വ്യത്യസ്‌തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് നവാസുദ്ദീൻ സിദ്ധിഖി. അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്ക് വച്ച പോസ്റ്റാണിപ്പോൾ ബോളിവുഡിലെ പ്രധാന ചർച്ച. ബോളിവുഡിൽ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തെക്കുറിച്ച് തുറന്നടിച്ചാണ് നവാസുദ്ദീന്‍ സിദ്ദിഖി രംഗത്തെത്തിയിരിക്കുന്നത്. ഏറെ വികാരധീനനായാണ് ട്വിറ്റര്‍ പേജിലൂടെ സിദ്ദിഖി പ്രതികരിച്ചത്.

‘സത്യം തിരിച്ചറിയാന്‍ എന്നെ സഹായിച്ചതില്‍ നന്ദി. എനിക്ക് വെളുത്ത സുന്ദരികളായ നടിമാര്‍ക്കൊപ്പം ജോലി ചെയ്യാനാകില്ല, കാരണം ഞാന്‍ കറുത്തവനാണ്. പക്ഷെ ഇതൊന്നും ഞാന്‍ ശ്രദ്ധിക്കാനില്ല’ സിദ്ദിഖി കുറിച്ചു.

സിനിമയില്‍ അവസരങ്ങള്‍ കാത്തുനില്‍ക്കുന്ന കാലം മുതല്‍ താന്‍ നേരിടേണ്ട ഏറ്റവും വലിയ പ്രതിസന്ധി വര്‍ണവിവേചനമായിരുന്നുവെന്ന് സിദ്ദിഖി നേരത്തേ പറഞ്ഞിട്ടുണ്ട്. തന്നോടൊപ്പം അഭിനയിക്കാന്‍ ചില മുന്‍നിര നായികമാര്‍ വിമുഖത കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.

ഗാങ്‌സ് ഓഫ് വസേയ്പ്പൂര്‍, രമണ്‍ രാഘവ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സിദ്ദിഖിയുടെ വെളിപ്പെടുത്തലുകള്‍ ആരാധകരില്‍ ഒരുപോലെ പ്രതിഷേധവും ഞെട്ടലും ഉണ്ടാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ