ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍. ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷം ആരാധകരും സിനിമ ലോകവും ആവേശത്തിലാണ്. ലൂസിഫറിനേക്കാള്‍ വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും എമ്പുരാന്‍ എന്ന് സംവിധായകന്‍ പൃഥ്വിരാജ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
ചിത്രവുമായി ബന്ധപ്പെട്ട മുരളി ഗോപിയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘എൽ 2: ലോഞ്ചിനു റെഡി’ എന്ന അടിക്കുറിപ്പോടെ എമ്പുരാന്റെ സ്ക്രിപ്റ്റിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മുരളി ഗോപി.
“അരാജകത്വം ഉടലെടുക്കുകയും ഇരുട്ട് വീഴുകയും ചെയ്യുമ്പോൾ ഉത്തരവുകൾ പുനർക്രമീകരിക്കാൻ അവൻ മടങ്ങും. പിശാചിന്റെ ഉത്തരവ്!,” എന്നാണ് പൃഥ്വിരാജ് കുറിക്കുന്നത്.

‘More than a King..less than a God’- രാജാവിനേക്കാൾ വലിയവനും ദൈവത്തേക്കാൾ ചെറിയവനുമായവൻ’ മറ്റൊരു രീതിയിൽ പറഞ്ഞാൽ ‘തമ്പുരാനും മുകളിലുള്ള ഒരാൾ’- ‘എമ്പുരാൻ’ ആരെന്ന ചോദ്യത്തിന് ‘ലൂസിഫർ’ ടീം നൽകിയ ഉത്തരമിതാണ്. നീണ്ട ഇരുപത്തിയാറു വർഷങ്ങൾക്ക് ശേഷമാണ് സ്റ്റീഫൻ നെടുമ്പുള്ളി തന്റെ തട്ടകത്തിൽ മടങ്ങി എത്തുന്നത്. അത്രയും കാലം അയാൾ എവിടെയായിരുന്നു? ഖുറേഷി എബ്രഹാമായുള്ള അയാളുടെ ജീവിതം എന്തായിരുന്നു? ‘ലൂസിഫർ’ കണ്ടിറങ്ങിയപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ അവശേഷിച്ച എല്ലാ ചോദ്യങ്ങൾക്കും പുകമറകൾക്കുമുള്ള ഉത്തരവുമായിട്ടാവും ‘എമ്പുരാൻ’ വരുന്നതെന്ന സൂചനകളാണ് പൃഥ്വിരാജും ടീമും തരുന്നത്.
Read more: Empuraan: എമ്പുരാൻ: വാക്കിന്റെ വകഭേദങ്ങൾ
“സീക്വല്‍ ആണെന്നുകരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുക. ആ കഥയിലേക്ക് കഥാപാത്രങ്ങൾ എങ്ങനെയെത്തി എന്നതും ചിത്രത്തിലുണ്ടാവും. അതിനൊപ്പം ലൂസിഫറിന്റെ തുടര്‍ച്ചയും ചിത്രത്തിലുണ്ടാകും,” ചിത്രം അനൗൺസ് ചെയ്തുകൊണ്ട് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഇങ്ങനെ.