scorecardresearch
Latest News

ഞങ്ങള്‍-അവര്‍ എന്ന് വേര്‍തിരിച്ചു പറയാതെ നമ്മള്‍ എന്ന് പറഞ്ഞു ശീലിക്കാം: ‘മുല്‍ക്കി’ന്റെ പ്രസക്തിയും പ്രാധാന്യവും

ദേശീയതയുടെ പേരിലുള്ള അപകടകരമായ അധികാരവാര്‍പ്പുമാതൃകകള്‍ക്ക് അടിപ്പെടാതെ ഇന്ത്യ എന്ന ഇടത്തെ ഇന്നത്തെ സാഹചര്യങ്ങളില്‍ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ചിത്രം

mulk,film

ബോക്സ്‌ ഓഫീസ് വിജയങ്ങള്‍ ലക്ഷ്യമിട്ട് വരുന്ന ദേശഭക്തി സിനിമകളുടെ ഇടയില്‍ അനുഭവ് സിന്‍ഹ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘മുല്‍ക്’ എന്ന ചെറിയ ചിത്രം വേറിട്ട്‌ നില്‍ക്കുന്നു. ഇസ്ലാമികവിരുദ്ധ നിലപാടുകളുടെ പിന്നില്‍ ഒളിച്ചിരിക്കുന്ന ‘നമ്മള്‍-അവര്‍’ മനോഭാവം തുറന്നു കാട്ടുന്ന ‘മുല്‍ക്കി’ല്‍ അഭിനയിച്ചിരിക്കുന്നത് ഋഷി കപൂര്‍, തപ്സീ പന്നു, അഷുതോഷ് റാണ, രജത് എന്നിവരാണ്.

ദേശീയതയുടെ പേരിലുള്ള അപകടകരമായ അധികാരവാര്‍പ്പുമാതൃകകള്‍ക്ക് അടിപ്പെടാതെ ഇന്ത്യ എന്ന ഇടത്തെ ഇന്നത്തെ സാഹചര്യങ്ങളില്‍ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ചിത്രം. അഹിംസാ രാഷ്ട്രീയത്തിലൂടെ വിഭാവനം ചെയ്യാനുള്ള ആശയങ്ങളും അതോടൊപ്പം തന്നെ നമ്മെ അസ്വസ്ഥരാക്കുന്ന ചില ചോദ്യങ്ങളുമാണ്‌ ‘മുല്‍കി’ന്‍റെ കാതല്‍. ഹന്‍സാല്‍ മേഹ്തയുടെ ‘ഷാഹിദ്’ (2013) എന്ന ചിത്രത്തിന് ശേഷം ധൈര്യപൂര്‍വ്വം, വ്യക്തതയോടെ, ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ അനുഭവ് സിന്‍ഹയുടെ ടീം ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു. കക്ഷിരാഷ്ട്രീയത്തിന്‍റെ കാഴ്ചപ്പാടുകള്‍ കഴിവതും ഒഴിവാക്കി മാനവികതയെ കേന്ദ്രീകരിച്ചുള്ള കഥ പറച്ചില്‍ പക്ഷേ ചിലപ്പോഴൊക്കെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നുമുള്ള ഒരു ഒളിച്ചോട്ടം കാഴ്ചക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

 

പുറമേ നിന്നുള്ള കാഴ്ചകളില്‍ മതസൗഹാര്‍ദ്ദം നിറഞ്ഞു നില്‍ക്കുന്ന വാരാണസിയിലെ ഒരു തെരുവില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. ഇവിടത്തെ ഒരു മുസ്ലിം കൂട്ടുകുടുംബത്തെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. മുരാദ് അലി മുഹമ്മദ്‌ (ഋഷി കപൂര്‍) എന്ന സര്‍വ്വസമ്മതനായ വക്കീല്‍ കാരണവസ്ഥാനത്തുള്ള ഈ കുടുംബത്തില്‍ അദ്ദേഹത്തിന്‍റെ ഭാര്യ ബഡി തബസ്സും (നീന ഗുപ്ത), മകന്‍ അഫ്താബ് (ഇന്ദ്രനീല്‍ സെന്‍ഗുപ്ത), മരുമകള്‍ ആര്‍തി (താപ്സീ പന്നു) എന്നിവരോടൊപ്പം മുരാദിന്‍റെ അനിയന്‍ ബിലാല്‍ (മനോജ്‌ പാഹ്വ), ഭാര്യ ചോട്ടി തബസ്സും (പ്രാചി ഷാ), മകന്‍ ഷാഹിദ് (പ്രതീക് ബബ്ബര്‍), മകള്‍ ആയദ് (വാര്‍തിക സിംഗ്) എന്നിവരാണുള്ളത്. ഷാഹിദ് ഒരു ഭീകരസംഘത്തില്‍ എത്തിപ്പെട്ട് അവരുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുന്നു. അതിനു ശേഷമുള്ള പോലീസ് ഏറ്റുമുട്ടലില്‍ അവന്‍ കൊല്ലപ്പെടുന്നതോടെ കുടുംബത്തിലെ ഓരോരുത്തരും നേരിടുന്നത് ഭ്രഷ്ടിനോളം എത്തുന്ന സാമൂഹ്യവിവേചനമാണ്. ഷാഹിദിന്‍റെ ഭീകരപ്രവര്‍ത്തനത്തെപ്പറ്റി ഒരറിവും ഇല്ലാതിരുന്ന കുടുംബാംഗങ്ങള്‍ അവന്‍റെ ശവശരീരം ഏറ്റെടുക്കാന്‍ പോലും വിസമ്മതിക്കുന്നു എന്നതൊന്നും ഈ വേര്‍തിരിവുകളില്‍ നിന്നും അവരെ മോചിപ്പിക്കുന്നില്ല. ഷാഹിദിന്‍റെ അച്ഛനും പിന്നെ മുരാദും കുറ്റാരോപിതരാവുന്നു. കുടുംബത്തിലെ എല്ലാവരും സംശയത്തിന്‍റെ നിഴലിലാവുന്നു. വീടിനു ചുറ്റുമുള്ളവരുടെ സൗഹൃദം പെട്ടെന്ന് ഇല്ലാതാവുന്നു. ചുമരെഴുത്തുകളില്‍ മുരാദും കുടുംബവും പാകിസ്താനിലേയ്ക്ക് പോകേണ്ടവരാകുന്നു.

ഷാഹിദിന്‍റെ ഭീകരപ്രവര്‍ത്തനത്തില്‍ തങ്ങള്‍ പങ്കാളികളല്ല എന്നത് മാത്രമല്ല ഇവര്‍ക്ക് തെളിയിക്കാനുള്ളത്; തങ്ങള്‍ രാജ്യദ്രോഹികളല്ല എന്നതും ‘കുഴപ്പക്കാരായ മുസ്ലീങ്ങള്‍’ അല്ല എന്നതുമാണ്‌. ഇതിലേക്കൊക്കെ അവരെ നയിക്കുന്ന സമൂഹത്തിന്റെ സങ്കീര്‍ണ്ണമായ മുന്‍വിധികള്‍ ഒന്നൊന്നായി വിശകലനം ചെയ്യാനാണ് അനുഭവ് സിന്‍ഹ ശ്രമിക്കുന്നത്.

രണ്ടാം പകുതിയില്‍ കോടതി മുറിയിലെ നാടകീയ സന്ദര്‍ഭങ്ങളിലൂടെ പല കാര്യങ്ങളും വ്യക്തമാക്കാനാണ് ഇതിലെ ശ്രമം – നിഷ്കളങ്കമെന്നു തോന്നിയേക്കാവുന്ന തമാശകള്‍ നിരുത്തരവാദിത്തപരമായ ആക്രമണമാവുന്നത്, കണക്കുകൂട്ടിയുള്ള നിസ്സംഗത നീതിന്യായ വ്യവസ്ഥയുടെ മുന്നിലെത്തുന്ന ചില വിലപ്പെട്ട ജീവനുകളെടുക്കുന്ന കുറ്റകൃത്യമാവുന്നത്, മുന്‍വിധികള്‍ കൃത്യവിലോപത്തിലേയ്ക്കുള്ള വഴി തുറക്കുന്നത്, സോഷ്യല്‍ മീഡിയ ഫോര്‍വേഡുകളിലെ കടുത്ത നിറങ്ങളില്‍ ചാലിച്ച ലോകവിവരം നമ്മെ വിഡ്ഢികളാക്കുന്നത്, ഒക്കെ അതില്‍ പെടും.

ഋഷി കപൂറിന്‍റെ അഭിനയജീവിതത്തിലെ മറക്കാനാവാത്ത ഒരു കഥാപാത്രമായിരിക്കും ഇത്. വേഷത്തിലും രൂപത്തിലും ഭാവത്തിലും എല്ലാം ഒരു മുസല്‍മാനായ മുരാദിനെ അദ്ദേഹം കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ക്ലോസ്-അപ്പ്‌ ദൃശ്യങ്ങളില്‍ വേദനയും ഭയവും അമ്പരപ്പും രോഷവും ഒക്കെ തന്മയത്വത്തോടെ പ്രകടിപ്പിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. മുരാദില്‍ കുറ്റമാരോപിക്കപ്പെടുമ്പോള്‍ മരുമകളായ ആര്‍തിയാണ് കേസ് വാദിക്കുന്നത്. ഹിന്ദുവായ ആര്‍തി മുരാദിന്‍റെ കൂട്ടുകുടുംബത്തില്‍ മകളെപ്പോലെയാണെങ്കിലും ലണ്ടനിലുള്ള അവളുടെ ഭര്‍ത്താവിനോട് അവള്‍ക്കുള്ള പിണക്കം ആദ്യം സൂചിപ്പിക്കുന്നുണ്ട്. മരുമകളായും വക്കീലായും തപ്സി പന്നു തന്‍റെ ഭാഗം നന്നാക്കി. എതിര്‍ഭാഗം വക്കീലായ സന്തോഷ്‌ (അഷുതോഷ് റാണ) നിരത്തുന്ന തീപാറുന്ന വാദങ്ങള്‍ തെറ്റാണെന്ന് മാത്രമല്ല, അവ ഇസ്ലാമികവിരുദ്ധമാണെന്നും തെളിയിക്കേണ്ടിയിരുന്നു ആര്‍തിക്ക്. മറ്റൊരര്‍ത്ഥത്തില്‍ ഇസ്ലാമികവിരുദ്ധതയാണ് കേസിന്‍റെ തുടക്കം എന്നത് തന്നെയാണ് അവള്‍ക്ക് സ്ഥാപിച്ചെടുക്കേണ്ടത്. അതിന്‍റെ ഭാഗമായി തന്‍റെ മത/ദേശീയ സ്വത്വം ആരോടും വിശദീകരിക്കേണ്ടതല്ലെന്ന മുരാദിന്‍റെ അടിസ്ഥാന നിലപാടിനെതിരായി അയാള്‍ക്ക്‌ എതിര്‍കക്ഷികള്‍ ആവശ്യപ്പെടുന്ന രീതിയില്‍ അവ പ്രഖ്യാപിക്കേണ്ട ദുരവസ്ഥയും അവള്‍ തുറന്നു കാട്ടുന്നു. രാജ്യത്തിന്‍റെ നീതിന്യായവ്യവസ്ഥ അനുസരിച്ച് അന്തസ്സോടെ ജീവിക്കുന്ന ഒരു വ്യക്തിക്ക് ഇത് എത്രമാത്രം വേദനാജനകമാണെന്ന് പറയാതെ പറയുന്നു സിനിമ.

രജത് കപൂര്‍ അവതരിപ്പിക്കുന്ന ഡാനിഷ് ജാവേദ്‌ എന്ന പോലീസ് ഓഫീസര്‍ക്ക് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്‍റെ ഭാഗമായി പലപ്പോഴും തന്‍റെ മതത്തിനെതിരെയുള്ള മുന്‍വിധികള്‍ കൊണ്ടു നടക്കേണ്ടി വരുന്നു. ഈ കഥാപാത്രത്തിന്‍റെ മാനസിക പരിവര്‍ത്തനം അവതരിപ്പിക്കാന്‍ തനിക്കു കിട്ടിയ ചുരുക്കം സമയം വളരെ നന്നായി ഉപയോഗിച്ചിച്ചിട്ടുണ്ട് അദ്ദേഹം. അഷുതോഷ് റാണയും രജത് കപൂറുമൊക്കെ ഇത്തരം കഥാപാത്രങ്ങള്‍ തങ്ങളുടെ കയ്യില്‍ ഭദ്രമാണെന്ന് പണ്ടും തെളിയിച്ചിട്ടുണ്ട്. പക്ഷെ ഷാഹിദിന്‍റെ അച്ഛനായ ബിലാല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മനോജ്‌ പാഹ്വയാണ് കാണികളുടെ മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത പ്രകടനം കാഴ്ച വയ്ക്കുന്നത് പതിവ് തമാശ റോളുകളില്‍ നിന്ന് വ്യത്യസ്തമായ,വളരെയധികം ഗൗരവത്തോടെ സമീപിക്കേണ്ട, പല നിറഭേദങ്ങളില്‍ കാഴ്ചക്കാരിലെത്തേണ്ട ഈ കഥാപാത്രത്തെ അങ്ങേയറ്റം മികവുറ്റതാക്കാന്‍ അദ്ദേഹത്തിനായി. സ്ഥിരം തമാശ വേഷമാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന തുടക്കത്തില്‍ നിന്ന് പടിപടിയായുള്ള അദ്ദേഹത്തിന്‍റെ വേഷപ്പകര്‍ച്ച പ്രശംസയര്‍ഹിക്കുന്നു. ഷാഹിദിന്‍റെ ഭാഗം പ്രതീക് ബബ്ബറും ആയദിന്റെ ഭാഗം വാര്‍തിക സിംഗും മികവുറ്റതാക്കി. നീന ഗുപ്തയും പ്രാചി ഷായും തങ്ങളുടെ റോളുകള്‍ സ്വാഭാവികതയോടെ അവതരിപ്പിച്ചു.

Read More: Mulk is an important film

കുമുദ് മിശ്രയുടെ ജഡ്ജിന്‍റെ അവസാന ഭാഗത്തെ പ്രകടനം ചില അത്ഭുതങ്ങള്‍ തരുന്നുണ്ട്. കഥയുടെ സമഗ്രതയിലേയ്ക്കും ചില കഥാപാത്രങ്ങളുടെയെങ്കിലും മാനസികപരിവര്‍ത്തനത്തിലേയ്ക്കും വിരല്‍ ചൂണ്ടാന്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ സഹായിക്കുന്നുണ്ട്. പക്ഷേ അതൊരു ക്ലാസ്സ്‌ മുറിയിലെ അദ്ധ്യാപകന്‍റെ ശബ്ദമുയര്‍ത്തിയുള്ള വിലയിരുത്തല്‍ പോലെ തോന്നാം. സൂക്ഷ്മമായി ധ്വനിപ്പിക്കേണ്ട പല കാര്യങ്ങളും ഇത്തരം പ്രഖ്യാപനങ്ങളിലൂടെ തര്‍ക്ക വിഷയങ്ങളായേക്കാം. ഒരു കോര്‍ട്ട് റൂം ഡ്രാമ നല്‍കുന്ന നാടകീയതയുടെ ലൈസന്‍സ്, ഇന്നത്തെ ഇന്ത്യന്‍ സാഹചര്യങ്ങളിലെ ശബ്ദമുയര്‍ത്തിയുള്ള എതിര്‍ പ്രഖ്യാപനങ്ങളുടെ സാഹചര്യം, ഇനിയും നമ്മില്‍ പലര്‍ക്കും ഇത്തരം ‘വിദ്യാഭ്യാസം’ ആവശ്യമുണ്ട് എന്നതൊക്കെയാവാം സംവിധായകനെ ഇങ്ങനെയൊരു പരിസമാപ്തിയിലെയ്ക്ക് നയിച്ചത്. കൂടാതെ ഇസ്ലാമികവിരുദ്ധത പോലെ തന്നെ ജാതി/വര്‍ഗ്ഗം/വര്‍ണ്ണം/ലിംഗം/പ്രാദേശികത/ഗോത്രം മുതലായവ മുന്‍നിര്‍ത്തിയുള്ള അസമത്വവും വിവേചനവും ഉണ്ടായി വരുന്ന വഴികളെക്കുറിച്ചും ചെറുതായെങ്കിലും സൂചിപ്പിക്കുന്നുണ്ട് ഈ സിനിമ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mulk starring rishi kapoor tapsee pannu is an important film