scorecardresearch

മുകേഷിന്റെ അപരനെ കണ്ട് ദിലീപിന്റെ ഉറക്കം പോയ കഥ

"പാതിരാത്രി രണ്ടര മണിയ്ക്ക് ദിലീപ് വിളിച്ചു, എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല ചേട്ടാ"

"പാതിരാത്രി രണ്ടര മണിയ്ക്ക് ദിലീപ് വിളിച്ചു, എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല ചേട്ടാ"

author-image
Entertainment Desk
New Update
Mukesh | Dileep | Mukesh Speaking

Mukesh Speaking

ഒരാളെ പോലെ ഏഴുപേരുണ്ടാകും എന്നാണ് പൊതുവെ കേൾക്കാറുള്ള ഒരു ചൊല്ല്. രൂപസാദൃശ്യം കൊണ്ട് 'ഇയാൾ അയാളല്ലേ' എന്നൊക്കെ അമ്പരപ്പിക്കുന്ന അപരന്മാരെ നിത്യജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങളും കണ്ടുമുട്ടിയിട്ടുണ്ടാവും. താരങ്ങളോട് സാമ്യമുള്ള അപരന്മാരെ കുറിച്ചുള്ള വാർത്തകളും ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളുടെയും ശ്രദ്ധ കവരാറുണ്ട്.

Advertisment

അത്തരത്തിൽ, തന്റെ അപരനെ കണ്ട് ദിലീപ് അന്തംവിട്ടുപോയൊരു കഥ പറയുകയാണ് നടനും എംഎൽഎയുമായ മുകേഷ്. "ഒരു ദിവസം ഞാൻ കൊല്ലത്തുള്ളപ്പോൾ രാത്രി രണ്ടര മണിയ്ക്ക് ഒരു ഫോൺ കോൾ. നോക്കുമ്പോൾ നടൻ ദിലീപാണ്. അത്ര അത്യാവശ്യമില്ലാതെ ദിലീപ് ആ സമയത്തു വിളിക്കില്ലല്ലോ എന്നോർത്തു ഞാൻ ഫോണെടുത്തു.

"എന്താ ദിലീപേ?"

"ചേട്ടാ... എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല. നാളെ വിളിച്ച് പറയാം എന്നാണ് ആദ്യമോർത്തത്. പക്ഷേ ഇതിന്നുതന്നെ പറയാതെ എനിക്ക് ഉറങ്ങാൻ പറ്റില്ല. അതാണ് വിളിച്ചത്."

എന്താണ് ഇത്ര സീരിയസ് കാര്യമെന്നു ഞാൻ തിരക്കി.

"ചേട്ടനെ പോലെ തമിഴ്നാട്ടിൽ ഒരാളുണ്ട്. അദ്ദേഹം രാഷ്ട്രീയക്കാരനാണ്. ഞാൻ കണ്ടു."

Advertisment

"നേരിട്ടു കണ്ടോ?"

" ഇല്ല, നാളെ കാണും. വീടൊക്കെ അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്."

പിന്നെ എന്താണ് കണ്ടതെന്നു ചോദിച്ചപ്പോൾ, "പലയിടങ്ങളിലും പോസ്റ്ററു കണ്ടു. വലിയൊരു നേതാവാണ്. അയാൾ ഇവിടെ ഇലക്ഷനു നിൽക്കുന്നുണ്ട്. കണ്ടാൽ ചേട്ടനല്ലെന്ന് ആരും പറയില്ല ചേട്ടാ. കയ്യും, കഴുത്തും തടിയും ഒക്കെ ചേട്ടനെ പോലെ തന്നെ… ഇതിൽ എന്തോ ഉണ്ട്. ചേട്ടൻ ഉടനെ വീട്ടിൽ ചോദിക്കണം, അല്ലെങ്കിൽ സ്വന്തക്കാരോട് തിരക്കണം. ഇതിൽ എന്തോ ഉണ്ട്. അന്വേഷിച്ച് ബാക്കി കാര്യങ്ങൾ ഞാൻ നാളെ പറയാം. ചേട്ടൻ ഉറങ്ങിക്കോ," എന്നു പറഞ്ഞ് ദിലീപ് ഫോൺ വച്ചു.

രാവിലെ ഏഴരയ്ക്ക് ഞാൻ എണീറ്റു നോക്കുമ്പോൾ ദിലീപ് മൂന്നു തവണ വിളിച്ചേക്കുന്നു. തിരിച്ചു വിളിച്ചപ്പോൾ, "അയാളുടെ വീട് കണ്ടെത്തിയില്ല ചേട്ടാ. എന്തെങ്കിലും തരത്തിൽ ചേട്ടന് ഇവിടെ പൊള്ളാച്ചി വരെ ഒന്നു വന്നിട്ടു പോവാൻ പറ്റുമോ?," ദിലീപ് ചോദിച്ചു.

ഷൂട്ടിംഗ് എവിടെയായിരുന്നു, എവിടെയാണ് പോസ്റ്റർ കണ്ടത് എന്നൊക്കെ ഞാൻ തിരക്കി.

പൊള്ളാച്ചി മാർക്കറ്റിന്റെ പരിസരത്താണെന്ന് ദിലീപ് പറഞ്ഞു.

ഇതെന്താണ് സംഭവം എന്നു അന്തംവിട്ടിരിക്കുന്ന ദീലിപീനോട് ഒടുവിൽ ഞാൻ സത്യാവസ്ഥ തുറന്നു പറഞ്ഞു.

"നീ വേറെ ആരോടും പറയേണ്ട. ഞാൻ സത്യം പറയാം. കഴിഞ്ഞയാഴ്ച ഞാനൊരു തമിഴ് പടം അഭിനയിച്ചിരുന്നു, അയ്ന്താം പടൈ. അതിൽ സി സുന്ദറിന്റെ മൂത്തച്ചേട്ടനായിട്ടാണ് ഞാൻ അഭിനയിക്കുന്നത്. ഇലക്ഷനു നിൽക്കുന്ന സീനാണ് ചിത്രീകരിച്ചത്. അതിനായി കട്ടൗട്ടും തോരണങ്ങളും ഒക്കെ വച്ചിരുന്നു. ആ പോസ്റ്ററുകളാവും നീ കണ്ടത്. അത് ഞാൻ തന്നെയാണെടാ, തമിഴനല്ല."

അബദ്ധം പറ്റിയെന്ന രീതിയിൽ നിൽക്കുന്ന ദിലീപിനെ ഞാൻ ആശ്വസിപ്പിച്ചു. "സസ്പെൻസ് കളയണ്ട. ഞാൻ സമ്മതിച്ചെന്നു പറ. എന്റെ ട്വിൻ ബ്രദറാണ്. ഞങ്ങൾ പ്രസവിച്ചപ്പോഴേ വേർപ്പെട്ടുപോയതാ. എന്നൊക്കെ പറഞ്ഞ് നീയങ്ങ് സസ്പെൻസ് നിലനിർത്തിയേക്ക്."

മുകേഷ് സ്പീക്കിംഗ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുകേഷ് ഈ അപര കഥ പറഞ്ഞത്.

Dileep Mukesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: