മലയാള സിനിമയിലെ പ്രമുഖ സംഗീത സംവിധായകരിലൊരാളാണ് ദീപക് ദേവ്. ‘ക്രോണിക് ബാച്ചിലർ’ എന്ന ചിത്രത്തിലൂടെയായിരുന്നു ദീപക് ദേവിന്റെ അരങ്ങേറ്റം. പിന്നീട് ‘ഉദയനാണ് താരം’, ‘നരൻ’, ‘പുതിയ മുഖം’, ‘ഉറുമി’, ‘ഹണി ബീ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേനായി മാറി. ദീപക്കിന്റെ മകൾ ദേവികയും സംഗീത ലോകത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ‘ഭാസ്കർ ദി റാസ്ക്കൽ’ എന്ന ചിത്രത്തിലൂടെയായിരുന്നു ദേവികയുടെ തുടക്കം. ദേവിക ആലപിച്ച ‘ഐ ലവ് യൂ മമ്മി’ എന്ന ഗാനം ഏറെ ശ്രദ്ധ നേടി.
സോഷ്യൽ മീഡിയയിൽ സജീവമായ ദീപക് ദേവ് മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും വളരെ രസകരമായ വീഡിയോയുമായി എത്തുകയാണ് ദീപക്. മക്കൾ ദീപക് ദേവിനു ഫെയ്സ് മാസ്ക്ക് പുരട്ടി നൽകുന്ന വീഡിയോയാണ് താരം പങ്കുവച്ചത്.
“എന്റെ മോൺസ്റ്റേഴ്സ് എന്നിൽ ചാർജെടുക്കുമ്പോൾ” എന്നാണ് വീഡിയോയ്ക്ക് താഴെ ദീപക് ദേവ് കുറിച്ചത്. ഇളയ മകൾ പല്ലവിയാണ് വീഡിയോ പകർത്തിയത്. ക്യൂട്ട് വീഡിയോ എന്നാണ് ആരാധകർ പറയുന്നത്. ആരാധകർ രസകരമായ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.
മോഹൻലാൽ ചിത്രം ‘മോൺസ്റ്ററി’ലാണ് ദീപക് ദേവ് അവസാനമായി സംഗീതം നൽകിയത്. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിതത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്.