മുരളി ഗോപി തിരക്കഥയെഴുതി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൂസിഫര്‍’. മോഹന്‍ലാല്‍ നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഏതാനും ദിവസങ്ങള്‍ക്കു മുമ്പേയാണ് ആരംഭിച്ചത്. എന്നാല്‍ ഷൂട്ടിങ് ആരംഭിച്ച ദിവസം മുതല്‍ സെറ്റില്‍ നിന്നും പുറത്തു വരുന്ന അനൗദ്യോഗിക ക്ലിപ്പുകളും ചിത്രങ്ങളും സിനിമയെ ദ്രോഹിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു.

സിനിമയോടുള്ള സ്‌നേഹവും പ്രതീക്ഷയുമാണ് ഇതിനു പിന്നില്‍ എന്നറിയാമെങ്കിലും ഇത് സിനിമയെ ഉപദ്രവിക്കുകയാണെന്നും ഊഹാപോഹങ്ങള്‍ പടച്ച്, അത് പറഞ്ഞു പരത്താന്‍ നോക്കുന്നത്, ഒരു കല എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണെന്നും അത് ചെയ്യുന്നവരെ ദയവുചെയ്ത് പ്രോത്സാഹിപ്പിക്കരുതെന്നും മുരളി ഗോപി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞദിവസം ചിത്രത്തെ കുറിച്ച് വിസ്മയ ശലഭങ്ങൾ എന്ന പേരിൽ മോഹൻലാൽ ബ്ലോഗ് എഴുതിയിരുന്നു. പൃഥ്വിയെ പോലെ ഏറെ തിരക്കുള്ള നടന്‍ അതെല്ലാം മാറ്റിവച്ച് സിനിമ സംവിധാനം ചെയ്യാന്‍ ഇറങ്ങിയത് തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാല്‍ പറയുന്നു. ലോകത്ത് അപൂര്‍വ്വമായിരിക്കാം ഇത്. ഈ സംവിധായകനില്‍ ഒരു നടന്‍ കൂടിയുണ്ട്. എന്നാല്‍ തന്നിലെ നടനില്‍ ഒരു സംവിധായകനില്ല. തന്റെ നടനായ സംവിധായകന് എന്താണ് ആവശ്യമെന്ന് തന്നിലെ നടനും, തന്നിലെ നടനില്‍ നിന്നും എന്താണ് എടുക്കേണ്ടത് എന്ന് നടനായ സംവിധായകനും റിയണമെന്നും ആ രസതന്ത്രത്തിലേക്ക് എത്തിയാല്‍ തങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന ചിത്രമായി ലൂസിഫര്‍ മാറിയേക്കാമെന്നും മോഹന്‍ലാല്‍ പറയുന്നു.

Read More: പൃഥ്വിരാജിന്റെ ഏട്ടന്‍

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, സംവിധായകൻ ഫാസിൽ എന്നിവരും അഭിനയിക്കുന്നുണ്ട്. ഇതിനെ ഒരു അപൂർവ്വ സംഗമം എന്നാണ് മോഹൻലാൽ വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ സംവിധാന ജോലികളിൽ തിരക്കിലായ പൃഥ്വിരാജ് അഭിനയത്തിൽ നിന്നും ചെറിയ ഇടവേളയെടുത്തേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2018ന്റെ അവസാനത്തോടെ ചിത്രീകരണം പൂർത്തിയാക്കാനാണ് പദ്ധതി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ