പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന ചിത്രത്തിലെ ആദ്യഗാനം ഇന്നലെ റിലീസിനെത്തി. ‘ദർശന…’ എന്നു തുടങ്ങുന്ന ആ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. സംഗീത സംവിധായകരായ ഹിഷാം അബ്ദുൽ വഹാബും ദർശന രാജേന്ദ്രനുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
16 ലക്ഷത്തിൽ പരം ആളുകൾ ഇതിനകം ഈ പാട്ട് കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെൻഡിംഗിലും ഒന്നാമതാണ് ഈ ഗാനം. പാട്ടുസീനിലെ പ്രണവിന്റെ പ്രകടനവും ഭാവങ്ങളുമൊക്കെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. “ഈ പാട്ട് ഹിറ്റായതൊന്നും മച്ചാൻ അറിഞ്ഞിട്ടുണ്ടാകില്ല. വല്ല കാട്ടിലോ ഹിമാലയത്തിലോ ഒക്കെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടാകും,” എന്നാണ് പ്രണവിനെ കുറിച്ച് വീഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്.
‘നിനക്ക് ഇത്രയും ഗ്ലാമർ ഉണ്ടായിരുന്നോ പ്രണവേ, പ്രൊപ്പോസൽ സീനിൽ എവിടെയോ ഒരു ഗൗതം വാസുദേവമേനോൻ ടച്ച്’, ‘പണി അറിയാവുന്ന ആളുടെ കയ്യിൽ കിട്ടിയപ്പോൾ പയ്യൻ വേറെ ലെവൽ ആയി’, ‘വിനീത് കൈവെച്ച നടന്മാരൊന്നും ഇതുവരെ പാഴായി പോയിട്ടില്ല, പ്രണവും അത് പോലെ ഉയരങ്ങളിൽ എത്തട്ടെ’, ‘പ്രണവ് മോഹൻലാൽ അഭിനയിക്കുന്നതിനു പകരം ജീവിച്ചു തുടങ്ങി,’ എന്നിങ്ങനെ പോവുന്നു മറ്റു കമന്റുകൾ.
‘ഹൃദയ’ത്തിൽ എത്തി നിൽക്കുമ്പോൾ പ്രണവ് കുറേകൂടി കോൺഫിഡന്റായും ഫ്രീയായും അഭിനയിക്കുന്ന പോലെ തോന്നുന്നു എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. പ്രണവിനൊരു ബ്രേക്ക് സമ്മാനിക്കുന്ന ചിത്രമാവും ഹൃദയം എന്ന പ്രതീക്ഷയിലാണ് ആരാധകർ.
അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്‌മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിനീത് ശ്രീനിവാസൻ തന്നെയാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.
2022 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.