സമൂഹമാധ്യമങ്ങളിൽ അടുത്തിടെ ഏറെ തരംഗം സൃഷ്ടിച്ച ചലഞ്ചുകളിൽ ഒന്നായിരുന്നു 10 ഇയർ ചലഞ്ച്. പത്തുവർഷങ്ങൾ കൊണ്ട് രൂപത്തിലും ഭാവത്തിലും വന്ന പ്രകടമായ മാറ്റങ്ങൾ കാണിക്കുന്ന ചിത്രങ്ങൾ #10YearChallenge എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചലഞ്ച് ഏറെപേർ ഏറ്റെടുക്കുകയും തരംഗമാവുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതാ, തന്റെ 10 ഇയർ ചലഞ്ചുമായി എത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളിഗോപിയും. 10 വർഷങ്ങൾ കൊണ്ട് രൂപത്തിൽ വന്ന മാറ്റങ്ങളല്ല, കരിയറിൽ വന്ന മാറ്റങ്ങളും അപൂർവ്വമായൊരു സാമ്യവുമാണ് മുരളി ഗോപി എടുത്തുപറയുന്നത്.

അൽപ്പം വൈകി എന്റെ 10 ഇയർ ചലഞ്ച് എന്ന മുഖവുരയോടെ മുരളി ഗോപി ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മോഹൻലാലിനൊപ്പം നിൽക്കുന്ന രണ്ടു ചിത്രങ്ങളാണ് മുരളി ഗോപി പങ്കുവച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളും തമ്മിൽ 10 വർഷത്തെ വ്യത്യാസമുണ്ട്,​ ആദ്യചിത്രം 2009 ൽ ‘ഭ്രമരം’ സിനിമയുടെ ചിത്രീകരണ സമയത്ത് എടുത്തതാണ്. രണ്ടാമത്തേത് അടുത്തിടെ ‘ലൂസിഫറി’ന്റെ ലൊക്കേഷനിൽ വച്ച് എടുത്തതും. ‘ഭ്രമര’ത്തിലും ‘ലൂസിഫറി’ലും മോഹൻലാലിനു വേണ്ടി തിരക്കഥയൊരുക്കിയ മുരളി ഗോപി ‘ഭ്രമര’ത്തിൽ മോഹൻലാലിനൊപ്പം അഭിനയിക്കുകയും ചെയ്തിരുന്നു. ‘2004’ ലാണ് രസികൻ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കികൊണ്ടായിരുന്നു സിനിമാ ലോകത്തേക്കുള്ള മുരളി ഗോപിയുടെ കടന്നുവരവ്. മുരളി ഗോപി തിരക്കഥ എഴുതിയ രണ്ടാമത്തെ ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഭ്രമരം’.

മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഏറെക്കാലത്തിനു ശേഷം വിന്റേജ് മോഹൻലാലിനെ വളരെ സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രത്തെ മോഹൻലാലിന്റെ ആരാധകരും ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയമാണ് ചിത്രം കൈവരിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ നൂറുകോടി ക്ലബ്ബിലും ചിത്രം കയറി പറ്റുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകവും പ്രേക്ഷകരും.

Read more: ഏറെ ഇഷ്ടത്തോടെ ഹൃദയത്തോട് ചേർത്തു വച്ച പേരാണ് ‘ലൂസിഫർ’: മുരളി ഗോപി

കേരളത്തില്‍ മാത്രം 404 കേന്ദ്രങ്ങളിലാണ് ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തിയത്. 43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോര്‍ഡും ലൂസിഫര്‍ സ്വന്തമാക്കി. ബോക്സ്‍ ഓഫീസിലും ചിത്രം മികച്ച റെക്കോര്‍ഡുകൾ സ്വന്തമാക്കുകയാണ്. ഇന്ത്യയിലെ തീയേറ്ററുകളില്‍ നിന്നായി 12 കോടിയോളം രൂപ രണ്ടു ദിവസങ്ങൾ കൊണ്ട് ചിത്രം നേടിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Read more: കണ്ടതൊന്നുമല്ല, കാണാനിരിക്കുന്നതേയുള്ളൂ; പൃഥ്വിരാജിന്റെ മുന്നറിയിപ്പ്

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മോഹൻലാലിനൊപ്പം വിവേക് ഒബ്റോയ്, മഞ്ജുവാര്യർ, ടൊവിനോ തോമസ്, സായ് കുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, പൃഥിരാജ്, നൈല ഉഷ, ബൈജു, കലാഭവൻ ഷാജോൺ എന്നു തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളസിനിമ അടുത്തിടെ കണ്ട മോഹൻലാലിന്റെ മാസ്സായ പെർഫോമൻസ് തന്നെയാണ് താരത്തിന്റെ ആരാധകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നതും ചിത്രം തരംഗമാവാൻ കാരണമാകുന്നതും. ഒപ്പം പൃഥിരാജിന്റെ സംവിധാന മികവും മുരളി ഗോപിയുടെ കഥയും സുജിത്ത് വാസുദേവിന്റെ ക്യാമറയുമെല്ലാം ചേരുമ്പോൾ ഒരു മാസ് എന്റർടെയിനറായി മാറുകയാണ് ‘ലൂസിഫർ’.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ