/indian-express-malayalam/media/media_files/uploads/2017/10/murali-gopi-cats-horz.jpg)
വിജയ് ചിത്രം മെര്‍സലിനെതിരെ ബിജെപി രംഗത്ത് വന്നതില്‍ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത്. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഏതൊരു കലാകാരന്റെയും മൗലിക അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവർക്ക് പ്രത്യേകിച്ച് ഒരു നിറം ഉണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'ചുവപ്പണിഞ്ഞും കാവിയണിഞ്ഞും പച്ചയണിഞ്ഞും ഒക്കെ അവർ എത്തും, സൗകര്യവും അവസരവും അനുസരിച്ച്. ഇക്കൂട്ടർക്ക് പൊതുവായി ഒരു പേര് നൽകാമെങ്കിൽ ആ പേരാണ് “ഫാസിസ്റ്റ്”. അവർ നടത്തുന്ന വിധ്വംസക പ്രവർത്തനമാണ് “ഫാസിസം”. അത് മേൽപ്പറഞ്ഞ ഒരു നിറത്തിന്റെയും കുത്തകയും അല്ല', മുരളി ഗോപി വ്യക്തമാക്കി.
സിപിഎം നേതാക്കളെ രൂക്ഷമായി വിമര്‍ശിക്കുകയും വ്യക്തിപരമായി തേജോവധം ചെയ്തെന്ന ആരോപണമുയര്‍ന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനെതിരെ ചിത്രം റിലീസ് ചെയ്തപ്പോള്‍ ഇടത് സംഘടനകള്‍ രംഗത്ത് വന്നിരുന്നു. മുരളി ഗോപി തിരക്കഥ രചിച്ച ചിത്രത്തിന് അപ്രഖ്യാപിത വിലക്കുളളതായി ആരോപണവും ഉയര്‍ന്നു. സിപിഎം ആഭിമുഖ്യത്തിലുള്ള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും സിനിമയ്ക്കെതിരെ രംഗത്തു വന്നിരുന്നു.
കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍ ഒരു തിയേറ്ററിലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. കോഴിക്കോട് സര്‍ക്കാര്‍ തിയേറ്ററായ കൈരളിയിലാവട്ടെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ സിനിമ പ്രദര്‍ശിപ്പിച്ച ശേഷം നിര്‍ത്തുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി തിയേറ്റര്‍ അടച്ചിട്ടതാണു കാരണമെന്നു പറയുന്നു.
ഇതിനൊപ്പം മലപ്പുറം ജില്ലയില്‍ എടപ്പാളില്‍ ഒരു തിയേറ്ററില്‍ മാത്രമാണു ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞത്. അതേ സമയം തെക്കന്‍ ജില്ലകളില്‍ സിനിമ മികച്ച അഭിപ്രായത്തോടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.