തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ പണ്ണയപുരം എന്ന ഗ്രാമത്തില്‍ ഒരു സാധാരണ കുടുംബത്തിലായിരുന്നു ഇളയരാജയുടെ ജനനം. ജനിച്ചു വളര്‍ന്ന അന്തരീക്ഷം തന്നെ സംഗീതം നിറഞ്ഞു നിന്ന ഒരിടമായിരുന്നു. പതിനാലാം വയസില്‍ സഹോദരന്‍ നയിച്ചിരുന്ന സംഗീത സംഘത്തില്‍ ചേര്‍ന്ന രാജ ഒരു ദശാബ്ദക്കാലം മുഴുവന്‍ ദക്ഷിണേന്ത്യയിലെ വിവിധ ഇടങ്ങളില്‍ അവര്‍ക്കൊപ്പം പാടി. ഈ കാലഘട്ടത്തില്‍ തന്നെയാണ് ആദ്യമായി ഒരു പാട്ടിന് അദ്ദേഹം ഈണം നല്‍കുന്നതും. പ്രമുഖ കവി കണ്ണദാസന്‍ രചിച്ച ഒരു വിലാപകാവ്യമായിരുന്നു അത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് വേണ്ടിയാണ് ഇളയരാജ ഈ ഗാനം സമര്‍പ്പിച്ചത്.

എഴുപതുകളുടെ തുടക്കം മുതല്‍ തമിഴ് സിനിമാ രംഗത്ത് സജീവ സാന്നിദ്ധ്യമായ ഇളയരാജ ‘മണ്ണിന്‍റെ മണമുള്ള ഈണങ്ങള്‍’ കൊണ്ട് തമിഴ് സിനിമയെ സമ്പുഷ്ടമാക്കി. വേരുകളില്‍ ചവിട്ടി നിന്നു കൊണ്ട് തന്നെ പാശ്ചാത്യ സംഗീതത്തെ കൂട്ടു വിളിച്ച് ഈണങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി. അനേകം ഗായികാ-ഗായകന്മാരുടെ ശബ്ദത്തിനേയും സംവിധായകരുടെ സ്വപ്നങ്ങളേയും തന്‍റെ ഗാനങ്ങളോട് ചേര്‍ത്ത് വച്ച് അര്‍ത്ഥവത്താക്കി.

1970കളിലായിരുന്നു സിനിമയിലേക്കുള്ള ഇളയരാജയുടെ ചുവടുവയ്‌പ്. ‘അന്നക്കിളി’ എന്ന സിനിമയ്ക്കു വേണ്ടി ‘അന്നക്കിളി ഉന്നൈ തേടുതേ’ എന്ന ഗാനത്തിലൂടെ. തമിഴ്‌നാടിന്‍റെ ഉള്‍നാടന്‍ സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി ചേര്‍ത്ത് സ്വന്തമായൊരു ശൈലി ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ പാശ്ചാത്യ സംഗീതത്തില്‍ പ്രാവീണ്യമുള്ള ഗിത്താര്‍ വാദകനായിരുന്ന ഇളയരാജയ്ക്ക് നിഷ്‌പ്രയാസം കഴിഞ്ഞു. 1980കളോടെ ദക്ഷിണേന്ത്യന്‍ സംഗീതത്തിന്‍റെ മുടിചൂടാ മന്നനായി ഇളയരാജ അവരോധിക്കപ്പെട്ടു. തമിഴ്, തെലുങ്ക്, കന്നട എന്നിവയ്ക്ക് പുറമേ ഹിന്ദി സിനിമയിലും അദ്ദേഹം തന്‍റെ സ്വാധീനം അറിയിച്ചു. നാലു പതിറ്റാണ്ടുകളിലായി 950ലധികം ചിത്രങ്ങള്‍ക്കുവേണ്ടി 4500ല്‍ അധികം ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി.

ഇളയരാജയുടെ പശ്ചാത്തല സംഗീതത്തിലുള്ള പ്രാവീണ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയിലെ വികാരവിക്ഷോഭങ്ങള്‍ക്ക് കോട്ടം തട്ടാതെയുള്ള ഒരു ‘മ്യൂസിക്‌ ട്രീറ്റ്‌മെന്‍റ്’ ഇളയരാജയുടെ സവിഷേതയായിരുന്നു.

1991ൽ അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ച  ‘ദളപതി’  എന്ന തമിഴ് ചിത്രത്തിലെ  ‘രാക്കമ്മാ കയ്യെ തട്ട്’ എന്ന ഗാനം ലോകത്തിലെ ഏറ്റവും മികച്ച പത്തു ഗാനങ്ങൾക്കായി  ബിബിസി  നടത്തിയ തിരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തെത്തി. 1993ൽ ക്ലാസിക് ഗിത്താറിൽ ലണ്ടനിലെ  ട്രിനിറ്റി സ്കൂൾ ഓഫ് മ്യൂസിക്സിൽ  നിന്നും സ്വർണ്ണമെഡലോടെ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട് ഇളയരാജ.

ലണ്ടനിലെ റോയൽ ഫിൽഹാർമണിക് ഓർക്കസ്ട്രയിൽ ഒരു മുഴുനീള സിംഫണി അവതരിപ്പിക്കുന്ന ആദ്യ ഏഷ്യക്കാരൻ എന്ന ഖ്യാതിയും ഇളയരാജയ്ക്കു സ്വന്തം. 13 ദിവസം കൊണ്ടാണ് അദ്ദേഹം ഇതിനായി സിംഫണി ചിട്ടപ്പെടുത്തിയത്. ലോകത്തിൽ മറ്റാരും ഇന്നേവരെ ഈ റെക്കോർഡ് തിരുത്തിയിട്ടില്ല.

2000ൽ ഇളയരാജ സിനിമാ സംഗീതത്തിൽ നിന്നും മാറി ചില ആൽബങ്ങൾക്കും, ഭക്തി ഗാനങ്ങൾക്കും സംഗീത സംവിധാനം നിർവഹിച്ചിരുന്നു. ഇളയരാജയോടുള്ള ആദരപൂർവ്വം അദ്ദേഹത്തെ ‘ഇസൈജ്ഞാനി’ എന്ന് വിളിക്കാറുണ്ട്.

ദേശീയവും രാജ്യാന്തരവുമായ ഒരു പാട് അംഗീകാരങ്ങൾക്ക് അർഹനായിട്ടുണ്ട്  ഇളയരാജ. ‘സാഗര സംഗമം’, ‘സിന്ധുഭൈരവി’, ‘രുദ്രവീണ’ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നതിനും മലയാള ചിത്രമായ ‘പഴശിരാജ’യ്ക്ക് പശ്ചാത്തല സംഗീതം നിര്‍വഹിച്ചതിനും ഇളയരാജയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ശ്രോതാക്കളുടെ മനസ്സിന്‍റെ അംഗീകാരങ്ങളും ആവോളം നേടിയ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സംഗീതജ്ഞനായ ഇളയരാജയെ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

തമിഴരുടെ മാത്രമല്ല, മലയാളികളുടേയും നിത്യ ജീവിതത്തിന്‍റെ തന്നെ ഭാഗമായി മാറിയ സംഗീതമാണ് ഇളയരാജയുടേത്. യാത്രയിലെ ‘ഹോയ് രേ തീരേ’, മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാന്‍’, പൂമുഖപ്പടിയില്‍ നിന്നേയും കാത്ത്’ സിനിമയിലെ ‘പൂങ്കാറ്റിനോടും’, അച്ചുവിന്‍റെ അമ്മയിലെ ‘എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ’, പഴശിരാജയിലെ ‘ആദിയുഷ സന്ധ്യ പൂത്തതിവിടെ’ എന്നിങ്ങനെ നീളുന്നു ഇളയരാജയുടെ മലയാളം മാജിക്.

മലയാളത്തില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘ക്ലിന്റ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് അദ്ദേഹം അവസാനമായി സംഗീതം നല്‍കിയത്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചതും ഇളയരാജയാണ്.

നാലുപതിറ്റാണ്ടിലേറെയായി സിനിമാ സംഗീത ലോകത്ത് ഇളയരാജയുണ്ട്. സംഗീതത്തിന്‍റെ കൈപിടിച്ചായിരുന്നു ജീവിതയാത്ര. സംഗീതത്തെ സ്‌നേഹിക്കുന്ന ഓരോ മനസിലും ഇളയരാജയല്ല, അദ്ദേഹം പെരിയരാജ തന്നെയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ