മാപ്പ് മമ്മൂക്ക, ഈ കഥ കേൾക്കുമ്പോഴേ അന്ന് ഞങ്ങൾ പറ്റിച്ചതാണെന്ന് നിങ്ങളറിയൂ; രസകരമായ​ അനുഭവം പങ്കുവച്ച് മുകേഷ്

“നീയെന്തിനാ 200 മിക്സിയൊക്കെ എന്റെ വീട്ടിലുണ്ടെന്ന് പറയാൻ പോയതെന്ന് ചോദിച്ച് മമ്മൂക്ക എന്നോട് ചൂടായി”

Mammootty, Mukesh, mukesh kathakal, മുകേഷ്, മുകേഷ് കഥകൾ, മമ്മൂട്ടി

മുകേഷ് കഥകൾ എന്നും പ്രശസ്തമാണ്. തന്റെ ജീവിതത്തിലെ ചെറുതും വലുതുമായ സംഭവങ്ങൾ നർമ്മം കലർത്തി രസകരമായി മുകേഷ് പറയുമ്പോൾ അത് കേട്ടിരിക്കാൻ മലയാളികൾക്ക് ഏറെ താൽപ്പര്യമാണ്. മുകേഷ് കഥകൾ- ജീവിതത്തിലെ നേരും നർമ്മവും എന്ന പുസ്തകം ഏറെ ജനപ്രീതി നേടാൻ കാരണവും മുകേഷിന്റെ ഈ കഥപറച്ചിൽ പാടവം കൊണ്ടാണ്.

ഇപ്പോഴിതാ, തന്റെ യൂട്യൂബ് ചാനലിലൂടെ കൂടുതൽ മുകേഷ് കഥകളുമായി എത്തുകയാണ് താരം. നടൻ മമ്മൂട്ടിയുമൊത്തുള്ള രസകരമായൊരുസംഭവം പങ്കുവച്ചിരിക്കുകയാണ് മുകേഷ് ഇപ്പോൾ. സൈന്യം സിനിമയുടെ ഷൂട്ടിനിടെ ഉണ്ടായ സംഭവമാണ് മുകേഷ് പറയുന്നത്.

“ഇന്ത്യയുടെ പല പട്ടാളക്യാമ്പുകളിലുമായാണ് ചിത്രം ഷൂട്ട് ചെയ്തത്. സിനിമാ ലൊക്കേഷനിൽ മമ്മൂക്ക വെറുതെ ഇരിക്കുമ്പോഴും പകുതി മനസ്സേ അവിടെ കാണൂ, ബാക്കി പകുതി അടുത്ത സീൻ എങ്ങനെ നന്നാക്കാം എന്ന ആലോചനയിലാവും.

ഞങ്ങളൊരു പട്ടാളക്യാമ്പിൽ ഷൂട്ട് ചെയ്യുകയാണ്. അവിടെ മലയാളിയായൊരു ഓഫീസർ ഉണ്ടായിരുന്നു, വലിയ മമ്മൂട്ടി ഫാനാണ്. ഷൂട്ടിംഗിന് മമ്മൂട്ടി വന്ന സന്തോഷത്തിലായിരുന്നു ആള്. കക്ഷി ഞങ്ങളുടെ കാര്യമൊക്കെ നോക്കാൻ ഒരു ജൂനിയർ ഓഫീസറെ ഏൽപ്പിച്ചു, ഇവർക്ക് എന്തു വേണമെങ്കിലും ചെയ്ത് കൊടുക്കണം,​ ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് എന്ന് ചട്ടം കെട്ടി.

അതിനിടയിൽ സെറ്റിലെ കമാൻഡർ പയ്യന്മാർ വന്നു എന്നോട് പറഞ്ഞു, ചേട്ടാ ഇവിടെ ഇവരുടെ കാന്റീനിൽ പല സാധനങ്ങളും പാതി വിലയ്ക്ക് കിട്ടും. പ്രത്യേകിച്ച് ഡ്രിങ്ക്സ് ഒക്കെ. ചേട്ടൻ ആ ജൂനിയർ ഓഫീസറോട് ഒന്നു ചോദിക്കാവോ? വൈകിട്ട് ഒരു പിറന്നാൾ ആഘോഷമുണ്ടായിരുന്നു, അതിനു വേണ്ടിയായിരുന്നു അവരുടെ റിക്വസ്റ്റ്. ഒടുവിൽ ഞാൻ അവർക്കു വേണ്ടി ജൂനിയർ ഓഫീസറോട് സംസാരിച്ചു, അതിനെന്താ ഞാൻ സംഘടിപ്പിച്ചു തരാം എന്നു ജൂനിയർ​ ഓഫീസർ പറഞ്ഞു. നല്ല ക്വാളിറ്റിയുള്ള ഒരു കിടിലൻ ബ്രാൻഡ് തന്നെ സംഘടിപ്പിച്ചു തന്നു. അങ്ങനെ ഞങ്ങളുടെ പിറന്നാൾ ആഘോഷം ഗംഭീരമായി നടന്നു.

സംഭവം ഇഷ്ടപ്പെട്ട പയ്യന്മാർ ഒരു കുപ്പി കൂടെ സംഘടിപ്പാക്കാവോ എന്നായി. ഒടുവിൽ ഞാൻ വീണ്ടും ജൂനിയർ ഓഫീസറെ സമീപിച്ചു. “വളരെ അപൂർവ്വമായി നിർബന്ധിച്ചാൽ മാത്രം മദ്യം കഴിക്കുന്ന​ ആളാണ് മമ്മൂക്ക, ഇന്നലെ സന്ദർഭവശാൽ മമ്മൂക്ക ഒന്നു ടേസ്റ്റ് ചെയ്തു നോക്കിയപ്പോൾ സംഭവം ആൾക്ക് ഇഷ്ടമായി, സംഭവം കൊള്ളാലോ എന്നു പറഞ്ഞു,” ഞാനയാളോടൊരു കള്ളം പറഞ്ഞു. അയാൾ ഫ്ലാറ്റ്. പിന്നെ ഷൂട്ടിംഗ് കഴിയുന്നതുവരെ, ഇടയ്ക്കിടയ്ക്ക് ആ പേരിൽ അയാൾ കുപ്പി സംഘടിപ്പിച്ചു തരും.

ഇതൊന്നും മമ്മൂക്ക​ അറിയുന്നുണ്ടായിരുന്നില്ല. ഒരു ദിവസം ഞാനും മമ്മൂക്കയും സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആ ജൂനിയർ ഓഫീസർ വീണ്ടും വന്നു. ‘കുറച്ച് സാധനങ്ങൾ പുതുതായി വന്നിട്ടുണ്ട്.കാറിനകത്ത് കയറ്റി വയ്ക്കട്ടെ,’ എന്നു പറഞ്ഞു. എന്താണ് സംഭവം എന്ന് മമ്മൂക്ക ചോദിച്ചു.

അത് പുള്ളി ആത്മാർത്ഥത കൂടിയിട്ടാണ്. ഇവിടെ കാന്റീനിൽ ജ്യൂസ് അടിക്കാൻ പറ്റിയ നല്ല മിക്സികൾ കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നു പറഞ്ഞു. മമ്മൂക്കയ്ക്ക് രണ്ടു മിക്സി കൊടുത്തുവിടട്ടെ എന്ന് എന്നോട് ചോദിച്ചു. ഏയ് അതൊന്നും വേണ്ട, മമ്മൂട്ടിയുടെ വീട്ടിൽ 200 എണ്ണമുണ്ട് എന്ന് പറഞ്ഞ് ഞാനൊഴിവാക്കിയതാ.

നീയെന്തിനാ 200 മിക്സിയൊക്കെ എന്റെ വീട്ടിലുണ്ടെന്ന് പറയാൻ പോയതെന്ന് പറഞ്ഞ് മമ്മൂക്ക എന്നോട് ചൂടായി. അങ്ങനെ പറഞ്ഞത് കൊണ്ട് നന്നായി, അല്ലെങ്കിൽ തന്നു വിട്ടേനെ. എന്തായാലും ഞാനെനിക്കായി ഒരു മിക്സി കൂടി വാങ്ങും കെട്ടോ.

നീ വാങ്ങൂ, നന്നായി ജ്യൂസ് ഒക്കെ കുടിച്ച് ഒന്ന് ഗ്ലാമറാവൂ,” എന്ന് മമ്മൂക്ക ഉപദേശിച്ചു വിട്ടു. അങ്ങനെ അന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

ഈ കഥ കേൾക്കുമ്പോഴാവും ഒരു തുള്ളി പോലും കഴിക്കാത്ത, മുഴുവൻ സമയവും സിനിമയെ കുറിച്ച് ചിന്തിക്കുന്ന അദ്ദേഹത്തിന്റെ പേരിൽ ഞങ്ങൾ ധാരാളം കുപ്പികൾ വാങ്ങി കഴിച്ച കഥ ഇപ്പോഴിത് കേൾക്കുമ്പോഴായിരിക്കും മമ്മൂക്കയ്ക്ക് മനസ്സിലാവുക. മമ്മൂക്ക, മാപ്പ്.”

Read more: ‘വിതുമ്പി വിതുമ്പി കരയുന്ന മമ്മൂക്കയെ ആണ് പിന്നെ ഞാൻ കണ്ടത്’

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mukesh kadhakal about mammootty

The moderation of comments is automated and not cleared manually by malayalam.indianexpress.com