“ഒരു സ്ത്രീയെ നന്നായിട്ട് മനസ്സിലാക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമേ സാധിക്കൂ എന്ന വാദം തെറ്റാണ്. മാധവികുട്ടിയെ ഏറ്റവും നന്നായി മനസ്സിലാക്കിയ ആള് മാധവ ദാസാണ്,” നടന് മുരളി ഗോപി പറയുന്നു. കമല്‍ സംവിധാനം ചെയ്ത ‘ആമി’യില്‍ കേന്ദ്ര കഥാപാത്രമായ ആമി എന്ന മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവ ദാസിന്റെ കഥാപാത്രം കൈകാര്യം ചെയുന്നത് മുരളി ഗോപിയാണ്. ഫ്ലവേര്‍സ് ടി വിയിലെ ശ്രീകണ്ഠന് നായര്‍ ഷോയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സ്വപ്നാടകയെപ്പോലെ ജീവിച്ച ഒരാളാണ് മാധവിക്കുട്ടി. അവരെ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ ആര്‍ക്കെങ്കിലും സാധിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. എല്ലാവര്ക്കും അപ്രാപ്യമായ ഒരു ലോകത്ത് വിഹരിച്ചിരുന്നവരാണ് മാധവികുട്ടി. നമ്മള് കാണുന്നത് മാധവികുട്ടിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ച മാത്രമാണ്. അതിനുമപ്പുറത്തേക്ക് നീണ്ടു കിടക്കുന്ന വ്യക്തിത്വമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഈ കാര്യം മറ്റാരെക്കാളും നന്നായി മനസ്സിലാക്കിയ ഒരാളായിരുന്നു മാധവ ദാസ്.”, മുരളി കൂട്ടിച്ചേര്‍ത്തു.
“മാധവദാസിന് കമല എന്ന തന്റെ ഭാര്യയെയും മാധവികുട്ടി എന്ന എഴുത്തുകാരിയേയും മനസ്സിലായിട്ടുണ്ട്. അവര്‍ക്ക് മാധവദാസിനെ മനസ്സിലായിട്ടുണ്ടോ എന്ന് തിരിച്ചു ചോദിച്ചാല്‍ ‘ഉണ്ടാവാം’ എന്നൊരു ഉത്തരമേ തരാന്‍ സാധിക്കൂ. കാരണം മാധവദാസ്, കമല എന്നീ രണ്ടു വ്യക്തികള്‍ തമ്മില്‍ നടന്ന വൈകാരികമായ ക്രയവിക്രയം അവര്‍ക്ക് മാത്രം അറിയാവുന്ന ഒരു കാര്യമാണ്. അവരുടെ ജീവിതങ്ങളെക്കുറിച്ചുള്ള വായനയില്‍ നിന്നും നമുക്ക് മനസ്സിലാവുന്നത് മാധവികുട്ടിയ്ക്ക് മാധവദാസിനോട് മനസ്സിലാക്കലിനെക്കാളേറെ അളവറ്റ സ്നേഹമാണ് ഉണ്ടായിരുന്നത് എന്നാണ്.”, മുരളി വിവരിച്ചു.
താന്‍ ജീവിതത്തില്‍ ആദ്യമായി ചെയ്യുന്ന ഒരു ബയോപിക് ആണ് ‘ആമി’ എന്നും അത് കൊണ്ട് തന്നെ മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ ഒന്നുമില്ലാതെ ചിത്രീകരണത്തില്‍ പൂര്‍ണ്ണമായും സംവിധായകന്റെ കൈകളിലേക്ക് തന്നെ അര്‍പ്പിക്കുകയായിരുന്നു എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മഞ്ജു വാര്യര്‍ പറഞ്ഞു.
“മുരളി ഗോപി ഉള്‍പ്പെടെയുള്ളവരുടെ സഹകരണമുണ്ടായിരുന്നു മാധവികുട്ടിയാകുന്നതില്. അതിനര്‍ത്ഥം എന്റെ അഭിനയത്തില്‍ അഭിപ്രായം പറയുകയോ, ഒരു ഷോട്ട് കഴിയുമ്പോള്‍ ഇത് നന്നായി എന്ന് പറയുകയോ ചെയ്യുമെന്നല്ല. പലപ്പോഴും നിശബ്ദമായി തരുന്ന ഒരു പിന്തുണയാണ്. ഒരുമിച്ചൊരു ഫ്രെയിമില്‍ നില്ക്കുമ്പോള് പകര്‍ന്നു കിട്ടുന്ന ഒരു എനര്‍ജി തുടങ്ങിയവ.”
ഫെബ്രുവരി 9 ന് റിലീസ് ചെയ്യുന്ന ‘ആമി’യില്‍ ഇവരെക്കൂടാതെ അനൂപ് മേനോന്, ടോവിനൊ തോമസ്, ജ്യോതി കൃഷ്ണ, ബാലചന്ദ്രന് ചുള്ളിക്കാട്, വത്സലാ മേനോന് തുടങ്ങിയവരും അഭിനയിക്കുന്നു.
മാധവിക്കുട്ടിയുടെ ജീവിതത്തിന്റെ ഓരോ മുക്കും മൂലയും പകര്‍ത്താന്‍ താനീ ചിത്രത്തിലൂടെ ശ്രമിച്ചിട്ടുണ്ട് എന്ന് സംവിധായകന് കമല്‍ ഇതിനു മുന്‍പൊരു അവസരത്തില്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
“മലയാളികളുടെ ഹൃദയം കവര്‍ന്ന മാധവിക്കുട്ടിയുടെ ജീവിതം മുഴുവനായും പകര്‍ത്താന്‍ ‘ആമി’ ശ്രമിച്ചിട്ടുണ്ട്. വൃത്തിയായ മലയാളം പറയുന്ന, തനി മലയാളിയായി ജീവിച്ച നാട്ടിന് പുറത്തുകാരിയും നിഷ്കളങ്കയുമായ മാധവിക്കുട്ടി ഈ ചിത്രത്തിലുണ്ട്. അതേ സമയം തന്റെ ലൈംഗികതയെക്കുറിച്ചും ലൈംഗിക തൃഷ്ണകളെക്കുറിച്ചും യാതൊരു ഭയവുമില്ലാതെ തുറന്നു പറഞ്ഞ, പുരുഷാധിപത്യത്തെ ചോദ്യം ചെയ്ത, മലയാളിയുടെ ഇരട്ടത്താപ്പിനെയും സദാചാരത്തെയും ചോദ്യം ചെയ്ത ധീരയായ മാധവിക്കുട്ടിയും ‘ആമി’യിലുണ്ട്.”
അക്ഷരങ്ങളിലൂടെ മലയാളി അറിഞ്ഞ മാധവിക്കുട്ടിയെയാണ് താന്‍ സിനിമയില്‍ അവതരിപ്പിക്കുന്നതെന്നും കമല്‍ വ്യക്തമാക്കി. “എന്റെ കഥയിലെ മാധവിക്കുട്ടിയുടെ ജീവിതമല്ല ‘ആമി’, എന്റെ കഥ എഴുതിയ മാധവിക്കുട്ടിയുടെ ജീവിതം കൂടിയാണ്.”
ചിത്രത്തില്‍ നിന്നും വിദ്യാബാലന് പിന്മാറിയതിന്റെ കാരണമെന്തെന്ന് തനിക്കറിയില്ലെന്നും കമല്‍ പറഞ്ഞു. “താന്‍ കംഫര്‍ട്ടബിള്‍ അല്ലെന്നു മാത്രമാണ് വിദ്യ പറഞ്ഞത്. മറ്റൊന്നും അറിയില്ലെന്നായിരുന്നു” കമലിന്റെ പ്രതികരണം.
“അതേസമയം ചിത്രത്തില്‍ വിദ്യയായിരുന്നു മാധവിക്കുട്ടിയെ അവതരിപ്പിച്ചതെങ്കില്‍ ലൈംഗികത ചിത്രീകരിക്കാന്‍ തനിക്ക് കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ടായേനെ, എന്നാല്‍ കേരളത്തില്‍ മഞ്ജുവിനുള്ളത് മറ്റൊരു ഇമേജാണ്. അതുകൊണ്ട് തന്നെ പരിമിതികളുണ്ടായിരുന്നു”വെന്നാണ് താന്‍ പറഞ്ഞതെന്നും കമല്‍ വ്യക്തമാക്കി.