പ്രശസ്തിയുടെയും ജീവിതവിജയത്തിന്റെയും ഉന്നതിയിൽ നിൽക്കുമ്പോൾ അപ്രതീക്ഷിതമായി വന്നെത്തുന്ന മരണത്തിന്റെ കൈപ്പിടിച്ച് ജീവിതം പാതിവഴിയിലുപേക്ഷിച്ച് മടങ്ങുന്ന പ്രതിഭകൾ എന്നും ഒരു നൊമ്പരമാണ്. മോനിഷയും കലാമണ്ഡലം ഹൈദരാലിയും ഗായിക മഞ്ജുഷ മോഹൻദാസും മുതൽ ഇങ്ങോട്ട് എത്രയെത്ര പ്രതിഭകളെയാണ് അപകടങ്ങൾ തട്ടിയെടുത്തിരിക്കുന്നത്.

മഹാനടൻ ജഗതി ശ്രീകുമാർ എന്ന അഭിനയ പ്രതിഭയുടെ നടനവിസ്മയങ്ങൾക്ക് അർദ്ധവിരാമിട്ട റോഡപകടമാണ്​​ ഏറ്റവും അവസാനം മലയാളി ഞെട്ടലോടെ കേട്ട വാർത്തകളിൽ ഒന്ന്. 2012 മാർച്ച് മാസത്തിലായിരുന്നു കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തെ അതിജീവിച്ചെങ്കിലും അഭിനയലോകത്തേക്ക് തിരിച്ചുവരാനാവാതെ സമകാലിക മലയാള സിനിമയുടെ തീരാനഷ്ടങ്ങളിൽ ഒന്നായി ജഗതി തുടരുന്നു.

കരിയറിൽ ഏറ്റവും തിരക്കുള്ള സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുക്കുന്നത്. 1992 ല്‍ ചെപ്പടി വിദ്യ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ചേര്‍ത്തലയിൽ വെച്ച് മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ച് മോനിഷ മരിക്കുന്നത്.

2006 ജനുവരി അഞ്ചിന് തൃശ്ശൂർ-ഷൊർണൂർ റോഡിലുണ്ടായ ഒരു വാഹനാപകടത്തിലാണ് കലാമണ്ഡലം ഹൈദരാലി അന്തരിക്കുന്നത്. ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനായി തന്റെ പൂർവ്വകലാലയത്തിലേയ്ക്ക് പോകുമ്പോഴാണ് ഹൈദരാലി ഓടിച്ചിരുന്ന കാർ തൃശൂരിലെ മുള്ളൂർക്കരയിൽ വച്ച് മണൽലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടാകുന്നത്. 59-ാം വയസ്സിലാണ് കഥകളിസംഗീതത്തെ ജനപ്രിയമാക്കിയ കലാകാരനായ​ ഹൈദരാലി ലോകത്തോട് വിട പറയുന്നത്.

ഒടുവിൽ ഇതാ, അപകടങ്ങൾ കവർന്ന പ്രതിഭകളുടെ പട്ടികയിലേക്ക് വേദനയോടെ ചേർത്തുവയ്ക്കേണ്ടി വരികയാണ് ബാലഭാസ്കർ എന്ന സംഗീതമാന്ത്രികനെയും. സെപ്തംബർ 25നാണ് ബാലഭാസ്ക്കറും ഭാര്യയും കുഞ്ഞും സഞ്ചരിച്ച കാർ തിരുവനന്തപുരത്ത് വെച്ച് പുലർച്ചെ അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്തു വെച്ചുതന്നെ ബാലഭാസ്ക്കറിന്റെ മകൾ രണ്ടുവയസ്സുകാരി തേജസ്വിനി ബാല മരിച്ചിരുന്നു. അപകടത്തിൽ പരുക്കേറ്റ ബാലഭാസ്കരന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവറും ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

റോഡപകടത്തിൽ പൊലിഞ്ഞ ബാലഭാസ്കറിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ റോഡ് അപകടങ്ങൾ കുറയ്ക്കാൻ എന്തൊക്കെ ചെയ്യാം എന്ന ചിന്തകളിലേക്കു കൂട്ടികൊണ്ടുപോവുകയാണ് ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി.

“ഒരു വർഷത്തിൽ നാലായിരം മലയാളികളെയാണ് റോഡുകൾ കൊന്നൊടുക്കുന്നത്.എന്നിട്ടും നമ്മൾ ഇപ്പോഴും സർക്കാർ തലത്തിലോ സമൂഹം എന്ന നിലയിലോ റോഡിലെ കൊലക്കളങ്ങൾക്കെതിരെ ആസൂത്രിതവും ശക്തവുമായ ഒരു കർമ്മപരിപാടിയും നടത്തുന്നില്ല. സങ്കടകരമാണ്. അതുകൊണ്ട് കോടികൾ ആരാധകരുള്ള, ദശലക്ഷങ്ങൾ ഫോളോവേഴ്സ് ഉള്ള കലാരംഗത്തെ പ്രതിഭകളോട് ഞാൻ ആവശ്യപ്പെടുകയാണ്. നിങ്ങൾ എപ്പോഴെങ്കിലും റോഡ് സുരക്ഷയുടെ ചില നിർദ്ദേശങ്ങൾ എങ്കിലും നിങ്ങളുടെ പ്രസംഗങ്ങളിലും ഫേസ്ബുക്കിലും പങ്കുവെയ്ക്കണം. പ്രതിഭയുടെ പാതിവഴിയിൽ പൊഴിഞ്ഞുപോയ നിങ്ങളുടെ സഹപ്രവർത്തകർക്ക് വേണ്ടി ചെയ്യാവുന്ന ഒരു നല്ല കാര്യമായിരിക്കും അത്. മൊത്തം സമൂഹത്തിനും ഏറെ ഗുണം ചെയ്യും,” മുരളി തുമ്മാരകുടി കുറിക്കുന്നു.

മുരളി തുമ്മാരകുടിയുടെ പോസ്റ്റിന്റെ പൂർണരൂപം:

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook