മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മുക്ത. ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. കിയാര മകളും. മുക്തയെ പോലെ മകൾ കിയാര എന്ന കൺമണിയും പ്രേക്ഷകർക്കും സോഷ്യൽ മീഡിയയ്ക്കും ഏറെ സുപരിചിതയാണ്.
എന്നാൽ, ഇപ്പോൾ മുക്തക്കെതിരെ വ്യാപകമായ രീതിയിൽ വിമർശനങ്ങൾ ഉയരുകയാണ്. ഫ്ളവേഴ്സ് ചാനലിലെ ‘സ്റ്റാർ മാജിക്ക്’ എന്ന പരിപാടിയിൽ പങ്കെടുത്തു കൊണ്ട് മുക്ത പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.
“പെൺകുട്ടിയാണ് വേറൊരു വീട്ടിൽ കയറിച്ചെല്ലാനുള്ളതാണ്. അതുകൊണ്ട് വീട്ടിലെ പണികളിൽ ഞാൻ അവളെ കൂടെ കൂട്ടാറുണ്ട്. അതെല്ലാം അവളെ ശീലിപ്പിക്കാറുണ്ട്”, മകളെ കുറിച്ച് മുക്ത പറഞ്ഞ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്ത് ചർച്ചയാക്കുന്നത്. “പെൺകുഞ്ഞായതിനാൽ അതിന്റെ ബാല്യം നശിപ്പിക്കാതിരിക്കൂ. ഇത്തരം പഴഞ്ചൻ വർത്തമാനം നിർത്തി മാറി ചിന്തിക്ക ഇനിയും. മുക്തയുടെ വാക്കുകളെ ആരും തിരുത്തുന്നില്ല. എല്ലാവരും അതിനെ കയ്യടിച്ച് പ്രോൽസാഹിപ്പിക്കുകയാണ്,” എന്നിങ്ങനെ നീളുന്നു വിമർശനങ്ങൾ.
തനിക്കെതിരെ ഉയരുന്ന ഇത്തരം വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മുക്ത. ” അവൾ എന്റേത്, ലോകം എന്തും പറയട്ടെ… ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ച് അത് പങ്കു വെച്ച് സമയം കളയാതെ, ഒരുപാട് പേർ നമ്മളെ വിട്ട് പോയി പിഞ്ചുകുഞ്ഞുങ്ങൾ അടക്കം. അവർക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കൂ,” എന്നാണ് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മുക്ത കുറിക്കുന്നത്.
Read more: സ്റ്റാർ മാജിക് വേദിയിൽ കിടിലൻ ഡാൻസുമായി മുക്തയും കൺമണിയും; വീഡിയോ
ലാൽ ജോസ് സംവിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത അഭിനയ രംഗത്തേക്ക് എത്തുന്നത്. ഗോൾ, നസ്രാണി , കാഞ്ചീപുരത്തെ കല്യാണം എന്നിവയാണ് മുക്ത അഭിനയിച്ച പ്രധാന മലയാള സിനിമകൾ. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും പ്രധാന വേഷത്തിൽ എത്തിയ ചിറകൊടിഞ്ഞ കിനാവുകൾ ആണ് മുക്ത അഭിനയിച്ച അവസാന ചിത്രം.
കൂടത്തായി കൊലകേസുമായി ബന്ധപ്പെട്ട് ഫ്ലവേഴ്സ് ടി.വി. സംപ്രേഷണം ചെയ്ത കൂടത്തായി എന്ന പരമ്പരയിലൂടെ ആയിരുന്നു ഒരിടവേളയ്ക്ക് ശേഷം മുക്ത അഭിനയരംഗത്തേക്ക് തിരികെ എത്തിയത്. മലയാളത്തിൽ മാത്രമല്ല തമിഴ് സീരിയൽ രംഗത്തും മുക്ത സുപരിചിതയാണ് ഇന്ന്.