ലോകമറിയുന്ന ചലച്ചിത്ര പ്രതിഭയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അദ്ദേഹത്തിന്റെ പത്നിയാണ് അധികമാരും അറിയാത്ത സുനന്ദ.  സുനന്ദയെ ലോകമറിയണം എന്നതാണ് ചെറുപ്പക്കാരിയായ ഈ സംവിധായികയുടെ ലക്‌ഷ്യം.  അദ്ദേഹത്തിന്റെ ജീവിതയാത്രയില്‍ മാത്രമല്ല, സിനിമാ യാത്രകളിലും സന്തതസഹചാരിയായിരുന്നു സുനന്ദ എന്നത് കൊണ്ടാണ്.  അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന സംവിധായകനെ നമ്മള്‍ അറിയുമ്പോള്‍, ആഘോഷിക്കുമ്പോള്‍, ഒരിക്കലും വിട്ടു പോകാന്‍ പാടില്ലാത്ത ഒരു പേരാണ് സുനന്ദ എന്ന ഓര്‍മ്മപ്പെടുത്തലാണ് മുക്ത ചന്ദ് സംവിധാനം ചെയ്ത ‘സുനന്ദ’ എന്ന ചിത്രം.

“ചെറുപ്പം മുതലേ അച്ഛനും അമ്മയ്ക്കുമൊപ്പം ഒട്ടുമിക്ക ചലച്ചിത്രോത്സവങ്ങള്‍ക്കും ഞാന്‍ പോകാറുണ്ടായിരുന്നു. ചിലപ്പോള്‍ അകത്തു കയറാന്‍ പറ്റും ചിലപ്പോള്‍ പറ്റില്ല. ജീവിതത്തില്‍ അങ്ങേയറ്റം ആദരവോടെ കണ്ടിരുന്ന, സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ ഒരുപാട് സംസാരിച്ചിരുന്ന പ്രതിഭകളെല്ലാം ഒറ്റയ്ക്കാണ് ഈ ചലച്ചിത്രോത്സവങ്ങള്‍ക്ക് എത്തിയിരുന്നത്. എന്നാല്‍ അടൂര്‍ സാര്‍ മാത്രം സുനന്ദ മാഡത്തെയും കൂടെ കൊണ്ടു വരാറുണ്ടായിരുന്നു. ഈ ഫെസ്റ്റിവലുകളിലെല്ലാം ഇവരുടെ സാന്നിദ്ധ്യം ഒരു അനുഭവമായിരുന്നു. അത്രയും അടുപ്പമായിരുന്നു സാറിന് ഭാര്യയോട്. അവര്‍ പോയപ്പോള്‍ അത് സാറിനെ എത്ര ബാധിച്ചിട്ടുണ്ടെന്ന് കുറേയൊക്കെ എനിക്ക് ഊഹിക്കാം, എന്റെ മുത്തച്ഛന്റെ ജീവിതത്തില്‍ നിന്നും,” മുക്ത ഓര്‍ക്കുന്നു.

ലോകം കണ്ട എത്രയോ വടവൃക്ഷങ്ങള്‍ക്ക് വളമായി മാറിയ ഇത്തരം അദൃശ്യ സാന്നിധ്യങ്ങളെക്കുറിച്ചുള്ള തിരച്ചിലും തിരിച്ചറിവുമായിരുന്നു തന്നെ ഇതിലേക്ക് എത്തിച്ചത് എന്ന് മുക്ത കൂട്ടിച്ചേര്‍ക്കുന്നു.

“എന്റെ മുത്തച്ഛനായ ടി.ദാമോദരന്റെ (വിഖ്യാതനായ തിരക്കഥാകൃത്ത്) ജീവിതത്തില്‍ നിന്നാണ് ഇങ്ങനെ ഒരാശയം ഉദിച്ചത്. വളരെ ബോള്‍ഡായ, സ്‌ട്രോങായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. പക്ഷെ അമ്മമ്മയുടെ മരണത്തോടെ അദ്ദേഹം എത്രമാത്രം തകര്‍ന്നു പോയി എന്നു ഞാന്‍ കണ്ടു. ആ ഒരു അനുഭവത്തില്‍ നിന്നാണ് ഇങ്ങനെ തിരിച്ചറിയപ്പെടാതെ പോയ സ്ത്രീ സാന്നിദ്ധ്യങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി സീരീസിലേക്ക് ഞാന്‍ എത്തുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ ഭാര്യ സുനന്ദയെക്കുറിച്ചാണ് ആദ്യം ചെയ്തത്. അടൂര്‍ സാറിനെ നമുക്കെല്ലാം അറിയാം. അദ്ദേഹത്തിന്റെ സിനിമകള്‍, ഡോക്യമെന്ററികള്‍, എത്ര വലിയൊരു പ്രതിഭയാണ് അദ്ദേഹം എന്നൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷെ ഭാര്യയെക്കുറിച്ച് ആര്‍ക്കും അറിയില്ല.”

ഇത്തരത്തില്‍ ഒരു വിഷയവുമായി സമീപിച്ചപ്പോള്‍ സഹകരണ മനോഭാവത്തോടെയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഇടപെട്ടത് എന്നും മുക്ത വെളിപ്പെടുത്തി.

“മീരാ സാഹിബ് സര്‍ വഴിയാണ് ഞാന്‍ അടൂര്‍ സാറിന്റെ അടുത്ത് ഈ വിഷയം അവതരിപ്പിക്കുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം എന്നെ ചെറുപ്പം മുതല്‍ ഇവരൊക്കെ കണ്ടിട്ടുണ്ട്. അങ്ങനെയൊരു കുട്ടി എന്ന പരിഗണനയോടെ തന്നെയാണ് എന്നോട് പെരുമാറിയത്.”

ചിത്രം തീര്‍ന്നപ്പോള്‍ സുനന്ദ ജീവനോടെ ഉണ്ടായിരുന്നെങ്കിലെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോയെന്ന് മുക്ത.

“ജീവിച്ചിരുന്നെങ്കില്‍ ഈ ചിത്രം മാമിനെ കാണിക്കാമായിരുന്നു എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രിച്ചു പോയി. കാരണം അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന പ്രതിഭയുടെ ജീവിതത്തില്‍ അത്രത്തോളം വലിയ സ്വാധീന ശക്തിയായിരുന്നു അവര്‍. അത് എത്രത്തോളം അക്‌നോളജ് ചെയ്യപ്പെട്ടിട്ടുണ്ട് എന്നെനിക്കറിയില്ല. 2015 അവസാനം മുതല്‍ക്കുള്ള ഫെസ്റ്റിവലുകളില്‍ അവരുടെ അസാന്നിധ്യം, ആ സാന്നിധ്യം അറിഞ്ഞവര്‍ക്ക് ഒരു വലിയ വേദന തന്നെയായിരുന്നു. സുനന്ദയില്ലാതെ അടൂരിനെ കാണുന്നതും ഒരു വേദനയായിരുന്നു.”

 

രാജ്യന്തര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മുക്തയുടെ ‘സുനന്ദ’ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ മേളയില്‍ ചിത്രം കാണിക്കുമ്പോള്‍ അത് കാണാന്‍ എത്തിയില്ല.  എന്ത് കൊണ്ട് എന്ന് അറിയാവുന്നത് കൊണ്ട് മുക്തയും നിര്‍ബന്ധിച്ചില്ല.

“വൈകാരികമായി ഒരു ബന്ധം അദ്ദേഹത്തിന് ഇതുമായി ഉണ്ട് എന്നറിയാവുന്നതുകൊണ്ട് എനിക്ക് നിര്‍ബന്ധിക്കാനും തോന്നിയില്ല. പക്ഷെ അതിനു മുമ്പ് ഞാന്‍ ചിത്രം സാറിനെ കാണിച്ചിരുന്നു. അദ്ദേഹം എന്നോട് നന്ദി പറയുകയാണ് ചെയ്തത്. ഒരുപക്ഷെ അദ്ദേഹം ചെയ്യാന്‍ ആഗ്രഹിച്ചതോ സാധിക്കാതെ പോയതോ ആകാം. വര്‍ക്കില്‍ സാര്‍ ഹാപ്പിയാണെന്നാണ് എനിക്ക് മനസിലായത്. മറ്റെന്തൊരു കോംപ്ലിമെന്റിനെക്കാള്‍ എനിക്ക് എന്നെ സ്പര്‍ശിച്ചതും ആ നന്ദി വാക്ക് തന്നെയായിരുന്നു.”

തിരക്കഥാകൃത്ത് ദീദി ദാമോദരന്റേയും ചലച്ചിത്ര നിരൂപകനായ പ്രേം ചന്ദിന്റേയും മകളാണ് മുക്ത. പാപ്പാത്തി മൂവ്‌മെന്റ്‌സിന്റെ ബാനറിലാണ് ‘സുനന്ദ’ എന്ന ഡോക്യുമെന്ററി ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ സീരീസില്‍ അടുത്തതായി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്റെ അച്ഛനായ ശിവന്റെയും അദ്ദേഹത്തിന്റെ ഭാര്യ മണിയുടേയും ജീവിതവുമാണ് പകര്‍ത്തുന്നതെന്നും മുക്ത പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook