കോവിഡ് പോരാളികൾക്കുള്ള സ്നേഹസമർപ്പണമാണ് ഇള; ഹരിനാരായണൻ പറയുന്നു

“ഒരു വ്യക്തിയ്ക്ക് എങ്കിലും ഇതു കണ്ടിട്ട് ആരോഗ്യപ്രവർത്തകരോട് ഇത്തിരി കൂടി കരുണ ആവാം എന്നു തോന്നിയാൽ ഞങ്ങളുടെ ലക്ഷ്യം സ്വാർത്ഥകമായി.”

ila, bk harinarayanan, aparna balamurali

കോവിഡ് മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തിൽ മുന്നണി പോരാളികളായ ആരോഗ്യ പ്രവർത്തർക്ക് സ്നേഹ അഭിവാദ്യം അർപ്പിക്കുകയാണ് ‘ഇള’ എന്ന ഹ്രസ്വചിത്രം (ഫീച്ചററ്റ്). ഏറ്റവും മികച്ച ഗാനരചനക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ബി കെ ഹരിനാരായണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഷോർട്ട്ഫിലിം കൂടിയാണ് ‘ഇള’. അപർണ്ണ ബാലമുരളി, പീശപ്പിള്ളി രാജീവ്, ബിജിപാൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ഹ്രസ്വചിത്രം ഇതിനകം തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടി കഴിഞ്ഞു.

“ഇന്ത്യയിൽ ഏതാണ്ട് 1500 ഡോക്ടർമാരും 120 നഴ്സുമാരും 200 ഓളം ആരോഗ്യപ്രവർത്തകരും കോവിഡ് ബാധയെ തുടർന്ന് മരിച്ചിട്ടുണ്ട്. അവർക്കുള്ള ഒരു ട്രിബ്യൂട്ട് ആണ് ഈ ചിത്രം,” ഹരിനാരായണൻ പറയുന്നു. ‘ഇള’ എന്ന ഫീച്ചററ്റിലേക്ക് എത്തിയതിനെ കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എനിക്ക് ഉണ്ടായ വ്യക്തിപരമായ ഒരു അനുഭവത്തിൽ നിന്നുമാണ് ‘ഇള’യുടെ പിറവി. തൃശൂർ കുന്ദംകുളത്താണ് എന്റെ വീട്. കോവിഡിന്റെ രണ്ടാം തരംഗം ശക്തമായി കൊണ്ടിരുന്ന സമയത്ത് ഞാൻ കുന്ദംകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി. കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രണങ്ങൾ അവിടെയുമുണ്ട്. ഒരു നഴ്സ് വന്നു എന്നെ അകത്തേക്കു കൂട്ടി കൊണ്ടുപോയി. “ഇവിടെ കോവിഡ് പേഷ്യന്റ്സ് ഒക്കെയുണ്ടോ?” എന്നു ഞാൻ അവരോട് തിരക്കി. തൊട്ടപ്പുറത്തെ വാർഡിലുണ്ട് ചേട്ടാ എന്നു പറഞ്ഞ് അവർ ആ വശത്തേക്ക് വിരൽ ചൂണ്ടി. എന്തോ, പെട്ടെന്ന് ഞാൻ ഞെട്ടി മാറി. അതുകണ്ട് ആ നഴ്സ് എന്നോട് പറഞ്ഞു, “നിങ്ങൾക്കൊക്കെ മാറാം, വീട്ടിലേക്ക് പോവാം. പക്ഷേ ഞങ്ങൾക്ക് പേടിയുണ്ടേലും ഇതൊക്കെ ചെയ്യണമല്ലോ, പിപിഇ കിറ്റ് ഇട്ട് വിയർത്തു കുളിച്ച്, ഒന്നു വെള്ളം കുടിക്കാനോ, ബാത്ത്റൂമിൽ പോവാനോ പറ്റാതെ ഇവിടെ നിൽക്കണം. വീട്ടിൽ ചെന്നാലും ക്വാറന്റൈൻ പോലെയാണ്. ആ നഴ്സിന്റെ വാക്കുകളാണ് എന്റെ മനസ്സിൽ വിത്തുപാകിയത്,” ഹരിനാരായണൻ പറയുന്നു.

“ഇള എന്നു പറയുന്നത് ഇവിടെ ഒരാളല്ല, പലരുടെയും ജീവിതമാണ് അത്. പേരുകൾ മാത്രമേ മാറുന്നുള്ളൂ. ഒരുപാട് ഡോക്ടർമാരുടെ പ്രതിനിധിയാണ് ഇള, നൂറുശതമാനം സത്യസന്ധമായാണ് ആ കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നത്, സത്യത്തിൽ അതിൽ എന്റെ ഫിക്ഷൻ ഇല്ല. പ്രണയം, കരുണ എന്നീ ആശയത്തിൽ ഒരു പാട്ട് ചെയ്യുന്നതിനെ കുറിച്ച് സംഗീതസംവിധായകൻ മിഥുൻ ജയരാജുമായി ഞാൻ മുൻപ് ചർച്ച നടത്തിയിരുന്നു, അതിനായി വരികൾ എഴുതി കൊടുക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ഒരാശയത്തിലേക്ക് വന്നപ്പോൾ വരികൾ വീണ്ടും മാറ്റിയെഴുതി കൊടുത്തു.”

“ഒരു സ്വാതന്ത്ര്യമെടുത്താണ് ‘ഇള’യിൽ അഭിനയിക്കാമോ എന്ന് അപർണയോട് ചോദിക്കുന്നത്.​ അപർണയുടെ കുടുംബത്തെ എനിക്ക് മുൻപരിചയമുണ്ട്. കഥ കേട്ടപ്പോൾ വന്ന് രണ്ടു ദിവസം അഭിനയിക്കാൻ അപർണ തയ്യാറായി, ബിജിബാൽ ഏട്ടനും കഥ കേട്ടപ്പോൾ ഓകെ പറഞ്ഞു. സ്റ്റേറ്റ് അവാർഡൊക്കെ കിട്ടിയ പ്രശസ്ത നാടകനടനും കഥകളി നടനുമായ പീശപ്പിള്ളി രാജീവും ഉത്സാഹത്തോടെയാണ് സമ്മതം അറിയിച്ചത്,” ഹരിനാരായണൻ കൂട്ടിച്ചേർക്കുന്നു.

കുന്ദംകുളം മലങ്കര ഹോസ്പിറ്റലും വൈ എം സിയിലേയുമായിരുന്നു ഇളയുടെ ഷൂട്ടിംഗ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് ഹോസ്പിറ്റലിൽ ആയിരുന്നു ഷൂട്ടിംഗ് നടന്നത്. മെഡിക്കൽ രംഗത്തുള്ള നിരവധി പേർ നിസ്വാർത്ഥമായി തങ്ങളോട് സഹകരിച്ചുവെന്നും ഹരിനാരായണൻ പറയുന്നു.

“ഷൂട്ടിംഗ് കഴിഞ്ഞ് അപർണ പറഞ്ഞത്, പിപി കിറ്റ് ഒക്കെയിട്ടിട്ട് തലകറങ്ങുന്ന അവസ്ഥയായിരുന്നു എന്നാണ്. “രണ്ടു ദിവസം കൊണ്ട് തന്നെ എനിക്ക് വയ്യാതായി, ഇത്രയും കാലം ഓഫ് പോലുമില്ലാതെ ഇതുമിട്ട് ജോലിചെയ്യുന്നവരെ കുറിച്ച് ഓർക്കാൻ പോലും വയ്യ,” എന്നായിരുന്നു അപർണയുടെ വാക്കുകൾ. ഒരു ആരോഗ്യപ്രവർത്തകന് എങ്കിലും റിലേറ്റ് ചെയ്യാനും പ്രചോദനമാവാനും കഴിഞ്ഞാൽ, ഒരു വ്യക്തിയ്ക്ക് എങ്കിലും ഇതു കണ്ടിട്ട് ആരോഗ്യപ്രവർത്തകരോട് ഇത്തിരി കൂടി കരുണ ആവാം എന്നു തോന്നിയാൽ ഞങ്ങളുടെ ലക്ഷ്യം സ്വാർത്ഥകമായി.”

Get the latest Malayalam news and Music news here. You can also read all the Music news by following us on Twitter, Facebook and Telegram.

Web Title: B k harinarayanan interview ila aparna balamurali a musical featurette

Next Story
ഗായകനായ എന്നെ സ്റ്റേജ് പെർഫോമറാക്കിയ കൂട്ടുകാരി; റിമിയെ കുറിച്ച് വിധു പ്രതാപ്Rimi Tomy, Rimi Tomy pics, rimi tomy photos, rimi tomy videos, Vidhu Prathap, Sithara Krishnakumar, Jyotsna, rimi tomy news, rimi tomy age, rimi tomy birthday, റിമി ടോമി
The moderation of comments is automated and not cleared manually by malayalam.indianexpress.com