന്റെ ഇച്ഛയല്ല നിന്റെയിച്ഛ പുലരട്ടെ’ എന്നു പിടഞ്ഞു വീണ ആതമ്പുരാൻറ’മ്മ’ ഒരു വലിയ കണ്ണീർത്തുള്ളിയായി, ധ്യാന ലീനയായി പിടഞ്ഞുണരുന്നു.

ഞാൻ കേട്ടിട്ടുള്ള ഏറ്റവും വലിയ, ഏറ്റവും സങ്കടഭരിതമായ, ഏറ്റവും കാരുണ്യം നിറഞ്ഞ പ്രാർത്ഥന ‘കന്യാമറിയമേ, തമ്പുരാന്റമ്മേ ‘ എന്ന നെഞ്ചു പൊട്ടിയുള്ള വിളിയാണ്. അനാഥർ, പാപികൾ, ചുങ്കക്കാർ, കുഷ്ഠരോഗികൾ, വേശ്യകൾ ജീവിതത്തിന്റെ ഓരങ്ങളിലേക്ക് ചിരന്തനമായി വലിച്ചെറിയപ്പെട്ടവർ ആയിരത്താണ്ടുകളായി ആത്മം ബലിപീഠമാക്കി സ്വയം ബലിയായിക്കൊണ്ടിരിക്കുന്നു. അവർ നിരന്തരമായി ‘കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും നീക്കേണമേ’യെന്ന് അശരണായി നെഞ്ചു പൊട്ടുന്നു.

അവൻ ഉയിർത്തെഴുന്നേൽക്കുക തന്നെ ചെയ്യും. കരപുടങ്ങളിൽ നിണമൊലിക്കുന്ന ആണിപ്പഴുതുകളും, കാരുണ്യത്തിന്റെ അഗാധനീലിമ കൊണ്ട് ആഴം കാണാതാവുന്ന അതിശാന്തമായ മിഴികളും, ഉറച്ച കാൽവെപ്പുകളുമായി, മീറും കുന്തിരക്കവും മണക്കുന്ന വഴികളിലൂടെ അവൻ വരും. അവൻ വീണ്ടും വരിക തന്നെ ചെയ്യും.

നിത്യതീവ്രമായ ഒരു കാത്തിരിപ്പാണത്. എന്റെ ആ കാത്തിരിപ്പിനെ ഇത്രയും സ്നേഹമസൃണമാക്കിയത് രണ്ടു മഹാപ്രതിഭകൾ മൂന്നു കുട്ടികളെ പൂർണ്ണമായി വിശ്വാസത്തിലെടുത്ത് കുട്ടികളെക്കൊണ്ടു തന്നെ ഏറെക്കുറെ പൂർണ്ണമായും കോറസ് പാടിച്ച് സൃഷ്ടിച്ച അത്ഭുതകരമായ ഈ സംഗീതശില്പമാണ്.

കാലത്തിനോളം വലിയ ശില്പിയില്ല. കാലം കൊത്തിയ ശില്പത്തിനു മുന്നിൽ കുനിഞ്ഞ ശിരസ്സോടെ.

ഉയിർപ്പിന്റെ നാളിന്, പുളിക്കാത്ത അപ്പത്തിന്റെ സന്ദർഭത്തിന് സ്നേഹത്തോടെ സ്വാഗതം!

Stay updated with the latest news headlines and all the latest Music news download Indian Express Malayalam App.

Web Title: Easter christian devotional song malayalam nanma nerum amma