സഞ്ജയ് ദത്തിന്റെ കടുത്ത ആരാധിക മരിക്കുന്നതിനു മുൻപ് തന്റെ പേരിലുളള മുഴുവൻ സ്വത്തും നടന്റെ പേരിൽ എഴുതി വച്ചു. മുംബൈയിലെ മലബാർ ഹിൽ താമസക്കാരിയായ നിഷി ഹരീഷ്ചന്ദ്ര ത്രിപതി (62) ആണ് കുടുംബം അറിയാതെ തന്റെ പേരിലുണ്ടായിരുന്നതെല്ലാം നടന്റെ പേരിൽ എഴുതിവച്ചത്.

ജനുവരി 29 ന് പൊലീസാണ് ഈ വിവരം സഞ്ജയ് ദത്തിനെ അറിയിച്ചത്. വാക്‌ഷേവറിലെ ബാങ്ക് ഓഫ് ബറോഡയിൽ തന്റെ പേരിലുളള മുഴുവൻ പണവും ബാങ്ക് ലോക്കറും നടന് കൈമാറണമെന്നായിരുന്നു നിഷി ബാങ്കിന് എഴുതി നൽകിയത്. തനിക്കുളളതെല്ലാം നടന് നൽകണമെന്നായിരുന്നു യുവതി എഴുതിയിരുന്നത്. മുംബൈ മിററാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

”മക്കൾക്ക് ഇഷ്ടപ്പെട്ട താരത്തിന്റെ പേരിടുന്നതും പുറത്തെവിടെയെങ്കിലും വച്ച് ഞങ്ങളെ കണ്ടാൽ വിടാതെ പിന്തുടരുന്നതും ഞങ്ങൾക്ക് സമ്മാനങ്ങൾ നൽകുന്നതും അറിയാവുന്ന കാര്യമാണ്. പക്ഷേ ഇതെന്നെ ശരിക്കും ഞെട്ടിച്ചു. എനിക്ക് ഒന്നും വേണ്ട. നിഷിയെ എനിക്ക് അറിയില്ല. പക്ഷേ അവർക്ക് എന്നോടുണ്ടായിരുന്ന സ്നേഹത്തെക്കുറിച്ചോർക്കുമ്പോൾ ഞാൻ വികാരാധീനനാവുകയാണ്”, സഞ്ജയ് ദത്ത് മുംബൈ മിററിനോട് പറഞ്ഞു. തന്റെ പേരിൽ എഴുതിവച്ച മുഴുവൻ സ്വത്തും നിഷിയുടെ കുടുംബത്തിന് സഞ്ജയ് ദത്ത് കൈമാറുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സുഭാഷ് ജാദവ് അറിയിച്ചു.

ജനുവരി 15 നാണ് നിഷി മരിക്കുന്നത്. മലബാർ ഹില്ലിലെ ത്രിവേണി അപ്പാർട്മെന്റിൽ കുടുംബത്തിനൊപ്പമായിരുന്നു നിഷി താമസിച്ചിരുന്നത്. നിഷിയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞപ്പോഴാണ് സ്വത്തുക്കൾ മുഴുവൻ സഞ്ജയ് ദത്തിന്റെ പേരിൽ എഴുതിവച്ചുവെന്ന് അറിയുന്നത്.

ഏതാനും മാസങ്ങൾക്കു മുൻപ് ബാങ്കിലെത്തിയ നിഷി നോമിനിയായി സഞ്ജയ് ദത്തിന്റെ പേര് എഴുതി നൽകുകയായിരുന്നുവെന്നാണ് ബാങ്ക് അധികൃതർ വ്യക്തമാക്കിയത്. പാലി ഹില്ലിലെ സഞ്ജയ് ദത്തിന്റെ വീടിന്റെ അഡ്രസ്സാണ് ബാങ്കിൽ നൽകിയത്.

ബാങ്കിൽ നൽകിയ കത്തിൽ പണവും ബാങ്ക് ലോക്കറിലെ സാധനങ്ങളെയും കൂടാതെ മറ്റു വിലപിടിപ്പുളള വസ്തുക്കളും സഞ്ജയ് ദത്തിന്റെ പേരിൽ എഴുതി വച്ചതായാണ് വിവരം. അതേസമയം, ബാങ്ക് ലോക്കറിലുളളത് എന്താണെന്ന് അറിയില്ല. നിയമപരമായ നടപടികൾ പൂർത്തിയാക്കാനുളളതിനാൽ ലോക്കർ ഇതുവരെ തുറക്കാൻ കഴിഞ്ഞിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ