scorecardresearch

മഴ പഠിപ്പിച്ച രാഗങ്ങള്‍

അലക്സാണ്ടര്‍ ഫ്രറ്ററുടെ ‘ചേസിംഗ് ദി മണ്‍സൂണ്‍’ മഴയെ ആസ്വദിക്കാന്‍ പഠിപ്പിച്ചപ്പോള്‍ ‘മിയാ കി മല്‍ഹാര്‍’ രാഗത്തിന്‍റെ ഏറ്റക്കുറച്ചിലുകളിലൂടെ മഴയേയും അതിന്‍റെ ഭാവഭേദങ്ങളെ കണ്ടെത്താനാണ് പഠിപ്പിച്ചത്

Miyan Ki Malhar

മഴയെ, അതിന്‍റെ മുഴുവന്‍ സൗന്ദര്യത്തോടെ ആസ്വദിക്കാന്‍ പഠിപ്പിച്ച ‘ചേസിംഗ് ദി മണ്‍സൂണ്‍’ എന്ന അലക്സാണ്ടര്‍ ഫ്രറ്ററുടെ പുസ്തകം വായിക്കുന്നതിന് മുന്‍പ് തന്നെ മഴ അനുഭവിച്ചിരുന്നു. ബനാറസ്‌ ഘരാന ഗായകി രീതി പിന്തുടര്‍ന്നിരുന്ന സ്വാതി റോയുടെ ചെറിയ വീട്ടിലെ വലിയ മുറിയിലാണ് അതാദ്യം സംഭവിച്ചത്. അവിടെ വച്ചാണ് അവര്‍ പ്രപഞ്ചത്തിലെ വലിയ ‘ഡ്രാമ’കളില്‍ ഒന്നായ മഴയെ ഏഴു സ്വരങ്ങളിലൂടെ കാണിച്ചു തന്നത്. പതിമൂന്ന് വയസായ ഞാന്‍ അവര്‍ക്ക് ശിഷ്യപ്പെട്ടു തുടങ്ങിയ സമയമായിരുന്നു അത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ അവരുടെ സംഗീതത്തിലൂടെ തീവ്ര വികാരങ്ങളെ പലതിനേയും ഞാന്‍ തൊട്ടറിഞ്ഞു.

‘മാരു ബെഹാഗ്’, ‘ഭൈരവി’ എന്നിവയുടെ ഏറ്റക്കുറച്ചിലുകളില്‍ പ്രണയം പൂത്തു കൊഴിഞ്ഞു. ‘മാല്‍കൌന്‍സി’ലൂടെ ദുഃഖം ഒഴുകിയിറങ്ങി; ‘ഭൂപ്’ രാഗം അവിശ്വാസത്തിന്‍റെ പടിയ്ക്കല്‍ നിന്നും വിശ്വാസത്തിന്‍റെ വാതില്‍ക്കല്‍ വരെ എത്തിച്ചു.

ബനാറസ്‌ ഘരാനയിലേക്കുള്ള പഠനം തുടങ്ങിയ ആദ്യ ദിവസം തന്നെ (അങ്ങോട്ടുള്ള ദിവസങ്ങളില്‍ പഠനം എത്ര കഠിനമാകും എന്ന് ഒരു പിടിയുമില്ലാത്ത എന്നെ) ഗുരു ‘മിയാന്‍ കി മല്‍ഹാര്‍’ എന്ന രാഗം പഠിപ്പിച്ചു തുടങ്ങി. ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു തുടങ്ങുന്ന ഒരാള്‍ക്ക് ആദ്യ പഠിപ്പിക്കുന്ന പാഠങ്ങളില്‍ വിദൂരമായിപ്പോലും പെടില്ല താന്‍സെന്‍റെ സൃഷ്ടി എന്ന് കരുതപ്പെടുന്ന ഈ രാഗം. രണ്ടു വര്‍ഷത്തെ അഭ്യസനമെങ്കിലും വേണം അതിന്‍റെ സൂക്ഷ്‌മഭേദങ്ങളിലെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കി, മധുരോദാരമായി ആ രാഗം പാടി ഫലിപ്പിക്കാന്‍.

അമ്മയില്‍ നിന്നും, സ്കൂളിലെ സംഗീത അധ്യാപികയില്‍ നിന്നും സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ പകര്‍ന്നു കിട്ടി എന്നതൊഴിച്ചാല്‍ ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഞാന്‍ ഒരു തുടക്കക്കാരി തന്നെയായിരുന്നു. ഗുരുവിനോടുള്ള പൂര്‍ണ സമര്‍പ്പണമാണ് ഹിന്ദുസ്ഥാനി സംഗീതത്തിലെ ആദ്യ പാഠം എന്നത് കൊണ്ട് ചോദ്യങ്ങള്‍ ഒന്നും തന്നെ ചോദിച്ചില്ല.

‘സാ’ എന്ന സ്വരം (ഹിന്ദുസ്ഥാനി സംഗീതത്തിലെ ‘ബേസ്നോട്ട്’) തംപുരയുടെ മീട്ടലുകള്‍ക്കൊത്ത് പാടിയ ആദ്യ മണിക്കൂറിന് ശേഷം ‘മിയാ കി മല്‍ഹാറി’ന്‍റെ ആരോഹണ-അവരോഹണത്തിലേക്ക് കടന്നു. അതിന് തൊട്ടു മുന്‍പ്, മഴയുടെ ദൈവങ്ങളെ പ്രീതിപ്പെടുത്താനായി പാടിയ മിയാ താന്‍സെന്‍റെ കഥ ഗുരു പറഞ്ഞു തന്നു.

“എന്നിട്ട് താന്‍സെന്‍ പാടിയപ്പോള്‍ മഴ പെയ്തോ?”, ഞാന്‍ ചോദിച്ചു.

“രാഗത്തിന്‍റെ എല്ലാ ഭാവങ്ങളേയും തീവ്രമായി ഉള്‍ക്കൊണ്ട്, ഒരു സ്വരം പോലും തെറ്റാതെയാണ് അദ്ദേഹം പാടിയിരുന്നത്. അത് കൊണ്ട് എല്ലായ്പ്പോഴും മഴ പെയ്തിരുന്നു.”, കറ കളഞ്ഞ വിശ്വാസത്തോടെ ഗുരു മറുപടി പറഞ്ഞു.

‘ബിജുരി ചമ്കെ, ബര്‍സേ/മെഹെര്‍വാ, ആയി ബദരിയാ/ഗരജ് ഗരജ് മോഹേ അതാഹി ദരാവേ’ എന്ന വരികള്‍ കാറ്റില്‍ ചുഴി പോലെ പറന്ന് എനിക്ക് ചുറ്റും വന്നു നിന്നു. തത്ത പാടുന്നത് പോലെ ഞാനും ഏറ്റുപാടി. ‘മിയാ കി മല്‍ഹാറി’ന്‍റെ ആരോഹണാവരോഹണങ്ങളുടെ ആവര്‍ത്തനങ്ങള്‍ തുടരവേ ചുടു വിയര്‍പ്പാര്‍ന്ന ജൂണ്‍ മാസത്തിലെ ആ ദിവസത്തിന്‍റെ ഭാവം എന്തോ മാന്ത്രികശക്തിയാല്‍ എന്നപോലെ മാറി. ഒരു പഴയ ഫാനിന് പിടിച്ചു നിര്‍ത്താനാവാത്ത ആ ചൂടിലും ഹൃദയത്തിന്‍റെ പടി വാതിലില്‍ വന്നു മുട്ടി വിളിച്ചു മഴ.

അവരോഹണത്തില്‍ ആറു സ്വരങ്ങള്‍, ആരോഹണത്തില്‍ ഏഴ്. അവയുടെ കൂട്ടലിലും കിഴിക്കലിലും ആത്മാവില്‍ തെളിഞ്ഞ ‘മിയാ കി മല്‍ഹാര്‍’ എന്ന അത്ഭുതം.

സന്ധ്യയായപ്പോള്‍ പുറത്തു കാത്തു നിന്ന അച്ഛനോടൊപ്പം ഞാന്‍ വീട്ടിലേക്ക് മടങ്ങി. ‘മിയാ കി മല്‍ഹാര്‍’ പഠിപ്പിച്ചു എന്നറിഞ്ഞ അച്ഛന്‍ മറ്റൊരു കഥയുടെ ചുരുളഴിച്ചു. താന്‍സെനോട് അക്ബര്‍ ചക്രവര്‍ത്തി ‘ദീപക്’ എന്ന രാഗം പാടാന്‍ അവശ്യപ്പെട്ടതിന്‍റെ കഥ. നന്നായി

പാടിയാല്‍ വിളക്ക് തെളിയിക്കാന്‍ ശക്തിയുള്ള രാഗമാണ് ‘ദീപക്’. താന്‍സെന്‍ പാടിയപ്പോള്‍ വിളക്കുകള്‍ തെളിഞ്ഞു. അതിന്‍റെ ചൂടേറ്റ് ഗായകന്‍ അവശനായി.

രോഗം ശമിപ്പിക്കാന്‍ മഴ പെയ്യിക്കണം. അതിനായി പാട്ട് പാടി മഴയെത്തിക്കാന്‍ കഴിവുള്ളവരെത്തേടി അക്ബര്‍ ചക്രവര്‍ത്തി നാട് മുഴുവന്‍ ആളുകളെ അയച്ചു. ഒടുവില്‍ ഗുജറാത്തിലെ വട്നഗര്‍ എന്നയിടത്തുള്ള തന-റിരി എന്നീ സഹോദരിമാരെ കണ്ടെത്തി. പാട്ടിലൂടെ മഴ പെയ്യിച്ച അവരുടെ അടുത്തേക്ക് താന്‍സെനെ എത്തിച്ച് അസുഖം മാറ്റുകയായിരുന്നു. പിന്നീട് അക്ബര്‍ ചക്രവര്‍ത്തി ഈ സഹോദരിമാരെ തന്‍റെ രാജസഭയിലേക്ക് എത്തിക്കാന്‍ ആജ്ഞാപിച്ചു.

അവരെ അവിടെ ആസ്ഥാന ഗായികമാര്‍ ആക്കാം എന്നായിരുന്നു അക്ബര്‍ ആഗ്രഹിച്ചിരുന്നത്. കുടുംബ ദേവതയുടെ മുന്നില്‍ മാത്രമേ പാടുകയുള്ളൂ എന്ന് ശപഥം ചെയ്തിരുന്ന ആ സഹോദരിമാര്‍ അക്ബറിന്‍റെ ആജ്ഞ കേട്ട് ആത്മഹത്യ ചെയ്യുകയായിരുന്നു. വട്നഗറില്‍ ഇന്നും ഈ സഹോദരിമാരുടെ ഓര്‍മ്മയ്ക്കായി തന-റിരി സംഗീതോത്സവം നടക്കുന്നുണ്ട്.

‘മിയാ കി മല്‍ഹാര്‍’ പല ഗായകരിലൂടെ പല രൂപങ്ങള്‍, ഭാവങ്ങള്‍ പ്രാപിക്കുന്നത് കണ്ടെത്താന്‍ വീണ്ടും വര്‍ഷങ്ങളെടുത്തു. ഒരേ രാഗം പാകിസ്ഥാനി ഗായകന്‍ ഉസ്താദ് സലാമത് അലി ഖാന്‍ പാടുമ്പോഴും സത്യജിത് റേയുടെ ‘ജല്‍സാഘറി’ല്‍ കേള്‍ക്കുമ്പോഴും എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാനും. ഷാം ചൌരാസി ഘരാനയുടെ പതാകവാഹകനായ ഉസ്താദ് സലാമത് അലി ഖാന്‍ പാടിയിരുന്നത് ഇതേ രാഗത്തിലെ ‘ഗര്‍ജത് ബൂന്‍ദന്‍ ബര്‍സേ’ എന്ന ‘ബന്‍ദിഷാ’യിരുന്നു. മേവതി ഘരാനയുടെ മുഖമുദ്രയായ വളവും തിരിവുമൊക്കെ ചേര്‍ത്താണ് പണ്ഡിറ്റ്‌ ജസ്രാജ് ‘അബ് കെ ബരസ് തോഹെ ജാനേ നാ ദൂംഗി, സദാ രംഗീലെ മൊഹമ്മദ്‌ ഷാ’ എന്ന് പാടിയിരുന്നത്. ഇതേ ഗാനം കിഷോരി അമോങ്കറും പാടിയിട്ടുണ്ട്. ജയാ ബച്ചന്‍റെ ആദ്യ ചിത്രമായ ‘ഗുഡ്ഡി’യിലെ ‘ബോലേ രേ പപ്പീഹരാ’ എന്ന വാണി ജയറാം ഗാനവും ഏറെ പ്രിയപ്പെട്ടതായി.

 

ഓരോ പാട്ടും അതിലെ ഓരോ സ്വരവും ഹൃദയമിടിപ്പ് പോലെ ചേര്‍ന്നലിഞ്ഞവയാണ്. കവിത എഴുത്തിന്‍റെ പടി വാതിലില്‍ വരെ കൊണ്ടെത്തിച്ചിട്ടുണ്ട് പലതും. അലൗകികമായ മറ്റൊരു ‘മിയാ കി മല്‍ഹാര്‍’ കേട്ടത് ഉസ്താദ് വിലായത് ഖാന്‍റെയാണ്. 1980ല്‍ ചിക്കാഗോയില്‍ പാടിയത്. അത്രയും കഴിവ് തെളിഞ്ഞ ഒരു ലൈവ് പെര്‍ഫോര്‍മനസ്‌ വേറെ കാണാന്‍ പ്രയാസമാണ്. സക്കീര്‍ ഹുസൈന്‍ സംവിധാനം ചെയ്ത ‘സാസ്’ എന്ന ചിത്രത്തിലെ സുരേഷ് വാട്കര്‍ പാടിയ ‘ബാദല്‍ ഘുമട് ഭര്‍ ആയേ’ എന്ന ഗാനവും അതി മനോഹരമാണ്. യഷ്വന്ത് ദേവിന്‍റെ സംഗീത സംവിധാനത്തിലുള്ള ഈ ഗാനം സുരേഷ് വാട്കറുടെ ഏറ്റവും മികച്ച ഗാനമാണ് എന്ന് വേണമെങ്കില്‍ പറയാം, ഗാനം അധികം ശ്രദ്ധിക്കപ്പെട്ടില്ല എങ്കില്‍ കൂടി. ഓരോ തവണ അത് കേള്‍ക്കുമ്പോഴും ചെറുപ്പത്തില്‍ ഈ രാഗത്തെക്കുറിച്ച് വായിച്ചതെല്ലാം ഓര്‍മ്മ വരും.

അച്ഛന്‍ കഥ പറഞ്ഞക്കൊണ്ടിരിക്കുന്നതിന്‍റെ ഇടയില്‍ വച്ചെപ്പോഴോ ഞാന്‍ ശ്രദ്ധിച്ചു, മാനം ഇരുണ്ടു തുടങ്ങിയത്. ഇരുട്ടാവാന്‍ സമയമായിരുന്നില്ല അപ്പോള്‍. വീടെത്തിയപ്പോഴേക്കും മഴ വീണു കഴിഞ്ഞിരുന്നു. ദൂരെ ഇടി മുഴങ്ങി. വീടിന് മുന്നിലെ ഞാവല്‍ മരം അപ്രതീക്ഷിതമായി വന്ന കാറ്റില്‍ നൃത്തം വച്ചത് ഇപ്പോഴും ഓര്‍മ്മയിയുണ്ട്. ഒരു കസേരയിലിരുന്ന് ഞാന്‍ അന്ന് പഠിച്ച ‘മിയാ കി മല്‍ഹാര്‍’ പാടി, പുറത്തെ മഴ ചാറിക്കൊണ്ടേയിരുന്നു. സംഗീതത്തിനു മാത്രം പകരാന്‍ കഴിയുന്ന സന്തോഷം, സാന്ത്വനം, സംതൃപ്‌തി. അത് എന്തെന്ന് വിശദീകരിക്കാന്‍ പ്രയാസമാണ്.

 

സംഗീതം അറിയാത്തവരോട്, പാട്ട് കേള്‍ക്കാന്‍ താത്പര്യമില്ലാത്തവരോട് ഞാന്‍ എന്‍റെ ജീവിതത്തില്‍ മാജിക് കൊണ്ട് വന്ന ‘മിയാ കി മല്‍ഹാറി’ന്‍റെ ഈ കഥ എപ്പോഴും പറയും. ഒരു പതിമൂന്ന് വയസ്സുകാരി മഴയെ കണ്ടെത്തിയ കഥ. ‘മിയാ കി മല്‍ഹാര്‍’ ഉണ്ടെങ്കില്‍ മഴയെ എന്നും കൂടെ നിര്‍ത്താം എന്ന രഹസ്യം പഠിപ്പിച്ച കഥ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Music monsoon raga miyan ki malhar chasing the monsoon alexander frater