മലയാള സിനിമയിലെ യുവനടന്മാരിൽ ഏറെ നിരൂപക പ്രശംസ നേടിയിട്ടുള്ള അഭിനേതാവാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ പുറത്തിറങ്ങിയ ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പി’ ലും ഭാസിപിള്ള എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ഷൈൻ കാഴ്ച വച്ചത്. കഴിഞ്ഞ ദിവസം മുതിർന്ന സംവിധായകൻ ഭദ്രൻ ഷൈനിന്റെ അഭിനയത്തെ പ്രകീർത്തിച്ചിരുന്നു. ഇപ്പോഴിതാ, നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഷൈനിനെ അഭിനന്ദിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
“വൈകി എന്നറിയാം. പക്ഷെ ഇപ്പോഴാണ് ഭാസിപിള്ളയെ കാണാൻ സാധിച്ചത്. ചെയ്ത കഥാപാത്രങ്ങളുടെ പേരിൽ അറിയപ്പെടാൻ സാധിക്കുക എന്നതാണ് ഒരു അഭിനേതാവിന് കിട്ടുന്ന ഏറ്റവും, അല്ലെങ്കിൽ, ഒരേയൊരു പാവന പുരസ്കാരം. ആ നിലയിൽ, ഇതിനു മുൻപും ഷൈൻ പുരസ്കൃതനാണ്. ഇത് ഒരു സ്വർണപ്പതക്കവും. ‘ഗദ്ദാമ’യിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഒപ്പം ഉണ്ടായിരുന്നവൻ എന്ന നിലയിലും, ഒരു ജ്യേഷ്ഠ സഹോദരൻ എന്ന നിലയിലും അഭിമാന നിമിഷം. ഇനിയും വലിയ ഉയർച്ചകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥന,” മുരളി ഗോപി കുറിച്ചതിങ്ങനെ.
“മണ്ണിനോട് പൊരുതുന്ന മലയാളിയുടെ ചുണ്ടിൽ പുകയുന്ന മുറിബീഡിക്ക് ഒരു ലഹരിയുണ്ട്. ഷൈൻ ടോം ചാക്കോ ചുണ്ടിൽ ബീഡിയോ സിസറോ പുകയ്ക്കുമ്പോൾ ഇവനൊരു ചുണക്കുട്ടൻ ആണല്ലോയെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്,” എന്നായിരുന്നു ഷൈനിന്റെ അഭിനയത്തെ കുറിച്ച് ഭദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
“ചലച്ചിത്ര അവാർഡ് കമ്മിറ്റിയിൽ ജൂറി ചെയർമാൻ ആയി ഇരിക്കെ, ഏറെ സിനിമകൾ കാണുകയുണ്ടായി. പലതിലും ഷൈൻ ടോം ചാക്കോയുടെ വേഷങ്ങളിൽ ഒരു താളവും പ്രസരിപ്പും അനുഭവിച്ചു. താൻ പറയേണ്ട ഡയലോഗുകൾ കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന ശരീരഭാഷയ്ക്കും അതിനോട് ചേർന്ന് നിൽക്കേണ്ട ശബ്ദക്രമീകരണവും സൃഷ്ടിക്കപ്പെടുമ്പോഴാണ്, ഒരു യഥാർത്ഥ നടൻ രൂപപ്പെടുന്നത്. ഇയാൾ ഇക്കാര്യത്തിൽ സമർത്ഥനാണ്.”
“ഏറ്റവും ഒടുവിൽ കണ്ട കുറുപ്പിലെ ഭാസിപ്പിള്ള മാത്രമായിരുന്നു പടം കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ നിന്നത്. മോനേ കുട്ടാ, നൈസർഗികമായി കിട്ടിയതൊന്നും നമ്മളായി കളയാതെ സൂക്ഷിക്കുക. ചില മുഖങ്ങൾ കാഴ്ചയിൽ സൗന്ദര്യമുള്ളതാവണമെന്നില്ല. പക്ഷേ, ആ മുഖം പല വേഷങ്ങൾക്കും ഒഴിച്ചു കൂടാൻ പറ്റാത്ത റോ മെറ്റീരിയൽ ആണെന്ന് ഓർക്കുക.” അദ്ദേഹം പറഞ്ഞു.
നവംബർ 12ന് തിയേറ്ററിൽ റിലീസ് ചെയ്ത ‘കുറുപ്പ്’ കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിലും എത്തിയിരുന്നു. ഇതോടെ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്. പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രത്തിൽ കുറുപ്പിന്റെ സുഹൃത്ത് ഭാസിപ്പിള്ള ആയാണ് ഷൈൻ എത്തുന്നത്.
ശോഭിത ധുലിപാലയാണ് ചിത്രത്തിൽ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി. ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പത്മനാഭൻ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിനുണ്ട്.