കൊച്ചി: മോഹൻലാലിന് ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ വൻവിജയം നേടിക്കൊടുത്ത മുന്തിരിവളളികൾ തളിർക്കുന്പോൾ, യുഎഇ യിലും യൂറോപ്പിലും പ്രദർശനത്തിന് തയ്യാറെടുക്കുന്നു. നാളെ(ഫെബ്രുവരി 16)യാണ് ചിത്രത്തിന്റെ ഗൾഫ് രാജ്യങ്ങളിലെ റിലീസ്. ഫെബ്രുവരി 17 ന് യൂറോപ്പിലും ചിത്രം റിലീസ് ചെയ്യും.
കേരളത്തിൽ 90 തിയേറ്ററുകളിലായി വിജയകരമായി ചിത്രം പ്രദർശനം തുടരുകയാണെന്നാണ് അണിയറക്കാരുടെ വാദം. ഇതിനോടകം 30 കോടി പ്രദർശനത്തിലൂടെ കേരളത്തിൽ നിന്ന് മാത്രം നേടിയിട്ടുണ്ട്. പുലിമുരുകനും ഒപ്പവും നൽകിയ വൻവിജയത്തിന് ശേഷം മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയമാണ് മുന്തിരിവളളികൾ തളിർക്കുന്പോൾ. 100 കോടി ക്ലബിൽ ഇടം നേടിയ പുലിമരുകനും 65 കോടി നേടിയെടുത്ത ഒപ്പവും മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളാണ്.
കേരളത്തിൽ പ്രദർശനത്തിന് ശേഷം വിദേശത്തേക്ക് പറക്കുന്ന ചിത്രം 40 കോടിയിലധികം ബോക്സ് ഓഫീസിലൂടെ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രം കടലിനപ്പുറവും ഹിറ്റായാൽ ബോക്സ് ഓഫീസ് കളക്ഷൻ അൻപത് കടന്നേക്കാനുള്ള സാധ്യതകളുമുണ്ട്.
വീക്കെന്റ് ബ്ലോക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമ്മാണം. വെള്ളിമൂങ്ങയുടെ അപ്രതീക്ഷിത വിജയത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്തതാണ് മുന്തിരിവളളികൾ. സിനിമ കേരളത്തിലെ കുടുംബ ബന്ധങ്ങളിലെ സാധാരണ കാഴ്ചയാണ് വരച്ചിടുന്നത്. ദൃശ്യത്തിന് ശേഷം മീന മോഹൻലാലിന്റെ നായികയായി എത്തുന്ന ചിത്രവുമാണിത്.