ഇളയ ദളപതി വിജയ്‌യും ചിയാൻ വിക്രവും ഒരുമിച്ച് ഒരു സ്ക്രീനിൽ വന്നാൽ എന്ത് സംഭവിക്കും? കൂടെ തെലുങ്ക് നായകൻ രാം ചരണും കൂടിയായാലോ? ദക്ഷിണേന്ത്യൻ സിനിമാ ലോകം കാത്തിരിക്കുന്ന കാഴ്‌ചകളിലൊന്നാണിത്. ആ കാത്തിരിപ്പിന് വിരാമമാകുന്നതായി റിപ്പോർട്ടുകൾ.

അതെ,ഒരു വമ്പൻ സിനിമ വരുന്നു. ഹിറ്റ് സിനിമകളുടെ സംവിധായകൻ മണിരത്നമാണ് തമിഴിലെയും തെലുങ്കിലെയും ഈ സൂപ്പർ താരങ്ങളെ ഒന്നിപ്പിച്ച് ഒരു സിനിമ ഒരുക്കുന്നത്. ചിത്രത്തെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ചിത്രത്തെ സംബന്ധിച്ച ചർച്ചകൾ അണിയറയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. രാം ചരൺ ചിത്രത്തിന് സമ്മതം മൂളിയെന്നും വിക്രത്തിനും വിജയിക്കും സിനിമയുടെ കഥ ഇഷ്‌ടമായെന്നുമാണ് സിനിമാ ലോകത്തു നിന്നുളള വാർത്തകൾ.

ഈ സൂപ്പർ താരങ്ങൾ ഒന്നിക്കുകയാണെങ്കിൽ തമിഴ് സിനിമയിലെ ഏറ്റവും വലിയ കൂട്ടുകെട്ടുകളിലൊന്നാവും ഇതെന്ന കാര്യത്തിൽ സംശയമില്ല. അരവിന്ദ് സ്വാമി, മമ്മൂട്ടി, രജനീകാന്ത് എന്നീ മൂന്ന് പ്രമുഖ താരങ്ങളെ അണിനിരത്തി ദളപതി ഒരുക്കിയതും മണിരത്നമായിരുന്നു. ദക്ഷിണേന്ത്യൻ സിനിമകളിലെ സൂപ്പർ ഹിറ്റുകളിലൊന്നാണ് ദളപതി.

കാർത്തിയെയും അതിഥി റാവുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന കാട്രു വെളിയിടൈയാണ് മണിരത്നത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. എ.ആർ.റഹ്മാൻ സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു പൈലറ്റും ഡോക്‌ടറും തമ്മിലുളള പ്രണയ കഥയാണ് കാട്രു വെളിയിടൈ. ഏപ്രിൽ ഏഴിന് കാട്രു വെളിയിടൈ തിയേറ്ററിലെത്തും. ഈ ചിത്രത്തിന്റെ റിലീസിന് ശേഷമായിരിക്കും മണിരത്നം തന്റെ മൾട്ടി സ്റ്റാർ ചിത്രത്തിലേക്ക് കടക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ