ഇന്ത്യക്കു അകത്തും പുറത്തുമായി ലക്ഷകണക്കിന് ആരാധകരുള്ള ബാൻഡാണ് കൊച്ചിയിൽ നിന്നുള്ള ‘വെന്‍ ചായ് മെറ്റ് ടോസ്റ്റ്.’ പ്രധാനമായും ഇംഗ്ലീഷ് വരികൾ ഉൾപ്പെടുത്തിയുള്ള ഇവരുടെ പാട്ടുകളെല്ലാം തന്നെ ലോകോത്തര നിലവാരം പുലർത്തുന്നവയാണ്. അച്യുത് ജയ്‌ഗോപാൽ, അശ്വിൻ ഗോപകുമാർ, പാലി ഫ്രാൻസിസ്, പൈ ശൈലേഷ് എന്നിവരാണ് ‘വെന്‍ ചായ് മെറ്റ് ടോസ്റ്റിന്റെ’ സംഗീതജ്ഞർ.
ഫോർട്ട് കൊച്ചിയിലെ ഒരു കഫെയിൽ നിന്ന് ആരംഭിച്ച ബാൻഡ് ഇപ്പോൾ ഫോർബ്സ് മാഗസിൻ ഇന്ത്യയുടെ ‘ഫോർബ്സ് 30 അണ്ടർ 30’ എന്ന പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് . ഇന്ത്യയിലെ കലാമേഖലകളില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ, മുപ്പതു വയസ്സിനു താഴെ പ്രായമുള്ള 30 വ്യക്തികളുടെ പട്ടികയിൽ ‘വെന്‍ ചായ് മെറ്റ് ടോസ്റ്റി’ലെ ഗിറ്റാറിസ്റ്റായ അച്യുതും, ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടി നിമിഷ സജയനും ഇടം നേടിയിട്ടുണ്ട്. പ്രശസ്തമായ ആ പട്ടികയിൽ ഇടം പിടിച്ചതിനെ കുറിച്ചും, ബാൻഡിന്‍റെ വിശേഷങ്ങളെ കുറിച്ചും അച്യുത് ഇന്ത്യൻ എക്സ്പ്രസ്സ് മലയാളവുമായി സംസാരിക്കുന്നു.

“ഫോർബ്സ് പട്ടികയിൽ ഇടം നേടുക എന്നാല്‍ തീർച്ചയായും വല്യ അംഗീകാരം തന്നെയാണ് . ഞാനും എന്‍റെ ബാൻഡ് മേറ്റ്സും സന്തോഷത്തിലാണ്. നമ്മുടെ ബാൻഡിനാണ് നോമിനേഷൻ ലഭിച്ചത്, പക്ഷേ മുപ്പത് വയസിനു താഴെയുള്ളവർക്കുള്ള പുരസ്കാരമായതിനാലും, ബാൻഡിൽ മുപ്പത് വയസിനു താഴെയുള്ളതായി ഞാൻ മാത്രമേ ഉള്ളൂ എന്നതിനാലും എന്‍റെ പേരാണ് ആ പട്ടികയിൽ വന്നതെന്ന് മാത്രം,” അച്യുത് പറയുന്നു.
‘ഡിസ്റ്പ്റ്റീവ്, ഗെയിം ചെയ്ഞ്ചർ’ എന്ന വിഭാഗത്തിലാണ് ബാൻഡിനെ പ്രതിനിധാനം ചെയ്ത അച്യുതിന്‍റെ പേര് ഉൾപെട്ടിട്ടുളളത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നാല് ലക്ഷത്തോളം ഫോളോവെർസ് ഉള്ള ‘വെന്‍ ചായ് മെറ്റ് ടോസ്റ്റിന്റെ’ വരികൾ കൂടുതലും ഇംഗ്ലീഷിലാണ്. എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള സംഗീതമായതു കൊണ്ടാവാം ഇത്തരത്തിലൊരു കാറ്റഗറിയിൽ ഉൾപ്പെടുത്താൻ കാരണം എന്ന് അച്യുത് കരുതുന്നു.
“ഇന്ത്യ പോലെയൊരു രാജ്യത്ത് പ്രാദേശിക സംഗീതവും, ബോളിവുഡ് സംഗീതവുമൊക്കെയാണ് മുഖ്യധാരയിൽ നിൽക്കുന്നത്. ബാൻഡിന്‍റെ സംഗീതത്തിന്‍റെ വരികൾ എഴുതുന്നതും, ഈണം ചിട്ടപ്പെടുത്തുന്നതും, അതിന്‍റെ വീഡിയോ ഉണ്ടാക്കുന്നതും, മാര്‍ക്കറ്റ് ചെയ്യുന്നതുമെല്ലാം നമ്മൾ തന്നെയാണ്. നമ്മുടെ ഴോനറിൽ നിന്നു കൊണ്ട് തന്നെ പല തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഉദാഹരണത്തിന് മലയാളത്തിൽ ചെയ്ത ‘നീ ആരാ’ എന്ന ട്രാക്കിൽ റോക്ക് മ്യൂസിക്കിന്റെ സ്വാധീനം കണ്ടെത്താനാകും. ഒരുപാട് പരീക്ഷണങ്ങൾക്കു മുതിരുന്നതിനേക്കാൾ നമ്മുടെ കംഫര്‍ട്ട് ഴോനറില്‍ നിന്നു കൊണ്ടുള്ള പരീക്ഷണങ്ങളിലാണ് കൂടുതൽ ശ്രദ്ധിക്കാറുള്ളത്.
പല മൂഡിലുള്ള പാട്ടുകൾ ചെയ്തിട്ടുണ്ട്. ഹിന്ദി വരികളും ഇംഗ്ലീഷും തമിഴും ഉൾപ്പെടുത്തി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ‘വെന്‍ വി ഫീൽ യങ്’ എന്ന ഏറ്റവും പുതിയ ആൽബത്തിൽ, സ്ഥിരം ഉപയോഗിക്കുന്ന അകൗസ്റ്റിക് ശബ്ദ ഘടനയിൽ നിന്നു മാറി ഒരു മോഡേൺ പോപ്പ് സൗണ്ടാണ് ഉപയോഗിച്ചിരിക്കുന്നത്. നമ്മുടെ പാട്ടുകളിൽ ഫോക്, ഇൻഡീ ഫോക് , പോപ്പ് സംഗീതത്തിന്റെയെല്ലാം സ്വാധീനം കണ്ടെത്താനാകും.”
കൊച്ചി സ്വദേശിയായ അച്യുത് ഹൈസ്‌കൂൾ വിദ്യാഭ്യാസത്തെ തുടര്‍ന്ന് ചെയ്ത മ്യൂസിക് കോഴ്സ് കഴിഞ്ഞു ബാംഗ്ലൂരില്‍ രഘു ദീക്ഷിത് എന്ന സംഗീതജ്ഞന്‍റെ ബാൻഡിൽ ‘ലീഡ് ഗിറ്റാറിസ്റ്റായി’ ചേര്‍ന്നു. സംഗീതമാണ് തന്‍റെ പാത എന്ന് ഈ ചെറുപ്പക്കാരന്‍ തിരിച്ചറിയുന്നത് അവിടെ വച്ചാണ്. ഏതാണ്ട് അതേ സമയത്തു തന്നെയാണ് ‘വെന്‍ ചായ് മെറ്റ് ടോസ്റ്റി’ലെ മറ്റംഗങ്ങളെ പരിചയപ്പെടുന്നതും, ബാൻഡ് രൂപീകരിക്കുന്നതും.
“ആദ്യത്തെ ആൽബം (EP) തന്നെ ശ്രദ്ധിക്കപ്പെട്ടത് ഞങ്ങൾക്ക് ഒരു അനുഗ്രഹമായിരുന്നു. ഞങ്ങളെ ഇന്ത്യയിലെ പ്രധാന മ്യൂസിക് ഫെസ്ടിവൽസിനു ക്ഷണിക്കാൻ തുടങ്ങുകയും ബാൻഡിന്‍റെ പ്രചാരം കൂടുകയും ചെയ്തു. അതോടു കൂടി ബാൻഡ് കൊണ്ട് തന്നെ ഞങ്ങൾക്ക് നിലനിൽക്കാൻ ആവുമെന്നുള്ള വിശ്വാസം വന്നു. ഇപ്പൊ ‘സ്പോട്ടിഫൈ’ പോലെയുള്ള പ്ലാറ്റുഫോമുകളും ഇൻഡിപെൻഡന്റ് മ്യൂസിക്കിന്‍റെ സാധ്യത തിരിച്ചറിയുകയും അത്തരം സംഗീതത്തിന് കൂടുതൽ പ്രചാരം കൊടുക്കുകയും ചെയുന്നുണ്ട്.”
ബാന്‍ഡിന്റെ ആദ്യത്തെ ആൽബം ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെ കുറിച്ചായിരുന്നു, രണ്ടാമത്തെ ആൽബം പ്രതീക്ഷയെക്കുറിച്ചും. ഏറ്റവും പുതിയ ആല്‍ബമായ ‘വെന്‍ യു ഫീൽ യങ്’ ‘പറയുന്നത് സ്നേഹത്തെ പറ്റിയും, ആകാശത്തെപറ്റിയുമൊക്കെയാണ്. മനുഷ്യ വികാരങ്ങളുമായി ബന്ധപ്പെട്ട പാട്ടുകളാണ് ‘വെന്‍ ചായ് മെറ്റ് ടോസ്റ്റി’ന്‍റെത് എന്ന് വേണമെങ്കിൽ പറയാം.
“ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ചാണ് പാട്ടുകളിലൂടെ പറയാൻ ശ്രമിക്കുന്നത്. യാത്രാനുഭവങ്ങളാവാം, പുതിയതായി പരിചയപ്പെട്ട ഒരാളുടെ ജീവിത കഥയാകാം. മുൻകൂട്ടി നിശ്ചയിച്ച ഒരു വിഷയത്തെ കുറിച്ചല്ല പലപ്പോഴും പാട്ടെഴുതുന്നത്. ചിലപ്പോള്‍ ഒരു കോറസ് ഐഡിയ ആവും ആദ്യം വരുക, അതിൽ നിന്നായിരിക്കും ബാക്കി വരികൾ എഴുതുന്നത്.
ഞങ്ങളുടെ ‘നേച്ചർ ടേപ്പ്സ്’ എന്ന സീരീസ് ഉണ്ട്. വളരെ ഓർഗാനിക് ആയ സംഗീതം, പ്രകൃതിയുടെ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ ചെയ്യുന്ന രീതിയാണ് ഇതില്‍. നമ്മുടെ പാട്ടുകൾ ഒരു അക്ക്വസ്റ്റിക് ഘടനയിൽ പ്രകൃതിയുമായി അടുത്ത് നിന്നു കൊണ്ട് പുനരാവിഷ്കരിയ്ക്കുകയാണ് ചെയ്യുന്നത് . ഇതെല്ലാം തന്നെ സിംഗിൾ ഷോട്ട് വീഡിയോസാണ്. നമ്മുടെ പാട്ടുകൾ അക്ക്വസ്റ്റിക് ആയി, വളരെ റോ ആയി പെർഫോം ചെയുന്നത് കാണാൻ ആൾക്കാർക്ക് ഇഷ്ടമായിരുന്നു. ആദ്യത്തെ ലോക്ക്‌ഡൌണ്‍ സമയത്ത്, വീടുകളിൽ കുടുങ്ങി കഴിയുന്ന അവസരത്തിലാണ് ഇങ്ങെനെയൊരു ആശയത്തിന്‍റെ പ്രസകതി കൂടുതൽ അനുഭവപ്പെട്ടത്. പ്രകൃതിയിലേക്ക് ഇറങ്ങി ചെന്ന് പെർഫോം ചെയ്യുന്നത് ഞങ്ങൾക്കും വല്യ ആശ്വാസമായിരുന്നു. ഒരു ഗാനം അത്തരത്തിൽ ചെയ്തപ്പോൾ തന്നെ ആളുകൾക്ക് അത് ഇഷ്ടപ്പെട്ടു, കൂടുതൽ പാട്ടുകൾ പുനരാവിഷ്കരിക്കാൻ പ്രചോദനമായി,’ പാട്ട് വരുന്ന വഴികളെക്കുറിച്ച് അച്യുത് വിവരിച്ചു.
എല്ലാ തരം പാട്ടുകളും കേൾക്കുകയും ആസ്വദിക്കുകയും ചെയ്യാറുള്ള അച്യുതിനു കൂടുതല്‍ ഇഷ്ടം അക്ക്വസ്റ്റിക്, ബ്ലൂസ് മൂഡിലുള്ള പാട്ടുകളാണ്. ഇഷ്ട മ്യൂസിഷ്യന്‍ ജോണ്‍ മേയർ. എ ആർ റഹ്മാനുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട് അച്യുത്. ‘ദിൽ ബേച്ചാര’ എന്ന സിനിമയിലെ ഒരു ഗാനത്തിലും ‘മിന്നി’ എന്ന സിനിമയിലെ ബാക്ഗ്രൗഡ് സ്കോറിലും അച്യുത് വര്‍ക്ക് ചെയ്തിട്ടുണ്ട്.
“ബാന്‍ഡ് അംഗങ്ങള്‍ ഒറ്റയ്ക്കും പ്രൊജക്ടുകൾ ചെയ്യാറുണ്ട്. പക്ഷേ ഞങ്ങള്‍ നാല് പേർക്കും ബാൻഡ് തന്നെയാണ് പ്രധാനം. അതു കൊണ്ടു തന്നെ, പുറത്തു നിന്നുള്ള പ്രൊജക്ടുകൾ ഏറ്റെടുക്കുമ്പോഴും, സിനിമയിൽ നിന്നുള്ള അവസരങ്ങൾ വരുമ്പോഴും, ബാൻഡിന്‍റെ പണികൾ കഴിഞ്ഞു സമയം കണ്ടെത്തുകയാണ് ചെയ്യാറ്.”