അറിവിന്റെ ആരംഭമാണ് വിദ്യാരംഭം.വിജയദശമി ദിനത്തിൽ കുരുന്നുകൾ വിദ്യാരംഭം കുറിച്ച് അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് പിച്ചവയ്ക്കുന്ന ദിവസം. നടി മുക്തയുടെ മകളും ബാലതാരവുമായ കൺമണി വിജയദശമി ദിനത്തിൽ നൃത്തപഠനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഡാൻസറും നടനുമായ വിനീത് ആണ് കൺമണിയുടെ ഗുരു.
“ഈ അനുഗ്രഹീത കലാകാരന്റെ കീഴിൽ ചുവടുകൾ വച്ച് തുടങ്ങുകയാണ്. പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കുക,” വിനീതിനൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് മുക്ത കുറിച്ചു.
അമ്മയുടെ വഴിയെ അടുത്തിടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു കിയാര എന്ന കണ്മണി. ‘പത്താം വളവ്’ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ മകളായാണ് കൺമണി അഭിനയിച്ചത്.
ഒരിടവേളയ്ക്കുശേഷം മുക്തയും അഭിനയത്തിൽ സജീവമായിരിക്കുകയാണ്. മലയാളത്തിലും തമിഴിലുമായി ഏതാനും സീരിയലുകളിൽ മുക്ത അഭിനയിച്ചിരിക്കുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ‘ഗോൾ’, ‘നസ്രാണി’, ‘ഹെയ്‌ലസാ’, ‘കാഞ്ചീപുരത്തെ കല്യാണം’ തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കൾ ആണ് മുക്തയുടേയായി അവസാനം തിയേറ്ററിൽ എത്തിയ സിനിമ.