scorecardresearch
Latest News

ഇവിടെ സംഗീതം ആസ്വദിക്കപ്പെടുന്നില്ല; സംഗീത സംവിധായകന്‍ രാഹുല്‍ രാജ് പറയുന്നു

വലിയ സിനിമകളും അതിന്റെ ഒപ്പം മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന സെലിബ്രിറ്റി പവറും തന്നെയാണ് ആളുകളിലേക്കെത്തുന്നത്. അതൊരു തെറ്റല്ല…മാത്രമല്ല ഈ കാലത്തിന്റെ ശരിയുമാണ്!

ഇവിടെ സംഗീതം ആസ്വദിക്കപ്പെടുന്നില്ല; സംഗീത സംവിധായകന്‍ രാഹുല്‍ രാജ് പറയുന്നു

നടി അപര്‍ണ ഗോപിനാഥ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘ഒരു നക്ഷത്രമുള്ള ആകാശ’ത്തിലെ മിഴിയില്‍ പാതി ഞാന്‍ തരാം എന്ന ഗാനം മെയ് 11നാണ് യൂടൂബില്‍ റിലീസ് ചെയ്തത്. എന്നാല്‍ ആറ് ദിവസം പിന്നിട്ടപ്പോഴും പതിനായിരം ആളുകള്‍ പോലും ഇത് കണ്ടിട്ടില്ല എന്ന വിഷമം പങ്കുവയ്ക്കുകയാണ് സംഗീത സംവിധായകന്‍ രാഹുല്‍ രാജ്. ഇവിടെ സംഗീതം ആസ്വദിക്കപ്പെടുന്നില്ല എന്നാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

‘സത്യം സത്യമായിട്ടു പറയണമല്ലോ, 7000 വ്യൂസ് പോലും ഇല്ല. അതില്‍ നിന്ന് ഒരു കാര്യം വ്യ്കതമായി! ഇവിടെ ആക്ച്വലി സംഗീതം ആസ്വദിക്കപ്പെടുന്നില്ല. വലിയ സിനിമകളും അതിന്റെ ഒപ്പം മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന സെലിബ്രിറ്റി പവറും തന്നെയാണ് ആളുകളിലേക്കെത്തുന്നത്. അതൊരു തെറ്റല്ല…മാത്രമല്ല ഈ കാലത്തിന്റെ ശരിയുമാണ്!,’ രാഹുല്‍ രാജ് പറയുന്നു.

അതിനാല്‍ താന്‍ ഇനി ഇന്നിന്റെ ശരികളുമായി വരികയാണെന്നും നൊസ്റ്റാള്‍ജിയ മണ്ണിട്ട് കുഴിച്ച് മൂടാന്‍ തീരുമാനിച്ചെന്നും രാഹുല്‍ രാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇനിമുതല്‍ മെലഡിയുടെ മണമില്ല, മണ്ണിന്റെ ചൂരില്ല എന്നൊന്നും പറഞ്ഞ് ആരും വരരുതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ രാജിനെ പിന്തുണച്ച് ഗായിക സിതാരയും എത്തി. ഒരു ഗാനം സ്വീകരിക്കപ്പെടുന്നതില്‍ ആസ്വാദകര്‍ക്കും വലിയ ഉത്തരവാദിത്തമുണ്ടെന്ന് സിതാര പറഞ്ഞു. ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും രണ്ടാമത്തെ കാര്യമാണ്. കുറഞ്ഞ പക്ഷം അത് കേള്‍ക്കുകയെങ്കിലും വേണമെന്നും അഭി്പ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ അറിയിക്കാമെന്നും രാഹുലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ട് സിതാര പറഞ്ഞു. ഈ ഗാനം ആലപിച്ചിരിക്കുന്നത് സിതാരയാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് വരികള്‍ രചിച്ചിരിക്കുന്നത്.

നവാഗതരായ അജിത് പുല്ലേരിയും സുനീഷ് ബാബുവും സംവിധാനം ചെയ്യുന്ന ചിത്രം സാമൂഹ്യപ്രസക്തമായ വിഷയത്തിലൂന്നി കുടുംബ ബന്ധങ്ങളും കൈകാര്യം ചെയ്യുന്നു. ഉമ എന്ന സ്‌കൂള്‍ ടീച്ചറായാണ് നടി അപര്‍ണ ഗോപിനാഥ് ചിത്രത്തില്‍ വേഷമിടുന്നത്. സംവിധായകന്‍ ലാല്‍ ജോസ്, ഗണേഷ് കുമാര്‍, സേതുലക്ഷ്മി, നിഷാ സാരംഗ്, ബാലതാരം എറിക് സക്കറിയ തുടങ്ങി നിരവധിപേര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

കോളേജ് അധ്യാപകനും അവിവാഹിതനുമായ പ്രൊഫസര്‍ ജോണ്‍ പോളിന്റെയും വടക്കേ മലബാറിലെ രാവണേശ്വരം എല്‍ പി സ്‌കൂളിലെ അധ്യാപികയുമായ ഉമയുടെയും ജീവിതത്തിലൂടെ കടന്നുപോകുന്ന, വളരെയധികം സാമൂഹ്യ പ്രസക്തിയുള്ളൊരു വിഷയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത് മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു പോസ്റ്റര്‍ റിലീസ് ചെയ്തത്.

നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ സംവിധായകനാണ് രാഹുല്‍ രാജ്. മോഹന്‍ലാല്‍ നായകനായ ഛോട്ടാമുംബൈ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ സംഗീത സംവിധാന രംഗത്തേക്ക് എത്തുന്നത്. പിന്നീട് ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Music director rahul raj oru nakshathramulla akasham song facebook post